Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്തോനേഷ്യയും ഇറാനും ഏഷ്യയിലെ ത്രിശക്തികൾക്കൊപ്പം എത്താൻ കുതിക്കവേ ഇന്ത്യ ഇപ്പോഴും കിതച്ച് തന്നെ എട്ടാം സ്ഥാനത്ത് തുടരുന്നു; റെക്കോർഡ് മെഡൽ നേട്ടം കൊയ്തപ്പോഴും സ്വർണത്തിന്റെ എണ്ണം കുറഞ്ഞ് ഇന്ത്യയുടെ കിതപ്പ്; ആകെ മെഡൽ നേട്ടത്തിൽ അഞ്ചാം സ്ഥാനം ഉണ്ടെങ്കിലും സ്വർണം കൈവിടുന്നത് ഇന്ത്യയുടെ നിരാശയ്ക്ക് കാരണമാകുന്നു

ഇന്തോനേഷ്യയും ഇറാനും ഏഷ്യയിലെ ത്രിശക്തികൾക്കൊപ്പം എത്താൻ കുതിക്കവേ ഇന്ത്യ ഇപ്പോഴും കിതച്ച് തന്നെ എട്ടാം സ്ഥാനത്ത് തുടരുന്നു; റെക്കോർഡ് മെഡൽ നേട്ടം കൊയ്തപ്പോഴും സ്വർണത്തിന്റെ എണ്ണം കുറഞ്ഞ് ഇന്ത്യയുടെ കിതപ്പ്; ആകെ മെഡൽ നേട്ടത്തിൽ അഞ്ചാം സ്ഥാനം ഉണ്ടെങ്കിലും സ്വർണം കൈവിടുന്നത് ഇന്ത്യയുടെ നിരാശയ്ക്ക് കാരണമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: 13 സ്വർണവും 23 വെള്ളിയും 29 വെങ്കലവുമടക്കം 65 മെഡലുകളുമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എട്ടാം സ്ഥാനത്ത് തുടരുന്നു. ഇത്തവണ റെക്കോർഡ് മെഡൽ നേട്ടം കൊയ്തപ്പോഴും ഇന്ത്യയ്ക്ക് സ്വർണത്തിന്റെ എണ്ണം കുറയുകയാണ്. ഗെയിംസ് ആരംഭിച്ച് പതിമൂന്നാം ദിനത്തിലെ ആറാമത്തെ മെഡൽ വനിതാ ഹോക്കിയിൽ നിന്നും സ്വന്തമാക്കിയാണ് ഇന്ത്യ റെക്കോർഡിലേക്ക് കുതിച്ചത്. ഫൈനൽ മത്സരത്തിൽ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയമേറ്റു വാങ്ങിയതോടെയാണ് വനിതാ ടീമിന്റെ മെഡൽ നേട്ടം വെള്ളിയിൽ മാത്രമായി ഒതുങ്ങിയത്. 64 മെഡലുകൾ നേടിയ ഇന്ത്യ ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ നേട്ടത്തിൽ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ്.

2010ലെ ഗ്വാങ്ഷൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ 65 മെഡലുകൾ നേടിയതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ജക്കാർത്തയിൽ ഇന്ത്യയ്ക്ക് ഇപ്പോൾത്തന്നെ 65 മെഡലുകളായി. ഇനി, സുവർണ നേട്ടത്തിൽ ഏഷ്യൻ ഗെയിംസിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്കാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 2010ലെ ഗ്വാങ്ഷൗവിൽ നേടിയ 14 സ്വർണ മെഡലുകളാണ് നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. വനിതകളുടെ സ്‌ക്വാഷ് ടീം, ബോക്‌സിങ്ങിൽ അമിത് കുമാർ എന്നിങ്ങനെ രണ്ടു ഫൈനലുകൾ കൂടി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

20 വർഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഫൈനൽ കളിച്ച വനിതാ ടീം അവസാനം വരെ പൊരുതിയാണ് ഫൈനലിൽ തോൽവി സമ്മതിച്ചത്. 11-ാം മിനിറ്റിൽ ഷിമിസുവിലൂടെ മുന്നിൽക്കയറിയ ജപ്പാനെ 32-ാം മിനിറ്റിൽ നേഹ ഗോയലിലൂടെ ഇന്ത്യ സമനിലയിൽ പിടിച്ചു. എന്നാൽ, 44-ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റി കോർണർ ഇന്ത്യയുടെ വിധി നിർണയിച്ചു. കവാമുറ മൊട്ടോമി പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ടതോടെ ജപ്പാന് വിജയം. കഴിഞ്ഞ തവണ ഇഞ്ചിയോണിൽ ഇന്ത്യൻ വനിതകൾ വെങ്കലം നേടിയിരുന്നു.
പുരുഷവിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യന്മാർ കൂടിയായ ഇന്ത്യ സെമിയിൽ മലേഷ്യയോടു തോറ്റിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു തോൽവി. വെങ്കല മെഡലിനായി ഇന്ത്യ ശനിയാഴ്ച പാക്കിസ്ഥാനെ നേരിടുന്നുണ്ട്.

പതിമൂന്നാം ദിനം സെയ്‌ലിങ്ങിൽനിന്നു മാത്രം മൂന്നു മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ ടീം ഇനത്തിൽ വർഷ-ശ്വേത സഖ്യമാണ് വെള്ളി നേടിയത്. പുരുഷവിഭാഗം ടീം ഇനത്തിൽ അശോക്‌ചെങ്കപ്പ സഖ്യവും വ്യക്തിഗത വിഭാഗം ഓപ്പൺ ലേസർ 4.7ൽ ഹർഷിതയും വെങ്കലം സ്വന്തമാക്കി.അതേസമയം, ബോക്‌സിങ്ങിൽ ഇന്ത്യ ഇരട്ടമെഡലുറപ്പാക്കി. പുരുഷ വിഭാഗം ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോയിൽ അമിത് കുമാർ ഫൈനലിൽ കടന്നു. ഫിലിപ്പീൻസ് താരം കാർലോ പാലത്തെയും തോൽപ്പിച്ച അമിതിന്, ശനിയാഴ്ച നടക്കുന്ന ഫൈനലിൽ റിയോ ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവായ ഹസൻബോയ് ദുസ്മറ്റോവാണ് എതിരാളി. അതേസമയം, മെഡലുറപ്പിച്ച് സെമിയിൽ കടന്ന വികാസ് കൃഷ്ണൻ (പുരുഷ മിഡിൽ വെയ്റ്റ് 75 കിലോ) മൽസരത്തിൽനിന്ന് പിന്മാറിയത് ഇന്ത്യയ്ക്ക് നിരാശയായി. ക്വാർട്ടർ പോരാട്ടത്തിനിടെ കണ്ണിനേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടർന്നാണിത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യ വെങ്കലത്തിലൊതുങ്ങി.

സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് ആഹ്ലാദം പകർന്ന് വനിതാ ടീം ഫൈനലിൽ കടന്നപ്പോൾ, പുരുഷ ടീം സെമിയിൽ തോറ്റത് നിരാശയായി. നിലവിലെ ചാംപ്യന്മാരായ മലേഷ്യയെ 2-0ന് പരാജയപ്പെടുത്തിയാണ് വനിതകളുടെ ഫൈനൽ പ്രവേശം. ജോഷ്‌ന ചിന്നപ്പ, തൻവി ഖന്ന, മലയാളികളായ ദീപിക പള്ളിക്കൽ, സുനന്യ കുരുവിള എന്നിവരാണ് ടീമിലുള്ളത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാനോ ഹോങ്കോങ്ങോ ആകും ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായി രണ്ടാം തവണയാണ് വനിതാ വിഭാഗം ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ തവണ ഇഞ്ചിയോണിൽ നടന്ന ഗെയിംസിൽ ഇതേ എതിരാളികളോടു ഫൈനലിൽ തോറ്റാണ് ഇന്ത്യയ്ക്ക് വെള്ളിയിൽ ഒതുങ്ങേണ്ടിവന്നത്.

മലേഷ്യയുടെ ഇതിഹാസ താരം നിക്കോൾ ഡേവിഡിനെ വാശിയേറിയ പോരാട്ടത്തിൽ 12-10, 11-9, 6-11, 10-12, 11-9 എന്ന സ്‌കോറിന് തകർത്ത് ജോഷ്‌ന ചിന്നപ്പ ഇന്ത്യയ്ക്കു ലീഡ് സമ്മാനിച്ചു. രണ്ടാം മൽസരത്തിൽ വീ വേൺ ലോയ്‌ക്കെതിരെ ദീപിക പള്ളിക്കൽ 11-2, 11-9, 11-7 എന്ന സ്‌കോറിൽ അനായാസം വിജയം കണ്ടതോടെ ഇന്ത്യ ഫൈനലിൽ സ്ഥാനമുറപ്പിച്ചു. വനിതാ സിംഗിൾസിൽ ദീപികയും ജോഷ്‌നയും വെങ്കലം നേടിയിരുന്നു. ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിന്റെ ഭാര്യയാണ് മലയാളിയായ ദീപിക പള്ളിക്കൽ.അതേസമയം, പുരുഷവിഭാഗം സ്‌ക്വാഷ് ടീം ഇനത്തിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യ തോൽവി രുചിച്ചു.

ഹോങ്കോങ് ഇന്ത്യയെ 2-0ന് തോൽപ്പിച്ചു. ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സൗരവ് ഘോഷാൽ, ഹരീന്ദർപാൽ സിങ് എന്നിവർ തോൽവി നേരിട്ടു.അതേസമയം, ഇന്ന് ഫലം അറിവായ ആദ്യ രണ്ട് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. ടേബിൾ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസിൽ ശരത് കമലും വനിതാ വിഭാഗത്തിൽ മണിക ബാത്രയും പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. നേരത്തെ, മിക്‌സ്ഡ് ഡബിൾസിൽ ഇരുവരും ചേർന്ന് ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ വെങ്കലമെഡൽ സമ്മാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP