Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകുമ്പോൾ ലഭിക്കുന്നത് 200 കോടി; ലൈവ് പരിപാടി നടത്തി എൻഡിടിവി സ്വീകരിച്ചത് പത്ത് കോടി; ബിൽ ഗേറ്റ്സും നൽകും നാലു കോടി; അമിതാ ബച്ചൻ അടക്കം സർവ്വ ബോളിവുഡ് താരങ്ങളും ഐടി കമ്പനികളും വ്യവസായികളും പ്രവാസികളും ദിവസവും ശേഖരിക്കുന്നത് ശതകോടികൾ; കേന്ദ്രവും യുഎഇയും നൽകാതെ തന്നെ ആവശ്യത്തിലധികം ഫണ്ട് ലഭിച്ചേക്കും; ആണവ ദുരന്തത്തെ അതിജീവിച്ച ജപ്പാന്റെ മാതൃകയിൽ പുനർനിർമ്മിക്കാൻ കേരളം

തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകുമ്പോൾ ലഭിക്കുന്നത് 200 കോടി; ലൈവ് പരിപാടി നടത്തി എൻഡിടിവി സ്വീകരിച്ചത് പത്ത് കോടി; ബിൽ ഗേറ്റ്സും നൽകും നാലു കോടി; അമിതാ ബച്ചൻ അടക്കം സർവ്വ ബോളിവുഡ് താരങ്ങളും ഐടി കമ്പനികളും വ്യവസായികളും പ്രവാസികളും ദിവസവും ശേഖരിക്കുന്നത് ശതകോടികൾ; കേന്ദ്രവും യുഎഇയും നൽകാതെ തന്നെ ആവശ്യത്തിലധികം ഫണ്ട് ലഭിച്ചേക്കും; ആണവ ദുരന്തത്തെ അതിജീവിച്ച ജപ്പാന്റെ മാതൃകയിൽ പുനർനിർമ്മിക്കാൻ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു. അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന് പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 1,00,000 പേരുടെ മരണത്തിന് കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്തും മരിച്ചു. ഇതോടെ ജപ്പാൻ തകരുമെന്ന് അമേരിക്ക കരുതി. എന്നാൽ ഫീനിക്‌സ് പക്ഷിയെ പോലെ ഹിരോഷിമയും നാഗസാക്കിയും ഉയർത്തെഴുന്നേറ്റു. ജപ്പാൻ വലിയ മുന്നേറ്റം വരുത്തുകയും ചെയ്തു.

 

നഗര പുനർനിർമ്മിതിയിലെ ഏറ്റവും വലിയ കഥയാണ് ജപ്പാന് പറയാനുള്ളത്. ഇപ്പോൾ പ്രളയ ജലം കേരളത്തേയും തകർത്തു. മധ്യ കേരളവും മലയോരവും തകർന്നടിഞ്ഞു. ലക്ഷക്കണക്കിന് പേർക്ക് വീട് നഷ്ടമായി. അതുകൊണ്ട് തന്നെ കേരളവും പുനർനിർമ്മിതിയുടെ പാതയിലാണ്. 20,000 കോടിയുടെ നഷ്ടത്തെ മറികടക്കാൻ കേരളം പല പദ്ധതികളും ആലോചിക്കുന്നുണ്ട്. ഈ പുനർനിർമ്മിതിക്ക് രാജ്യത്തിന് അകത്തു നിന്ന് തന്നെ സഹായ പ്രവാഹമാണ്.

എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം ഒരു വർഷം കൊണ്ട് തന്നാൽ തീരുന്ന പ്രശ്‌നങ്ങളേ കേരളത്തിനുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടാനുള്ള വൈകലും രാഷ്ട്രീയ ചർച്ചകളുമായിരുന്നു ഇതിന് കാരണം. 700 കോടിയുടെ യുഎഇ സഹായം വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാടും കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലെത്തി. ഇതിനിടെയാണ് കേരളത്തെ ആവേശമാക്കി സഹായ പ്രഖ്യാപനങ്ങൾ തുടരുന്നത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് കാശ് പ്രശ്‌നമാകില്ലെന്ന സൂചനയാണ് എവിടെ നിന്നും ലഭിക്കുന്നത്. വ്യക്തികളും സംഘടനകളും സഹായം നൽകുന്നത് തുടരുകയാണ്. കേരളത്തെ ഏത് വിധേനയും സഹായിക്കാൻ തമിഴ്‌നാടും മുൻപന്തിയിലുണ്ട്. രാഷ്ട്രീയം മറന്ന് മഹാരാഷ്ട്രയും കൈകോർക്കുന്നു. ബോളിവുഡ് താരങ്ങളും കേരളത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങുന്നു.

തമിഴ്‌നാട്ടിലെ മുഴുവൻ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷൻ (ടിഎൻജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആർ.രാജ്കുമാർ അറിയിച്ചത് കേരളത്തിന് പുതിയ പ്രതീക്ഷയാണ്. ഏകദേശം 200 കോടി രൂപയാകും നൽകുക. ഈ മാസത്തെ ശമ്പളത്തിൽനിന്ന് ഇതു നൽകാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ എന്നിവ തമിഴ്‌നാട് ജീവനക്കാർ നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷൻ സെന്ററിൽ എത്തിച്ചു. ഇതു രണ്ടാമത്തെ ലോഡാണ്. നേരത്തേ അവശ്യവസ്തുക്കൾ ഇടുക്കി ജില്ലയിൽ എത്തിച്ചിരുന്നു. സമാനമായി മറ്റ് സംസ്ഥാനങ്ങളും കേരളത്തെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതുണ്ടായാൽ കേരളത്തിന്റെ സ്വപ്‌നങ്ങൾക്ക് പുതു വേഗം നൽകുന്നതായി അവ മാറും. ഇതിനൊപ്പമാണ് അമിതാ ബച്ചൻ അടക്കമുള്ളവരുടെ തീരുമാനങ്ങളും.

നേരത്തെ മുഖ്യഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വ്യോമസേന 20 കോടി രൂപ നൽകിയിരുന്നു. എല്ലാ ഉദ്യോഗസ്ഥരും ഒരു ദിവസത്തെ ശമ്പളം നീക്കിവച്ചാണു തുക കണ്ടെത്തിയത്. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി.സുരേഷ് മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്കു ഗുജറാത്ത് സർക്കാർ 10 കോടി രൂപ നൽകി. റവന്യു മന്ത്രി കൗശിക ഭായ് പട്ടേൽ, വിദ്യാഭ്യാസ സെക്രട്ടറി വിനോദ് റാവു എന്നിവർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചെക്ക് കൈമാറി. ഡൽഹിയിലെ റാഡികോ ഖെയ്ത്താൻ ലിമിറ്റഡിന്റെ 51 ലക്ഷം രൂപ കമ്പനി സിഒഒ അമർ സിൻഹ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

മധുര ആസ്ഥാനമായ മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഇരുപതോളം ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘത്തെ സേവനത്തിന് അയച്ചു. ഒഡീഷയിലെ കലിംഗ കൊമേഴ്‌സ്യൽ കോർപറേഷൻ ലിമിറ്റഡിന്റെ 10 ലക്ഷം രൂപ, എംഡി എസ്.ആർ.സമലിന്റെ നേതൃത്വത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനു കൈമാറി. ചെന്നൈ അംബിക ചിറ്റ്‌സിന്റെ അഞ്ചു ലക്ഷം രൂപ ഉടമസ്ഥരായ ശിവൻ, ശശി എന്നിവർ നോർക്കയ്ക്കു കൈമാറി.

മാതൃകയായി എൻഡിടിവി

ആറു മണിക്കൂർ കൊണ്ട് കേരളത്തിനായി 10 കോടിയിലധികം രൂപ സമാഹരിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയും പുതു മാതൃകയായി. 'ഇന്ത്യ ഫോർ കേരള' എന്ന ഹാഷ്ടാഗോടെ തത്സമയം സംപ്രേഷണം ചെയ്ത ടെലിത്തോൺ പരിപാടിയിലൂടെയാണ് തുക സമാഹരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നിന് തുടങ്ങിയ ടെലിത്തോൺ രാത്രി ഒൻപതിനാണു സമാപിച്ചത്. ഈ സമയത്തിനുള്ളിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നായി 10.2 കോടി രൂപയാണ് പ്രത്യേക നിധിയിലേക്ക് ആളുകൾ സംഭാവന ചെയ്തത്. 100 വർഷത്തിനിടെ കേരളത്തിലുണ്ടായ വലിയ പ്രളയമാണിതെന്നും 21,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നതെന്നും ചാനൽ ചൂണ്ടിക്കാട്ടി. ഇതോടെ കേരളത്തിന്റെ വേദന പുറം ലോകത്തും ചർച്ചയായി.

കലാപരിപടികളും കേരളത്തിൽനിന്നുള്ള തത്സമയ റിപ്പോർട്ടുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഭരണത്തലവന്മാർ, രാഷ്ട്രീയക്കാർ, കലാകാരന്മാർ തുടങ്ങിയവർ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. അരി അടക്കമുള്ളവയുള്ള അവശ്യസാധനകിറ്റ്, സ്‌കൂൾ കിറ്റ്, വാട്ടർ കിറ്റ്, വൃത്തിയാക്കാനുള്ള സാധനങ്ങളുടെ കിറ്റ് എന്നിങ്ങനെയാണു തുക വിനിയോഗിക്കുകയെന്ന് ചാനൽ അറിയിച്ചു. നേരത്തേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ബോളിവുഡ് നടി കങ്കണ റണാവത്ത് സംഭാവന നൽകിയിരുന്നു. ആരാധകരോട് കേരളത്തെ സഹായിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, വരുൺ ധവാൻ, ആലിയ ഭട്ട്, അനുഷ്‌ക ശർമ തുടങ്ങിയവരും സംഭാവനകൾ നൽകിയിരുന്നു. ബച്ചന്റെ നേതൃത്വത്തിൽ കേരളത്തെ സഹായിക്കാൻ കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന. സൽമാൻ ഖാനും അമീർഖാനുമെല്ലാം കേരളത്തെ പ്രത്യേകമായി സഹായിക്കാനുള്ള പദ്ധതികളുടെ അണിയറയിലാണ്.

കൈതാങ്ങുമായി ബിൽ ഗേറ്റ്‌സും

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും കാരുണ്യത്തിന്റെ നല്ല വഴികൾ കേരളത്തിനും തുണയാകും. ലോക കോടീശ്വരൻ ബിൽഗേറ്റ്‌സിന്റെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്. യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളിൽ ഏറ്റവുമധികം ഫണ്ടുള്ള ഒന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബിൽ ഗേറ്റ്സ്. 2010ലാണ് വാരൺ ബഫറ്റും ബില്ഗേറ്റ്സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോകത്തെ മറ്റ് സമ്പന്നരോടും ഈ തീരുമാനത്തിൽ അണിചേരാൻ പറഞ്ഞിരുന്നു.

മലേറിയ, എയ്ഡ്സ്, ട്ഊബർകുലോസിസ് മുതലായ രോഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ട് ആരോഗ്യമേഖലയിൽ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രോഗം പരത്തുന്ന പരാദപ്രാണികളെ നശിപ്പിക്കുകയും പോഷകക്കുറവ് പരിഹരിക്കുന്നതിനായുള്ള സൂപ്പർഫുഡ് നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പുറമേ മറ്റു രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP