Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; പരാതിക്കാരിയെയും ശശിയെയും വിളിച്ചുവരുത്തി വിശദീകരണം തേടി; പരാതി ഓഗസ്റ്റ് 14 ന് കിട്ടിയെന്നും പാർട്ടി നേരത്തെ ഇടപെട്ടെന്നും അവകാശവാദം; പാർട്ടി ഭരണഘടനയ്ക്കനുസൃതമായ നടപടിയെടുക്കുമെന്നും സിപിഎം; ശശി എംഎ‍ൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ

പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; പരാതിക്കാരിയെയും ശശിയെയും വിളിച്ചുവരുത്തി വിശദീകരണം തേടി; പരാതി ഓഗസ്റ്റ് 14 ന് കിട്ടിയെന്നും പാർട്ടി നേരത്തെ ഇടപെട്ടെന്നും അവകാശവാദം; പാർട്ടി ഭരണഘടനയ്ക്കനുസൃതമായ നടപടിയെടുക്കുമെന്നും സിപിഎം; ശശി എംഎ‍ൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ സിപിഎം നടപടി ഉറപ്പായി. ശശിക്കെതിരായ പീഡനാരോപണത്തിൽ നേരത്തെ ഇടപെട്ടെന്ന അവകാശവാദമാണ് പാർട്ടി ഉന്നയിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടുകയും ചെയ്തു. പി.കെ.ശശിയെയും എകെജി സെന്ററിലേക്ക് വളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം തേടി. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായ നടപടിയെടുക്കുമെന്നും സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു.

അതിനിടെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വൃന്ദ വിഷയത്തിൽ ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. അതിശക്തമായ നിലപാട് എടുക്കുമെന്ന ഉറപ്പ് വൃന്ദയ്ക്ക് പിണറായി കൊടുത്തതായാണ് സൂചന.

അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ശശിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ ശശിയെ പിണറായി പിന്തുണയ്ക്കില്ല. അതിനിടെ യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാൽ അത് ശരിയാണെന്നും ശശി പ്രതികരിച്ചു. പാർട്ടി പറയുന്നതാണ് ശരിയെന്നും വ്യക്തമാക്കി. ഈ മാസം 30നും നവംബർ 1നുമാണ് സിപിഎം സംസ്ഥാന സമിതി ചേരുക. അന്ന് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ശശിയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യാനാണ് സാധ്യത. പെൺകുട്ടിയുടെ പരാതി പൊലീസിലെത്തില്ലെന്ന് ഉറപ്പിക്കാൻ ഇപ്പോഴും അണിയറയിൽ നടക്കുകയാണ്. പാർട്ടി തലത്തിൽ നടപടിയെടുത്ത് ശശിയെ കേസിൽ നിന്ന് രക്ഷിക്കാനാണ് നീക്കം.

പെൺകുട്ടിക്ക് വേണമെങ്കിൽ പൊലീസിൽ പരാതി കൊടുക്കാമെന്ന നിലപാടാകും പാർട്ടി എടുക്കുക. സ്ത്രീ പീഡന പരാതിയിൽ യുവതികൾ ആവശ്യപ്പെട്ടാൽ മാത്രമേ പരാതി പൊലീസിന് കൈമാറേണ്ടതുള്ളൂ. ശശിക്കെതിരെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ പേരിലാണ് പാർട്ടിക്ക് പരാതി കിട്ടിയത്. അതിന് സംഘടനാ അച്ചടക്ക നടപടിയെടുക്കുമെന്നാണ് സിപിഎം നൽകുന്ന സൂചന. അതിനപ്പുറത്തേക്ക് പാർട്ടിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് നിലപാട്. പാർട്ടിക്ക് കിട്ടുന്ന പരാതി പാർട്ടി ചർച്ച ചെയ്ത് നടപടിയെടുക്കും. പൊലീസിൽ പരാതി കൈമാറണമെന്ന് യുവതി ആവശ്യപ്പെട്ടാൽ അതു ചെയ്യുമെന്നും മുതിർന്ന സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. എന്നാൽ വിഷയം പൊലീസിന് നൽകണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെയാണ് ശശിക്കെതിരെ പരസ്യ നിലപാടുമായി വൃന്ദാകാരാട്ട് രംഗത്ത് എത്തിയത്. സ്ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചു പൊറുപ്പിക്കില്ലെന്ന് ശശിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വൃന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ശശിക്കെതിരെ ഉയർന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് സിപിഎം സ്ഥിരീകരിക്കുകയാണെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദ കൂട്ടിച്ചേർത്തു.

ഡി വൈ എഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്. വൃന്ദാ കാരാട്ടിനും സംസ്ഥാനത്തെ ചില നേതാക്കൾക്കും യുവതി പരാതി നൽകിയിരുന്നു. അതിനിടെ പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം പാർട്ടിക്ക് അകത്തു ചർച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ശശിയും പ്രതികരിച്ചു. പാർട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി കൂട്ടിച്ചേർത്തു. നടപടിയുണ്ടാകുമെന്ന സൂചന ശശിക്കും സംസ്ഥാന നേതൃത്വം നൽകിയതിന്റെ സൂചനയാണ് ഇത്.

'എന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. ഏതൊരാളെക്കുറിച്ചും ചെറിയ ആളായാലും ഉന്നത നേതാവായാലും പരാതി കിട്ടിയാൽ അത് കൈകാര്യം ചെയ്യാൻ കഴിയുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. മറ്റ് പാർട്ടികളെ പോലെയല്ല. പാർട്ടിക്കകത്ത് ചർച്ചചെയ്യേണ്ട കാര്യം പാർട്ടിക്കകത്ത് ചർച്ചചെയ്യും. പാർട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികൾ മാത്രമേ അകത്തുള്ള കാര്യങ്ങൾ പുറത്തുപറയൂ. അന്വേഷിക്കാനുള്ള നല്ല കരുത്ത് പാർട്ടിക്കുണ്ട്. അത് നേരിടാനുള്ള നല്ല ആർജവവും കമ്യൂണിസ്റ്റ് ആരോഗ്യവും തനിക്കുണ്ട്. എന്നെ ഇവിടുത്തുകാർക്കൊക്കെ അറിയാം. എന്നെ അറിയാവുന്ന എന്റെ പൊതുപ്രവർത്തനത്തെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് എന്റെ പൊതുജീവിതം എന്താണ് എന്ന് അവർക്ക് നല്ലതുപോലെ അറിയാം. ഞാൻ തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല.-ശശി പ്രതികരിച്ചു.

എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് എന്റെ പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും, അതാണ് ഞാൻ പറഞ്ഞത് കമ്യൂണിസ്റ്റ് ആരോഗ്യമെന്ന്. സാധാരണ ഒരാൾക്ക് ഉണ്ടാകുന്നതല്ല കമ്യൂണിസ്റ്റ് ആരോഗ്യം. അച്ചടക്കനടപടിയെ പറ്റി എന്തിനാണ് ബേജാറാകുന്നത്. അത് ഞങ്ങളുടെ പാർട്ടി തീരുമാനിക്കുന്നതാണ്. അതിൽ എന്തിനാണ് വേവലാതി. ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ കൈയിൽ പരാതിയുണ്ടോ, പരാതി നിങ്ങളുടെ കൈയിലില്ലാതെയാണ് അനാവശ്യമായിട്ട് നിങ്ങളുടെ ഈ വിചാരണ. എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പാർട്ടിക്കകത്ത് ഞങ്ങൾ പല കാര്യങ്ങളും ചർച്ചചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരമെങ്കിൽ അതിലൊന്നും ശശി വീഴില്ല'-എംഎൽഎയുടെ പ്രതികരണം ഇങ്ങനെയാണ്.

അതിനിടെ പി.കെ.ശശി എംഎ‍ൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടു. അധികാരസ്ഥാനത്ത് തുടർന്നാൽ അന്വേഷണ സംഘങ്ങളെ സ്വാധീനിക്കാൻ പി.കെ.ശശിക്കാവും. അതിനാൽ എംഎ‍ൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് തന്റെ നിലപാട്.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നടപടി വൈകുന്നത് ദൗർഭാഗ്യകരമാണ്. പീഡന പരാതിയിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ലോക്‌നാഥ് ബെഹ്‌റയോട് നിർദ്ദേശിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ രാഷ്ട്രീയ പ്രവർത്തകയെപ്പോലെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് ദൗർഭാഗ്യകരമാണെന്നും രേഖാ ശർമ പറഞ്ഞു.അതേസമയം, വിഷയത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മിഷൻ ഇപ്പോൾ നിലപാടിൽ മലക്കം മറിഞ്ഞുവെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ ആരോപിച്ചു. സ്വമേധയാ കേസെടുക്കുമെന്ന് പറഞ്ഞ കമ്മിഷൻ അദ്ധ്യക്ഷയുടെ ഇപ്പോഴത്തെ നിലപാട് വേണമെങ്കിൽ കേസെടുക്കാമെന്നാണ്. സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട് ഇക്കാര്യത്തിൽ ശരിയാണെന്ന് തെളിഞ്ഞതായും അവർ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP