Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; ഇവിടെ അടിച്ചും ശിക്ഷിച്ചുമൊക്കെയേ പഠിപ്പിക്കുകയുള്ളൂ; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിയെയും പിതാവിനെയും അപമാനിച്ചിറക്കി വിട്ട് സ്വകാര്യ കോളേജ് പ്രിൻസിപ്പൽ; കരുനാഗപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജ് പ്രിൻസിപ്പലിനെതിരെ ജില്ലാ കളക്ടർക്ക് പിതാവിന്റെ പരാതി; ആരോപണങ്ങൾ തള്ളി പ്രിൻസിപ്പൽ

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; ഇവിടെ അടിച്ചും ശിക്ഷിച്ചുമൊക്കെയേ പഠിപ്പിക്കുകയുള്ളൂ; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിയെയും പിതാവിനെയും അപമാനിച്ചിറക്കി വിട്ട് സ്വകാര്യ കോളേജ് പ്രിൻസിപ്പൽ; കരുനാഗപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജ് പ്രിൻസിപ്പലിനെതിരെ ജില്ലാ കളക്ടർക്ക് പിതാവിന്റെ പരാതി; ആരോപണങ്ങൾ തള്ളി പ്രിൻസിപ്പൽ

ആർ പീയൂഷ്

കൊല്ലം: അഡ്‌മിഷൻ എടുക്കാനെത്തിയ ശാരീരിക ക്ഷമത കുറഞ്ഞ വിദ്യാർത്ഥിയെയും പിതാവിനെയും കോളേജ് പ്രിൻസിപ്പാൾ അപമാനിച്ചിറക്കി വിട്ടതായി പരാതി. കരുനാഗപ്പള്ളി മണപ്പള്ളി വടക്ക് മിഥിലാപുരിയിൽ പ്രസന്നനെയും മകൻ വിശ്വജിത്തിനെയുമാണ് കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജിൽ നിന്നും അപമാനിച്ചിറക്കിയത്. വിശ്വജിത്ത് ഹീമോഫീലിയ രോഗമുള്ള കുട്ടിയാണ്. പ്ലസ്ടു കഴിഞ്ഞ ശേഷം സർവ്വേയർ കോഴ്സിന് പഠിക്കുകയായിരുന്നു. ഈ കോഴ്സ് പൂർത്തിയാക്കിയ ശേഷം ഡിഗ്രി കോഴ്സ് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കരുനാഗപ്പള്ളിയിലെ എസ്.എൻ കോളേജിൽ എത്തിയത്.

ഇതിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പാൾ മോനി യുമായി പിതാവും വിശ്വജിത്തും സംസാരിച്ചു. തന്റെ മകന് ഹീമോ ഫീലിയ രോഗം ആണെന്നും അതിനാൽ ശാരീരിക ക്ഷമത കുറവാണ് എന്നും ദേഹോപദ്രവം ഏൽപ്പിക്കരുതെന്നും പ്രസന്നൻ പറഞ്ഞു. ഇത് കേട്ട പ്രിൻസിപ്പാൾ ഇത്തരം രോഗമുള്ളവരെ ഇവിടെ പഠിപ്പിക്കാൻ സാധ്യമല്ലെന്നും ഞങ്ങൾ അടിച്ചും ശിക്ഷിച്ചുമൊക്കെയാണ് പഠിപ്പിക്കുന്നതെന്നും വേറെ എവിടെയെങ്കിലും പോകൂ എന്നും പറയുകയായിരുന്നു. പ്രിൻസിപ്പാളിന്റെ ഈ പ്രതികരണം വിശ്വജിത്തിനെയും പിതാവ് പ്രസന്നനെയും മാനസികമായി തളർത്തി. രോഗാതുരനായ വിശ്വജിത്ത് പുറത്തിറങ്ങി പൊട്ടിക്കരഞ്ഞു.

ഏറെ പ്രതീക്ഷയോടെ തന്റെ ശാരീരിക അസ്വസ്ഥതകളൊന്നും വകവയ്ക്കാതെ ഉന്നത പഠനത്തിനായി എത്തിയപ്പോൾ അവിടുത്തെ അദ്ധ്യാപകനിൽ നിന്നും ഏൽക്കേണ്ടി വന്ന മാനസിക പീഡനം കുട്ടിയെ ഏറെ തളർത്തി. ഒരു അദ്ധ്യാപകന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള മറുപടി കിട്ടിയതിൽ ഞെട്ടിയിരിക്കുകയാണ് പ്രസന്നനും. തന്നെയും മകനെയും അപമാനിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിസബലിറ്റി കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് പ്രസന്നൻ.

ജീനുകൾ വഴി ലഭിക്കുന്ന അപൂർവ പാരമ്പര്യ രോഗമാണ് ഹീമോഫീലിയ. ഇത്തരക്കാരുടെ ശരീരത്തിലെ രക്തത്തിന് കട്ടപിടിക്കാൻ കഴിവ് ഉണ്ടാകില്ല. ഇതുമൂലം അപകടമോ മറ്റോ ഉണ്ടായി ശരീരത്തിന് മുറിവേറ്റാൽ രക്തസ്രാവം നിലക്കില്ല. ശരീരത്തിന് പുറത്തെ പോലെ ആന്തരിക രക്തസ്രാവവും ഉണ്ടാകും. കാൽമുട്ട്, കണങ്കാൽ, കൈമുട്ട് എന്നിവയിലാണ് രക്തസ്രാവ സാധ്യത കൂടുതലും. ഇതുവഴി രോഗിയുടെ ആന്തരികാവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനം തകരാറിലാക്കും. 

ഹീമോഫീലിയ ബാധിതരായി ജനിക്കുന്നവരിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഒരു തരം പ്രോട്ടീന്റെ അളവ് ഒട്ടുമുണ്ടാകാതിരിക്കുകയോ കുറഞ്ഞ അളവിൽ മാത്രമോ ആണ് ഉണ്ടാവുക. ഇങ്ങനെയുള്ള വിവിധ തരം ക്‌ളോട്ടിങ് ഫാക്ടറുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌സുമായി ചേർന്ന് പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുക. രക്തം കട്ടപിടിക്കാനുള്ള വസ്തുവിന്റെ അഭാവം കണക്കിലെടുത്ത് എ,ബി എന്നിങ്ങനെ രണ്ടുതരം ഹീമോഫീലിയ ബാധിതരാണ് ഉള്ളത്. അപൂർവമായി ഹീമോഫീലിയ പിന്നീട് ബാധിക്കുന്നതും കണ്ടുവരുന്നുണ്ട്. രക്തത്തിലെ ക്ലോട്ടിങ് ഫാക്ടറുകൾ ആക്രമിക്കുന്ന ആന്റിബോഡീസ് (പ്രോട്ടീൻ) ശരീരത്തിൽ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വസ്തുക്കളെ മതിയായി ജോലിയെടുപ്പിക്കാൻ ആന്റീബോഡീസ് സഹായിക്കാത്തതാണ് പ്രശ്‌ന കാരണം.

രോഗം പലവിധം. ഓരോ മനുഷ്യന്റെയും ശരീരത്തിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന 12 ഘടകങ്ങളാണ് ഉള്ളത്. ഹീമോഫീലിയ രോഗികളിൽ 12 ഘടകത്തിൽ എട്ട്, ഒമ്പത് എന്നിവയിൽ ഒന്ന് ഇല്ലാതാവുകയോ കുറച്ചുമാത്രം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. രണ്ട് ഘടകങ്ങളും ഒരുമിച്ച് ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകാറില്ല. രോഗം ചിലരിൽ നിസാരമായിരിക്കും. മറ്റു ചിലരിൽ രോഗം മിതവും ചിലരിൽ തീവ്രതയുള്ളതുമായിരിക്കും. ഒമ്പതാമത്തെ ഘടകം മൂലമുള്ള രോഗമാണ് സാധാരണ കാണപ്പെടാറ്. ഇത് ഹീമോഫീലിയ ബി എന്നും അറിയപ്പെടാറുണ്ട്. ആണുങ്ങളിലാണ് രോഗം സാധാരണ കാണപ്പെടാറ്. സ്ത്രീകളിൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഓരോവർഷവും ജനിക്കുന്ന 5000 പേരിൽ ഒരാൾവീതം ഹീമോഫീലിയ ബാധിതരാണെന്നാണ് കണക്ക്. സാധാരണ രക്ത പരിശോധനയിലൂടെയാണ് ഹീമോഫീലിയ കണ്ടത്തെുന്നത്. ഈ രോഗം പരിപൂർണമായും സുഖപെടുത്താൻ കഴിയില്ല. എങ്കിലും ചിലപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ പ്രശ്‌നം നിയന്ത്രിക്കാനാകുമെങ്കിലും ചിലരിൽ ഇത് മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.

സാധാരണ ഉണ്ടാകുന്ന മുറിവുകൾ ഭയപ്പെടേണ്ടതില്ല. എന്നാൽ ആന്തരിക രക്ത പ്രവാഹം ഇത്തരക്കാരിൽ ഗൗരവപൂർവം കാണേണ്ട ഒന്നാണ്. സന്ധികളിലോ, പേശികളിലോ, ആന്തരികാവയവങ്ങളിലോ രക്തപ്രവാഹം ഉണ്ടായാൽ അടിയന്തിര ചികിൽസ തേടേണ്ടതാണ്. ഗുരുതരമായ ഹീമോഫീലിയ ബാധിതരിലാണ് രക്തപ്രവാഹം കൂടുതൽ ഉണ്ടാകാൻ സാധ്യത. ഒരു ചെറിയ മുറിവുപറ്റിയാൽ പോലും അതിലൂടെ രക്തം അനിയന്ത്രിതമായി ഒഴുകും. ഇത്തരം രോഗം ബാധിച്ചവർക്ക് സാധാരണക്കാരെപ്പോലെ ജോലിചെയ്യാനുള്ള ആരോഗ്യമില്ല. ഈ ഒരു അവസ്ഥയിലാണ് വിശ്വജിത്തും. പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ സർക്കാർ അനുമതിയോടെ സഹായിയെ വച്ചിരുന്നു. എവിടെയും മുൻഗണനയുണ്ടായിട്ടും സ്വകാര്യ കോളേജിൽ അഡ്‌മിഷൻ നിഷേധിച്ചത് വിശ്വജിത്തിനെ ഏറെ തളർത്തിയിരിക്കുകയാണ്. തങ്ങൾക്കുണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകാതിരിക്കനാണ് പരാതി നൽകുന്നതെന്ന് പിതാവ് പ്രസന്നൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേ സമയം മേൽ വിവരിച്ച കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്നുമാണ് പ്രിൻസിപ്പാൾ മോനി പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP