Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷം സഹായിച്ചിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങാൻ കഴിഞ്ഞില്ല; പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുൻപ് മണിക്കൂറുകൾ മുൻപ് രാജിവച്ചു; പ്രമേയം കൊണ്ടുവന്നത് ഭരണപക്ഷമായ യുഡിഎഫ്

പ്രതിപക്ഷം സഹായിച്ചിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങാൻ കഴിഞ്ഞില്ല; പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുൻപ് മണിക്കൂറുകൾ മുൻപ് രാജിവച്ചു; പ്രമേയം കൊണ്ടുവന്നത് ഭരണപക്ഷമായ യുഡിഎഫ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ ഒരു വർഷം മുൻപ് നടന്ന അട്ടിമറിയുടെ അതേ മാതൃകയിൽ അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് രാജി വച്ചു. ഇന്നു രാവിലെ 10 മണിക്ക് ഒരു മാണിഗ്രൂപ്പ് കൗൺസിലറെ സിപിഎമ്മിന്റെ മൂന്നു കൗൺസിലർമാർ വീട്ടു തടങ്കലിൽ ആക്കിയിട്ടും അവിശ്വാസം വിജയിക്കുമെന്ന് വന്നതോടെ രജനി രാജിവയ്ക്കുകയായിരുന്നു.

ചെയർപേഴ്സൺ സ്ഥാനം പങ്കു വയ്ക്കുന്നത് സംബന്ധിച്ചുണ്ടായിരുന്ന ധാരണ പാലിക്കാൻ തയാറാകാതെ വന്നതോടെയാണ് ഭരണപക്ഷമായ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസം ഒഴിവാക്കാനും തന്റെ ഭാഗത്ത് വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുന്നതിനും ചെയർപേഴ്സൺ ഇന്നു രാവിലെ വരെ ശ്രമിച്ചിരുന്നു. പ്രതിപക്ഷമായ സിപിഎമ്മിന്റെ സഹായവും ഇവർക്ക് ലഭിച്ചു. സിപിഎം കൗൺസിലർമാരാണ് ഗുണ്ടായിസം കാട്ടി മാണിഗ്രൂപ്പിന്റെ വനിതാ കൗൺസിലറെ വീട്ടു തടങ്കലിൽ ആക്കിയത്. ഇവർ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുയകയിരുന്നു.

32 അംഗ കൗൺസിലിൽ നിലവിൽ 31 പേരാണുള്ളത്. സിപിഎമ്മിലെ വിഎ ഷാജഹാൻ കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു. ഇദ്ദേഹം മരിക്കുന്നതിന് മുൻപാണ് അവിശ്വാസത്തിന് നോട്ടീസ് കൊടുത്തത്. കഴിഞ്ഞ മാസം 18 നാണ് അവിശ്വാസം ചർച്ച ചെയ്യാൻ തീയതി നിശ്ചയിച്ചിരുന്നത്. അന്ന് പ്രളയം വന്നതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 17 പേരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കാൻ വേണ്ടിയിരുന്നത്. ഭരണപക്ഷമായ യുഡിഎഫിൽ കോൺഗ്രസ്-16, മാണി-നാല്, ലീഗ്-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് സിപിഎം-എട്ട്, സിപിഐ-ഒന്ന് എന്നിങ്ങനെ ഒമ്പതു പേരാണുള്ളത്. ഷാജഹാന്റെ മരണത്തോടെ അംഗബലം എട്ടായി കുറഞ്ഞു. പിന്നെയുള്ള ഒരു കൗൺസിലർ എസ്ഡിപിഐക്കാരിയാണ്.

ഇവർ ഇന്നലെത്തന്നെ അവിശ്വാസത്തെ അനുകൂലിക്കുന്നുവെന്ന് അറിയിച്ചിരുന്നു. പിന്നെ 16 പേരുടെ പിന്തുണ ഒപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു ഇന്നലെ രാത്രി മുഴുവൻ. കോൺഗ്രസ് കൗൺസിലർമാരിൽ ഏഴു പേർ രജനിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. പ്രതിപക്ഷം വിട്ടു നിൽക്കുമെന്ന് കൂടി അറിയിച്ചതോടെ അവിശ്വാസം പരാജയപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു രജനിയും കൂട്ടരും. കോൺഗ്രസിന്റെ നാലു കൗൺസിലർമാർ വിപ്പ് കൈപ്പറ്റിയിരുന്നതുമില്ല. ഡിസിസി നേതൃത്വം പിജെ കുര്യന്റെ സാന്നിധ്യത്തിൽ ഇന്നലെ മുഴുവൻ കൗൺസിലർമാരുമായി ചർച്ച നടത്തി. ഇതോടെ രജനി പക്ഷത്ത് നിന്ന് മൂന്നുപേർ കൂടി എതിർപക്ഷത്തേക്ക് വന്നു.

ഇതോടെ അവിശ്വാസം വിജയിക്കുമെന്ന് ഉറപ്പായി. അറ്റകൈ പ്രയോഗം എന്ന നിലയിലാണ് ഇന്ന് രാവിലെ മാണിഗ്രൂപ്പിന്റെ വനിതാ കൗൺസിലറെ തടഞ്ഞു വയ്ക്കാൻ ശ്രമം നടന്നത്. അവരെ ഹാളിൽ എത്തിക്കാതിരിക്കാനായിരുന്നു നീക്കം. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി നേതാവ് പികെ അനീഷ്, വിആർ ജോൺസൺ, ആർ ഹരീഷ് എന്നിവരാണ് മാണിഗ്രൂപ്പിലെ വനിതാ കൗൺസിലർ ഷൈനിയെ തടഞ്ഞു വച്ചത്. ഇവർ പിന്നിലെ വാതിൽ വഴി ഓടി രക്ഷപ്പെട്ട് മാണിഗ്രൂപ്പ് പാർലമെന്ററി പാർട്ടി നേതാവ് പികെ ജേക്കബിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇതിന് ശേഷമാണ് ചെയർപേഴ്സൺ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയത്.

കഴിഞ്ഞ തദ്ദേശ സ്ഥാപന ഭരണസമിതി തെരഞ്ഞെടുപ്പിന് ശേഷം ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. രജനി പ്രദീപ്, ഗീതാ സുരേഷ്, റോസ്ലിൻ സന്തോഷ് എന്നിവരാണ് അവകാശവാദം ഉന്നയിച്ചത്. ഇതോടെ പദവി പങ്കു വയ്ക്കാൻ ധാരണയായി. ആദ്യ രണ്ടര വർഷം രജനി ശേഷിച്ച കാലയളവിൽ ഒന്നേകാൽ വർഷം വീതം ഗീത, റോസ്ലിൻ എന്നിവർക്ക് നൽകാൻ ധാരണയായി. ഇതു രേഖാമൂലം കരാറാക്കി എന്നാണ് ഡിസിസി നേതൃത്വം പറയുന്നത്. അങ്ങനെ ഒരു കരാർ ഇല്ലെന്നും അതിനാൽ താൻ രാജിവക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു രജനി. കഴിഞ്ഞ വർഷം നവംബറിൽ സ്ഥാനം ഒഴിയേണ്ട രജനി പലവിധ കാരണങ്ങൾ പറഞ്ഞ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോയി.

ഇതിനിടെ പിജെ കുര്യൻ, ഉമ്മൻ ചാണ്ടി, എംഎം ഹസൻ, കെ ശിവദാസൻ നായർ എന്നീ നേതാക്കളെല്ലാം രജനിയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. പറ്റില്ല എന്ന് രജനി തീർത്തു പറയുകയും ചെയ്തു. അതിന് ശേഷമാണ് അവിശ്വാസം കൊണ്ടുവരാൻ നീക്കം നടന്നത്. അവിശ്വാസത്തിന് നോട്ടീസ് നൽകണമെങ്കിൽ 11 പേർ ഒപ്പിടണം. കോൺഗ്രസിലെ 16 കൗൺസിലർമാരിൽ ഒമ്പതു പേരും രജനിക്കൊപ്പമാണ്. അപ്പോൾ പിന്നെ നോട്ടീസ് നൽകാൻ ഘടക കക്ഷികളുടെ സഹായം തേടേണ്ടി വന്നു. രണ്ട് അംഗങ്ങളുള്ള മുസ്ലിം ലീഗ് തന്ത്രപൂർവം ഒഴിഞ്ഞു മാറി. എന്നാൽ, വൈസ് ചെയർമാൻ അടക്കം നാലു പേരുള്ള മാണിഗ്രൂപ്പ് അവിശ്വാസ നോട്ടീസിൽ ഒപ്പു വച്ചു. ഇതോടെ കോൺഗ്രസിന്റെ ഏഴു കൗൺസിലർമാർ അടക്കം 11 പേരുടെ പിന്തുണയായി. ഇനി തങ്ങൾ വിട്ടു നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ലീഗും നോട്ടീസിൽ ഒപ്പു വച്ചതോടെ രജനിയെ എതിർക്കുന്നവരുടെ അംഗസംഖ്യ 13 ആയി.

കോൺഗ്രസിലെ ഒരാൾ കൂടി രജനി പക്ഷം വിട്ട് ഇപ്പുറത്തേക്ക് വന്നതോടെ അംഗസംഖ്യ 14. ഇനി ഡിസിസിയുടെ വിപ്പ് കൂടി വരുന്നതോടെ കാര്യങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു രജനി വിരുദ്ധർ. എന്നാൽ എതിർക്കാൻ തന്നെയായിരുന്നു രജനിയുടെയും സംഘത്തിന്റെയും തീരുമാനം. പ്രതിപക്ഷം അവർക്ക് പിന്തുണ നൽകി. ഡിസിസിയുടെ വിപ്പ് രജനി പക്ഷത്തുള്ള കൗൺസിലർമാർ കൈപ്പറ്റാതെ വന്നതോടെ തിരുവല്ല നഗരസഭയിൽ നടന്നതു പോലെ അട്ടിമറി ഇവിടെയുമുണ്ടാകുമെന്ന് ഡിസിസി ഭയന്നു. തുടർന്നാണ് പിജെ കുര്യന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നത്. പ്രതിപക്ഷത്തിന്റെ എട്ടും തനിക്കൊപ്പമുള്ള ഏഴും ചേർന്നാൽ 15 പേരുടെ പിന്തുണയായി. മറുപക്ഷത്ത് അപ്പോഴും 15 പേരെയുള്ളു. എസ്ഡിപിഐ കൗൺസിലറുടെ പിന്തുണ കൂടി വന്നതോടെ അത് 16 ആയി. അവിശ്വാസം വിജയിപ്പിക്കാൻ വേണ്ടത് 17. ആ ഒരാൾക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഇന്നലെ രജനി വിരുദ്ധ പക്ഷം.

രാത്രി 12 മണിയോടെ അവർ ലക്ഷ്യം നേടി. 18 പേരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇതിനിടെ ഐ ഗ്രൂപ്പിലെ മൂന്നു കൗൺസിലർമാരെ തനിക്കൊപ്പം കൊണ്ടുവരാൻ രജനി നീക്കം നടത്തി. വിട്ടു നിൽക്കാൻ ഐ ഗ്രൂപ്പ് കൗൺസിലർമാരായ കെ ജാസിംകുട്ടി, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ് എന്നിവരോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അവർ അറിയിച്ചതോടെ ചെയർപേഴ്സന്റെ രാജി അനിവാര്യമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP