Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടപ്പിലായ രോഗിയെ രക്ഷിക്കാനായി കുത്തൊഴുക്കിലൂടെ ബോട്ട് പായിച്ച് ചെന്നത് ജീവൻ പണയം വച്ച്; നിയന്ത്രണം വിട്ട ബോട്ട് ഇടിച്ച കവുങ്ങ് ഒടിഞ്ഞ് വയറ്റിലും കാലിലും കുത്തിക്കയറിയെങ്കിലും സാഹസികമായി രോഗിയെ രക്ഷിച്ച് കരയിലെത്തിച്ചു; ചികിത്സയ്ക്കായി പരുമല പള്ളിയുടെ ആശുപത്രിയിലെത്തിയപ്പോൾ പണം കിട്ടില്ലെന്ന് കരുതി ചികിത്സ നിഷേധിച്ച് അധികൃതർ; മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിലെ ആശുപത്രിയുടെ കരുണയില്ലാത്ത പെരുമാറ്റത്തിനൊടുവിൽ മത്സ്യത്തൊഴിലാളിക്ക് അഭയം നൽകിയത് അമൃതാ ഹോസ്പിറ്റൽ

കിടപ്പിലായ രോഗിയെ രക്ഷിക്കാനായി കുത്തൊഴുക്കിലൂടെ ബോട്ട് പായിച്ച് ചെന്നത് ജീവൻ പണയം വച്ച്; നിയന്ത്രണം വിട്ട ബോട്ട് ഇടിച്ച കവുങ്ങ് ഒടിഞ്ഞ് വയറ്റിലും കാലിലും കുത്തിക്കയറിയെങ്കിലും സാഹസികമായി രോഗിയെ രക്ഷിച്ച് കരയിലെത്തിച്ചു; ചികിത്സയ്ക്കായി പരുമല പള്ളിയുടെ ആശുപത്രിയിലെത്തിയപ്പോൾ പണം കിട്ടില്ലെന്ന് കരുതി ചികിത്സ നിഷേധിച്ച് അധികൃതർ; മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിലെ ആശുപത്രിയുടെ കരുണയില്ലാത്ത പെരുമാറ്റത്തിനൊടുവിൽ മത്സ്യത്തൊഴിലാളിക്ക് അഭയം നൽകിയത് അമൃതാ ഹോസ്പിറ്റൽ

ആർ പീയൂഷ്

ചെങ്ങന്നൂർ: മഹാപ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളിക്ക് ചികിത്സ നിഷേധിച്ച് മലങ്കര ഓർത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തിലുള്ള പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ക്രൂരത. ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയിൽ വീട്ടിൽ എസ്. രത്‌നകുമാറിനാണ് ചികിത്സ നിഷേധിച്ചത്. പ്രളയക്കെടുതിയിൽ പെട്ട ഇദ്ദേഹത്തിന്റെ പക്കൽ നിന്നും പണം കിട്ടില്ല എന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചത് എന്നാണ് ആരോപണം.

കഴിഞ്ഞ 16 നാണ് സംഭവം. ചെങ്ങന്നൂരിൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ബോട്ടുമായി എത്തിയതായിരുന്നു രത്‌നകുമാർ. പാണ്ടനാട് ഭാഗത്ത് ഒരു കുടുംബത്തിൽ കിടപ്പിലായ ഒരു രോഗിയെ രക്ഷിക്കാനായി യന്ത്രം ഘടിപ്പിച്ച ബോട്ടിൽ നാട്ടുകാരെ കയറ്റി രത്‌നകുമാർ പോയി. ബോട്ട് ഡ്രൈവറാണ് രത്‌നകുമാർ. കുത്തനെയുള്ള ഒഴുക്കിനെ അതിജീവിച്ച് മുന്നോട്ട് ചീറിപ്പാഞ്ഞ് ബോട്ട് പോയി. രോഗിയുടെ വീട്ടിലേക്കെത്താൻ നിരവധി മരങ്ങൾ നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യേണ്ടി വന്നു. ഒടുവിൽ വീടിനടുത്തെത്തിയതും ശക്തമായ ഒഴുക്കിൽപെട്ട് ബോട്ട് ഒരു കവുങ്ങിൽ ഇടിക്കുകയും കവുങ്ങ് ഒടിഞ്ഞു രത്‌നകുമാറിന്റെ വയറ്റിലേക്കും കാലിലേക്കും കുത്തി കയറുകയും ചെയ്തു. മാരകമായ മുറിവേറ്റ ഇയാൾ വെള്ളത്തിലേക്ക് കമിഴ്ന്നു വീണു. കൂടെയുണ്ടായിരുന്നവർ വേഗം തന്നെ രോഗിയുടെ വീട്ടിൽ നിന്നും തുണി വാങ്ങി മുറിവിൽകെട്ടി. ബോട്ട് ഓടിക്കാൻ രത്‌നകുമാറിന് മാത്രമേ വശമുള്ളൂ. അതിനാൽ രക്ഷാപ്രവർത്തകരും ആശങ്കയോടെ നിന്നു. എന്നാൽ മാരകമായി പരിക്കേറ്റിട്ടും മനസ്സാന്നിധ്യം വിടാതെ രത്‌നകുമാർ ബോട്ട് ഓടിക്കാമെന്ന് പറഞ്ഞു.

ഇതോടെ രോഗിയെയും ബോട്ടിലാക്കി രത്‌നകുമാർ കിടന്നുകൊണ്ട് ബോട്ട് ഓടിച്ച് കരയിലെത്തിച്ചു. കരയിലെത്തിയ ഉടൻ തന്നെ അടുത്തുള്ള പരുമല ആശുപത്രിയിൽ എത്തിച്ചു. ഈ സമയം ഒരു മണി കഴിഞ്ഞു. ആശുപത്രിയിലെത്തിയയുടൻ എക്‌സറേയും സ്‌കാനിങും എടുത്തു. ഉടൻ 8000 രൂപ അടയ്ക്കണമെന്ന് പറഞ്ഞു. എങ്കിൽ മാത്രമേ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ തങ്ങളുടെ പക്കൽ പണം ഇല്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ അപകടം സംഭവിച്ചതാണെന്നും പറഞ്ഞിട്ടും അധികൃതർ കനിഞ്ഞില്ല. എങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞെങ്കിലും സ്‌കാനിങ്ങിന്റെയും മറ്റും ബില്ലടയ്ക്കാതെ കൊണ്ടുപോകാനാവില്ലെന്ന് തീർത്തു പറഞ്ഞു. ഇതോടെ വിവരം അറിഞ്ഞ മാധ്യമങ്ങൾ വാർത്ത കൊടുത്തതോടെ രാത്രി 7 മണിയോടെ ആശുപത്രി അധികൃതർ വിട്ടയ്ക്കുകയായിരുന്നു.

അവിടെ നിന്നും നേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് രത്‌നകുമാറിനെ കൊണ്ടുപോയത്. എന്നാൽ അവിടെ എത്തിയിട്ടും രത്‌നകുമാറിന് ദുരിതം തന്നെയായിരുന്നു. ഡ്യൂട്ടിയിലുണ്ടിയിരുന്ന വനിതാ ഡോക്ടർ ഒരു ദയാദാക്ഷ്യണ്യവുമില്ലാതെ ഇയാളുടെ മുറിവ് മരവിപ്പിക്കാതെ സ്റ്റിച്ചിട്ടു. സ്റ്റിച്ചിട്ട സമയം ഗ്ലൗസ് കൂടി മുറിവിനകത്തായിപോയി. സ്റ്റിച്ചിട്ട ശേഷമാണ് ഇത് ഡോക്ടറുടെ ശ്രദ്ധയിൽപെട്ടത്. വീണ്ടും സ്റ്റിച്ച് എടുത്തതിന് ശേഷം ഗ്ലൗസ് മാറ്റി സ്റ്റിച്ചിട്ടു. ഈ സമയമെല്ലാം വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു രത്‌നകുമാർ. വയറ്റിൽ പന്ത്രണ്ടും കാലിൽ പതിനഞ്ചും തുന്നലാണ് ഇടേണ്ടി വന്നത്.

നാലുദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതോടെ മുറിവിൽ അണുബാധയായി. രത്‌നകുമാറിന്റെ വിവരം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ മുഖ്യമന്ത്രിയും, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കെ.സി വണുഗോപാലും സംഭവത്തിൽ ഇടപെട്ടു. ദുരവസ്ഥ അറിഞ്ഞ എറണാകുളം അമൃതാ ഹോസ്പിറ്റൽ ഇയാളുടെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ മുറിവിലെ പഴുപ്പ് നീക്കം ചെയ്തതിന് ശേഷം ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്.

അതേ സമയം ചികിത്സ നിഷേധിച്ച പരുമല ആശുപത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. പരുമല ആശുപത്രിക്കെതിരെയും വണ്ടാനം മെഡിക്കൽ കോളേജിൽ ക്രൂരമായ രീതിയിൽ ചികിത്സിച്ച ഡോക്ടർക്കെതിരെയും ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് രത്‌നകുമാർ. അച്ചന്മാരുടെ പീഡനക്കേസുകൾ കൊണ്ട് സഭ നാണം കെട്ട് തുണിയുരിഞ്ഞ് നിൽക്കുമ്പോഴാണ് സഭയ്‌ക്കെതിരെ പുതിയ പ്രതിഷേധം. പരുമല ആശുപത്രിയുടെ നടത്തിപ്പുകാരനായ ഫാ.എബ്രഹാം വർഗ്ഗീസാണ് കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അകത്ത് കിടക്കുന്നത്. നിരവധി രാഷ്ട്രീയ പ്രമുഖർ അടക്കമുള്ളവർ ഇയാളെ സന്ദർശിച്ചുവെങ്കിലും സാമ്പത്തിക സഹായമൊന്നും കിട്ടിയിട്ടില്ല.നിർധനനായ ഈ രക്ഷാപ്രവർത്തകനുവേണ്ടി വിദേശത്തുള്ള മലയാളികളാണ് ഇപ്പോൾ കൈകോർത്തിരക്കുന്നത്. രത്‌നകുമാറിനെ സഹായിക്കാനായി ചികിത്സാനിധി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP