Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിള്ളൽ വീണ കോഴഞ്ചേരി പാലം അടയ്‌ക്കേണ്ടി വന്നാൽ അവതാളത്തിലാകുന്നത് പത്തനംതിട്ടയിലെ പ്രധാന ഗതാഗത മാർഗം; സമാനമായ പ്രശ്‌നം നിരവധി പാലങ്ങൾക്കുണ്ടാകുമെന്ന് ആശങ്കപ്പെട്ട് പൊതു മരാമത്ത് വകുപ്പ് ; ഏനാത്ത്-റാന്നി പാലം അടക്കമുള്ളവയുടെ സുരക്ഷാ പരിശോധന വീണ്ടും വരും; പ്രധാന പാലങ്ങൾ എല്ലാം അടയ്‌ക്കേണ്ടി വന്നാൽ കേരളത്തിലെ യാത്രകൾ എല്ലാം താറുമാറാകും

വിള്ളൽ വീണ കോഴഞ്ചേരി പാലം അടയ്‌ക്കേണ്ടി വന്നാൽ അവതാളത്തിലാകുന്നത് പത്തനംതിട്ടയിലെ പ്രധാന ഗതാഗത മാർഗം; സമാനമായ പ്രശ്‌നം നിരവധി പാലങ്ങൾക്കുണ്ടാകുമെന്ന് ആശങ്കപ്പെട്ട് പൊതു മരാമത്ത് വകുപ്പ് ; ഏനാത്ത്-റാന്നി പാലം അടക്കമുള്ളവയുടെ സുരക്ഷാ പരിശോധന വീണ്ടും വരും; പ്രധാന പാലങ്ങൾ എല്ലാം അടയ്‌ക്കേണ്ടി വന്നാൽ കേരളത്തിലെ യാത്രകൾ എല്ലാം താറുമാറാകും

മറുനാടൻ ഡെസ്‌ക്‌

കോഴഞ്ചേരി : പ്രളയക്കെടുതിക്ക് ശേഷം വൻ നാശത്തിന്റെ വാർത്തകളാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ നാലു പാടും നിന്നും കേൾക്കുന്നത്. സംസ്ഥാനത്തെ ചിലയിടങ്ങളിലെ പാലങ്ങളിൽ വിള്ളൽ വീണത് ഏറെ ഭീതിയുണർത്തുന്ന ഒന്നകൂടിയാണ്. കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി പാലത്തിന്റെ തൂണുകളിൽ ഒന്നിന് നേരിയ തോതിൽ വിള്ളൽ വീണത് ശ്രദ്ധയിൽപെട്ടത്. മാരാമണ്ണിനു സമീപമുള്ള ഭാഗത്തെ തൂണിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. വിള്ളൽ അപകടകരമാണോ എന്നും പാലത്തിന് ബലക്ഷയമുണ്ടോ എന്നും പൊതു മരാമത്ത് (പാലം വിഭാഗം) ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തും.

പുഴയിലുള്ള കോൺക്രീറ്റ് അസ്ഥിവാരവുമായി പാലത്തിന്റെ തൂണിനെ ബന്ധിപ്പിക്കുന്ന ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ബുധനാഴ്‌ച്ച രാവിലെയാണ് പ്രദേശവാസികൾ തൂണിലെ വിള്ളിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ പൊതു മരാമത്ത് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ വലിയ തടികൾ ഒഴുകിയെത്തി പാലത്തിൽ തട്ടിയതാവാം വിള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്തെ ബലപ്പെടുത്തിയിരുന്ന സിമന്റ് കാലപ്പഴക്കം കാരണം മുൻപ് ഇളകിപ്പോയിരുന്നു.

ഏനാത്ത് പാലത്തിനും ഇതേ അവസ്ഥയാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ വിള്ളൽ കണ്ടെത്തിയ തൂണിന്റെ മറുവശത്ത് മുളങ്കൂട്ടങ്ങൾ വന്ന് തടഞ്ഞു നിൽക്കുന്നതിനാൽ അവിടെ പരിശോധന നടത്താനായില്ല. ഇന്നത്തെ പരിശോധനയ്ക്കു ശേഷം അറ്റകുറ്റപ്പണി നടത്തുമെന്നും ആവശ്യമെങ്കിൽ ഗതാഗത നിരോധനം വേണ്ടിവരുമെന്നും എംഎൽഎ പറഞ്ഞു. 70 വർഷത്തെ പഴക്കമാണ് പാലത്തിനുള്ളത്. 1948 മെയ്‌ 18ന് തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ ബാലരാമവർമയാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.

കേരളം കണ്ട എറ്റവും വലിയ പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും റോഡുകളിലും പാലങ്ങളിലും അപകടകരമായ രീതിയിൽ നാശങ്ങൾ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ വരെ ഭീതിയുണർത്തും വിധമാണ് പാലങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. പുഴകൾ കരകവിഞ്ഞൊഴുകിയപ്പോൾ ചെറു പാലങ്ങൾ മിക്കവയും ഒലിച്ചു പോയിരുന്നു. ഇതിന്റെ സ്ഥാനത്ത് താൽകാലികമായി ഒരു പാലം പോലും നിർമ്മിക്കാൻ സാധിച്ചിട്ടില്ല. ഇത് ഈ ഭാഗത്ത് താമസിക്കുന്ന ആളുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്.

വിള്ളൽ വീണ പാലങ്ങളുടെ ഭാഗത്ത് അധികൃതർ ഗതാഗത നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. എന്നാൽ കേരളത്തിലെ പ്രധാന പാലങ്ങൾ അടയ്‌ക്കേണ്ടി വന്നാൽ ഇത് ഗതാഗത സംവിധാനത്തെ തകരാറിലാക്കും. മികച്ച രീതിയിൽ പ്ലാൻ നടത്തിയാൽ മാത്രമേ ചുരുങ്ങിയ സമയം കൊണ്ട് പാലങ്ങലുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കാൻ സാധിക്കൂ. ഇത് സർക്കാർ എത്രയും വേഗം നടത്തണമെന്ന ആവശ്യം നാലു പാടു നിന്നും ഉയരുകയാണ്.

വയനാട്ടിൽ യാത്ര കുരുങ്ങും: വൈത്തിരിയിലും കമ്പളക്കാട്ടും പാലത്തിൽ വിള്ളൽ

വയനാട്ടിലുള്ള വൈത്തിരി-പടിഞ്ഞാറത്തറ റോഡിൽ പാറത്തോട് എട്ടാംമൈൽ വളവിലെ പാലത്തിനടിയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതു കാരണം പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് കൂടി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കമ്പളക്കാട്ടിനു സമീപം പറളിക്കുന്ന് -കല്ലം ചിറ പാലത്തിലും സ്ഥിതി മറിച്ചല്ല. ഈ ഭാഗത്തെ പാലത്തിന് മധ്യത്തിലായി വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 16നാണ് ഈ ഭാഗത്ത് വിള്ളൽ കണ്ടെത്തിയത്.

കല്ലംചിറ, ആവുവയൽ എന്നീ ആദിവാസി കോളനികളും ഈ പാലത്തിന് സമീപമാണ്. വിള്ളൽവീണത് നിർമ്മാണത്തിലെ  അപാകതയാണെന്നും ആരോപണം ഉയർന്നിരുന്നു. തുടർച്ചയായ മഴയിൽ കല്ലംചിറപുഴ നിറഞ്ഞൊഴുകിയിരുന്നു. ഇതാണ് ഈ ഭാഗത്ത് അപകടസാധ്യത വർധിപ്പിച്ചത്. പാലത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

50 വർഷം പഴക്കുമുള്ള പ്രായിക്കര പാലത്തിലും വിള്ളൽ ഭീഷണി

50 വർഷത്തിലധികം പഴക്കമുള്ള പ്രായിക്കര പാലത്തിന്റെ സമീപന പാത ഇടിഞ്ഞുതാഴുന്നതിനു പിന്നാലെ പാലത്തിൽ വിള്ളൽ. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ അച്ചൻകോവിലാറിനു കുറുകെയുള്ള പാലത്തിലാണു കോൺക്രീറ്റ് സ്പാനുകൾ കൂടിച്ചേരുന്ന ഭാഗത്തു വിള്ളൽ വർധിച്ചിരിക്കുന്നത്.പ്രായിക്കര പാലത്തിൽ അഞ്ചിടത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. സ്പാനുകളുടെ സംഗമ സ്ഥാനത്തു ടാറിങിലുണ്ടായിരുന്ന വിടവ് ഇപ്പോൾ കൂടുതൽ വർധിച്ചതാണു ആശങ്കയ്ക്കു ഇടയാക്കുന്നത്.

മാവേലിക്കര ഭാഗത്തെയും ചെറുകോൽ ഭാഗത്തെയും അപ്രോച്ച് റോഡുകളും താഴ്ന്ന നിലയിലാണ്. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയർന്ന സമയത്ത് പാലത്തിന്റെ തൂണിൽ വെള്ളം ശക്തമായി തള്ളിയതിനെ തുടർന്നായിരുന്നു വിള്ളൽ ഉണ്ടായതെന്നാണ് നിഗമനം. മാവേലിക്കര നഗരസഭയേയും ചെന്നിത്തല പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 1959 മെയ്‌ മൂന്നിനാണു ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

സമീപന പാത ഇടിഞ്ഞു താഴുന്നതും പാലത്തിൽ കാണപ്പെട്ട വിള്ളലും അടിയന്തിരമായി പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പാലത്തിന്റെ സുരക്ഷ പരിശോധിച്ചു ആശങ്ക ഒഴിവാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ മണൽ വാരൽമൂലം പാലത്തിന് ബലക്ഷയമുണ്ടെന്നും ആക്ഷേപമുണ്ട്. നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞിട്ടില്ല. 

ചാലക്കുടിക്കും രക്ഷയില്ല

കനത്ത മഴ കലി തുള്ളി നിന്ന സമയത്താണ് ചാലക്കുടി പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ചാലക്കുടി അന്നമനട പാലത്തിലാണ് പ്രളയജലം ശക്തമായി ഒഴുകിയതിനെ തുടർന്ന് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ചാലക്കുടി പാലം കുലുങ്ങി അകലുന്ന ദൃശ്യങ്ങൾ ഏതതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.

മഴ കനത്തിരുന്ന സമയത്ത് പല സ്ഥലങ്ങളിലും മരങ്ങൾ മറിഞ്ഞു വീണു വഴികൾ തടസപ്പെട്ടു. ഈ ഭാഗത്ത് കൂടി യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരിൽ നിന്നും കർശന നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP