Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചില ഉൽപ്പന്നങ്ങൾ കാൻസറിനു കാരണമാവുന്നു എന്ന് ജനം ടിവി; ഗോമൂത്രമുണ്ടെന്ന് പ്രചാരണം വന്നതോടെ മുസ്ലിം പള്ളികളിൽ അടക്കം വിരുദ്ധ കാമ്പയിൻ; ആട്ടയിൽ പുഴുക്കളെ കണ്ടതും നെല്ലിക്കാ ജ്യൂസ് സൈനിക കാന്റീനിൽ നിരോധിച്ചതും ആഘോഷമാക്കി ബഹുരാഷ്ട്ര കമ്പനികൾ; യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കേരള വിപണിയിൽ കാലിടറി; ഒരു വർഷം കൊണ്ട് പകുതിയിലേറെ ചില്ലറ വിൽപ്പന ശാലകൾക്ക് താഴുവീണു; ഹിന്ദു ബിസിനസ് സാമ്രാജ്യം വാഗ്ദാനം ചെയ്ത് പതഞ്ജലി കടക്കെണിയിലാക്കിയ വ്യാപാരികൾ കോടതിയിലേക്ക്

ചില ഉൽപ്പന്നങ്ങൾ കാൻസറിനു കാരണമാവുന്നു എന്ന് ജനം ടിവി; ഗോമൂത്രമുണ്ടെന്ന് പ്രചാരണം വന്നതോടെ മുസ്ലിം പള്ളികളിൽ അടക്കം വിരുദ്ധ കാമ്പയിൻ; ആട്ടയിൽ പുഴുക്കളെ കണ്ടതും നെല്ലിക്കാ ജ്യൂസ് സൈനിക കാന്റീനിൽ നിരോധിച്ചതും ആഘോഷമാക്കി ബഹുരാഷ്ട്ര കമ്പനികൾ; യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കേരള വിപണിയിൽ കാലിടറി; ഒരു വർഷം കൊണ്ട് പകുതിയിലേറെ ചില്ലറ വിൽപ്പന ശാലകൾക്ക് താഴുവീണു; ഹിന്ദു ബിസിനസ് സാമ്രാജ്യം വാഗ്ദാനം ചെയ്ത് പതഞ്ജലി കടക്കെണിയിലാക്കിയ വ്യാപാരികൾ കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: രാസവസ്തുക്കൾ ഇല്ലാതെ പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് ബഹുരാഷ്ട്ര കുത്തകകൽനിന്ന് വിപണി പിടിക്കാനെത്തിയ യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കേരളത്തിൽ കാലിടറി. ഒരുവർഷം മുമ്പ് തുടങ്ങിയ പതഞ്ജലി ഷോപ്പുകളിൽ പലതിനും ഇപ്പോൾ താഴ് വീണിരിക്കയാണ്.വ്യാപാരികളാവട്ടെ ലക്ഷങ്ങളുടെ നഷ്ടത്തിലും. കടക്കെണിയിലാക്കിയ പതഞ്ജലിക്കെതിരെ കോടതിയിൽ പോവാൻ ഒരുങ്ങുകയാണ് മൊത്ത വ്യാപാരികളിൽ ചിലർ.

ചുരുങ്ങിയ കാലം കൊണ്ടാണ് പതഞ്ജലി ഉത്പന്നങ്ങൾ കേരള മാർക്കറ്റിലും കടന്ന് കയറിയത്.തുടക്കത്തിൽ വൻ സ്വീകാര്യതയാണ് ഇവർക്ക് കിട്ടിയത്. കുറഞ്ഞ നിരക്കിൽ ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ എന്നതായിരുന്നു പരസ്യം. ഫുഡ്, കോസ്മറ്റിക്സ് തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ വിപണിയിലിറക്കിയതോടെ ബഹുരാഷ്ട്ര കമ്പനികൾക്കും വിൽപ്പനയിൽ വലിയ അളവിൽ കുറവുണ്ടായി. സ്വദേശീ കാർഡ് ഇറക്കിയതോടെ വലിയ ഒരു വിഭാഗം ഉപഭോക്താതാക്കൾ ഇതിലേക്ക് ആകൃഷ്ടരായി. സംസ്ഥാനത്തിൽ വ്യാപാര മേഖല ന്യൂനപക്ഷ വിഭാഗത്തിന്റെ കൈയിലേക്ക് പോകുന്നു എന്നതിന് പ്രതിവിധിയായി സംഘപരിവാർ പ്രസ്ഥാനങ്ങൾ ആദ്യകാലത്ത് ഈ നീക്കത്തിന് പിന്തുണ കൊടുത്തതോടെ സംസ്ഥാന വ്യാപകമായി പതഞ്ജലി മൊത്ത- ചില്ലറ ഔട്ട്ലെറ്റുകൾ സജീവമായി. എന്നാൽ ഇവർക്ക് മൊത്തം പണികൊടുക്കുന്ന നീക്കങ്ങളാണ് പിന്നീടുണ്ടായത്.

പ്രധാന മാധ്യമങ്ങൾക്ക് പരസ്യം കൊടുത്ത പതഞജലി, സംഘപരിവാർ ചാനലായ ജനം ടി വിക്ക് പരസ്യം നിഷേധിച്ചു. 'ജന'ത്തിന് റേറ്റിങ്ങ് ഇല്ല എന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്തതെങ്കിലും തങ്ങളേക്കാൾ റേറ്റിങ്ങ് കുറഞ്ഞ ചില ചാനലുകളിൽ പരസ്യം വന്നതോടെ ചാനൽ പ്രകോപിതരായി. സത്യത്തിൽ പതഞ്ജലിയുടെ കേരളാ മാർക്കറ്റിങ്ങ് ടീമും, ജനം ടിവിയിലെ ഉന്നതരും തമ്മിലുള്ള ശീത സമരമായിരുന്നു യഥാർഥ കാരണം. പലതവണ പുറകേ നടന്നെങ്കിലും രക്ഷയില്ലാതെ വന്നപ്പോൾ ചാനൽ പതഞ്ജലിയുടെ ചില ഉത്പന്നങ്ങൾ കാൻസറിനു കാരണമാവുന്നു എന്ന രീതിയിൽ വാർത്ത കൊടുത്തു.

ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. കൂട്ടത്തിൽ ചില ഉൽപ്പന്നങ്ങളിൽ ഗോമൂത്രമുണ്ട് എന്ന പ്രചരണവും കൂടി വന്നു.ഇതോടെ മുസ്ലിം തീവ്ര നിലപാടുകാർ പള്ളികളിൽ വരെ പതഞ്ജലിക്കെതിരെ കാമ്പെയിനുകൾ നടത്തി. രാസവസ്തുക്കൾ ഇല്ലാതൊയണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്ന ബാബാ രാംദേവിന്റെ അവകാശവാദവും എട്ടുനിലയിൽ പൊട്ടി.സോഡിയം ബെൻസോയേറ്റ് അടക്കമുള്ള നിരവധി രാസവസ്തുക്കൾ പതഞ്ജലി ഉൽപ്പന്നങ്ങളിലുമുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. ബഹുരാഷ്ട്ര കമ്പനികളും ഈ അവസരം നല്ലവണ്ണം മുതലെടുത്തു.

വില്ലനായി പതഞ്ജലിയുടെ തല തിരഞ്ഞ നയവും

ഇതോടൊപ്പം പതഞ്ജലി കേരളാ മാർക്കറ്റിങ്ങ് ടീമിന്റെ തല തിരിഞ്ഞ നയവും തകർച്ചക്ക് ആക്കം കൂട്ടി. കേരളത്തിനാവശ്യമില്ലാത്ത ഉത്തരേന്ത്യൻ മസാലകളും, ധാന്യങ്ങളും കേരളാ മാർക്കറ്റിലേക്ക് കമ്പനി വൻതോതിൽ കയറ്റി വിട്ടു.ഇത് മൊത്ത- ചില്ലറ വ്യാപാര കച്ചവടക്കാരുടെ ഗോഡൗണുകളിൽ കെട്ടിക്കിടന്നു. കൂടാതെ ഡിമാന്റുള്ള ചില ഉൽപപ്പന്നങ്ങളുടെ ഗുണനിലവാരങ്ങളിൽ ജനങ്ങൾക്ക് സംശയമുണ്ടായി. ഇവയിൽ പലതിനും ചുരുങ്ങിയ എക്സ്പെയറി ഡേറ്റാണ് ഉണ്ടായിരുന്നത്. ഇത് ഉത്തരേന്ത്യയിൽ നിന്ന് വ്യാപാരിയുടെ കൈയിലെത്തുമ്പോഴേക്കും കാലാവധി കഴിയാനായിട്ടുണ്ടാകും.

കാലാവധി കഴിഞ്ഞവ തിരിച്ചെടുത്ത് പകരം കൊടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് കമ്പനിയുടെ കേരളത്തിന്റെ ചുമതലയുള്ളവർ സ്വികരിച്ചത്. നാമമാത്രമായ മാർജിനും കൂടി ആയപ്പോൾ ഹിന്ദു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ച കേരളത്തിലെ മൊത്ത- ചില്ലറ കച്ചവടക്കാർ എട്ടു നിലയിൽ പൊട്ടി. നല്ലൊരു ശതമാനം ഹോൾ സെയിൽ, റീട്ടെയിൽ ഷോപ്പുകൾ പൂട്ടിപ്പോയി. പരിവാരുകാരുടെ പിന്തുണ മാത്രം കിട്ടിയാലും കച്ചവടം ലാഭത്തോടെ മുന്നോട്ടു കൊണ്ടു പോകാം എന്നു പ്രതീക്ഷിച്ച വ്യാപാരികളും വെട്ടിലായി.ജനം ടീവിയിലെ വാർത്തയും മറ്റും പൊല്ലാപ്പ് ആയതോടെ പരിവാർ പ്രവർത്തകരും ഇതിനിൽനിന്ന് പിന്മാറി.

മാഗിയുടെ തളർച്ചയിൽ വളർന്നു; പിന്നീട് അതേ വഴിയേ

ഇതിനിടെ പതഞ്ജലിക്കെതിരെ വിവിധഘട്ടങ്ങളിൽവന്ന റിപ്പോർട്ടുകൾ എതിരാളികൾ നന്നായി ഉപയോഗിക്കുകയും ചെയ്തു. പതഞ്ജലി ഉൽപന്നങ്ങൾക്ക് സൈനിക സ്റ്റോറുകളിൽ വിലക്കേർപ്പെടുത്താൻ പ്രതിരോധ വകുപ്പ് തീരുമാനിച്ച വാർത്തയായിരുന്നു ഇതിൽ പ്രധാനം. കൽക്കത്തയിലെ ഫുഡ് ലബോറട്ടറിയിൽ നടന്ന പരിശോധനയിലാണ് പതഞ്ജലി ഉപോയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയത്. ഇതോടെ മുഴുവൻ സൈനിക കാന്റീനുകളിൽ നിന്ന് പതഞ്ജലിയുടെ അംല ജ്യൂസ് പിൻവലിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

ഇന്ത്യൻ പ്രതിരോധവകുപ്പിന്റെ സൈനിക ക്യാന്റീനുകളിലെ വിതരണ വിഭാഗമായ ക്യാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റ് (സിഎസ്ഡി) ആണ് പതഞ്ജലി നെല്ലിക്കാ ജ്യൂസിന്റെ വിൽപ്പന നിർത്തിവെച്ചത്. കൊൽക്കത്തയിലെ സെൻട്രൽ ഫുഡ് ലാബ്, ഈ ജ്യൂസ് ഉപയോഗിക്കാൻ പാടില്ലെന്ന് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ഏപ്രിൽ മൂന്നിന് രാജ്യത്താകെയുള്ള ആർമി ക്യാന്റീനുകളിൽ ബാക്കിയുള്ള നെല്ലിക്കാ ജ്യൂസിന്റെ വിശദാംശങ്ങൾ അറിയിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സിഎസ്ഡി കത്തയച്ചു. ഇത് പതഞ്ജലിയെ തിരിച്ചേൽപ്പിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

പതഞ്ജലിയുടെ ഏറ്റവും ആദ്യം പുറത്തിറക്കിയ ഉത്പന്നങ്ങളിലൊന്നാണ് നെല്ലിക്കാ ജ്യൂസ്. മനുഷ്യന് ഉപയോഗിക്കാൻ കഴിയാത്ത രീതിയിലുള്ളതാണ് ജ്യൂസെന്നാണ് കൊൽക്കത്തയിലെ സെൻട്രൽ ഫുഡ് ലാബ് കണ്ടെത്തിയത്. 12 ലക്ഷത്തോളം സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഏകദേശം 5300 തരം ഉൽപ്പന്നങ്ങളാണ് ആർമ്മി ക്യാന്റീനിലൂടെ വിൽക്കപ്പെടുന്നത്.

കൊൽക്കത്തയിലെ ഇതേ ലാബ് തന്നെയാണ് മാഗിക്കെതിരെയും റിപ്പോർട്ട് സമർപ്പിച്ചത്. കൂടിയ അളവിൽ ലെഡും മറ്റുമുണ്ടെന്ന എംഎസ്ജിയുമുണ്ടെന്ന റിപ്പോർട്ട് രാജ്യത്തും പുറത്തും വലിയ തിരിച്ചടി മാഗിക്ക് നൽകിയിരുന്നു. മൂന്ന് വർഷം മുൻപുണ്ടായ ഈ നടപടിയെ തുടർന്ന് വിപണിയിലെ എല്ലാ മാഗി നൂഡിൽസും നെസ്്ലേ പിൻവലിച്ചിരുന്നു. ഈ പിന്മാറ്റം മുതലെടുത്താണ് പതഞ്ജലി ഇന്ത്യൻ ഭക്ഷ്യവിപണിയിൽ പിടിമുറുക്കിയത്. ന്യൂഡിൽസും പിസ്തയുമുൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യമായ ലൈസൻസ് ഇല്ലാതെ വിൽക്കുന്നുവെന്നതിനാൽ മുമ്പു തന്നെ പതഞ്ജലി വിവാദങ്ങളിൽ പെട്ടിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിൽ ഈ പരസ്യങ്ങൾക്കെതിരെ എഫ്എസ്എസ്എഐയുടെ നടപടിയുമുണ്ടായിരുന്നു.

1948ലാരംഭിച്ച രാജ്യത്തെ ആർമി കാന്റീനുകൾ 5300ഓളം ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. ഇതിൽ പതഞ്ജലിയുടെ നിരവധി ഉൽപ്പന്നങ്ങളുമുണ്ട്. രാജ്യത്താകെ 3901 ക്യാന്റീൻ കളാണ് പ്രവർത്തിക്കുന്നത്. പ്രധാന കമ്പനികളുടെയെല്ലാം അഞ്ചുമുതൽ ഏഴുവരെ ശതമാനം ഉൽപ്പന്നങ്ങൾ ഈ ക്യാന്റീനുകൾ വഴിയാണ് വിൽക്കപ്പെടുന്നത്. 12 ലക്ഷത്തോളം സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായാണ് കാന്റീൻ ഒരുക്കിയിരുന്നത്.സൈന്യത്തിന്റെയും രാഷ്ട്രത്തിന്റെയും പേരിൽ വൻ വാചകമടികൾ നടത്തിയ ബാബാ രാംദേവിനും കൂട്ടർക്കും ഇത് വലിയ ആഘാതമായി മാറി.

പതഞ്ജലിയുടെ ഹരിയാനയിലെ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ നൂഡിൽസ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയതും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. മാഗിയുടെ വിപണി നിരോധനത്തിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച പതഞ്ജലി ആട്ട നൂഡിൽസ് വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റവെയാണ് പുഴുക്കളെ ക്ണ്ടെത്തിയത്.ഇതെല്ലാം പതഞ്ജലിയുടെ കേരളവിപണി ഫലത്തിൽ വൻ തിരച്ചടിയുണ്ടാക്കി.

ലക്ഷങ്ങളുടെ നഷ്ടവുമായി മുന്നോറോളം വ്യാപാരികൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 300ഓളം വ്യാപാരികൾ നിലവിൽ പതഞ്ജലിയുടെ ഡീലർമാരായി ഉണ്ട്. ഇവരിൽ മിക്കവർക്കും ഒരു ലക്ഷത്തിൽ കുറയാത്ത രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ കമ്പനി തിരിച്ചെടുക്കാത്തതാണ് നഷ്ടം വർധിപ്പിച്ചതെന്ന് കോഴിക്കോട്ടെ ഒരു വ്യാപാരി മറുനാടൻ മലയാളിയോട് പറഞ്ഞു.പതഞ്ജലി ചില്ലറ വിൽപ്പനശാലകൾ നടത്തുന്നതിനുവേണ്ടിയുള്ള പത്ര പരസ്യം കണ്ടാണ് പലരും ഇതിൽ എത്തിപ്പെട്ടത്.മറ്റുള്ളവരെല്ലാം കെഡ്രിറ്റിൽ സാധനങ്ങൾ നൽകുമ്പോൾ പതഞ്ജലി റെഡിക്യാഷ് നൽകിയാൽ മാത്രമാണ് ഉൽപ്പന്നങ്ങൾ നൽകുന്നത്.

ഇത് കെട്ടിക്കിടക്കുകയും ചെയ്തതോടെ ഒന്നരലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്ന് വയനാട്ടിലെ ഒരു ചില്ലറ വ്യാപാരി പറഞ്ഞൂ.വ്യക്തമായ കാരാർ ഉണ്ടാക്കാതിരുന്നതും കോടതിയിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഡീലർമാർക്ക് വിനയായി.ഇതോടെ പലരും കടകൾ അടച്ചുപൂട്ടിയിരക്കയാണ്.ചിലത് ആയുർവേദ മെഡിക്കൽഷോപ്പാക്കി മാറുകയും ചെയ്തു.വയനാട്ടിൽ മാത്രം ആകെയുള്ള നാൽപ്പത് പതഞ്ജലി ചില്ലറ വിൽപ്പനശാലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് വെറും പത്തിൽ താഴെമാത്രമാണ്.കോഴിക്കോട് ജില്ലയിൽ മൂന്ന് ഹോൾസെയിൽ ഷോപ്പുകൾക്ക് താഴുവീണുകഴിഞ്ഞു.

എന്നാൽ ചില്ലറ വ്യാപാരികളേക്കാൾ നഷ്ടം സംഭവിച്ചത് മൊത്തവിതരണക്കാരായ ഡിസ്റ്റിബ്യൂട്ടർമാർക്കാണ്.ഒന്നരലക്ഷം രൂപയോളം ഡെപ്പോസിറ്റ് വാങ്ങിയാണ് പതഞ്ജലിയുടെ ഡിസ്ട്രിബ്യൂഷൻ എടുത്തതെന്നും ഒരു വർഷം കൊണ്ട് മൊത്തം എഴരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും വയനാട്ടിലെ ഡിസ്ട്രിബ്യൂട്ടറായ കൽപ്പറ്റയിലെ മുരളീധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.ഇങ്ങനെ നിരവധിപേർ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും കോടതിയെ സമീപിക്കുന്ന് അതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേരളാ യൂണിറ്റിന്റെ തലപ്പത്തുള്ളവരുടെ പടിപ്പുകേടും പ്രശ്നങ്ങൾ വഷളാക്കിയെന്ന് ഡിസ്ട്രിബ്യൂട്ടർമാർ പറയുന്നു.ആട്ട, ഉപ്പ് തുടങ്ങിയ ഡിമാന്റുള്ള സാധനങ്ങളൊന്നും സമയത്തിന് കിട്ടിയില്ല.വരുന്നതാവട്ടെ ഒരിക്കലും മൊത്തം ചെലവാക്കാൻ കഴിയാത്തത്ര രീതയിൽ ഒന്നിച്ചുമാണ്.ജനം ടിവിയടക്കമുള്ള മാധ്യമങ്ങളെ തെറ്റിച്ചതിനുപിന്നിലും പതഞ്ജലിയിലെ ഒരു ഉന്നതൻ തന്നെയാണ്.വലിയ അഴിമതികൾ നടത്തി കോടികൾ സമ്പാദിച്ചശേഷം ഇയാൾ കമ്പനി വിടുകയും ചെയ്തു.ഇയാളുടെയൊക്കെ വാക്കുകൾ വിശ്വസിച്ച് വിപണിയിൽ ഇറങ്ങിയ പാവങ്ങളാവട്ടെ വൻ കടക്കെണിയിലുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP