Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13 വൈദികരും 10 കന്യാസ്ത്രീകളും പീഡനം ശരിവച്ചിട്ടും വിശ്വാസം പോരാ; ശാസ്ത്രീയ തെളിവില്ലാത്തതു കൊണ്ട് ഇനി അന്വേഷണവുമില്ല; കന്യാസ്ത്രീ ഹൈക്കോടതിയിൽ പോയി ഉത്തരവ് വാങ്ങി വന്ന ശേഷം മാത്രം തുടർ നടപടികൾ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം മരവിപ്പിക്കാൻ നിർദ്ദേശം; പരാതിയിൽ 'ലോജിക്ക്' ഇല്ലെന്ന് ന്യായം കോടതിയേയും അറിയിച്ചേക്കും; ജലന്ധർ ബിഷപ്പിനെ കുറ്റവിമുക്തനാക്കാൻ ഒരുങ്ങി കേരളാ പൊലീസ്

13 വൈദികരും 10 കന്യാസ്ത്രീകളും പീഡനം ശരിവച്ചിട്ടും വിശ്വാസം പോരാ; ശാസ്ത്രീയ തെളിവില്ലാത്തതു കൊണ്ട് ഇനി അന്വേഷണവുമില്ല; കന്യാസ്ത്രീ ഹൈക്കോടതിയിൽ പോയി ഉത്തരവ് വാങ്ങി വന്ന ശേഷം മാത്രം തുടർ നടപടികൾ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം മരവിപ്പിക്കാൻ നിർദ്ദേശം; പരാതിയിൽ 'ലോജിക്ക്' ഇല്ലെന്ന് ന്യായം കോടതിയേയും അറിയിച്ചേക്കും; ജലന്ധർ ബിഷപ്പിനെ കുറ്റവിമുക്തനാക്കാൻ ഒരുങ്ങി കേരളാ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: പതിമൂന്ന് വൈദീകരുടെയും കുറവിലങ്ങട് മഠത്തിലെ 10 കന്യാസ്ത്രികളുടേതുമടക്കം ആകെ കൈയിലുള്ളത് 97 മൊഴികൾ. 50-60 പേജുകൾ വരെയുള്ള മൊഴികളും ഇതിൽ ഉൾപ്പെടും. ശാസ്ത്രീയ തെളിവുകളുടെ കാര്യം വട്ടപ്പൂജ്യം. ഇരയോ ബന്ധുക്കളോ കോടതിയെ സമീപിച്ചാൽ അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറും. കോടതി ആവശ്യപ്പെട്ടാൽ എന്ത് നടപടിക്കും തയ്യാർ. അല്ലാതെ ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യില്ല. ഗതിമുട്ടിയ അന്വേഷണത്തിന്റെ മുന്നോട്ടുള്ള നീക്കം വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെന്നും ഉന്ന പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു..

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാന പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ബാക്കി പത്രം ഏതാണ്ടിങ്ങനെ. പേരിന് പോലും ശാസ്ത്രിയതെളിവുകൾ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോയെ പൂട്ടുന്നതിനുള്ള നീക്കം അന്വേഷണ സംഘം മരവിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഇരയായ കന്യാസ്ത്രി പൊലീസിനെ സമീപിക്കാൻ താമസിച്ചത് സംബന്ധിച്ച് 'ലോജിക് 'ആയ ഒരു കാരണം ഇതുവരെ തങ്ങൾക്ക് കണ്ടെത്താനായിട്ടില്ലന്നാണ് പൊലീസിന്റെ ഭാഷ്യം.

കേസിൽ നടപടി വൈകുന്നതായുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും മുഖവിലയ്ക്കെടുത്ത് തിടുക്കപ്പെട്ട് നടപടികൾ വേണ്ടെന്ന ഉറച്ച നിലപാടാണ് ഇപ്പോൾ പൊലീസ് സ്വീകരിച്ചിട്ടുള്ളത്.പൊലീസിനെ കുറ്റപ്പെടുത്തി ഇരയോ ബന്ധപ്പെട്ടവരോ കോടതിയെ സമീപിച്ചാലും ശാസ്ത്രീയ തെളിവുകൾ ഇല്ലന്നുള്ള വാദം ചൂണ്ടിക്കാട്ടി നേരിടാമെന്നാണ് പൊലീസ് വിലയിരുത്തൽ. മൊഴികൾ മാത്രം കണക്കിലെടുത്ത് അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചാൽ ഒരു പക്ഷേ കോടതിയുടെ ഭാഗത്തുനിന്നും നടപടി നേരിടേണ്ടിവരുമെന്ന ആശങ്കയും പൊലീസിന് ഉണ്ട്. സേനയ്ക്കാതെ നാണക്കേടുണ്ടാക്കി,ജലന്ധറിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ ആസ്ഥാനത്ത് മുട്ടിടിച്ച് നിൽക്കേണ്ടി വന്ന സാഹചര്യത്തിന് കാരണം ശാസ്ത്രീയ തെളിവുകളുട അഭാവമെന്ന് വരുത്തിതീർക്കാനും പൊലീസ് തലപ്പത്ത് തകൃതിയായ നീക്കം നടക്കുന്നുണ്ട്.

ഇതിനിടെ പീഡനത്തിനിരയായ സിസ്റ്റർ അംഗമായ എം ജെ കോൺഗ്രിഗേഷന്റെ 25-ാം വർഷ ജൂബിലി ആഘോഷം ഇന്ന് രാവിലെ ജലന്ധറിൽ നടന്നു.ചടങ്ങിൽ കേക്ക് മുറിച്ചത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു.ബിഷപ്പ് പീഡിപ്പിച്ചതായി കാണിച്ച് കൂട്ടത്തിൽപ്പെട്ട കന്യാസ്ത്രി നിയമയുദ്ധം നടത്തിവരവെയാണ് ഈ ആഘോഷ പരിപാടി സംഘടിപ്പിച്ചതും പീഡകനെന്ന് പരക്കെ പഴികേട്ട ഫ്രാങ്കോയെ തന്നെ കേക്ക് മുറിക്കാൻ ക്ഷണിച്ചത് എന്നതുമാണ് ഏറെ ശ്രദ്ധേയം. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ ഇക്കാര്യം അറിഞ്ഞതോടെ കൂടുതൽ ദുഃഖിതയായിരിക്കുകയാണെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരം.

നീതി നിഷേധിക്കപ്പെടുന്നു എന്നതിനപ്പുറം തന്നേ അപമാനിച്ച ബിഷപ്പ് ഫ്രാങ്കോയ്ക്കൊപ്പമാണ് കോൺഗ്രിഗേഷൻ എന്നുവരുത്തിതീർക്കുകയാണ് ഇതുകൊണ്ട് സഭാ ജനറാൾ ലക്ഷ്യമിട്ടതെന്നും ഇത് വിജയകരമായി അവർ പൂർത്തിയാക്കുകയായിരുന്നെന്നുമാണ് ഇതേക്കുറിച്ച് കന്യാസ്ത്രിയും അടുപ്പക്കാരും മറുനാടനോട് പ്രതികരിച്ചത്. കന്യാസ്ത്രീയുടെ അടുക്കൽ പലപ്പോഴും ഉന്നയിക്കുന്ന ഒരേ ചോദ്യങ്ങൾ തന്നെയാണ്. മൊഴിയെടുപ്പിന്റെ പേരിൽ പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ മനസ്സുമടുത്തതോടെയാണ് ഇവർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.

മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് വരുത്തിതീർത്ത് കേസ് എഴുതിത്ത്തള്ളാനുള്ള നീക്കമാണോ പൊലീസ് തലപ്പത്തുനിന്നുള്ള സമ്മർദ്ദത്തിൽ അന്വേഷണസംഘം നടത്തുന്നതെന്നും ഇവർ സംശയിക്കുന്നു. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വത്തിക്കാൻ സന്ദർശിക്കാൻ ഒരുങ്ങുന്നതും വിവാദമായിട്ടുണ്ട്.

ഒക്ടോബർ മൂന്നു മുതൽ 28 വരെ വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. പനാമയിൽ അടുത്തവർഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തിൽ വത്തിക്കാനിൽ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (സിബിസിഐ) യുവജന കമ്മീഷൻ ചെയർമാൻ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിഷപ്പുമാർക്കൊപ്പം ഫ്രാങ്കോ വത്തിക്കാനിൽ എത്തേണ്ടതാണ്.

കേസുള്ളതിനാൽ ഫ്രാങ്കോയ്ക്ക് രാജ്യംവിട്ടുപോകാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ആഭ്യന്തരവകുപ്പിന്റെ ആശിർവാദത്തോടെയും ബിഷപ്പ് ഫ്രാങ്കോ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് സൂചന. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാൻ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞുവെന്നും കന്യാസ്ത്രീയുടെ മൊഴിയും സാക്ഷി മൊഴികളും മറ്റ് അനുബന്ധ തെളിവുകളും എല്ലാം ശക്തമാണെന്നും കഴിഞ്ഞയാഴ്ചവരെ ആവർത്തിച്ച് പറഞ്ഞിരുന്ന കോട്ടയം എസ്‌പി ഹരിശങ്കറും അന്വേഷണസംഘതലവൻ ഡി.വൈ.എസ്‌പി കെ.സുഭാഷും മുൻ നിലപാടിൽ നിന്നും പിന്നോട്ടുപോയതും ഇതിന്റെ സൂചനയാണെന്ന് കരുതേണ്ടിവരുന്നു.

ഐ.ജി വിജയ് സാക്കറെയുമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ അവലോകനയോഗത്തിനു ശേഷം അന്വേഷണസംഘം ഏറെ സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2000 പേജുള്ള റിപ്പോർട്ടുമായി ഐ.ജിയെ കണ്ട അന്വേഷണസംഘം നിരാശരായാണ് മടങ്ങിയത്. ഐ.ജി വിജയ് സാക്കറെയും ഡി.ജി.പി ലോക്നാഥ് ബെഹ്റയും അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വിശദമായ പരിശോധനയ്ക്ക് ഒരാഴ്ച കൂടി സാവകാശം നൽകിയത്. ഇതിനിടെ വലിയ അട്ടിമറികൾ കേസിൽ ഉണ്ടായി. ഈ സാഹചര്യത്തിലാണ് അന്വേഷണം മരവിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP