Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹ മാധ്യമങ്ങളിൽ ആഷിഖ് അബു ഇട്ട 'വൈറസ്' ഇപ്പോൾ പടർന്നു പിടിക്കുന്നു! ; നിപ്പയെ ആസ്പദമാക്കി ഒരുക്കുന്ന വൈറസിൽ അണിനിരക്കുന്നത് വൻ താര നിര; ലിനിയുടെ റോളിൽ റിമ എത്തുമ്പോൾ ശൈലജയായി രേവതി; കോഴിക്കോടുണ്ടായ സംഭവത്തിന്റെ പരിച്ഛേദമാണ് സിനിമയെന്നും ആഷിഖ്

സമൂഹ മാധ്യമങ്ങളിൽ ആഷിഖ് അബു ഇട്ട 'വൈറസ്' ഇപ്പോൾ പടർന്നു പിടിക്കുന്നു! ; നിപ്പയെ ആസ്പദമാക്കി ഒരുക്കുന്ന വൈറസിൽ അണിനിരക്കുന്നത് വൻ താര നിര; ലിനിയുടെ റോളിൽ റിമ എത്തുമ്പോൾ ശൈലജയായി രേവതി; കോഴിക്കോടുണ്ടായ സംഭവത്തിന്റെ പരിച്ഛേദമാണ് സിനിമയെന്നും ആഷിഖ്

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പടർന്ന് പിടിക്കുന്നത് ആഷിഖ് അബു ഇട്ട വൈറസാണ്. സംഗതി കംപ്യൂട്ടർ വൈറസോ മറ്റ് രോഗം പടർത്തുന്ന വൈറസോ അല്ല. ആഷിക്കിന്റെ ഏറ്റവും പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്ററാണ് വൈറലായിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് വൈറസ്. നിപ്പ തന്നെയാണ് സിനിമയുടെ പ്രമേയമെന്നും നാലുമാസമായി മനസിലുള്ള കഥയുടെ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ആഷിഖ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

തന്റെ പുതിയ ചിത്രത്തെ പറ്റി അദ്ദേഹം ഏറെ ആവേശത്തോടെയാണ് പറയുന്നത്. ' കേരളത്തിന് ഏറ്റവുമധികം അഭിനമാനിക്കാവുന്ന ഒരു സംഗതിയാണ് നിപ്പ പ്രതിരോധം. എല്ലാവരും പരസ്പര സഹകരണത്തോടെയും സ്‌നേഹത്തോടെയും നില കൊണ്ടതു കൊണ്ടാണ് ഈ വൈറസിനെ പിടിച്ചു നിർത്താൻ സാധിച്ചത്. ബംഗ്ലാദേശിലൊക്കെ രോഗം തിരിച്ചറിയാൻ തന്നെ ഏറെ വൈകി. ഒരുപാടു പേർ മരിച്ചു. ശരിക്കും ഒരു ത്രില്ലറാണ് ഇവിടെ സംഭവിച്ചത്. ഒരു ജനതയുടെ വിജയമാണ് ഇത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ മൂന്നു പേരും ഇപ്പോൾ കോഴിക്കോട്ടുണ്ട്. നിപ്പയെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളാണ് തിരക്കഥയിൽ ഉൾപ്പെടുത്തുന്നത്. തിരക്കഥാകൃത്തുക്കളിൽ ഒരാളായ മുഹ്‌സിന്റെ അടുത്ത ബന്ധു ഇതിൽ നേരിട്ട് ഇടപെട്ടിട്ടുള്ള ഒരു മെഡിക്കൽ പിജി വിദ്യാർത്ഥിയാണ്. അതുപോലുള്ള ഒരുപാട് ആളുകളുടെ അനുഭവമാണ് ഈ സിനിമ. ഒരുപാട് ആളുകൾ, അവരുടെ കഥകൾ, സ്‌നേഹം, സഹകരണം, അതിജീവനം.. അതെല്ലാമാണ് വൈറസ്'.

കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം പറയുന്നു. രോഗികളും ആശുപത്രി ജീവനക്കാരും പൊതു ജനങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. കോഴിക്കോട് നടന്നത് ഒരു മാസ് മൂവ്‌മെന്റായിരുന്നു.സിനിമയിൽ റൊമാൻസും ത്രില്ലും വൈകരികയതും ഉണ്ടെന്നും പൊതു ജീവിതത്തിന്റെ പരിച്ഛേദമാണ് സിനിമയെന്നും ആഷിഖ് പറയുന്നു. റിമ കല്ലിങ്കലാണ് ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ വേഷം ചെയ്യുന്നത് നടി രേവതിയാണ്. ബാക്കി കഥാപാത്രങ്ങൾ ആരാണ് ചെയ്യുന്നത് എന്നതിൽ തീരുമാനമായിട്ടില്ല. ഈ വർഷം ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കുമെന്നും അടുത്ത വർഷം വിഷുവിന് ചിത്രം റിലീസ് ചെയ്യുമെന്നുമാണ് സൂചന.

ജയരാജ് കണ്ടത് ആഷിഖ് കൊണ്ടു പോയി ?

നിപ്പ വൈറസ് ബാധ ആദ്യം സിനിമയാക്കാൻ തീരുമാനിച്ചിരുന്നത് സംവിധായകൻ ജയരാജാണ്. അദ്ദേഹത്തിന്റെ നവരസ സിനിമാ സീരിസിൽ ഉൾപ്പെടുത്തി ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം തീരുമാനം. കോഴിക്കോട് പ്രസ് ക്ലബിൽ വച്ച് അദ്ദേഹം ഇത് പറയുകയും ചെയ്തിരുന്നു. നിപ വിഷയത്തെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ച് വരുന്നതിനിടെയാണ് ആഷിഖ് വൈറസിന്റെ പോസ്റ്റർ പുറത്ത് വിട്ടതെന്നും സൂചനകൾ വന്നിരുന്നു.

നിപാ വൈറസ് കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജന്റെ ഫോട്ടോയാണ് സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ചിട്ടുള്ളത്. മെഡിക്കൽ കോളെജിലെ നിപാ നിരീക്ഷണ വാർഡിൽ നിന്ന് രോഗികളുടെ വസ്ത്രവും മറ്റ് അവശിഷ്ടങ്ങളും സംസ്‌ക്കരിക്കാനായി കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമായിരുന്നു അത്. അതിൽ നിന്ന് തന്നെ നിപാ വൈറസ് തന്നെയാണ് ആഷിഖ് അബുവിന്റെ ചിത്രത്തിന്റെ പ്രമേയം എന്ന് വ്യക്തമാണ്. മുഹസിൻ പരാരിയും സുഹാസും ഷറഫുവും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.

രാജീവ് രവിയാണ് ഛായാഗ്രഹണം. ആസിഫ് അലിയും ടൊവിനോ തോമസും, കാളിദാസും രേവതിയും പാർവ്വതി തിരുവോത്തും റിമാ കല്ലിങ്കലും രമ്യാ നമ്പീശനുമെല്ലാം ചിത്രത്തിൽ അഭിനയിക്കുന്നു. തന്റെ ചിത്രം ജയരാജ് പ്രഖ്യാപിച്ച ശേഷം അപ്രതീക്ഷിതമായി ആഷിഖ് അബു ഇത്തരമൊരു പ്രമേയവുമായി എത്തിയത് സിനിമാ ലോകത്തെയും പ്രേക്ഷകരെയും ആശ്ചര്യപ്പെടുത്തുകയാണ്. ഇതേ സമയം തന്റെ സിനിമയുമായി ജയരാജ് ഇനി മുമ്പോട്ട് പോകുമോ എന്നാണ് പ്രേക്ഷകരുടെ സംശയം. ഇക്കാര്യത്തിൽ ജയരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP