Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാദിയകേസും, സോളാർ വിഷയവും, കുമ്പസാര പീഡനവും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കന്യാസ്ത്രീ പീഡനവും നന്നായി കവർ ചെയത് നമ്മുടെ ദേശീയ മാധ്യമങ്ങൾ പ്രളയത്തിൽ പിറകോട്ടടിച്ചത് എന്തുകൊണ്ടാണ്? അവരുടെ രാഷ്ട്രീയ നിലപാടുകളോട് കേരളം മുഖം തിരിച്ചു നിൽക്കുന്നതു തന്നെ കാരണം; ഉത്തരേന്ത്യൻ മാധ്യമ തമ്പുരാക്കന്മ്മാർക്ക് നമ്മൾ ഇപ്പോളും വെറും മദ്രാസികൾ തന്നെ; വിൽസൺ കരിമ്പന്നൂർ എഴുതുന്നു

ഹാദിയകേസും, സോളാർ വിഷയവും, കുമ്പസാര പീഡനവും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കന്യാസ്ത്രീ പീഡനവും നന്നായി കവർ ചെയത് നമ്മുടെ ദേശീയ മാധ്യമങ്ങൾ പ്രളയത്തിൽ പിറകോട്ടടിച്ചത് എന്തുകൊണ്ടാണ്? അവരുടെ രാഷ്ട്രീയ നിലപാടുകളോട് കേരളം മുഖം തിരിച്ചു നിൽക്കുന്നതു തന്നെ കാരണം; ഉത്തരേന്ത്യൻ മാധ്യമ തമ്പുരാക്കന്മ്മാർക്ക് നമ്മൾ ഇപ്പോളും വെറും മദ്രാസികൾ തന്നെ; വിൽസൺ കരിമ്പന്നൂർ എഴുതുന്നു

വിൽസൺ കരിമ്പന്നൂർ

കേരളത്തിലെ പ്രളയം റിപ്പോർട്ട് ചെയ്യുവാൻ നമ്മുടെ ദേശിയ മാധ്യമങ്ങൾ കാണിച്ച അനാസ്ഥയുടെ പിന്നാമ്പുറങ്ങളും ചിലരുടെ വിദ്വേഷ പ്രചാരണങ്ങൾക്കും ഉത്തരം തേടിയാൽ അനവധി സങ്കുചിതകാരണങ്ങൾ കിട്ടും.ദേശിയ മാധ്യമങ്ങളുടെ വാർത്തകൾ പരിശോധിച്ചാൽ ഇന്ത്യ എന്ന രാജ്യത്തു മഹാരാഷ്ട്രയ്ക്കു തെക്കോട്ടു ഭൂപ്രദേശമില്ല എന്ന് തോന്നിപ്പോകും, ദോഷം പറയരുതല്ലോ എൻഡിടിവി എന്ന ഇംഗ്ലീഷ് ചാനലിൽ ബാംഗ്ലൂർ എന്ന ഒരു സ്ഥലവും മായ ശർമ്മയെന്ന ഒരു റിപ്പോർട്ടറും കൂടെക്കൂടെ പ്രത്യക്ഷപ്പെടാറുണ്ട്. കൂട്ടത്തിൽ അല്പം ഭേദം എൻഡിടിവി തന്നെയാണ്. തെക്കേ ഇന്ത്യയെ അവർ അങ്ങനെ അങ്ങ് ഒഴിവാക്കില്ല. വല്ലപ്പോഴും; ഓണത്തിനും ശങ്കരാന്തിക്കും ഒക്കെ അവർ ദക്ഷിണേന്ത്യക്കാരെ പറ്റി വല്ലതും പറയും

അവർക്ക് വേണ്ടത് കേരളത്തിന്റെ നാറ്റക്കഥകൾ മാത്രമോ?

എന്നാൽ ഭൂരിപക്ഷം ദേശീയ മാധ്യമങ്ങളും ദക്ഷിണേന്ത്യൻ വാർത്തകൾ തങ്ങളുടെ പ്രധാനബുള്ളറ്റിനുകളിൽ ഒന്നും ഉൾപ്പെടുത്തില്ല. അതിൽത്തന്നെ അവർ ഏറ്റവും അവഗണിക്കുന്നതു കേരളത്തെയാണ്. ടൈംസ് നൗ,ന്യൂസ് 18, ഹെഡ്ലൈൻസ് ടുഡേ,ന്യൂസ്എക്സ്,മിറർ നൗ,റിപ്പബ്ളിക് തുടങ്ങിയ ചാനലുകളുടെ കേരളത്തിനോടുള്ള നിലപാട്, തീർത്തും നിഷേധാത്മകം ആണെന്നുള്ളതാണ് വാസ്തവം. അതെ സമയം ഡൽഹിയിലും പരിസരപ്രദേശത്തും നടക്കുന്ന നിസ്സാരവിഷയങ്ങൾ പോലും ഇവരുടെ പ്രധാനവാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

എന്നാൽ കേരളത്തിന് അപമാനകരമായ ഏതു വാർത്തകൾ വന്നാലും ഇവർ നല്ലവണ്ണം മസാല ചേർത്ത് അതങ്ങു വിളമ്പും. സരിതയുടെ സോളാർ വിഷയവും, കുമ്പസാര രഹസ്യം ചോർത്തി ഓർത്തഡോക്സ് പുരോഹിതർ ഒരു സ്ത്രീയെ പീഡിപ്പിച്ചതും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കന്യാസ്ത്രീ പീഡനവും നന്നായി ഇവർ കവർ ചെയ്തിരുന്നു.അതൊക്കെ നാറിയതും നമ്മുടെ നാടിനു നാണക്കെടുളവാക്കന്നതുമായ വാർത്തകൾ ആയിരുന്നു. ആ വക നാറ്റക്കഥകൾ ഒരു മടിയും കൂടാതെ അവർ പ്രസിദ്ധീകരിക്കും.

ഈ മാധ്യമങ്ങളിൽ അടുത്ത കാലത്തു കേരളവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഏറ്റവും കൂടുതൽ പ്രസിദ്ധീകരിക്കപ്പെട്ടത്, ഹാദിയായുടെ മതം മാറലും വിവാഹവും ആയിരുന്നു.വൈക്കം സ്വദേശികളായ അശോകൻെയും പൊന്നമ്മയുടെയും ഏക മകൾ അഖിലയാണ് ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ വിവാദനായിക. ആ വിഷയം പരമാവധി കൊഴുപ്പിച്ച് അതിൽ നിന്നും തങ്ങൾക്കു റേറ്റിങ് കൂട്ടുവാൻ ഈ കച്ചവട തൽപ്പരർക്ക് സാധിച്ചു.പ്രസ്തുത വിഷയത്തിൽ ഒരു വലിയ സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതായിട്ട് വരുത്തിത്തീർക്കുവാൻ ഇവിടുത്തെ ദേശീയ മാധ്യമങ്ങൾ ശ്രമിച്ചിരുന്നു.

ആ ഒറ്റപ്പെട്ട വിഷയം പെരുപ്പിച്ച് കാണിച്ച് കേരളത്തിൽ വൻതോതിൽ മതംമാറ്റം നടക്കുന്നുവെന്ന തോന്നൽ വടക്കേ ഇന്ത്യക്കാരുടെ ഇടയിൽ വളർത്തുവാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. അത് നല്ലവണ്ണം ഫലിച്ചുവെന്നു പല ഉത്തരേന്ത്യൻ സുഹൃത്തുക്കളുടെ സംസാരത്തിൽ നിന്നും ഈ ലേഖകനു് ബോദ്ധ്യപ്പെട്ടിട്ട് ഉണ്ട്. കേരളത്തിലെ ഇടതുപക്ഷഗവർമെന്റ് അതിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതായി പല സുഹൃത്തുക്കളും ഉൽക്കണ്ഠപൂർവം പങ്കു വച്ചപ്പോൾ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന് മനസ്സിലായി. ഈ രീതിയിലാണ് ദേശീയമാധ്യമങ്ങളുടെ കേരളത്തിനോടുള്ള ഇന്നത്തെ സമീപനം. കാര്യങ്ങൾ ഇങ്ങനെ പോകുമ്പോളാണ്, കേരളത്തിൽ പ്രളയം ഉണ്ടായത്. ആ പ്രളയം കണ്ടില്ലെന്നുള്ള ഒരു സമീപനം ആയിരുന്നു ആദ്യത്തെ മൂന്നു ദിനങ്ങളിൽ പ്രസ്തുത മാധ്യമങ്ങൾക്ക്. ലോകത്തുള്ള പ്രധാന വാർത്താമാധ്യമങ്ങളായ ബിബിസി, സി എൻ എൻ, എ ബി സി, അൽ ജസീറ തുടങ്ങിയവ കേരളത്തിലെ പേമാരിവിഷയം കാര്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷമാണ്, നമ്മുടെ ദേശീയ മാധ്യമങ്ങൾ ഈ വിഷയത്തിൽ താല്പര്യം കാണിച്ചത്. എൻഡിടിവി ആണ് കേരളത്തിലെ പ്രളയത്തിന് ആദ്യം പ്രാധാന്യം നൽകി വാർത്ത നൽകിയത്. പിന്നീടാണ് ബാക്കിയുള്ള ചാനലുകൾ രംഗത്തു വന്നത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് നമ്മുടെ ദേശീയമാധ്യമങ്ങൾ ഈ രീതിയിലുള്ള അവഗണന കേരളത്തോട് കാണിക്കുന്നത് എന്ന് പരിശോധിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.

നമ്മൾ ഇപ്പോഴും മദ്രാസികൾ!

ഒന്നാമത്, ഉത്തരേന്ത്യക്കാർ ആണ് ഇവിടുത്തെ ദേശീയ മാധ്യമങ്ങളുടെ നടത്തിപ്പുകാർ. കാലം ഈ രീതിയിൽ പുരോഗമിച്ചിട്ടും അവരിൽ പലർക്കും ദക്ഷിണേന്ത്യക്കാരോടുള്ള പൊതുബോധം മാറിയിട്ടില്ല. അടുത്ത കാലം വരെ അവർ എല്ലാ ദക്ഷിണേന്ത്യക്കാരെയും വിളിച്ചിരുന്നത് 'മദ്രാസികൾ' എന്ന പേരിൽ ആയിരുന്നു. അവർക്കു തെക്കേ ഇന്ത്യ എന്നാൽ മദ്രാസ് മാത്രമായിരുന്നു. പുതിയ കാലത്താണ് ദക്ഷിണേന്ത്യയിൽ മദ്രാസ്സിനു പുറത്ത് വേറെയും സ്ഥലം ഉണ്ടെന്നു അവരിൽ പലർക്കും ബോധ്യമായത്. ഈ മനോഭാവത്താൽ അവർ ദക്ഷിണേന്ത്യക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. പലർക്കും തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് റിപോർട്ടർമാരും സ്റ്റാഫുകളും ഇല്ലായെന്നതാണ് സത്യം.

രണ്ടാമത്തെ വസ്തുത, ദേശിയമാധ്യങ്ങളിൽ മിക്കതും ഇന്ന് കേന്ദ്രം ഭരിക്കുന്നവരെ പിന്തുണക്കുന്നവർ ആണ്. അതായതു, ബിജെപി യെയും സംഘപരിവാറിനെയും പിന്തുണക്കുന്നവരാണ്. ആ കൂട്ടർ ഏറ്റവും വെറുക്കുന്ന രാഷ്ട്രീയ കക്ഷിയാണ്, കമ്മ്യൂണിസ്റ് പാർട്ടി.ആ കമ്മ്യൂണിസ്റ് പാർട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമാണ് ഇപ്പോൾ കേരളം. അപ്പോൾ തങ്ങളുടെ ഏറ്റവും വലിയ ശത്രുവിന് ഗുണം കിട്ടുന്ന യാതൊരു കവറേജിനും ആ മാധ്യമങ്ങളിൽ നിന്ന് സഹായം കിട്ടില്ല.അതുകൊണ്ടാണ് അവർ കേരളത്തിനെ ഒഴിവാക്കുന്നത്.

മൂന്നാമതായി ഉള്ള സംഗതിയും നേരത്തെ പറഞ്ഞ വിഷയത്തോട് ചേർന്നതാണ്.ഇന്നത്തെ ദേശീയമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മിക്കവാറും റിപ്പോർട്ടർമാരും ജേർണലിസ്റ്റുകളും ബിജെപി യുടെയും സംഘപരിവാറിന്റെയും പ്രവർത്തകരാണ്,അങ്ങനെയുള്ളവരുടെ റോൾ മോഡൽ ആണ് ശ്രി. അർണാബ് ഗോസാമി. പരിവാർ അനുഭാവികളായ ജേർണലിസ്റ്റുകൾ ഏറ്റവും വെറുക്കുന്നത് കേരളത്തിനെയാണ്. കാരണം അവരൊക്കെ തലകുത്തി മറിഞ്ഞിട്ടും കേരളത്തിൽ ബിജെപി യുടെ കളിയൊന്നും നടക്കുന്നില്ലല്ലോ. തന്നെയുമല്ല, മുഖ്യമന്ത്രി പിണറായി വിജയനെയും ഈ കൂട്ടർക്ക് കണ്ടുകൂടാ. ഇന്ത്യയിലെ നട്ടെല്ലുള്ള മുഖ്യമന്ത്രിമാരിൽ ഒരാളായിട്ടാണ് പൊതുവെ അദ്ദേഹത്തിനെ കരുതുന്നത്, അങ്ങനെയുള്ളവരെ പരിവാറുകാർക്കു പിടിക്കില്ലല്ലോ.

അസഹിഷ്ണുത കേരളത്തോടും

നാലാമതായി പറയുന്ന വിഷയം, കേരളത്തിൽ നിന്ന് ഉള്ളവർ ദേശീയ ഇംഗ്ലീഷ് ചാനലുകൾ അധികം വീക്ഷിക്കാറില്ല എന്നത്. എന്നാൽ ഈ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ല. ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തുള്ളവരേക്കാൾ ജനസംഖ്യയുടെ അനുപാതത്തിൽ നോക്കിയാൽ, ദേശീയ ഇംഗ്ലീഷ് ചാനലുകൾ കൂടുതൽ വീക്ഷിക്കുന്നത് മലയാളികൾ ആയിരിക്കും. മറുനാട്ടിൽ ഉള്ള മലയാളികളിൽ ഭൂരിഭാഗവും വാർത്തകൾക്കു വേണ്ടി ആശ്രയിക്കുന്നത് ദേശീയ ഇംഗ്ലീഷ് ചാനലുകളെ തന്നെയാണ്. മറുനാടൻ മലയാളികളുടെയും അവരുടെ മക്കളുടെയും ഇംഗ്ലീഷ് ചാനലുകളോടുള്ള താല്പര്യം റേറ്റിംഗിൽ കണക്കിലെടുക്കപ്പെടുന്നില്ല. മുംബൈ, ഡൽഹി, ബാംഗ്ളൂർ ഉൾപ്പെടെയുള്ള സിറ്റികളുടെ റേറ്റിങ് കണക്കിൽ ഉൾപ്പെടുന്നവരിൽ നല്ലൊരു ഭാഗവും മറുനാടൻ മലയാളികളും കുടുംബവും ആണെന്നുള്ള യാഥാർഥ്യം ഈ മാധ്യമരാജാക്കന്മാർ മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം.

കൂടാതെ സംഘപരിവാറുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്ക് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെയും ആരോഗ്യമേഖലകളിലെയും ഉൾപ്പെടെയുള്ള പുരോഗതിയിൽ വല്ലാത്ത അസൂയ ഉള്ളതായി അവരുടെ പല നിലപാടുകളിൽ നിന്നും മനസിലാക്കാം. . അതിനാൽ അവർ കേരളത്തിന്റെ തകർച്ചയിൽ സന്തോഷിക്കുന്നതായിട്ടു തോന്നിയിട്ടുണ്ട്. പ്രളയത്തിന് ശേഷം സോഷ്യൽ മീഡിയായിലൂടെ ഈ അസൂയ വെളിവാക്കുന്ന അനേകകുറിപ്പുകൾ വരുന്നുണ്ട്. അതിൽ ഒരു മൈറാ ഗെയ്ക്കുവാഡിന്റേതായി വന്ന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇതോടൊപ്പം അയക്കുന്നു. അത് വായിക്കുമ്പോൾ ഈ കൂട്ടരുടെ നിലപാടുകൾ വ്യക്തമാകും. കൂടാതെ കേരളീയർ ബീഫ് കഴിക്കുന്നതുകൊണ്ട് ഇവർക്കൊക്കെ കേരളത്തിനോട് വലിയ വിദ്വേഷം ഉള്ളതായിട്ടു മനസിലാക്കുന്നു. നാം എന്ത് കഴിക്കണം എന്നുപോലും ഇവർ തീരുമാനിക്കുമെന്ന് സാരം.

ചുരുക്കത്തിൽ നമ്മുടെ ദേശീയ ചാനലുകൾക്ക് കേരളത്തിനോടും മറ്റു ദക്ഷിണേന്ത്യൻ സംസഥാനങ്ങളോടും പക്ഷപാതപരമായ നിലപാടാണ് ഉള്ളത്. അതിന്റെ ഒരു പരിണിതിയായിരുന്നു കേരളത്തിനെ പ്രളയം മുക്കിയപ്പോൾ ഉള്ള അവരുടെ മൗനവും ചിലരുടെ വിദ്വേഷ പ്രചാരണവും. ചെന്നൈ പട്ടണത്തിൽ പ്രളയം ഉണ്ടായപ്പോഴും അവരുടെ സമീപനം ഇതുപോലെ തന്നെ ആയിരുന്നു. അവിടെയും പരിവാർ പ്രസ്ഥാനങ്ങൾ ക്ലച്ച് പിടിക്കാത്തതിന്റെ കൊതിക്കെറുവ് ഈ മാധ്യമതമ്പ്രാക്കൾ കാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP