Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിക്ഷാ ഓടിച്ച് അച്ഛനും തേയില കൊളുന്ത് നുള്ളി അമ്മയും മക്കളെ പഠിപ്പിച്ചത് വെറുതേയായില്ല; പല്ലുവേദന കൊണ്ട് വാ തുറക്കാനാവാതിരുന്നിട്ടും അവൾ ഓടുകയും ചാടുകയും ചെയ്തുകൊണ്ടേയിരുന്നു; ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ച ഒരു ഏഷ്യൻ ഗെയിംസ് സ്വർണത്തിന് ഒളിമ്പിക്സ് സ്വർണത്തെക്കാൾ തിളക്കം

റിക്ഷാ ഓടിച്ച് അച്ഛനും തേയില കൊളുന്ത് നുള്ളി അമ്മയും മക്കളെ പഠിപ്പിച്ചത് വെറുതേയായില്ല; പല്ലുവേദന കൊണ്ട് വാ തുറക്കാനാവാതിരുന്നിട്ടും അവൾ ഓടുകയും ചാടുകയും ചെയ്തുകൊണ്ടേയിരുന്നു; ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ച ഒരു ഏഷ്യൻ ഗെയിംസ് സ്വർണത്തിന് ഒളിമ്പിക്സ് സ്വർണത്തെക്കാൾ തിളക്കം

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: കുടുംബത്തിലെ വേദനയും ശരീരത്തിൽ താൻ കൊണ്ടു നടന്ന വേദനയും സഹിച്ചാണ് അവൾ ആ സ്വർണം നേടിയത്. അസഹ്യമായ പല്ലു വേദനയ്ക്കിടയിലും അത് കടിച്ചമർത്തിയാണ് ഹെപ്റ്റാത്തലണിൽ സ്വപ്‌ന ബർമൻ സ്വർണം നേടിയത്. കവിളിൽ ബാൻഡേജ് ഒട്ടിച്ചാണ് സ്വപ്‌ന മത്സരത്തിൽ പങ്കെടുത്തത്. തനിക്ക് പല്ലുവേദനയുണ്ടായിരുന്നുവെന്ന് മത്സര ശേഷം സ്വപ്‌ന തന്നെ തുറന്ന് പറഞ്ഞിരുന്നു. പട്ടിണികിടന്ന ബാല്യമാണ് ഈ 22-കാരിയുടേത്.റിക്ഷാ ഡ്രൈവറായിരുന്ന അച്ഛൻ പഞ്ചാനൻ ബർമൻ അഞ്ചു വർഷത്തോളമായി   മസ്തിഷ്കാഘാതത്തെ  തുടർന്ന്  കിടപ്പിലാണ്. എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന അമ്മ ബസാനയ്ക്ക് അതോടെ ജോലി നിർത്തേണ്ടി വന്നു. നിത്യച്ചെലവിനുപോലും വകയില്ലാതെ വലഞ്ഞ കുടുംബത്തിൽനിന്നാണ് സ്വപ്ന ബർമ്മൻ വരുന്നത്. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ സ്വപ്നങ്ങളാണ് അവൾ സാക്ഷാത്കരിച്ചത്.

ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ കാളിയഗഞ്ച് ഗ്രാമത്തിലാണ് സ്വപ്ന ജനിച്ചത്. നാട്ടുകാരിൽ ഒരാൾ സംഭാവന നൽകിയ സ്ഥലത്ത് പഞ്ചായത്ത് സമിതി പണിതുകൊടുത്ത കൂരയിലായിരുന്നു താമസം. ചെറുപ്പത്തിലേ സ്‌പോർട്സിൽ താത്പര്യമുണ്ടായിരുന്ന സ്വപ്നയ്ക്ക് ഇരുകാലുകളിലും ആറു വിരലുകൾ വീതമുള്ളതാണ് പ്രശ്‌നമായത്. പട്ടിണിയായപ്പോൾ, സഹോദരൻ അസിത് അഞ്ചാം ക്ലാസിൽ പഠിപ്പുനിർത്തി മേസ്തിരിപ്പണിക്ക് പോയിത്തുടങ്ങി. കുടുംബം കഴിയാൻ ഇതായിരുന്നു മാർഗം. ഉത്തമേശ്വർ ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്ന വിശ്വജിത്ത് മജുംദാറാണ് സ്വപ്നയെ ആദ്യം പരിശീലിപ്പിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ തന്നെ മുൻകൈയിൽ പിന്നീടവൾ കൊൽക്കത്തയിലെ സായ് (സ്‌പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രത്തിലെത്തി. ദിവസേന തീവണ്ടിയിലെ ജനറൽ കംപാർട്ട്മെന്റിൽ സഞ്ചരിച്ചാണ് അവൾ പരിശീലനം നേടിയത്.

ജൂനിയർ നാഷണൽസിൽ ഹൈജംപിൽ സ്വർണം നേടിയാണ് അവൾ കായികരംഗത്ത് തന്റെ വരവറിയിച്ചത്. തുടർന്നിങ്ങോട്ട് രാജ്യത്തിന്റെ കായികസ്വപ്നങ്ങൾക്ക് നിറംപകർന്ന് അവൾ സമ്മാനങ്ങൾ കൊയ്യുന്നു. മിക്കപ്പോഴും സമ്മാനത്തുകകളാണ് വീട്ടിലെ പട്ടിണിയകറ്റിയത്. തുടർച്ചയായ പുറംവേദനമൂലം 2015-ൽ സ്‌പോർട്സ് വിടാൻ സ്വപ്ന ആലോചിച്ചിരുന്നു. സായ് കേന്ദ്രം വിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. കോച്ച് സുഭാഷ് സർക്കാരാണ് അവളെ തിരികെ ഫീൽഡിലെത്തിച്ചത്. ഏഷ്യൻ ഗെയിംസ് സ്വർണം നേടിയാണ് അവൾ അതിന് പ്രതിഫലം നൽകിയിരിക്കുന്നത്. ഇപ്പോഴും സാധാരണ അത്ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവാണ് സ്വപ്നയും ധരിക്കുന്നത്. അതിനാൽ വേദനയുമുണ്ട്. ഇതേക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോൾ ''തനിക്കുവേണ്ടി ആരെങ്കിലും പ്രത്യേക ഷൂസ് നിർമ്മിച്ചുതന്നാൽ സന്തോഷം'' എന്നായിരുന്നു മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP