Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കുന്നു; കയ്യേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചന; കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ; ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്ക

വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കുന്നു; കയ്യേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചന; കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ; ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കസ്തൂരി രംഗൻ റിപ്പോർട്ട് കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ നടപ്പിലാക്കാൻ ഒരുങ്ങിയപ്പോൾ അക്കാലത്ത് കടുത്ത എതിർപ്പായിരുന്നു നേരിടേണ്ടി വന്നിരുന്നത്. അതിനെ തുടർന്ന് അത് മാറ്റി വയ്ക്കാനും സർക്കാർ നിർബന്ധിതമായിരുന്നു. എന്നാൽ കേരളകമാനം കടുത്ത പ്രളയത്തിൽ അകപ്പെട്ട സാഹചര്യത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കിയാൽ കൈയേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചനയുണ്ട്.

മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്.

അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. എന്നാൽ ഇതു പോലും എതിർപ്പ് മൂലം നടപ്പാക്കാനായില്ല. ഇടുക്കി പോലുള്ള പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നു. ഇതോടെ കസ്തൂരിരങ്കനിൽ തീരുമാനം നീണ്ടു. എന്നാൽ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് നടപ്പാക്കണമെന്ന അഭിപ്രായത്തിലായിരുന്നു. ഇതിനാണ് വീണ്ടും അവസരമൊരുങ്ങുന്നത്.

മാറിയ സാഹചര്യത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണെന്നാണ് സൂചന. ഇതിനെ തുടർന്ന് ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്കയേറിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ അപൂർവമായ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടാണിത്. 56,825 സ്‌ക്വയർ കിലോമീറ്റളോളം വരുന്ന പരിസ്ഥിത ലോല പ്രദേശം സംരക്ഷിക്കണമെന്നാണ് കസ്തൂരിരംഗൻ നിർദേശിക്കുന്നത്.

ഇതിൽ കേരളത്തിൽ 9,993 സ്‌ക്വയർ കിലോമീറ്ററാണുള്ളത്. കർണാകയിൽ 20,668 ചതുരശ്രകിലോമീറ്ററും മഹാരാഷ്ട്രയിൽ 17,340ഉം തമിഴ്‌നാട്ടിൽ 6914ഉം ഗുജറാത്തിൽ 449ഉം ചതുരശ്രകിലോമീറ്ററാണ് പരിസ്ഥിതില ലോലപ്രദേശമുള്ളത്. എക്കോ സെൻസിറ്റീവ് ഏരിയ അഥവാ ഇഎസ്എ എന്നാണിത് അറിയപ്പെടുന്നത്. ഈ മേഖല വേണ്ടവിധത്തിൽ സംരക്ഷിക്കുന്ന പ്രവർത്തനം നടത്താൻ ഈ ആറ് സംസ്ഥാനങ്ങളും വേണ്ട വിധത്തിലുള്ള പ്രവർത്തനം നടത്താത്തതിന്റെ പ്രത്യാഘാതം മേഖലയെ അപകടകരമായ രീതിയിൽ സ്വാധീനിക്കുന്നുവെന്നാണ് കസ്തൂരി രംഗൻ വിശദീകരിച്ചിരുന്നത്.

കേരളത്തിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും അതിന്റെ പ്രത്യാഘാതമാണെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഈ പരിസ്ഥിതിലോല പ്രദേശം വെറും കടലാസിൽ മാത്രം വേർതിരിച്ച് നിലനിർത്തിയത് ഇനിയും കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ശക്തമായിരിക്കുന്നത്. ആറ് സ്റ്റേറ്റുകളിലായി 1500കിലോമിറ്ററോളം നീളുന്ന മേഖലയിൽ കടുത്ത രീതിയിൽ തുടരുന്ന വനനശീകരണവും മറ്റും മൂലം ഇവിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പതിവായിരിക്കുകയാണ്.ഇവിടെ കടുത്ത വർഷപാതമുള്ളതിനാൽ വെള്ളം ഒഴുകി സമുദ്രത്തിലെത്തുന്നതിന് വേണ്ടത്ര വഴികളില്ലെങ്കിൽ അത് കടുത്ത വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് കസ്തൂരിരംഗൻ റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ ഇവിടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പോലും കടന്ന് കയറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഇവിടെ വെള്ളമൊഴുകി പോകാൻ വഴികളില്ലാതാവുകയും പ്രളയഭീഷണി വർധിച്ചിരിക്കുകയുമാണ്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിനും ഇതാണ് കാരണമെന്നാണ് വിലയിരുത്തൽ.മലകൾ ഇടിക്കുന്നതും ഡാമുകൾ പരിധി വിട്ടുയർത്തുന്നതും വെള്ളമൊഴുക്ക് പാതകളിൽ തടസങ്ങൾ സൃഷ്ടിക്കുന്നതും ഇവിടെ കടുത്ത ഭീഷണിയാണുണ്ടാക്കുന്നതെന്നാണ് എൻവയോൺമെന്റലിസ്റ്റായ മനോജ് മിസ്ര വെളിപ്പെടുത്തുന്നത്. ഇതു പോലെ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെങ്കിൽ 2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം വെറും തുടക്കം മാത്രമാണെന്നും യമുന ജിയേ അബിയാന്റെ കൺവീനർ കൂടിയായ മിസ്ര മുന്നറിയിപ്പേകുന്നു.

ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. എന്നിട്ടും എതിർപ്പുകൾ ശക്തമായി. പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും കസ്തൂരി രംഗൻ സമിതി നിർദ്ദേശിക്കുന്നുണ്ട്. ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത് കുടിയേറ്റ കർഷകരെയാണ്. കൈയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളിൽ കുടിയേറ്റക്കാർക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾക്ക് പോലും നിർമ്മാണ പ്രവർത്തനം നടത്താനാകാത്ത സ്ഥിതി വരുന്നു.

നേരത്തെ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ പരിഷത്ത് പോലുള്ള സംഘടനകളും തങ്ങളുടെ ആവശ്യം ശക്തമാക്കും. കേരളത്തിലെ 11 ജില്ലകളിൽ 37 ശതമാനം പ്രദേശങ്ങളിൽ നിവസിക്കുന്ന ജനങ്ങൾക്ക് വീട് നിർമ്മിക്കാനോ, വികസനപ്രവർത്തനങ്ങൾക്കോ സാധ്യമാകാത്ത നിലയിലേക്ക് കാര്യങഅങളെത്തിക്കുന്നതാണ് കസ്തൂരി രംഗൻ റിപ്പോർട്ടെന്ന വിമർശനവും സജീവമാണ്. ഇതിനിടെയാണ് പ്രളയം എത്തിയത്. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണങ്ങൾ വീണ്ടും ചർച്ചയായി. ഇതോടെയാണ് കസ്തൂരി രംഗൻ റിപ്പോർട്ടും വീണ്ടും പരിഗണനാ വിഷയമാകുന്നത്.

ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളെ കുറിച്ചുള്ള യഥാർത്ഥ ധാരണ ഇല്ലാത്തവരാണ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെ എതിർക്കുന്നതെന്ന വാദം പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞരും മുന്നോട്ട് വയ്ക്കുന്നു. പശ്ചിമഘട്ട മലനിരകളിലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് പ്രായോഗിക നിർദ്ദേശങ്ങൾ നടപ്പാക്കണം. ഇതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. കനത്തപരിസ്ഥിതികാഘാതമുണ്ടാക്കുന്ന പ്രവർത്തികളെ മാത്രമാണ് റിപ്പോർട്ട് എതിർക്കുന്നത്. കനത്തതോതിലുള്ള രാസവള-കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി കൃഷിനടത്താമെന്നും ഇവര് പറയുന്നു. എന്നാൽ റിപ്പോർട്ട് നടപ്പാക്കിയാൽ കൃഷി പോലും മുടങ്ങുമോ എന്ന സംശയം കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റക്കാർക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP