Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മ്യാന്മറിൽ ഒരു ഡാമിന്റെ സ്പിൽവേ തകർന്ന് 90 ഗ്രാമങ്ങൾ മുങ്ങി; ലാവോസിൽ ജലവൈദ്യുത പദ്ധതിയുടെ ഡാം തകർന്നത് കഴിഞ്ഞ മാസമാണ്; അണക്കെട്ടുകളും അതിനോട് ചേർന്നുള്ള മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പും ലോകമെങ്ങും വലിയ ആശങ്കയായി ഉയരുകയാണ്; തകർന്ന കേരളം പുനർനിർമ്മിക്കപ്പെടുമ്പോൾ അതിൽ കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് സംവിധാനവും വേണം; അത് കേരളത്തിൽ നടക്കുമോ; നിയസഭയിൽ മിണ്ടാൻ കഴിയാത്ത സജി ചെറിയാൻ സാക്ഷി; എം അബ്ദുൽ റഷീദ് എഴുതുന്നു

മ്യാന്മറിൽ ഒരു ഡാമിന്റെ സ്പിൽവേ തകർന്ന് 90 ഗ്രാമങ്ങൾ മുങ്ങി; ലാവോസിൽ ജലവൈദ്യുത പദ്ധതിയുടെ ഡാം തകർന്നത് കഴിഞ്ഞ മാസമാണ്; അണക്കെട്ടുകളും അതിനോട് ചേർന്നുള്ള മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പും ലോകമെങ്ങും വലിയ ആശങ്കയായി ഉയരുകയാണ്; തകർന്ന കേരളം പുനർനിർമ്മിക്കപ്പെടുമ്പോൾ അതിൽ കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് സംവിധാനവും വേണം; അത് കേരളത്തിൽ നടക്കുമോ; നിയസഭയിൽ മിണ്ടാൻ കഴിയാത്ത സജി ചെറിയാൻ സാക്ഷി; എം അബ്ദുൽ റഷീദ് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

നമ്മൾ എത്രപേർ ശ്രദ്ധിച്ചുവെന്നു അറിയില്ല, ഇന്ന് മ്യാന്മറിൽ ഒരു ഡാമിന്റെ സ്പിൽവേ തകർന്ന് 90 ഗ്രാമങ്ങൾ മുങ്ങി. പ്രധാനപ്പെട്ട പാതകൾ വെള്ളത്തിലായി. ആറു പേർ മരിച്ചു. എഴുപതിനായിരം പേരെയാണ് ഇപ്പോൾ ഒഴിപ്പിച്ചിരിക്കുന്നത്. 'സുരക്ഷിതം' എന്നു അധികൃതർ ആവർത്തിച്ചു പറഞ്ഞിരുന്ന ജലസേചന ഡാമാണ് തകർന്നത്.മ്യാന്മറിന്റെ അയൽരാജ്യമായ ലാവോസിൽ ജലവൈദ്യുത പദ്ധതിയുടെ ഡാം തകർന്നത് കഴിഞ്ഞ മാസമാണ്.

ഒരു വലിയ പ്രവിശ്യ മുങ്ങി. 35 പേർ മരിച്ചു. നൂറുകണക്കിന് പേരെ കാണാതായി. ഇതും സർക്കാർ 'സുരക്ഷിത'മെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന ഡാമായിരുന്നു.അണക്കെട്ടുകളും അതിനോട് ചേർന്നുള്ള മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പും ലോകമെങ്ങും വലിയ ആശങ്കയായി ഉയരുകയാണ്.

ദൗർഭാഗ്യവശാൽ കേരളത്തിൽ ആ ചർച്ച പോകുന്നത് വഴിതെറ്റിയാണ്.

'ഇങ്ങനെ തന്നെയാണ് ഡാമുകൾ കൈകാര്യം ചെയ്യേണ്ടത്' എന്നു ഭക്തർ. 'അതല്ല, പിണറായി കേരളത്തെ മുക്കുകയായിരുന്നു' എന്നു വിരുദ്ധർ.
സത്യം ഇതിനിടയിൽ എവിടെയോ ആർക്കും വേണ്ടാതെ കിടക്കുന്നു.എല്ലാവരും ഡാം വിദഗ്ദ്ധർ ആയ ഈ കാലത്ത് ശരിയായ വിദഗ്ധരുടെ വാക്കുകൾ എവിടെയെങ്കിലും വരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ഞാൻ. ചിലതൊക്കെ കണ്ടു. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ നായർ രാജീവന്റെ പ്രതികരണം 'ഹിന്ദുസ്ഥാൻ ടൈംസി'ൽ വായിച്ചു, ''നമ്മുടെ രാജ്യത്തെ വലിയ ജലസംഭരണികൾക്കൊന്നും കൃത്യമായ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന ജലനിയന്ത്രണ സംവിധാനം ഇല്ല. ഇനിയെങ്കിലും അതു വേണം എന്നാണ് കേരളം നൽകുന്ന പാഠം.''

പിന്നീട് മനോരമയിലെ ജോമി തോമസിന് നൽകിയ അഭിമുഖത്തിൽ രാജീവൻ ഇത്രകൂടി പറഞ്ഞു, ''ഇന്ത്യയിൽ എവിടെയും ശാസ്ത്രീയമായ ഡാം മാനേജ്മെന്റ് ഇല്ല. നമ്മുടെ രാജ്യത്തു കാലാവസ്ഥാ നിരീക്ഷണം ഉണ്ടെങ്കിലും അതിനെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധിപ്പിച്ചുള്ള പ്രവചനങ്ങൾ ഇല്ല.'' ആരെയും കുറ്റപ്പെടുത്താൻ മുതിരുന്നില്ലെങ്കിലും ഡാമുകൾ കൈകാര്യം ചെയ്തതിലെ പോരായ്മകൾ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം കൂട്ടി എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്.

ഡൽഹി ഐ ഐ ടി യിലെ പ്രൊഫസർ എ. കെ ഗോസയിനും ഇതേ കാര്യം പറഞ്ഞുകണ്ടു, ''ഡാം നിറയുമ്പോൾ തുറക്കുക, അതുവരെയും സംഭരിക്കുക എന്ന ലളിതബുദ്ധിയിലാണ് ഇന്ത്യയിലെ ഡാമുകൾ പ്രവർത്തിക്കുന്നത്. ഈ മനോഭാവമാണ് കേരളത്തിൽ ദുരന്തമായത്.''രണ്ടു പതിറ്റാണ്ടായി ഏഷ്യയിലെ ഡാമുകൾ സംബന്ധിച്ചു ജനകീയ പഠനങ്ങൾ നടത്തുന്ന ഹിമാൻഷു താക്കറിന്റെ നിരീക്ഷണം ബി.ബി.സിയിൽ കണ്ടു. അദ്ദേഹം പറയുന്നു, ''ഇന്ത്യയിലെ വലിയ അണക്കെട്ടുകളുടെയെല്ലാം നിയന്ത്രണം വൈദ്യുതി ഉത്പാദക കമ്പനികൾക്കാണ്. അവരുടെ നോട്ടം വൈദ്യുതഉത്പാദനം മാത്രമാണ്. അവസാന നിമിഷംവരെ ജലം സംഭരിക്കാൻ ആണ് അവർ ശ്രമിക്കുക.''

ഹിമാൻഷു ചൂണ്ടിക്കാട്ടിയ ആ 'ലാഭമോഹം' കേരളത്തിൽ കെ.എസ്.ഇ.ബിയും പ്രകടിപ്പിച്ചു.ഡാം കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയവും കൃത്യവുമായ രീതി ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വളരെയേറെ കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നു പറഞ്ഞവരിൽ ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫസർ നയൻ ശർമയും ഉണ്ട്. 2011ൽ കേരളം ഉണ്ടാക്കിയ ഡാം സുരക്ഷാപഠന സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ഇത്തവണ ഡാം തുറന്നതിലെ പാളിച്ചകൾ കേരളം അന്വേഷിക്കണമെന്നും പഠിക്കണമെന്നും ശർമ പറയുന്നു.

ചുരുക്കത്തിൽ, തകർന്ന കേരളം പുനർനിർമ്മിക്കപ്പെടുമ്പോൾ അതിൽ കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് സംവിധാനവും വേണം. ഇന്ന് നമ്മൾ ജീവനുവേണ്ടി കേണതുപോലെ നാളെ നമ്മുടെ മക്കളും വിലപിക്കേണ്ടി വരരുത്.പക്ഷേ, കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് ഉണ്ടാവാൻ ആദ്യം വേണ്ടത് ഇപ്പോൾ സംഭവിച്ച പോരായ്മകൾ കണ്ടെത്തുകയാണ്. ഏതു വസ്തുതയും അമിതമായി കക്ഷിരാഷ്ട്രീയവത്കരിക്കപ്പെടുന്ന കേരളത്തിൽ അത്തരമൊരു വസ്തുതാന്വേഷണം ഉണ്ടാകുമോ? സംശയമാണ്. നിയമസഭയിൽ മിണ്ടാൻ കഴിയാതെപോയ സജി ചെറിയാൻ സാക്ഷി!

( എഴുത്തുകാരനും മാധ്യമ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ എം അബ്ദുൽ റഷീദ് ഫേസ്‌ബുക്കിൽ കുറിച്ചത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP