Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാലിന്യം എന്തു ചെയ്യണമെന്നറിയാതെ നഗരസഭകൾ; സഹികെട്ട സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി നഗരസഭകളുടേയും കോർപ്പറേഷനുകളുടേയും മാലിന്യ സംസ്‌കരണ ചുമതല ഏറ്റെടുത്തു; പഞ്ചായത്തുകളുടെ അധികാരം തുടരും; വിദേശ കമ്പനികളുമായി ചേർന്ന് മാലിന്യം സംസ്‌കരിക്കാൻ പദ്ധതി വരുന്നു

മാലിന്യം എന്തു ചെയ്യണമെന്നറിയാതെ നഗരസഭകൾ; സഹികെട്ട സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി നഗരസഭകളുടേയും കോർപ്പറേഷനുകളുടേയും മാലിന്യ സംസ്‌കരണ ചുമതല ഏറ്റെടുത്തു; പഞ്ചായത്തുകളുടെ അധികാരം തുടരും; വിദേശ കമ്പനികളുമായി ചേർന്ന് മാലിന്യം സംസ്‌കരിക്കാൻ പദ്ധതി വരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനവുമായി സംസ്ഥാന സർക്കാർ. മാലിന്യം നീക്കാനുള്ള നഗരസഭകളുടെ അധികാരം സർക്കാർ ഏറ്റെടുത്ത ശേഷം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ നീക്കം. സമീപ പ്രദേശങ്ങളിലുള്ള രണ്ടോ അതിൽ കൂടുതലോ ഉള്ള നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനായി പൊതു സ്ഥലം കണ്ടെത്താനും മാലിന്യം നീക്കം ചെയ്യുന്നത് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ഗർവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ, പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിലുള്ള അധികാരത്തിൽ മാറ്റം വരുത്തിയിട്ടില്ല.   മാലിന്യനീക്കം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഇക്കാര്യത്തിൽ നഗരസഭകൾ വിജയിക്കാത്ത സാഹചര്യത്തിലാണു ഭേദഗതി. മാലിന്യ സംസ്‌കരണത്തിനു നഗരസഭകൾക്കുള്ള ഫണ്ടും ഇതോടെ ഇല്ലാതാകും.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്‌കരണം വേഗത്തിലാക്കാൻ ഭേദഗതി പ്രയോജനപ്പെടുമെന്നു മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഭേദഗതിയാണിത്. ഇതു നിലവിൽ വരുന്നതോടെ മാലിന്യം ശേഖരിക്കൽ, സംസ്‌കരണ കേന്ദ്രത്തിലേക്കു കൊണ്ടുപോകൽ തുടങ്ങിയവയെല്ലാം സ്വകാര്യ ഏജൻസികളെക്കൊണ്ടു ചെയ്യിക്കാൻ സർക്കാരിന് അധികാരമുണ്ടാകും. സംസ്‌കരണ പ്ലാന്റിനു സ്ഥലം കണ്ടെത്തലും സ്ഥാപിക്കലും സർക്കാരിന്റെ ചുമതലയിലാകും ചെയ്യുക.

മാലിന്യം ജലാശയങ്ങളിലേക്കു വലിച്ചെറിഞ്ഞാൽ കേസെടുക്കുമെന്നു ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ചില ജില്ലകളിൽ കേസെടുത്തു തുടങ്ങി. കർശന നടപടി സ്വീകരിക്കാനാണു ജില്ലാ പൊലീസ് മേധാവികൾക്കുള്ള നിർദ്ദേശം. അതിനിടെയാണ് പ്രളയമേഖലകളിൽ മൃഗാവശിഷ്ടങ്ങൾ മുതൽ ഇലക്ട്രോണിക് മാലിന്യം വരെ അടിഞ്ഞു കൂടിയെന്ന വാർത്ത പുറത്ത് വരുന്നത്. മാലിന്യം അഴുകി വെള്ളത്തിലും മറ്റും കലരുന്നതോടെ പകർച്ചവ്യാധി ഭീഷണിയേറി. ജൈവമാലിന്യം പലയിടത്തും കുഴിച്ചുമൂടുകയാണ്. എന്നാൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇതു ശാസ്ത്രീയമായല്ലെങ്കിൽ മാലിന്യം ശുദ്ധജലത്തിൽ കലരാനിടയുണ്ട്.

പ്ലാസ്റ്റിക് മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള യൂണിറ്റുകളിൽ സംസ്‌കരിക്കാനാണു നിർദ്ദേശം ലഭിച്ചത്. എന്നാൽ, ഇ-മാലിന്യവും ചില്ലും മരവും കിടക്കയും ഉൾപ്പെടെയുള്ളവ എന്തുചെയ്യുമെന്നു തദ്ദേശസ്ഥാപനങ്ങൾക്കു ധാരണയില്ല. പലയിടത്തും ഇവ കൂട്ടിയിട്ടു കത്തിക്കുന്നു. ആയിരക്കണക്കിനു ടൺ മാലിന്യം ഒഴുകിയെത്തുന്ന വേമ്പനാട്ടുകായൽ വിവിധ പഞ്ചായത്തുകളുടെ പരിധിയിലാണ്. നടപടികൾ ഏകോപിപ്പിക്കുന്നതിന് ഏജൻസി ഇല്ലാത്തത് ഇവിടെ ശുചീകരണത്തെ ബാധിക്കുന്നു. അതേസമയം, ഇടുക്കി ജില്ലയിലെ മൂന്നാറിലും വയനാട് ജില്ലയിലും ജനകീയ കൂട്ടായ്മയിലൂടെ ശുചീകരണം ഏറക്കുറെ നടപ്പാക്കാനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP