Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്; കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ നടത്തുന്നത് രണ്ടായി; എൽഡിഎഫ് പ്രത്യേകം ഹർത്താൽ നടത്തുന്നത് പെട്രോൾ വിലവർധനവിന്റെ കാരണക്കാർ തന്നെ കോൺഗ്രസെന്ന് ആരോപിച്ച്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ആഹ്വാനം; പരീക്ഷകൾ മാറ്റി സർവ്വകലാശാലകൾ; ഹർത്താലിനെ എതിർത്ത് യുഡിഎഫിലെ തന്നെ നേതാക്കളും

പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്; കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ നടത്തുന്നത് രണ്ടായി; എൽഡിഎഫ് പ്രത്യേകം ഹർത്താൽ നടത്തുന്നത് പെട്രോൾ വിലവർധനവിന്റെ കാരണക്കാർ തന്നെ കോൺഗ്രസെന്ന് ആരോപിച്ച്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ആഹ്വാനം; പരീക്ഷകൾ മാറ്റി സർവ്വകലാശാലകൾ; ഹർത്താലിനെ എതിർത്ത് യുഡിഎഫിലെ തന്നെ നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരേയും പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സെപ്റ്റംബർ പത്ത് തിങ്കളാഴ്ച ഐ.ഐ.സി.സി ആഹ്വാനം ചെയ്ത ബന്ദ് കേരളത്തിൽ യു.ഡി.എഫിന്റെ ഹർത്താലിയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ അറിയിച്ചു. അതേസമയം എൽഡിഎഫ് കേരളത്തിൽ ഹർത്താൽ ആചരിക്കുന്നത് യുഡിഎഫിന് ഒപ്പമല്ല.

രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കും ഹർത്താൽ. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസം ഉണ്ടാകരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, എയർ പോർട്ട്, വിദേശ ടൂറിസ്റ്റുകൾ, പാൽ, പത്രം തുടങ്ങിയവയേയും ഹർത്താലിൽ നിന്നൊഴി വാക്കിയിട്ടുണ്ട്. തികച്ചും സമാധാനപരമായിട്ടായിരിക്കും യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുക.

കോൺഗ്രസ്സാണ് പെട്രോൾ വിലവർദ്ധനവ് നടത്താൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയത്. വില നിയന്ത്രണത്തിനുള്ള എല്ലാ അധികാരങ്ങളും സർക്കാരിൽ നിന്നും എടുത്തു മാറ്റിയ കോൺഗ്രസ്സിനോടൊപ്പം ഹർത്താൽ നടത്താൻ പാർട്ടിക്ക് കഴിയില്ല. പെട്രോളിനും ഡീസലിനും വിലവർദ്ധിപ്പിക്കാനുള്ള നയം തീരുമാനിച്ചത് കോൺഗ്രസ്സിന്റെ ഭരണകാലത്താണ്. കോൺഗ്രസ്സ് തുടങ്ങി വച്ച് ഈ നയത്തിനെതിരാണ് ഇടത്പക്ഷം. അതിനാലാണ് സിപിഎം-സിപിഐ സംയുക്തമായി കേരളത്തിൽ 12 മണിക്കൂർ ഹർത്താൽ നടത്താൻ തീരുമാനിച്ചതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. കൂടാതെ ഈ നയം എത്രയും വേഗം എടുത്തു കളഞ്ഞ് സർക്കാർ നിയന്ത്രണത്തിൽ തന്നെ വിലവർദ്ധനവ് കൊണ്ടുവരണമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. മറ്റ് പ്രതിപക്ഷ പാർട്ടികളും സഹകരിക്കും. പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ചാണ് ബന്ദ്. രാവിലെ 9 മുതൽ വൈകിട്ട് മൂന്നുമണിവരെയാണ് ബന്ദ്. വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും.

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടാണ് പെട്രാളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ കൂടുന്നത്. പ്രെട്രോളിന് തിരുവനന്തപുരത്തെ ഇന്നത്തെ (വെള്ളിയാഴ്ച) വില 83.30രൂപയും ഡീസലിന് 77.18 രൂപയുമാണ്. മുംബൈയിലെ ഡീസൽ വിലയെക്കാൾ കൂടുതലാണ് തിരുവനന്തപുരത്തേത്. പെട്രോളിനും, ഡീസലിനും വിലയിൽ സർവ്വകാല റിക്കാർഡിട്ട സാഹചര്യത്തിൽ എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദിൽ നിന്നും കേരളത്തിന് ഒഴിഞ്ഞ് മാറിനിൽക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹർത്താലുമായി സഹകരിക്കണമെന്ന് കെ. പി.സി.സി. പ്രസിഡന്റ് എം.എം.ഹസൻ അഭ്യർത്ഥിച്ചു.

പരീക്ഷകൾ മാറ്റി

കണ്ണൂർ, കാലിക്കറ്റ്, ആരോഗ്യ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല 10-ന് നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ 11-ന് രാവിലെ ഒമ്പതിന് നിശ്ചയിച്ചിരുന്ന കേന്ദ്രത്തിൽതന്നെ നടക്കും.

എതിർപ്പും സജീവം

പ്രളയവും പ്രളയക്കെടുതികളും നാശം വിതച്ച സംസ്ഥാനത്ത് ഇപ്പോൾ ഹർത്താൽ നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. യുഡിഎഫിലെ തന്നെ കോൺ്ഗ്രസിലെ വി.ഡി സതീശൻ ലീഗ് നേതാവ് എംകെ മുനീർ എന്നിവർ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. തിങ്കളാഴ്ചയിലെ ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കാമായിരുന്നു എന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. പ്രളയത്തിന് ശേഷമുണ്ടായ പകർച്ചവ്യാധികളെ തടയണമെങ്കിൽ ആഴ്ചയിൽ 24 മണിക്കൂറും ജോലിചെയ്തെങ്കിലേ സാധിക്കൂ. ഈ ഘട്ടത്തിൽ ഇങ്ങനെയൊരു ഹർത്താൽ വേണ്ടിയിരുന്നില്ല. ഇത് പ്രതിരോധപ്രവർത്തനങ്ങളെ പ്രതീകൂലമായി ബാധിക്കും.

ഹർത്താലിന് കാരണമായ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള സമരമുറ ആവിഷ്‌കരിക്കാമായിരുന്നു. ഇത് വ്യക്തിപരമായി നേരത്തെ തന്നെ മുന്നണിയോഗത്തിലും പാർട്ടിയിലും പറഞ്ഞിട്ടുള്ളതാണ്. പ്രളയത്തിന്റെ സാഹചര്യത്തിൽ കേരളത്തെ ഈ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ഇടതു പക്ഷത്തോടും കോൺഗ്രസിനോടും അഭിപ്രായപ്പെട്ടിരുന്നു. ഇത് കേരളത്തെ കെട്ടിപ്പടുക്കുന്നതിന് ഏറ്റവും വിലപ്പെട്ട സമയമാണ്. ഈ സമയത്ത് മറ്റേതെങ്കിലും സമരമുറയായിരുന്നു കേരളത്തിൽ അഭികാമ്യം. കേരളത്തെ പുനർനിർമ്മിക്കുന്നത് വരെ ഒരുഹോളിഡേ പോലും ഉണ്ടാവാൻ പാടില്ലാത്തതാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരു ഹർത്താൽ നടത്തുന്നതിനോോട് വ്യക്തിപരമായി യോജിക്കുന്നില്ല. എന്നിരുന്നാലും അച്ചടക്കമുള്ള മുന്നണി പ്രവർത്തകനെന്ന നിലയിൽ മുന്നണി തീരുമാനത്തെ മാനിക്കുന്നു.

കോൺഗ്രസും സിപിഎമ്മും പ്രഖ്യാപിച്ച ഹർത്താലിനെതിരെ കോൺഗ്രസ് നേതാവ് വിഡി സതീശൻ. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിയെടുക്കുന്നെങ്കിൽ എടുക്കട്ടെയെന്നും പ്രളയബാധിതമേഖലയെ എങ്കിലും ഒഴിവാക്കണമായിരുന്നെന്നും സതീശൻ ചോദിച്ചു.നേരത്തെയും നിരവധിപേർ ഹർത്താലിനെതിരെ രംഗത്തുവന്നിരുന്നു. പ്രളയത്തിന് പിന്നാലെ ഇത്തരത്തിൽ ഒരു ഹർത്താൽ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്.

ഭാരത് ബന്ദിൽ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളേയും ബന്ദ് കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും വ്യാപാരി വ്യവസായി സമിതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP