Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എലിപ്പനി അതിന്റെ സർവശേഷിയേടും കൂടി ആഞ്ഞടിക്കുന്നത് ഈ വർഷം; പ്രധാനരോഗകാരണം വെള്ളക്കെട്ട് തന്നെ; രോഗം പിടികൂടിയതിൽ ഭൂരിപക്ഷവും കൈയും മെയ്യും മറന്ന് സഹജീവികളെ രക്ഷിക്കാൻ പ്രളയത്തിലേക്ക് ഇറങ്ങിയവർ; രണ്ടുദിവസത്തിനകം 20 പേര് മരിച്ചതോടെ പ്രളയം മാലിന്യങ്ങൾ കഴുകി കളഞ്ഞിട്ടും പോവാതെ മരണം: വെള്ളത്തിൽ ഇറങ്ങിയവരും ഇറങ്ങാനുള്ളവരും പ്രതിരോധ കുത്തിവയ്‌പ്പെടുക്ക

എലിപ്പനി അതിന്റെ സർവശേഷിയേടും കൂടി ആഞ്ഞടിക്കുന്നത് ഈ വർഷം; പ്രധാനരോഗകാരണം വെള്ളക്കെട്ട് തന്നെ; രോഗം പിടികൂടിയതിൽ ഭൂരിപക്ഷവും കൈയും മെയ്യും മറന്ന് സഹജീവികളെ രക്ഷിക്കാൻ പ്രളയത്തിലേക്ക് ഇറങ്ങിയവർ; രണ്ടുദിവസത്തിനകം 20 പേര് മരിച്ചതോടെ പ്രളയം മാലിന്യങ്ങൾ കഴുകി കളഞ്ഞിട്ടും പോവാതെ മരണം: വെള്ളത്തിൽ ഇറങ്ങിയവരും ഇറങ്ങാനുള്ളവരും പ്രതിരോധ കുത്തിവയ്‌പ്പെടുക്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുകയാണ്. പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്, തൃശൂർ , പാലക്കാട്, മലപ്പുറം , കോഴിക്കോട് , കണ്ണൂര് ജില്ലകളിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. മഴക്കാലത്ത് കേരളത്തിൽ വിവിധയിനം പനികൾ സാധാരണമാണെങ്കിലും നിപ്പ വൈറസ് ബാധയോടെ ഒഴിഞ്ഞുവെന്ന് കരുതിയ പകർച്ചവ്യാധികൾ വീണ്ടും പിടിമുറുക്കുകയാണ്.

വിവിധ ജില്ലകളിലായി ശനിയാഴ്ച 40 പേർക്കുകൂടി എലിപ്പനി പിടിപെട്ടുവെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതിജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. സംസ്ഥാനത്ത് രണ്ടുദിവസങ്ങളിലായി എലിപ്പനിബാധിച്ച് എട്ടുപേർകൂടി മരിച്ചു. പ്രളയശേഷം ഓഗസ്റ്റ് 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 35 ആയി. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 105 പേരാണ്. ശനിയാഴ്ചമാത്രം 92 പേർ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലാണ്. എലിപ്പനി ബാധിച്ച് പത്തനംതിട്ടയിൽ നാലുപേരും കോട്ടയത്ത് മൂന്നുപേരും ആലപ്പുഴയിൽ രണ്ടുപേരും തൃശ്ശൂരിൽ രണ്ടുപേരും പാലക്കാട്ട് ഒരാളും കോഴിക്കോട്ട് 26 പേരും കാസർകോട്ട് രണ്ടുപേരും ചികിത്സതേടി. ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരും വിവിധ ആശുപത്രികളിൽ ചകിത്സതേടി.

പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സന്നദ്ധപ്രവർത്തകരെയാണ്് എലിപ്പനി അധികമായി പിടികൂടുന്നത്. പ്രളയജലത്തിലൂടെ ഒഴുകി വന്ന മാലിന്യങ്ങളാണ് രോഗവാഹകർ. എലിപ്പനി പടരുന്ന സാഹചര്യത്തിൽ, ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോൾ പുറത്തിറക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. എലിപ്പനി നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യാന്തര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിൾ ശേഖരണം എന്നിവയിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾക്കൊള്ളിച്ചതാണ് പ്രോട്ടോകോൾ. ഈ പ്രോട്ടോകോൾ എല്ലാ ആരോഗ്യ പ്രവർത്തകരും കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗം മൂർഛിച്ചവർക്ക് പലർക്കും പെൻസിലിൻ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെൻസിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുൻകരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെൻസിലിൻ ചികിത്സയെപ്പറ്റി കൃത്യമായ മാർഗനിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

സന്നദ്ധ പ്രവർത്തകർക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർ തുടങ്ങുന്നതാണ്. ഈ കൗണ്ടർ വഴി പ്രതിരോധ ഗുളികകൾ നൽകുമെന്നും മന്ത്രി അറിയിച്ചു. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരും സന്നദ്ധ പ്രവർത്തകരും വീട് വൃത്തിയാക്കാൻ പോയവരും നിർബന്ധമായും ആഴ്ചയിൽ ഒരിക്കൽ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. സാധാരണയായി 100 എം.ജി.യിലുള്ള ഡോക്സിസൈക്ലിനാണുള്ളത്. അതിനാൽ തന്നെ 100 എം.ജി.യിലുള്ള രണ്ട് ഗുളികകൾ ഒരുമിച്ച് കഴിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവർ ഈ ആഴ്ചയും കഴിക്കേണ്ടതാണ്.

പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ഡോക്ടർമാരെ കാണാൻ കഴിയാത്തവർ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്. പ്രതിരോധ മരുന്നുകൾ കഴിച്ചവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കയ്യുറയും കാലുറയും ഉൾപ്പെടെയുള്ള സ്വയം പരിരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും രോഗബാധിതരെ ഗുരുതരാവസ്ഥയിലെത്തിക്കും.എല്ലാ ക്യാമ്പുകളിലും രക്ഷാ പ്രവർത്തകർക്കും പ്രതിരോധ ഗുളികകൾ ആരോഗ്യ വകുപ്പ് വ്യാപകമായി നൽകിയിരുന്നു. എന്നാൽ പലരും കഴിക്കാൻ വിമുഖത കാട്ടിയിരുന്നതായി പിന്നീടുള്ള നിരീക്ഷണത്തിൽ ആരോഗ്യ വകുപ്പിന് ബോധ്യമായി. ഇവർ എത്രയും വേഗം ആഹാരത്തിന് ശേഷം ഗുളിക കഴിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്താണ് എലിപ്പനി?

ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്ജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

രോഗ ലക്ഷണങ്ങൾ

പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ) തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.

ആരംഭത്തിൽ ചികിത്സ തേടാതിരുന്നാൽ?

ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.

ജാഗ്രത നിർദ്ദേശങ്ങൾ

1. മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരും ഡോക്‌സിസൈക്ലിൻ എന്ന പ്രതിരോധ ഗുളിക കഴിക്കണം. ആഴ്ചയിൽ ഒരു ദിവസം നൂറുമില്ലീഗ്രാമിന്റെ രണ്ടുഗുളികൾവീതം ആഹാരത്തിനുശേഷമാണ് കഴിക്കേണ്ടത്.

2. മലിനജലത്തിൽ ഇറങ്ങുന്നവർ കട്ടിയുള്ള കൈയുറകളും കാലുറകളും ധരിക്കണം. ശുചീകരണപ്രവർത്തനങ്ങൾക്കുശേഷം സോപ്പും ശുദ്ധജലവുമുപയോഗിച്ച് കഴുകണം.

3. മുറിവുണ്ടെങ്കിൽ ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടണം.

4. മലിനജലം ഉപയോഗിച്ച് കൈകാലുകളോ മുഖമോ കഴുകുകയോ മലിനജലം വായിൽ ഒഴിക്കുകയോ ചെയ്യരുത്.

5. പനിബാധിച്ചാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

6. രോഗാരംഭത്തിൽ ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP