Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളപ്പിറവി ദിനത്തിൽ തലസ്ഥാനത്ത് ക്രിക്കറ്റ് കാഹളം മുഴങ്ങും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരങ്ങൾ ഉൾപ്പടെയുള്ളവുടെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ; കാര്യവട്ടം സ്‌പോർട്ട്‌സ് ഹബിൽ പിച്ചുകളുടെ നിർമ്മാണം പൂർണം; ടിക്കറ്റ് വിൽപന പ്രഫഷണൽ ഏജൻസികളെ ഏൽപ്പിക്കുമെന്നും സൂചന

കേരളപ്പിറവി ദിനത്തിൽ തലസ്ഥാനത്ത് ക്രിക്കറ്റ് കാഹളം മുഴങ്ങും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരങ്ങൾ ഉൾപ്പടെയുള്ളവുടെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ; കാര്യവട്ടം സ്‌പോർട്ട്‌സ് ഹബിൽ പിച്ചുകളുടെ നിർമ്മാണം പൂർണം; ടിക്കറ്റ് വിൽപന പ്രഫഷണൽ ഏജൻസികളെ ഏൽപ്പിക്കുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലയാളക്കരയിൽ വീണ്ടും ക്രിക്കറ്റ് കാഹളം മുഴങ്ങാൻ ഇനി അധിക നാളില്ല. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം വീണ്ടും മത്സര ലഹരിക്ക് സാക്ഷിയാകും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരം ഉൾപ്പടെയുള്ള വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മത്സരക്രമമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിൽ ഉൾപ്പെടുന്നത്. പരമ്പര ഒക്ടോബർ നാലിന് ആരംഭിച്ച് നവംബർ 11ന് അവസാനിക്കും. ഏകദിനത്തിലെ മൂന്നാം മത്സരമാണ് ഇവിടെ നടക്കുകയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പുതിയതായി വന്ന വിവരപ്രകാരം അഞ്ചാമത്തെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

ആദ്യം കൊച്ചിയിൽ മത്സരം നടത്താനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ ഇത് നീണ്ടു പോവുകയും ഏറെ നാളത്തെ അനിശ്വചിതത്വത്തിന് ശേഷം തിരുവനന്തപുരത്ത് വച്ച് തന്നെ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്ബോൾ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു.

സർക്കാരും തിരുവനന്തപുരത്തു മൽസരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.അതേസമയം, മൽസരത്തിനു തലസ്ഥാനത്ത് ഒരുക്കങ്ങൾ തുടങ്ങി. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പിച്ചുകളുടെ നിർമ്മാണം പൂർത്തിയായി. കോർപറേറ്റ് ബോക്‌സുകളുടെ നിർമ്മാണവും ഗാലറിയിലെ ഗേറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വിൽപനയ്ക്കു പ്രഫഷനൽ ഏജൻസികളുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.

തലയുയർത്തി സ്പോർട്സ് ഹബ്

കനത്ത മഴയിലും അരങ്ങേറ്റ മൽസരം ഗംഭീരമാക്കിയതിന്റെ അഭിമാനത്തിലാണ് സ്പോർട്സ് ഹബ് സ്റ്റേഡിയം രണ്ടാമത്തെ രാജ്യാന്തര മൽസരത്തിന് ഒരുങ്ങുന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കഴിഞ്ഞ വർഷം നവംബർ ഏഴിനാണു മൽസരം നടന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയിൽ മൽസരം നടക്കില്ലെന്ന ആശങ്കയിലായിരുന്നു ബിസിസിഐയും കായികപ്രേമികളും.

എന്നാൽ, മഴ മാറിനിന്ന് അരമണിക്കൂറിനകം സ്റ്റേഡിയം മൽസരത്തിനു സജ്ജമാക്കിയാണ് സ്പോർട്സ് ഹബ് സ്റ്റേഡിയം രാജ്യാന്തര കായികമേഖലയിൽ ശ്രദ്ധ നേടിയത്.എട്ടു വീതം ഓവറുകളാക്കി ചുരുക്കിയ മൽസരത്തിൽ ഇന്ത്യ ആറു റൺസിനു ന്യൂസിലൻഡിനെ തോൽപിക്കുകയും ചെയ്തു.


മൽസരക്രമം

ടെസ്റ്റ്

1-ാം ക്രിക്കറ്റ് ടെസ്റ്റ് - രാജ്‌കോട്ട് (ഒക്ടോബർ 4-8),രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് - ഹൈദരാബാദ് (ഒക്ടോബർ 12-16)

ഏകദിനം

ഒന്നാം ഏകദിനം - ഗുവാഹത്തി (ഒക്ടോബർ 21),രണ്ടാം ഏകദിനം - ഇൻഡോർ (ഒക്ടോബർ 24),മൂന്നാം ഏകദിനം - പുണെ (ഒക്ടോബർ 27)
നാലാം ഏകദിനം - മുംബൈ (ഒക്ടോബർ 29),അഞ്ചാം ഏകദിനം - തിരുവനന്തപുരം (നവംബർ ഒന്ന്)

ട്വന്റി20

ഒന്നാം ട്വന്റി20 - കൊൽക്കത്ത (നവംബർ നാല്),രണ്ടാം ട്വന്റി20- ലക്‌നൗ (നവംബർ ആറ്),മൂന്നാം ട്വന്റി20 - ചെന്നൈ (നവംബർ 11)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP