Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി ചൈനീസ് വിദേശ കാര്യമന്ത്രി ഇസ്ലാമാബാദിൽ; ചൈനയുമായി ചേർന്ന് സൈനിക പരിശീലനം പ്രഖ്യാപിച്ച് നേപ്പാളും'; മാലിദ്വീപിന് പിന്നാലെ രണ്ട് അയൽക്കാർകൂടി ചൈനയെ രക്ഷകരായി കരുതാൻ തുടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടി; മോദിയുടെ വിദേശ നയം പൊട്ടിപ്പൊളിഞ്ഞ് പാളീസായെന്ന വിമർശനം ഉയർത്തി പ്രതിപക്ഷം

പാക്കിസ്ഥാനുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി ചൈനീസ് വിദേശ കാര്യമന്ത്രി ഇസ്ലാമാബാദിൽ; ചൈനയുമായി ചേർന്ന് സൈനിക പരിശീലനം പ്രഖ്യാപിച്ച് നേപ്പാളും'; മാലിദ്വീപിന് പിന്നാലെ രണ്ട് അയൽക്കാർകൂടി ചൈനയെ രക്ഷകരായി കരുതാൻ തുടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടി; മോദിയുടെ വിദേശ നയം പൊട്ടിപ്പൊളിഞ്ഞ് പാളീസായെന്ന വിമർശനം ഉയർത്തി പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ഏതുവിധത്തിലും തളർത്താനുള്ള പഴുതുനോക്കി നടക്കുകയാണ് ചൈന. മേഖലയിലെ പ്രബല സാമ്പത്തിക-സൈനിക ശക്തിയെന്ന നിലയിൽ ചൈനയ്ക്കുള്ള ഒരേയൊരു വെല്ലുവിളി ഇന്ത്യയാണെന്നതാണ് അതിനുകാരണം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിന് തടയിടണമെങ്കിൽ പ്രതിരോധച്ചെലവ് വൻതോതിൽ ഉയർത്തി ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുകയാണ് വേണ്ടതെന്നും ചൈനീസ് നേതൃത്വത്തിനറിയാം. അയൽരാജ്യങ്ങളെ പാട്ടിലാക്കി ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തുകയെന്ന തന്ത്രമാണ് ഇതിനായി ചൈന പയറ്റുന്നത്.

പാക്കിസ്ഥാനുമായുള്ള ചൈനയുടെ അടുപ്പം അതാണ് തെളിയിക്കുന്നത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപെക്) നടപ്പിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. പദ്ദതിയോടുള്ള ഇന്ത്യയുടെ എതിർപ്പ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രഖ്യാപനം. ഇസ്ലാമാബാദിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് തിയൂവുമായുള്ള ചർച്ചയ്ക്കുശേഷമാണ് ഇമ്രാൻ സിപെക് പദ്ധതിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചത്.

5000 കോടി ഡോളറിന്റേതാണ് ചൈനയുടെ സ്വപ്‌നപദ്ധതിയായ സിപെക്. ഇതു നടപ്പിലാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയിൽ ധാരണയാവുകയും ചെയ്തു. സൈന്യത്തിന്റെ പൂർണ പിന്തുണയോടെ അധികാരത്തിലേറിയ ഇമ്രാൻ ഖാൻ, ചൈനയുമായി കൂടുതൽ അടുത്ത് ഇന്ത്യയെ സമ്മർദത്തിലാക്കുകയെന്ന തന്ത്രമാകും പയറ്റുകയെന്നും ഇതോടെ വ്യക്തമായി. മേഖലയിലെ ഏറ്റവും സുപ്രധാനമായ ബന്ധുവായാണ് ചൈന പാക്കിസ്ഥാനെ കാണുന്നതെന്ന് വാങ് തിയു പറഞ്ഞത് ഇരുരാജ്യങ്ങളുടെയും പുതിയ സൗഹൃദത്തിന് തെളിവായി.

പാക് പ്രസിഡന്റ് ആരിഫ് അൽവി, വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി, സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ എന്നിവരെയും വാങ് തിയു കണ്ടു. അഞ്ചുപതിറ്റാണ്ടായി ചൈനയുമായി സൗഹൃത്തിലുള്ള പാക്കിസ്ഥാൻ, ആ ബന്ധത്തെ ദേശീയ നയത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് ആരിഫ് അൽവി പറഞ്ഞു. മേഖലയിലെ സാഹചര്യങ്ങൾ മാറിമറിഞ്ഞപ്പോഴും ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നിരുന്നില്ലെന്ന് വാങ് തിയൂവും പറഞ്ഞു.

സിപെക് പാക്കിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് കൂടി നീട്ടുമെന്ന് ചൈന പ്രഖ്യാപിച്ചു. പാക് അധീന കാശ്മീരിലൂടെ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതിനെയാണ് ഇന്ത്യ എതിർ്ക്കുന്നത്. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ കാഷ്ഗറിനെയും പാക്കിസ്ഥാനിലെ ഗുദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 3000 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി ഗിൽജിത് ബോൾട്ടിസ്താനിലൂടെ കടന്നുപോകുന്നതിനെയാണ് ഇന്ത്യ എതിർക്കുന്നത്.

സിപെകിലൂടെ പാക്കിസ്ഥാനെ വശത്താക്കിയ ചൈന നേപ്പാളിനെയും കൂടുതൽ വരുതിയിലാക്കാനുള്ള ശ്രമം തുടങ്ങി. ഇന്ത്യയുടെ സാമന്തരാജ്യം പോലെ പ്രവർത്തിച്ചിരുന്ന നേപ്പാൾ ഇപ്പോൾ കൂടുതലും വിധേയത്വം പുലർത്തുന്നത് ചൈനയുമായാണ്. ചൈനയുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസത്തിന് നേപ്പാൾ തയ്യാറെടുക്കുന്നത് അതിന് തെളിവാണ്. സെപ്റ്റംബർ 17 മുതൽ 28 വരെ ചെങ്ഡുവിലാണ് നേപ്പാൾ-ചൈന സംയുക്ത സൈനികാഭ്യാസം.

ഇന്ത്യയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിൽനിന്ന് പിന്മാറിയാണ് നേപ്പാൾ ചൈനയുമായി കൈകോർക്കുന്നതെന്നതാണ് കൂടുതൽ ശ്രദ്ധേയമായ വസ്തുത. പുണയിൽ നടക്കേണ്ടിയിരുന്ന ബിംസ്റ്റെക് മിലിട്ടറി ഡ്രില്ലിൽനിന്നാണ് നേപ്പാൾ പിന്മാറിയത്. ചൈനയുമായി രണ്ടാം തവണയാണ് നേപ്പാൾ സൈന്യം അഭ്യാസത്തിലേർപ്പെടുന്നത്. സാഗർമാത ഫ്രണ്ട്ഷിപ്പ് എന്നാണ് ഈ സംയുക്ത സൈനികാഭ്യാസത്തിന് പേര്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സൈനികാഭ്യാസമെന്ന് നേപ്പാൾ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഗോകുൽ ഭണ്ഡാരി പറഞ്ഞു.

നേപ്പാളും ചൈനയും തമ്മിൽ കൂടുതൽ അടുക്കുന്നതിന്റെ സൂചനയുമായി കഴിഞ്ഞവർഷം ഏപ്രിലിലാണ് ആദ്യ സംയുക്ത സൈനികാഭ്യാസം നടന്നത്. ബിംസ്റ്റെക് രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസത്തിൽനിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുമായുള്ള സൈനികാഭ്യാസം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. ബിംസ്റ്റെക്കിനുള്ളിൽ ഇന്ത്യ നടത്തുന്ന സുരക്ഷാ, പ്രതിരോധ സഹകരണ ശ്രമങ്ങളോട് നേപ്പാൾ സർക്കാരിനുള്ള വിയോജിപ്പിന്റെ ഭാഗമാണ് തീരുമാനമെന്നും കരുതുന്നു.

ചൈനീസ് പക്ഷപാതിയായ കെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രിയായശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ അനുദിനം അകൽച്ച പ്രകടമാണ്. നേപ്പാൾ ഉൾപ്പെടെയുള്ള സാർക്ക് രാജ്യങ്ങളെ കൂടെനിർത്താൻ കഴിയാത്തത് മോദി സർ്ക്കാരിന്റെ വിദേശനയത്തിലെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിലവിൽ സാർക്ക് അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത് നേപ്പാളാണ്. സാർക്ക് ഉച്ചകോടി വീണ്ടും ചേരാനുള്ള കടുത്ത ശ്രമത്തിലാണ് നേപ്പാൾ. എന്നാൽ, പാക്കിസ്ഥാനുമായുള്ള ചർച്ചകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിന്റെ പേരിൽ സാർക്ക് ഉച്ചകോടി ചേരുന്നതിനോട് ഇന്ത്യ അനുകൂലവുമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP