Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്ത്യശ്വാസം വലിക്കുമ്പോഴും ജോൺ മക്‌കെയിൻ വിലപിച്ചത് ട്രംപ് ഇല്ലാതാക്കുന്ന അമേരിക്കൻ സംസ്‌കാരത്തെക്കുറിച്ചോർത്ത്; അനുശോചനത്തിൽ നല്ല വാക്കുപറയാൻ മടിച്ച് ട്രംപ്; വൈറ്റ് ഹൗസിലെ പതാക പകുതി താഴ്‌ത്തിക്കെട്ടിയതുപോലും മനസ്സില്ലാമനസ്സോടെ

അന്ത്യശ്വാസം വലിക്കുമ്പോഴും ജോൺ മക്‌കെയിൻ വിലപിച്ചത് ട്രംപ് ഇല്ലാതാക്കുന്ന അമേരിക്കൻ സംസ്‌കാരത്തെക്കുറിച്ചോർത്ത്; അനുശോചനത്തിൽ നല്ല വാക്കുപറയാൻ മടിച്ച് ട്രംപ്; വൈറ്റ് ഹൗസിലെ പതാക പകുതി താഴ്‌ത്തിക്കെട്ടിയതുപോലും മനസ്സില്ലാമനസ്സോടെ

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു അന്തരിച്ച ജോൺ മക്‌കെയിൻ. ഏകാധിപത്യ സ്വഭാവമുള്ള ട്രംപിന്റെ പ്രവർത്തികൾ അമേരിക്കൻ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് അരിസോണയിൽനിന്നുള്ള ഈ സെനറ്റർ വാദിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പ, മക്‌കെയിൻ പറഞ്ഞ വാക്കുകളും ട്രംപിനെ ഉദ്ദേശിച്ചായിരുന്നു. മതിലുകൾകെട്ടി അതിന് പിന്നിൽ മറഞ്ഞിരിക്കുമ്പോൾ അമേരിക്ക തളരുകയാണെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച ചെയ്യുന്നത്.

ദീർഘകാലമായി മക്‌കെയിന്റെ സന്തത സഹചാരിയായിരുന്ന റിക്ക് ഡേവിസാണ് അദ്ദേഹത്തിന്റെ അവസാന വാക്കുകൾ വെളിപ്പെടുത്തിയത്. അമേരിക്കയോടുള്ള സ്‌നേഹവും പ്രതിബദ്ധതയും നിറഞ്ഞുനിൽക്കുന്നതായിരുന്നു ആ വാക്കുകളെന്ന് അദ്ദേഹം പറഞ്ഞു. ദേശസ്‌നേഹത്തിന്റെ പേരിൽ ലോകത്തെമ്പാടുമുള്ള ജനതകളോട് വിരോധവും അക്രമവും കാട്ടുമ്പോൾ അമേരിക്കതന്നെയാണ് തളരുന്നതെന്ന് മക്‌കെയിൻ പറഞ്ഞു. മൂല്യങ്ങളിൽ വിശ്വസിക്കാതെ, അവയെ സംശയത്തിന്റെ നിഴലിൽക്കണ്ട് മതിലുകൾ കെട്ടി മറഞ്ഞിരിക്കുമ്പോഴും അമേരിക്ക തളരുകയാണ്-ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കുമിടയിൽ മതിൽ പണിയുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപ് അധികാരത്തിലേറിയത്. ഇതിനെയാണ് മക്‌കെയിൻ ഉദ്ദേശിച്ചതെന്ന് വ്യക്തം.

ബ്രെയിൻ കാൻസറിന് ദീർഘകാലമായി ചികിത്സയിലായിരുന്ന മക്‌കെയിൻ ശനിയാഴ്ചയാണ് അന്തരിച്ചത്. താൻ ജീവിച്ചതും മരിക്കുന്നതും അഭിമാനമുള്ള അമേരിക്കക്കാരനായാണെന്ന് മക്‌കെയിൻ പറഞ്ഞതായി റിക്ക് ഡേവിസ് വെളിപ്പെടുത്തി. മൂല്യങ്ങളിൽ വിശ്വസിക്കുന്ന ലോകത്തേറ്റവും മഹത്തരമായ റിപ്പബ്ലിക്കിലാണ് നാം ജീവിച്ചത്. മറ്റുള്ളവരെപ്പോലെ എനിക്കും വിഷമഘട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അതിന്റെ പേരിൽ ഒരുദിവസം പോലും നഷ്ടപ്പെടു്ത്താൻ തയ്യാറായിട്ടില്ല-മക്‌കെയിനുവേണ്ടി റിക്ക് ഡേവിസ് തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.

ഹീറോയെന്ന് വാഴ്‌ത്താൻ തയ്യാറാകാതെ ട്രംപ്

ജോൺ മക്‌കെയിനോടുള്ള വിയോജിപ്പുകൾ അദ്ദേഹത്തിന്റെ മരണശേഷവും ഉപേക്ഷിക്കില്ലെന്ന പിടിവാശിയിലാണ് ഡൊണാൾഡ് ട്രംപ്. മക്‌കെയിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്വീറ്റിൽ, അദ്ദേഹത്തെ ഹീറോ എന്ന് വിശേഷിപ്പിക്കുന്നതിനെ ട്രംപ് എതിർത്തതായാണ് റിപ്പോർട്ട്. വിയറ്റ്‌നാം യുദ്ധത്തിലടക്കം പങ്കെടുത്ത മുൻ സൈനിക ഓഫീസർകൂടിയായ മക്‌കെയിനെ ഹീറോ ആയി വാഴ്‌ത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായാണ് സൂചന.

മക്‌കെയിൻ മരണാസന്നനാണെന്ന് വ്യക്തമായതോടെയാണ് വൈറ്റ് ഹൗസ് അനുശോചനക്കുറിപ്പ് തയ്യാറാക്കിയത്. ട്രംപ് വാശിപിടിച്ച് വരുത്തിയ മാറ്റങ്ങളോടെയാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്കബി സാൻഡേഴ്‌സും ചീഫ് ഓഫ് സ്റ്റാഫ് ജോൺ എഫ്. കെല്ലിയും ചേർന്ന് എഡിറ്റ് ചെയ്ത തയ്യാറാക്കിയ ട്വീറ്റിൽ മക്‌കെയിന്റെ നിര്യാണത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്ന് പരാമർശം മാത്രമേയുള്ളൂ.

പതാക താഴ്‌ത്തിയതും മനസ്സില്ലാ മനസ്സോടെ

ജോൺ മക്‌കെയിന്റെ മരണശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ അമേരിക്കൻ പതാക താഴ്‌ത്തുന്ന ഘട്ടത്തിലും തന്റെ വിയോജിപ്പ് ഡൊണാൾഡ് ട്രംപ് രേഖപ്പെടുത്തിയതായും റിപ്പോർട്ട്. ഞായറാഴ്ച മക്‌കെയിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുവരെ വൈറ്റ് ഹൗസ് ഉൾപ്പെടെ പൊതു സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അമേരിക്കൻ പതാക പാതി താഴ്‌ത്തിക്കെട്ടാനുള്ള ഉത്തരവിലും ഇത് പ്രകടമായിരുന്നു.

ജോൺ മക്‌കെയിനുമായുള്ള വിയോജിപ്പിക്കുകളും ഭിന്നതയും നിലനിൽക്കുന്നുണ്ടെങ്കിലും അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളെ താൻ മാനിക്കുന്നതായി ട്രംപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി പതാക താഴ്‌ത്തിക്കെട്ടാനും നിർദ്ദേശിക്കുന്നതായി മക്‌കെയിന്റെ മരണം കഴിഞ്ഞ് 48 മണിക്കൂറിനുശേഷം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ശനിയാഴ്ച നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷകളിൽ ട്രംപ് പങ്കെടുക്കില്ല. താൻ മരിച്ചാൽപ്പോലും തന്നെ കാണാൻ ട്രംപ് എത്തരുതെന്ന് മക്‌കെയിൻ വിലക്കിയതിന്റെ പേരിലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP