Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഗീതം ഉപേക്ഷിക്കണമെന്ന് ശഠിച്ചപ്പോൾ കല്ല്യാണമേ വേണ്ടെന്ന് വയ്ക്കാനുള്ള വൈക്കം വിജയലക്ഷ്മിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു; അന്ധയായ ചലച്ചിത്ര പിന്നണി ഗായികയ്ക്ക് ജീവിതം നൽകി സംഗീത പ്രേമിയായ മിമിക്രി ആർട്ടിസ്റ്റ് അനൂപ്; സംഗീതജ്ഞയും പിന്നണി ഗായികയുമായ വിജയലക്ഷ്മിയുടെ മിന്നുകെട്ട് ഒക്ടോബർ 22ന്

സംഗീതം ഉപേക്ഷിക്കണമെന്ന് ശഠിച്ചപ്പോൾ കല്ല്യാണമേ വേണ്ടെന്ന് വയ്ക്കാനുള്ള വൈക്കം വിജയലക്ഷ്മിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു; അന്ധയായ ചലച്ചിത്ര പിന്നണി ഗായികയ്ക്ക് ജീവിതം നൽകി സംഗീത പ്രേമിയായ മിമിക്രി ആർട്ടിസ്റ്റ് അനൂപ്; സംഗീതജ്ഞയും പിന്നണി ഗായികയുമായ വിജയലക്ഷ്മിയുടെ മിന്നുകെട്ട് ഒക്ടോബർ 22ന്

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടെയും ലൈലാ കുമാരിയുടെയും മകൻ മിമിക്രി ആർട്ടിസ്റ്റ് എൻ.അനൂപാണ് വരൻ. 10-ന് രാവിലെ 10-നും 11-നും ഇടയ്ക്കുള്ള സമയത്ത് വിജയലക്ഷ്മിയുടെ വസതിയിൽ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് വിവാഹം.

ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടർ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീത വൈഭവത്തിൽ ആരാധകനായിരുന്ന അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവം വിജയലക്ഷ്മിയെ ആകർഷിച്ചു.ശാസ്ത്രീയ സംഗീതജ്ഞ, ഗായത്രിവീണ എന്നിവയിലെ മികവാണ് വിജയലക്ഷ്മിയെ മലയാളത്തിലെ പ്രിയ ഗായികയാക്കിയത്. ഉദയനാപുരം ഉഷാനിവാസിൽ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. 

നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച് വിവാഹത്തിൽ നിന്നും വൈക്കം വിജയലക്ഷമി പിന്മാറിയിരുന്നു. തൃശൂർ സ്വദേശി സന്തോഷുമായി കഴിഞ്ഞ വർഷം മാർച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, സന്തോഷിന്റെ സ്വഭാവത്തിലെ മാറ്റം കാരണം വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്നാണ് ഗായിക പറഞ്ഞത്. വാർത്താ സമ്മേളനത്തിലൂടെ വിജയലക്ഷ്മി തന്നെയാണ് വിവാഹ മുടങ്ങിയ വിവരം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഇത് മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. സന്തോഷിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റമാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞിരുന്നു.

വിവാഹശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ് പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടിൽ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടിൽ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്ന് വയ്ക്കാൻ കാരണം. അന്ന് പത്രത്തിൽ പരസ്യം നൽകിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ എന്നെ കണ്ടപ്പോൾ അന്ന് വിളിച്ച് വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ച് ആളാണ് സന്തോഷ് എന്ന് നേരത്തെ വൈക്കം വിജയലക്ഷ്മി പറഞ്ഞിരുന്നു. പിന്നീടാണ് മാട്രിമണി സൈറ്റിൽ വിവാഹ പരസ്യം നൽകിയത്. തുടർന്നാണ് വിവാഹം ഉറപ്പിച്ചത്. സന്തോഷിന് അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. സഹോദരി മാത്രമാണ് ഉള്ളത്. ആയുർവേദ ചികിത്സ മൂലം അടുത്തിടെ വിജലക്ഷ്മിക്ക് കാഴ്‌ച്ചശക്തി നേരിയ തോതിൽ തിരിച്ചു കിട്ടിയിരുന്നു. വിവാഹ വാർത്തയ്ക്ക് പിന്നാലെയാണ് ഈ വാർത്തയും എത്തിയത്. ഇതിനിടെയാണ് വിവാഹത്തിൽ നിന്നും പിന്മാറിയെന്ന വാർത്തയും പുറത്തുവന്നത്. ഇതോടെ തീർത്തും നിരാശയിലായിരുന്നു വിജയലക്ഷ്മിയുടെ ആരാധകർ. എങ്കിലും സ്ത്രീയെന്ന നിലയിലെ ധീരമായ നിലപാടിനെ ഏവരും അംഗീകരിച്ചു.

സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പ്രത്യക ജൂറി പുരസ്‌കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വർഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്. 1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ ''ഗായത്രി വീണ'' എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP