Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദത്തു പുത്രിക്ക് വേണ്ടിയുള്ള കേരളത്തിന്റെ പ്രാർത്ഥന വെറുതെയായില്ല; ഹനാന്റെ ശരീരത്തെ തളർച്ച ബാധിച്ചിട്ടില്ല; പ്രതിരോധ ശേഷിക്കുറവുണ്ടെങ്കിലും കാറപകടത്തിൽ പരിക്കേറ്റ കൊച്ചു മിടുക്കി ആരോഗ്യം വീണ്ടെടുക്കുന്നു; ഐസിയുവിൽ നിന്ന് ഐസുലേഷൻ വാർഡിലേക്ക് മാറ്റി മെഡിക്കൽ ട്രസ്റ്റിൽ തുടർ ചികിൽസ; ഹനാന് എഴുന്നേറ്റ് നടക്കാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്ന് മറുനാടനോട് ആയുർഗ്രഹം ഡയറക്ടർ വിശ്വനാഥൻ

ദത്തു പുത്രിക്ക് വേണ്ടിയുള്ള കേരളത്തിന്റെ പ്രാർത്ഥന വെറുതെയായില്ല; ഹനാന്റെ ശരീരത്തെ തളർച്ച ബാധിച്ചിട്ടില്ല; പ്രതിരോധ ശേഷിക്കുറവുണ്ടെങ്കിലും കാറപകടത്തിൽ പരിക്കേറ്റ കൊച്ചു മിടുക്കി ആരോഗ്യം വീണ്ടെടുക്കുന്നു; ഐസിയുവിൽ നിന്ന് ഐസുലേഷൻ വാർഡിലേക്ക് മാറ്റി മെഡിക്കൽ ട്രസ്റ്റിൽ തുടർ ചികിൽസ; ഹനാന് എഴുന്നേറ്റ് നടക്കാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്ന് മറുനാടനോട് ആയുർഗ്രഹം ഡയറക്ടർ വിശ്വനാഥൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കേരളത്തിന്റെ പ്രാർത്ഥന വെറുതെയായില്ല. കാർ അപകടത്തിൽ പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന ഹാനാന്റെ ആരോഗ്യനില വേണ്ടത്ര പുരോഗതി കൈവരിച്ചു. ഇനി ആശങ്കപ്പെടാനുള്ള സാധ്യത ഒന്നും ഇല്ല. ഹനാന് പ്രതിരോധ ശേഷി കുറവായതാണ് കാരണം പൂർണ്ണമായും അപകടത്തെ അതിജീവിക്കാൻ കുറച്ച് സമയമെടുക്കും. പ്രതിരോധ ശേഷിക്കുറവായതിനാൽ ഹനാനെ അതീവ കരുതലോടെയാണ് ചികിൽസിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ സി യു വിൽ നിന്നും ഹനാനെ മാറ്റിയിട്ടുണ്ട്. ഐസുലേഷൻ വാർഡിലാണ് ഇപ്പോഴുള്ളത്.

നട്ടെല്ലിന്റെ പരിക്കേറ്റ ഭാഗത്ത് നടത്തിയ ഓപ്പറേഷൻ വിജയകരമായി എന്നാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. ശരീരത്തിന് തളർച്ച ബാധിച്ചിട്ടില്ല. അപകടമുണ്ടായി ആശുപത്രിയിൽ എത്തിച്ച അവസരത്തിൽ ഹനാന് കാല് പൊക്കാൻ കഴിയുമായിരുന്നില്ല. ഇതേത്തുടർന്നാണ് ഒരു വശം തളർന്നതായി ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. ഇത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നട്ടെല്ലിലെ ഒടിവ് ഭേദമായാൽ ഹനാന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകും.

അതിനിടെ എഴുന്നേറ്റ് നടക്കാൻ മാസങ്ങൾ തന്നേ വേണ്ടിവരുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് കോതമംഗലം തൃക്കാരിയൂർ ആയുർഗ്രഹം ഡയറക്ടർ വിശ്വനാഥൻ മറുനാടനോട് പങ്കുവച്ചത്. എറെ നാളായി നടുവേദനയ്ക്ക് ഹനാൻ ഇവിടുത്തെ ചികത്സയിലായിരുന്നു. മീൻ വിൽപ്പന വിവാദം ശക്തമായപ്പോൾ ഹനാൻ ആശ്വാസം തേടിയെത്തിയതും ആയുർഗ്രഹത്തിലായിരുന്നു. ചെവിക്ക് വേദനയുമായി ,ഏറെ അസ്വസ്ഥമായിട്ടായിരുന്നു ആദ്യനാളുകളിൽ ഹനാൻ ഇവിടെ കഴിഞ്ഞിരുന്നത്. ഇവിടെ ചികത്സയിൽ കഴിയവെയാണ് ശരീരത്ത് ബുൾഡോസർ കയറിയാലും അല്പം ജീവനുണ്ടെങ്കിൽ താൻ ഉയർത്തെഴുന്നേൽക്കുമെന്ന് ഹനാൻ ലോകത്തോട് വിളിച്ചുപറഞ്ഞത്.

ഏറെ മാനസീക അടുപ്പമുള്ള വിശ്വനാഥൻന്റെ കൈകളിൽ പിടിച്ച്,ഒപ്പമിരുത്തിയാണ് ഹനാൻ അന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. മരണടഞ്ഞ കലാഭവൻ മണിയാണ് ആയൂർഗ്രഹവുമായുള്ള തന്റെ ബന്ധത്തിന് കരാണമായെന്നും ഈയവസരത്തിൽ ഹനാൻ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ ഒരംഗമായി മാറിയെന്നും അവൾക്ക് ഇവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും വിശ്വനാഥനും വ്യക്തമാക്കിയിരുന്നു. ഹനാന്റെ ഇപ്പോഴത്തെ ദുഃസ്ഥിയിൽ ആയുർഗ്രഹത്തിലെ ജീവനക്കാരും ഏറെ ദുഃഖിതരാണ്. ഇവരിലേറെപ്പേർക്കും ഹനാനുമായി ഉണ്ടായിരുന്നത് മനസ്സിൽ തൊട്ട അടുപ്പമായിരുന്നു.

ശസ്ത്ക്രിയ വിജയകരമായതോടെ രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഹനാനെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അവളുടെ കാലുകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നും കാലുകളുടെ മരവിപ്പ് മാറി എണീറ്റ് നടക്കാൻ കഴിയുമെന്ന പ്രതീക്ഷയുമാണ് ഡോക്ടർമാർ പങ്കുവെയ്ക്കുന്നത്. വാർഡിലെത്തിയാൽ ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സയിലേക്ക് കടക്കും. കൊടുങ്ങല്ലൂരിന് അടുത്ത് വച്ചാണ് ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായത്. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാറിന്റെ മുൻ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനുമാണ് ക്ഷതമേറ്റത്.

പരിശോധനയിൽ ഹനാന്റെ നട്ടെല്ലിന് ഒടിവുള്ളതായി കണ്ടെത്തുകയും ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കുകയും ആയിരുന്നു. മെഡിക്കൽ ട്രസ്റ്റിലെ ന്യൂറോ സർജനായ ഡോ ഹാരൂണിന്റെ നേതൃത്വത്തിലാണ് ഹനാനെ ചികിൽസിക്കുന്നത്. കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ വാർത്ത മാതൃഭൂമി ദിനപ്പത്രമാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് ഏറെ വിവാദമുണ്ടായി. തട്ടമിട്ട് മീൻ വിറ്റ ഹനാനെ ചിലർ ലക്ഷ്യമിട്ടു. ഹനാൻ കള്ളിയാണെന്നും മീൻ വിൽപ്പന സിനിമയുടെ പരസ്യമാണെന്നും അപമാനിച്ചു. ഇതോടെ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങൾ സത്യം പുറത്തു കൊണ്ടു വന്നു. ഇതോടെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി സുമനസുകളെത്തി. പിന്നീട് സഹായമായി ലഭിച്ച തുക ഹനാൻ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പുതിയ വിവാദമെത്തി. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടന്ന സംഘ പരിവാർ ആക്രമണത്തിൽ പൊലീസിൽ ഇന്ന് പരാതി നൽകാനിരിക്കുകയായിരുന്നു ഹനാൻ.

ഫേസ്‌ബുക്കിൽ സജീവമല്ലാത്ത ഹനാന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഇതിൽ നിന്ന് മോദിക്കെതിരായ വിദ്വേഷ പോസ്റ്റുകൾ ചിലർ പ്രചരിപ്പിച്ചു. ഇത് ഹനാൻ ആണെന്ന് പറഞ്ഞ് കുട്ടിക്കെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി സംഘപരിവാർ, ബിജെപി പേജുകളിലൂടെ നടക്കുന്നത്. ഇത് തന്റെ പേജല്ലെന്ന് ഹനാൻ വ്യക്തമാക്കിയിരുന്നു. അപ്പോഴും വിമർശനം തുടർന്നു. ഈ പരാതി കൊടുക്കാനായി വരുമ്പോഴാണ് അപകടമുണ്ടായത്. എന്നാൽ ഇതിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്വാഭാവികമായുണ്ടായതാണ് അപകടമെന്നും ഗൂഢാലോചനയില്ലെന്നും പൊലീസ് പറയുന്നു. അപ്പോഴും അന്വേഷണം തുടരുകയാണ്.

കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂർ ഭാഗത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ ഇവരുടെ കാർ മരത്തിലിടിക്കുകയായിരുന്നു. ഉടൻ ഹനാനെ കൊടുങ്ങല്ലൂരെ ഒരുആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാൽ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. തമ്മനത്ത് സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

മീൻ വിറ്റും കച്ചവടങ്ങൾ നടത്തിയും ഈവന്റ് മാനേജ്‌മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അൽഅസർകോളജിലെ വിദ്യാർത്ഥിനിയാണ് ഹനാൻ. മൂന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ. അതിനിടെ ഹനാൻ ഹനാനി എന്ന പേജിൽ വന്ന പോസ്റ്റുകൾ പുതിയ വിവാദത്തിന് കാരണമായി. ഫേസ്‌ബുക്കിൽ ഹനാന്റെ പേരിൽ ഒട്ടേറെ വ്യാജപേജുകൾ ഇപ്പോഴും സജീവമാണ്. അത്തരത്തിലൊരു പേജിലാണ് നരേന്ദ്ര മോദി അപമാനിച്ച് ചില പോസ്റ്റുകൾ വന്നത്. 'നരേന്ദ്ര മോദിക്ക് എന്തുപണിയാണ് കൊടുക്കുക' എന്ന തരത്തിലാണ് ചില പോസ്റ്റുകൾ. എന്നാൽ തനിക്ക് ഇങ്ങനെയാെരു ഫേസ്‌ബുക്ക് പേജില്ലെന്നും തന്റെ പേരിൽ കുറേ വ്യാജ ഫേസ്‌ബുക്ക് പേജുകൾ സജീവമാണ്.

എന്നാൽ താൻ ഫേസ്‌ബുക്കിൽ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നൽകിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ലെന്നും ഹനാൻ വ്യക്തമാക്കിയിരുന്നു. സംഘപരിവാർ സ്വാധീനമുള്ള ഫേസ്‌ബുക്ക് പേജുകളിൽ വലിയ അപവാദ പ്രചാരണമാണ് ഹനാനെതിരെ നടക്കുന്നത്. 'ഈ വിഷവിത്തിനെയാണോ കേരളം സ്‌നേഹിച്ചത്' എന്ന അടിക്കുറിപ്പോടെ ചില പോസ്റ്റുകൾ വൻതോതിൽ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകുമെന്ന് ഹനാൻ പറഞ്ഞരിരുന്നു.സമൂഹമാധ്യമങ്ങളിൽ ഇതിന് മുൻപും ഒട്ടേറെ വ്യാജപ്രചാരണങ്ങൾക്ക് ഹനാൻ ഇരയായിട്ടുണ്ട്. എന്നാൽ പിന്നീട് സത്യം മനസിലാക്കി സർക്കാർ തന്നെ ഹനാനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP