Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു; മുളക് ഉടച്ച് ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും ആദ്യം ഭീഷണി; അവരൊക്കെ വലിയ ആളുകളല്ലെ..എന്തിനാ വെറുതെ പ്രശ്‌നങ്ങൾക്ക് നിൽക്കുന്നതെന്ന് അനുനയം; ഞങ്ങൾ പറയുന്നവർക്കെതിരെ പരാതി നൽകിയാൽ എത്ര പണം വേണമെങ്കിലും നൽകാം; വീടു കയറി ആക്രമിച്ച ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയോട് പൊലീസ് ഏമാന്മാരുടെ ഭീഷണി ഇങ്ങനെ

കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു; മുളക് ഉടച്ച് ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും ആദ്യം ഭീഷണി; അവരൊക്കെ വലിയ ആളുകളല്ലെ..എന്തിനാ വെറുതെ പ്രശ്‌നങ്ങൾക്ക് നിൽക്കുന്നതെന്ന് അനുനയം; ഞങ്ങൾ പറയുന്നവർക്കെതിരെ പരാതി നൽകിയാൽ എത്ര പണം വേണമെങ്കിലും നൽകാം; വീടു കയറി ആക്രമിച്ച ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയോട് പൊലീസ് ഏമാന്മാരുടെ ഭീഷണി ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു എന്ന പരാതി നൽകിയ സ്ത്രീയെ പൊലീസ് വിളിച്ചു വരുത്തി തല്ലിച്ചതച്ച് അവശയാക്കിയതായി പരാതി. കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32) യുടേതാണ് പരാതി. മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പ എസ്‌ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് ആക്ഷേപം. പൊലീസ് കംപ്ളെയിന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.

കഴക്കൂട്ടം കുളത്തൂരിലെ വാടക വീട്ടിൽ വച്ചാണ് സംഭവം. പ്രീതയും കുട്ടികളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ 31ന് വെളുപ്പിന് 5.45 ന് ഓട്ടോയിലെത്തിയ മൂന്നംഗസംഘമാണ് പ്രീതയെ ആക്രമിച്ചത്. ജോലിക്ക് പോകാനായി രാവിലെ ഉറക്കമുണർന്ന പ്രീത വീടിനു മുന്നിൽ മൂന്ന് പേർ നിൽക്കുന്നത് കണ്ടു. ആരാണ് എന്ന് ചോദിച്ചപ്പോൾ അത് ചോദിക്കാൻ നീയാരെടീ... എന്ന് ചോദിച്ച് അസഭ്യവും പറഞ്ഞ് വന്ന് മർദ്ദിച്ചു. മർദ്ദനത്തിനിടെ ഞാൻ സുബ്രഹ്മണ്യത്തിന്റെ അളിയൻ സുരേഷാണെന്നും അവൻ വരുമ്പോൾ ഞാൻ വന്നെന്നും പറയാൻ പറഞ്ഞു. മർദ്ദനമേറ്റ പ്രീത നിലവിളിച്ചതോടെ സംഘം ഓടി രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുടമ സുബ്രഹ്മണ്യം പ്രീതയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടറുടെ നിർദ്ദേശപ്രകാരം തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

വീട്ടുടമയായ സുബ്രഹ്മണ്യനും ബന്ധുക്കളും തമ്മിൽ സ്വത്തുതർക്കത്തിൽ കേസുണ്ട്. തുമ്പ പൊലീസ് ഇതിൽ കേസെടുത്തിട്ടുണ്ട്. ഇതിൽ പെട്ട പ്രതികളാണ് വാടകയ്ക്ക് നൽകിയ വീട്ടിൽ തന്നെ അന്വേഷിച്ചെത്തിയതെന്ന് മനസിലാക്കിയ വീട്ടുടമ, തുമ്പ സ്റ്റേഷനിലെത്തി. വാടകക്കാരിയെ സംഘം മർദ്ദിച്ച വിവരം അറിയിച്ചു. സ്ത്രീയെ മർദ്ദിച്ചെങ്കിൽ ഉടൻ പരാതിപ്പെടണമെന്ന് ക്രൈം എസ്‌ഐ കുമാരൻ പറഞ്ഞു. തുടർന്ന് യുവതി സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങി. ഞായറാഴ്ച രാത്രിയിൽ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ്, പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്താൻ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളിൽ ഒരാളെ യുവതി തിരിച്ചറിഞ്ഞു. എന്നാൽ, വീട്ടുടമ യുവതിയെ കൊണ്ട് പ്രതികളെ ബോധപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പൊലീസ് തട്ടിക്കയറുകയും, പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു.

പ്രതികളെ വിട്ടയച്ചിട്ടും പരാതിക്കാരിയായ യുവതിയെ പൊലീസ് പോകാൻ അനുവദിച്ചില്ല. രാത്രി 11.30 വരെ സ്റ്റേഷൻഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വീട്ടുടമയ്ക്കെതിരെ യുവതിയെ കൊണ്ട് നിർബന്ധപൂർവം മൊഴി രേഖപ്പെടുത്തി. 24 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെയോ മറ്റുള്ളവരെയോ വിവരം അറിയിച്ചതുമില്ല. യുവതിയുടെ ഫോൺ പൊലീസുകാർ വാങ്ങിവച്ചിരുന്നു.

രാത്രി 12.30ന് മകളെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ കാൻസർ രോഗിയായ അമ്മയോട്, മകളെ പറഞ്ഞുവിട്ടുവെന്ന് എസ്‌ഐ പ്രതാപചന്ദ്രൻ പറഞ്ഞു. മകളെ കാണാതെ ചൊവ്വാഴ്ച രാവിലെ വീണ്ടും സ്റ്റേഷനിലെത്തിയ അമ്മ, സ്റ്റേഷന്റെ ഒരു മൂലയിൽ കുറ്റവാളിയെപ്പോലെ നിറുത്തിയിരിക്കുന്ന മകളെയാണ് കണ്ടത്. ചൊവ്വാഴ്ച രാത്രിയായിട്ടും യുവതിയെ വിട്ടയയ്ക്കാത്തതിനെ തുടർന്ന് ബന്ധുക്കളും വാർഡ് കൗൺസിലറും ഇടപെട്ടു. ദേഹമാസകലം മർദ്ദനത്തിന്റെ പാടുകളുമായി രാത്രി 12 മണിയോടെ സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയെ ഒരു വനിതാ പൊലീസിനെ വരുത്തി പൊലീസ് ജീപ്പിൽ ബന്ധുവീട്ടിലെത്തിച്ച് പൊലീസുകാർ മുങ്ങി. തുടർന്നാണ് ബന്ധുക്കൾ യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്റ്റേഷനിൽ വച്ച് കൊടിയ പീഡനമാണ് എറ്റതെന്ന് പ്രീത മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നെ മർദ്ദിച്ച സംഘത്തിനെതിരെയുള്ള മൊഴിമാറ്റി വീട്ടുടമ സുബ്രഹ്മണ്യനാണ് ആക്രമിച്ചത് എന്ന് മൊഴി നൽകാൻ എസ്‌ഐ പ്രതാപ ചന്ദ്രൻ നിർബന്ധിച്ചു.

എന്നാൽ അതിന് തയ്യാറാകാതെ വന്നതോടെ അസഭ്യം പറയുകും മർദ്ദിക്കുകയുമായിരുന്നു. കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു. പിന്നീട് മുളക് കൊണ്ട് വന്നിട്ട് അത് ഉടച്ച് എന്റെ ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും അപ്പോൾ നീ മൊഴി മാറ്റി പറയുമെന്നും എസ്‌ഐ പറഞ്ഞിരുന്നതായും പ്രീത പറഞ്ഞു.

കേസ് ഒത്തുതീർപ്പാക്കണമെന്നും അവരൊക്കെ വലിയ ആളുകളാണെന്നും, ആരും ആക്രമിച്ചില്ല, വെറുതേ പരാതി നൽകിയതാണെന്നും പറയാൻ പൊലീസുകാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വർഷങ്ങളോളം കോടതി കയറേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമണം നടത്തിയവർ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം.അതേ സമയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രീതയുടെ ആരോഗ്യ നില മോശമാണ്. ശരീരമാസകലം മർദ്ദനമേറ്റ ഇവർക്ക് എഴുന്നേറ്റിരിക്കാൻ പോലുമാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP