Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്.ബി അലുംമ്നി ഫാ. ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി

എസ്.ബി അലുംമ്നി ഫാ. ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയിട്ടുള്ള എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി.

സെപ്റ്റംബർ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മോർട്ടൻഗ്രോവിലുള്ള ബിജി കൊല്ലാപുരത്തിന്റെ വസതിയിലാണ് സംഗമം നടന്നത്.

അലുംമ്നി അംഗങ്ങൾ കുടുംബ സമേതം ടോമിയച്ചന് ഹൃദ്യമായ സ്നേഹാദരവുകളോടെ സ്വീകരണം നൽകി. തദവസരത്തിൽ അലുംമ്നി അംഗങ്ങളായ ആന്റണി ഫ്രാൻസീസ് ആൻഡ് ഷീബാ ഫ്രാൻസീസ് ദമ്പതികളുടെ മൂത്ത മകനായ ഗുഡ്വിൻ ഫ്രാൻസീസ് വൈദീക പരിശീലനത്തിനായി സെമിനാരിയിൽ ചേർന്ന ദൈവദത്തവും അനുഗ്രഹപ്രദവുമായ തീരുമാനത്തെ പ്രസിഡന്റ് ഷാജി കൈലാത്ത് സംഘടനയുടെ പേരിൽ പ്രശംസിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു. ഗുഡ്വിൻ അതിനു നന്ദി പറഞ്ഞു. ബഹു. ടോമിയച്ചൻ തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് നിരവധി കാര്യങ്ങൾ അക്കമിട്ട് പറഞ്ഞു.

ഒന്ന്: പൂർവ്വ വിദ്യാർത്ഥികൾ കോളജിന്റെ അംബാസിഡർമാരാണ്. കോളജിന് സപ്പോർട്ട് ചെയ്യണം. സ്‌കോളർഷിപ്പുകൾ, കോളജിലെ പ്രതിഭാശാലികളായ ലൂമിനറീസിനെ ആദരിക്കൽ ചടങ്ങിന്റെ സ്പോൺസർഷിപ്പ്, പുതിയ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണ ചെലവിലേക്കുള്ള സ്പോൺസർഷിപ്പ് എന്നീ വിവിധങ്ങളായ സ്‌കീമുകൾ സപ്പോട്ട് ചെയ്യാനാഗ്രഹിക്കുന്നവർ മുന്നോട്ടുവരണമെന്നു സൂചിപ്പിച്ചു.

രണ്ട്: തന്റെ സേവന കാലയളവിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് കമ്മിറ്റി അംഗം എന്ന നിലയിൽ സർവ്വകലാശാലാ അധികൃതരുമായി സ്ഫടികം പോലെ തെളിമയാർന്ന അഭിപ്രായ പ്രടകനത്തിലൂടെ ഒരുപിടി നല്ല കാര്യങ്ങൾ കോളജിനുവേണ്ടി തനിക്ക് ചെയ്യുവാൻ സാധിച്ചുവെന്നു പറഞ്ഞു.

മൂന്ന്: നല്ല സൗഹൃദങ്ങൾക്കും മനുഷ്യത്വത്തിനും മൂല്യംകൽപ്പിക്കുന്ന ഇത്തരത്തിലുള്ള ഒത്തുചേരലുകൾ സജീവമായി കൂടെക്കൂടെ നടത്തുന്നത് ആരോഗ്യപ്രദവും സന്തോഷദായകവുമാണെന്നും പറയുകയുണ്ടായി.

നാല്: കലർപ്പില്ലാത്ത സ്നേഹബന്ധത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പരമപ്രധാനവും ശ്രേഷ്ഠവുമായിട്ടുള്ളത്. അല്ലാതെ നമ്മുടെ ശരാശരി ചിന്താധാരയിൽ വരുന്ന പണമോ, പ്രതാപമോ, അധികാരമോ, ജോലിയോ, സൗന്ദര്യമോ ഒന്നുമല്ല എന്നും ഉത്ബോധിപ്പിച്ചു.

ബഹുമാനപ്പെട്ട ടോമിയച്ചന്റെ സമസ്ത മേഖലകളെക്കുറിച്ചുള്ള അറിവും വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളും അതിൽ നിന്നും രൂപപ്പെടുത്തിയെടുത്തിട്ടുള്ള കാഴ്ചപ്പാടുകളുടെ പങ്കുവെയ്ക്കലും ഈ സൗഹൃദസംഗമത്തെ ഏറെ ഹൃദ്യവും അവിസ്മരണീയവുമാക്കി.

ബഹുമാനപ്പെട്ട ടോമിയച്ചൻ സഭയ്ക്കും സമൂഹത്തിനുംവേണ്ടി കാലം കരുതിവെച്ച ദൈവനിയോഗവും മുതൽക്കൂട്ടുമാണെന്നു യോഗം വിലയിരുത്തി.

പരിപാടികൾക്ക് നിറമേകിയ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിനു ആതിഥേയത്വം വഹിച്ച ബിജി കൊല്ലാപുരത്തിനും കുടുംബത്തിനും സംഘടന നന്ദി പറഞ്ഞു. ഓണസദ്യ ഹൃദ്യമായി. ഭാരവാഹികളും സംഘടനാംഗങ്ങളും ഒത്തുചേർന്നു പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. രാത്രി പത്തുമണിക്ക് യോഗം പര്യവസാനിച്ചു. സെക്രട്ടറി ഷീബാ ഫ്രാൻസീസ് നന്ദി പറഞ്ഞു. ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP