Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുത്തിയൊലിച്ചെത്തിയ പ്രളയജലം തകർത്തെറിഞ്ഞത് ഇടകടത്തിയിലെ വീട്ടുകാരുടെ ഒരു ആയുസിലെ സ്വപ്നങ്ങളും പ്രതീക്ഷകളും; വീടിനകത്ത് അടിഞ്ഞു കൂടിയ ചേറ് നീക്കൽ അതീവ ദുഷ്‌ക്കരം; പുതിയ ഇടകടത്തി രൂപപ്പെടുത്തേണ്ടത് പ്രളയ ജലം ബാക്കിയാക്കിയ ഈ ചേറ് കുഴച്ച്; 30 അടിയോളം ഉയർന്നു പൊങ്ങിയ വെള്ളം ഏഞ്ചൽവാലിയെയും മുക്കിയപ്പോൾ ജീവൻ നഷ്ടപ്പെടാതിരുന്നത് എല്ലാം ഉപേക്ഷിച്ചുള്ള ഓട്ടം കൊണ്ട് മാത്രം

കുത്തിയൊലിച്ചെത്തിയ പ്രളയജലം തകർത്തെറിഞ്ഞത് ഇടകടത്തിയിലെ വീട്ടുകാരുടെ ഒരു ആയുസിലെ സ്വപ്നങ്ങളും പ്രതീക്ഷകളും; വീടിനകത്ത് അടിഞ്ഞു കൂടിയ ചേറ് നീക്കൽ അതീവ ദുഷ്‌ക്കരം; പുതിയ ഇടകടത്തി രൂപപ്പെടുത്തേണ്ടത് പ്രളയ ജലം ബാക്കിയാക്കിയ ഈ ചേറ് കുഴച്ച്; 30 അടിയോളം ഉയർന്നു പൊങ്ങിയ വെള്ളം ഏഞ്ചൽവാലിയെയും മുക്കിയപ്പോൾ ജീവൻ നഷ്ടപ്പെടാതിരുന്നത് എല്ലാം ഉപേക്ഷിച്ചുള്ള ഓട്ടം കൊണ്ട് മാത്രം

മറുനാടൻ ബ്യൂറോ

എരുമേലി: പ്രളയജലം കരകവിഞ്ഞൊഴുകിയപ്പോൾ ഒലിച്ചു പോയത് ഇടകടത്തിയിലെ ആളുകളുടെ ജീവിതം കൂടിയായിരുന്നു. പ്രളയക്കെടുതിക്ക് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് തിരികെ പോകുന്നവർക്ക് കാണാൻ സാധിക്കുന്നത് ചെളിക്കെട്ട് മാത്രം. ഇവിടെ എത്രത്തോളം വെള്ളമുയർന്നുവെന്നതിന്റെ ഉദാഹരണമാണ് ഇടകടത്തി വാഴപ്പള്ളിൽ ഷാജിയുടെ തകർന്ന വീടിന്റെ മേൽക്കൂരയിൽ ഇരിക്കുന്ന കട്ടിൽ. തുടർച്ചയായി എട്ട് ദിവസമാണ് ഇവിടെ വെള്ളം കെട്ടിക്കിടന്നത്. ഈ കട്ടിൽ എവിടെ നിന്ന് ഒഴുകി വന്നതെന്ന് ഇവർക്ക് അറിയില്ല.
പമ്പയിൽ നിറഞ്ഞ വെള്ളം 30 അടിയോളമാണ് ഉയർന്നത്. ഇവിടത്തെ തീര ഗ്രാമങ്ങളായ ഇടകടത്തിയും ഏഞ്ചൽ വാലിയും കണ്ണടച്ചു തുറക്കും മുൻപാണ് വെള്ളത്തിനടിയിലായത്. ശക്തമായ ഒഴുക്കിലൂടെ എത്തിയ മണ്ണ് 10 അടിയോളം ഉയരത്തിൽ വീടുകളെ മൂടി.

ശബരിപാതയിൽ എരുമേലി-പമ്പ റോഡിൽ 15 കിലോമീറ്ററോളം ദൂരത്തിലാണു പമ്പാനദി കരകവിഞ്ഞത്. ഇരുതീരത്തും അര കിലോമീറ്ററോളം ഉള്ളിലേക്കുള്ള വീടുകളും കടകളും വസ്തുവകകളും പുഴ തല്ലിത്തകർത്തു. ഇരുതീരത്തെയും അറുപതിൽ ഏറെ വീടുകളും കടകളും തകർന്നു. ചില വീടുകൾ പൂർണമായി നിലംപൊത്തി. മറ്റുള്ളവയുടെ കട്ടിളപ്പൊക്കത്തിൽ മാത്രം ഭിത്തി അവശേഷിക്കുന്നു.ഒഴുകി വന്ന മണലും മണ്ണും ചെളിയും കല്ലും മിക്ക വീടുകളിലും മേൽക്കൂരയുടെ മുകളിൽ അടിഞ്ഞുകിടക്കുകയാണ്. 14നു രാത്രി മണിയാർ, കൊച്ചുപമ്പ, ആനത്തോട് അണക്കെട്ടുകൾ തുറന്നതോടെ മണിക്കൂറുകൾക്കുള്ളിൽ വെള്ളം പൊങ്ങുകയായിരുന്നു. നാട്ടുകാർ ഇടകടത്തി ടികെഎംഎം സ്‌കൂളിലേക്കു മാറി. ഇടകടത്തി-അരയാഞ്ഞിലിമണ്ണ് കോസ്വേയും തൂക്കുപാലവും തകർന്നതോടെ ഏഞ്ചൽവാലി ഒറ്റപ്പെട്ടു. റോപ് വേ കെട്ടി ഭക്ഷണം പാക്കറ്റുകളിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണു താമസക്കാർ വീടുകളിൽ നിന്നു മണ്ണു നീക്കംചെയ്തു തുടങ്ങിയത്.

മഴക്കെടുതിൽ ഈ ഭാഗത്തുണ്ടായ നഷ്ടം ചെറുതല്ല. ഇടകടത്തിയിൽ നാനൂറോളം കുടുംബങ്ങളാണ് ഒറ്റയടിക്ക് ദുരിതത്തിലായത്. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട് ഭക്ഷണം പോലുമില്ലാത്ത അവസ്ഥയിൽ ദുരിതത്തിലായ അറയാഞ്ഞിലിമണ്ണുകാരെ സഹായിക്കാൻ പ്രദേശത്തെ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തെത്തി. ഇവിടെ ദുരിതാശ്വാസ ക്യാമ്പിൽ നാനൂറോളം പേർ കഴിയുന്നുണ്ട്. കൂടാതെയാണ് നാനൂറോളം വരുന്ന വീട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയുണ്ടായത്.ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിൽ ഇടകടത്തിയിലെ നാട്ടുകാരും രാഷ്ട്രീയക്കാരും സ്ഥലം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു. ഇരുകരകൾക്കു കുറുകേ വടം കെട്ടി ആ വടത്തിൽ ഒരു ക്ലിപ്പ് ഘടിപ്പിച്ച് അത് വലിച്ച് മറുകരയിൽ എത്തിച്ചാണ് നാട്ടുകാർ ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്.

നിരവധി പേരാണ് ഇവരെ സഹായിക്കാനായി രംഗത്തെത്തിയത്. ഇവിടെ നാട്ടുകാർ തന്നെ മുൻകൈയെടുത്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അൽപ്പം വ്യത്യസ്തമായ ഈ ഏകോപനം സൈബർ ലോകത്തിന്റെയും ശ്രദ്ധയിൽപട്ടിട്ടുണ്ട്. ശബരിഗിരി പദ്ധതിയിലെ കക്കി, ആനത്തോട്, പമ്പാ അണക്കെട്ടുകളിൽ ഷട്ടറുകൾ തുറന്നതിനുപിന്നാലെയാണു പമ്പയിൽ വെള്ളം പൊങ്ങിയതും മലവെള്ളം കൂടി പാഞ്ഞെത്തിയതോടെ പാലം തകരുന്ന അവസ്ഥ ഉണ്ടായതും. കണമലയിലെ പഴയ കോസ്വേ പാലം, ഇടകടത്തി അറയാഞ്ഞിലിമണ്ണ് പാലം എന്നീ പാലങ്ങൾ വെള്ളത്തിനടിയിലാണ്. പ്രളയദുരന്തത്തിലും ഏകോപനത്തിന്റെ കാര്യത്തിൽ നാട്ടുകാർ കൈയടി നേടിയ സാഹചര്യം സംജാതമായി.

അതിനിടെ രോഗികളുടെ കാര്യമാണ് ദുരിതത്തിലായത്. ഡയാലിസിസ് ചെയ്യേണ്ട രോഗികളെ അടക്കം ആശുപത്രിയിലാക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. ഇന്ന് ഒരു വൃക്കരോഗിയെ കാട്ടിനുള്ളിൽ കൂടി ചുമന്നുകൊണ്ടുപോയി ആശുപത്രിയിലേക്കേണ്ട അവസ്ഥവന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി ചങ്ങാടം കെട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വലിയ ഒഴുക്കുള്ളതിനാൽ ചങ്ങാടം എത്രകണ്ട് സുരക്ഷിതമാണെന്ന സന്ദേഹവും ഉയരുന്നുണ്ട്.ഷാജി വാഴപ്പള്ളിയിൽ, ബിനോയ് നാരത്തോലിൽ, അനീഷ് കൊച്ചുപറമ്പിൽ. തുടങ്ങിയവരുടെ വീടുകൾ താമസിക്കാൻ പറ്റാത്തതായി. ഇവരുടെ വീടുകളിൽ ജനലിനെക്കാളും ഉയരത്തിലാണ് ചെളി അടിഞ്ഞത്. ഇത് നീക്കം ചെയ്യാൻ ഇനി സാധിക്കുമോ എന്ന സംശയത്തിലാണ് ആളുകൾ. ഇടകടത്തിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കമുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP