Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുത്ത നിയന്ത്രണങ്ങൾ കാരണം ഗൂഗിൾ സേവനം അവസാനിപ്പിച്ചു; ഓരോ വർഷവും വധശിക്ഷക്ക് വിധേയമാക്കുന്നത് ആയിരത്തോളം പേരെ; ഭരണകൂടത്തിന്റെ മാർക്ക് കുറഞ്ഞാൽ നിങ്ങൾക്ക് ബാങ്ക് വായ്‌പ്പ പോലും കിട്ടില്ല; പൗരനെ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 18 കോടിയോളം ക്യാമറകൾ; ചൈന ഇപ്പോൾ മധുര മനോഹരമല്ല; സി ബി അനൂപ് എഴുതുന്നു

കടുത്ത നിയന്ത്രണങ്ങൾ കാരണം ഗൂഗിൾ സേവനം അവസാനിപ്പിച്ചു; ഓരോ വർഷവും വധശിക്ഷക്ക് വിധേയമാക്കുന്നത് ആയിരത്തോളം പേരെ; ഭരണകൂടത്തിന്റെ മാർക്ക് കുറഞ്ഞാൽ നിങ്ങൾക്ക് ബാങ്ക് വായ്‌പ്പ പോലും കിട്ടില്ല; പൗരനെ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 18 കോടിയോളം ക്യാമറകൾ; ചൈന ഇപ്പോൾ  മധുര മനോഹരമല്ല; സി ബി അനൂപ് എഴുതുന്നു

സി ബി അനൂപ്

'മധുര മനോഹര മനോജ്ഞ ചൈന' എന്നാണ് മലയാള കവികൾ ചൈനയെ വാഴ്‌ത്തിപ്പാടിയിട്ടുള്ളത്. എന്നാൽ കവി സങ്കൽപ്പവും, യാഥാർഥ്യവും തമ്മിൽ കടലും, കടലാടിയും തമ്മിലുള്ള അന്തരമുണ്ടാകുന്ന അവസ്ഥയിലേക്ക് ഇന്നത്തെ ചൈന മാറിയിട്ട് നാളേറെയായി. 29 കൊല്ലം മുൻപ് ടിയാന്മെൻ ചത്വരത്തിൽ തടിച്ചു കൂടിയ ഒരു പറ്റം യുവ പ്രക്ഷോഭകാരികൾ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ ധാർഷ്ട്യത്തെ ലോകത്തിന് മുന്നിൽ വെല്ലുവിളിച്ചപ്പോൾ ബീജിങ്ങിലെ സർവ്വകലാശാലയിൽ നിന്ന് ബിരുദവുമായി പുറത്തിറങ്ങിയ ഒരു തൊഴിലന്വേഷകനായിരുന്നു ഇപ്പോഴത്തെ ചൈനീസ് പ്രസിഡണ്ട് ആയ ഷി ജിൻപിങ്. മൂന്ന് ദശകങ്ങൾ പിന്നിടാറായിട്ടും ജിൻപിങിനെ പോലുള്ള ചൈനീസ് നേതാക്കളെ സംബന്ധിച്ചിടത്തോളം ടിയാന്മെൻ സംഭവം സംഘടിതമായ ജനശക്തിയുടെ അസ്വസ്ഥമായ ഒരു ഓർമ്മപ്പെടുത്തലാണ്. മറ്റൊരു ടിയാന്മെൻ  ഉണ്ടാകാതിരിക്കാൻ ജനങ്ങളെ കർശന നിരീക്ഷണത്തിലും, നിയന്ത്രണത്തിലും തളച്ചിടേണ്ടതുണ്ടെന്ന ഭരണകൂടത്തിന്റെ ബോധ്യവും ഈ ഓർമ്മയുടെ ബാക്കിപത്രം തന്നെ.

ഭരണകൂടം പൗരന് മാർക്കിടുമ്പോൾ
പ്രസിഡന്റ് പദവിയിലിരിക്കാനുള്ള കാലത്തിന് പരിധി വയ്ക്കുന്ന വ്യവസ്ഥ ചൈനീസ് ഭരണഘടനയിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഈയടുത്ത് നീക്കം ചെയ്തതോടെ ആജീവനാന്തകാലം ആ സ്ഥാനത്ത് തുടരാൻ സർവ്വസമ്മിതി നേടിയ ഷി ജിൻപിങ് തുടർച്ചയായി നിയന്ത്രണങ്ങൾ കൊണ്ട് വരികയും ജനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു കർക്കശക്കാരനായ ഭരണാധികാരിയായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണം അടിച്ചേൽപ്പിക്കാൻ ജിൻപിങ്ങിന്റെ ഭരണകൂടം കൊണ്ടുവന്ന സംവിധാനങ്ങളുടെ പട്ടികയിൽ ഒടുവിലായി വന്നിട്ടുള്ള ഒരു ഉപാധിയാണ് 'സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം' (shèhuì xìnyòng tixì). ചുരുക്കിപ്പറഞ്ഞാൽ ഭരണകൂടം പൗരന് മാർക്കിടുന്നു. അങ്ങനെ ഓരോ പൗരനും കിട്ടുന്ന ആകെ മാർക്കിന്റെ ഓമനപ്പേരാണ് 'സോഷ്യൽ ക്രെഡിറ്റ് സ്‌കോർ'.

ബിസിനസ്സ് ഇൻസൈഡർ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വിവരിക്കുന്നത് പ്രകാരം സർക്കാരിനെ വിമർശിക്കുക, ട്രാഫിക് നിയമങ്ങൾ തെറ്റിക്കുക, പുകവലി നിരോധിച്ച സ്ഥലത്തു പുക വലിക്കുക, കോടതി നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, ഇന്റർനെറ്റിൽ വ്യാജവാർത്തകൾ ഷെയർ ചെയ്യുക തുടങ്ങിയ പൗരന്മാരുടെ തെറ്റുകൾക്കൊക്കെ ചൈനീസ് ഭരണകൂടം മാർക്ക് കുറയ്ക്കും. മാർക്ക് കുറഞ്ഞു പൗരൻ തോറ്റുപോയാൽ അതായത് സോഷ്യൽ ക്രെഡിറ്റ് സ്‌കോർ കുറഞ്ഞു പോയാൽ, പിന്നെ അയാൾക്ക് വിമാനത്തിൽ പോകാനുള്ള ടിക്കറ്റ് കിട്ടില്ല, ട്രെയിനിൽ ഉയർന്ന ക്ലാസ്സിൽ പോകാനാവില്ല, നല്ല ഹോട്ടലുകളിൽ മുറി കിട്ടില്ല, ലോണെടുക്കാനാകില്ല, ക്രെഡിറ്റ് കാർഡ് കിട്ടില്ല, കുട്ടികളെ മുന്തിയ സ്‌കൂളുകളിൽ പഠിപ്പിക്കാനാകില്ല, വീട്ടിലെ ഇന്റർനെറ്റിന്റെ സ്പീഡ് കുറയ്ക്കും ഇതൊക്കെ പോരാഞ്ഞിട്ട് സോഷ്യൽ ക്രെഡിറ്റ് സ്‌കോർ കുറവുള്ളവരുടെ ചിത്രങ്ങളും,പേര് വിവരങ്ങളും സിനിമാ തീയ്യേറ്ററുകളിലും, പൊതുസ്ഥലത്തും പ്രദർശിപ്പിച്ചു സർക്കാർ ഇവരെ നാണം കെടുത്തുകയും ചെയ്യും.

പത്രപ്രവർത്തകനായ ലിയോ ഹൂ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് സോഷ്യൽ ക്രെഡിറ്റ് സ്‌കോർ കുറഞ്ഞു തനിക്ക് വിലക്ക് വന്ന വിവരം അറിഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ ഉത്തരം ലളിതം. ലിയോ ഹൂ ചെയ്ത ഒരു ട്വീറ്റ് സർക്കാരിനെതിരാണെന്ന് കോടതി കണ്ടത്തി മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. ലിയോ ഹൂ മാപ്പ് പറയുകയും ചെയ്തു. എന്നാൽ മാപ്പപേക്ഷ ആത്മാർത്ഥമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടില്ലത്രെ. അതോടെ ഒരു ട്വീറ്റിന്റെ പേരിൽ ലിയോ ഹൂ വിലക്കപ്പെട്ടവനായി. ശ്വാസം മുട്ടിക്കുന്ന സർക്കാർ നിയന്ത്രണങ്ങളിൽ ജീവിച്ചു ചിരപരിചിതരായ ചൈനക്കാർക്ക് പക്ഷെ ഈ ഭരണ പരിഷ്‌ക്കാരത്തോട് അത്രയെളുപ്പം പൊരുത്തപ്പെടാൻ ആയിട്ടില്ലെന്നാണ് ക്രെഡിറ്റ് സ്‌കോർ കുറഞ്ഞതിന് ശിക്ഷകൾ നേരിടുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത്. ഒരു കോടി ആളുകൾക്ക് ഈ നിയമത്തെത്തുടർന്ന് വിമാനടിക്കറ്റ് ലഭിക്കാതിരിക്കുകയും, 40 ലക്ഷം പേർക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാതിരിക്കുകയും ചെയ്തു. മറ്റ് ശിക്ഷകൾ കിട്ടിയവരും ഒട്ടനവധി. ക്രെഡിറ്റ് സ്‌കോർ കുറയുന്നവർക്ക് ഇനിയും കടുത്ത ശിക്ഷകൾ കൊണ്ടുവരാനാണ് ജിൻപിങ്ങിന്റെ സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.

18 കോടിയോളം ക്യാമറകൾ
സോഷ്യൽ ക്രെഡിറ്റ് സ്‌കോറിന്റെ കഠിന നിയന്ത്രണങ്ങൾക്കും പുറകെയാണ് ഭരണകൂടത്തിന്റെ പൊതു നിരീക്ഷണ സംവിധാനമായ 'മാസ് സർവെയലൻസ് സിസ്റ്റം' ത്തിന്റെ (Mass surveillance system) വരവ്. 18 കോടിയോളം ക്യാമറകളാണ് പൊതുജനങ്ങളെ നിരീക്ഷിക്കാൻ ഭരണകൂടം വെച്ചിരിക്കുന്നത്. 2020 ആകുമ്പോഴേക്കും 40 കോടി ക്യാമറകൾ കൂടി സ്ഥാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ക്യാമറകൾ എല്ലാം വ്യക്തികളുടെ മുഖം തിരിച്ചറിയാൻ (face recognition) കഴിയുന്നവയാണ്. സ്‌കൈ നെറ്റ് (Sky net) എന്നറിയപ്പെടുന്ന ഈ സിസ്റ്റം വഴി തെരുവിൽ നടന്നു പോകുന്ന ഓരോരുത്തരെയും ക്യാമറകൾ മുഖം സ്‌കാൻ ചെയ്ത് പേര്, വിവരങ്ങൾ മനസ്സിലാക്കുന്നു. സംശയം തോന്നിയവരെ പൊലീസിന് റിപ്പോർട്ട് ചെയ്യുന്നു. റോഡുകളിൽ സീബ്രാ ലൈൻ ഇല്ലാത്തയിടത്ത് മുറിച്ചു കടക്കുകയോ, ജേ വോക്കിങ് ചെയ്യുകയോ ചെയ്താൽ പിഴയടക്കണം. ലിഫ്റ്റിൽ, വഴിയിൽ, കെട്ടിടങ്ങൾക്കുള്ളിൽ എല്ലായിടത്തും ക്യാമറയാണ്. സ്വകാര്യത എന്ന അവകാശം ചൈനീസ് പൗരന് ഭരണകൂടം അനുവദിക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ തളിർത്ത് 'അറബ് വസന്തം'(അൃമയ ടുൃശിഴ) പൊട്ടിവിരിഞ്ഞ കാഴ്‌ച്ച ചൈനീസ് ഭരണകൂടത്തെ കൂടുതൽ ജാഗരൂകരാക്കിയിരിക്കുന്നു. 2010ൽ ലോകത്തെ ഏറ്റവും വലിയ സേർച്ച് എഞ്ചിൻ ആയ 'ഗൂഗിൾ' ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം ചൈനയിലെ സേവനം അവസാനിപ്പിച്ചു. എല്ലാ കൊല്ലവും ടിയാന്മെൻ വാർഷികദിനം അടുക്കുമ്പോൾ ചൈനയിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ 'ബൈഡു'വിൽ (Baidu) 'ടിയാന്മെൻ' എന്ന പദം സെർച്ച് ചെയ്യുന്നവർക്ക് ഒരുത്തരവും ലഭിക്കാറില്ല. ആഗോള ടെക് ഭീമനായ ആപ്പിൾ പോലും ചൈനയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുകുത്തി VPN ആപ്പുകൾ അടക്കം 25,000 ആപ്പുകളെ തങ്ങളുടെ ചൈനീസ് സ്റ്റോറിൽ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. ജനങ്ങളുടെ സോഷ്യൽമീഡിയയിലെ ഓരോ പോസ്റ്റും, ഓരോ ട്വീറ്റും, ഇന്ന് ചൈനയിൽ ഭരണകൂടം വായിച്ചു വിലയിരുത്തുന്നു. അതിര് കടക്കുന്നവർ ശിക്ഷിക്കപ്പെടുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം ഒരു വർഷത്തിൽ ചൈന വധശിക്ഷക്ക് വിധേയരാക്കുന്നത് ആയിരത്തിൽ അധികം പേരെയാണ്. അതിൽ ഭരണകൂട ഭീകരക്കെതിരെ ശബ്ദമുയർത്തിയവരും, ജനാധിപത്യ മൂല്യങ്ങൾക്കായി നില കൊണ്ടവരും ഉൾപ്പെടും. ഭരണകൂടം ഏർപ്പെടുത്തുന്ന കഠിനമായ നിയന്ത്രണങ്ങളും, ശിക്ഷകളും പൊതുസമൂഹത്തിൽ ഉളവാക്കുന്ന ഭയം തങ്ങളുടെ പൗരന്മാരെ ക്രെഡിറ്റ് സ്‌കോർ കുറയാതെ, അനുസരണയോടെ, നല്ല കുട്ടികളായി ജീവിക്കാൻ പ്രേരിപ്പിക്കുമെന്ന് ചൈനീസ് ഭരണകൂടം കരുതുന്നു. പ്രധാനമന്ത്രിയെയും, രാഷ്ട്രപതിയെയും വരെ വിമർശിച്ച് ഈ ഇന്ത്യാമഹാരാജ്യത്ത് ജീവിക്കുന്ന നമ്മൾ ചൈനയിലെ അവസ്ഥയോട് സ്വയം താരതമ്യപ്പെടുത്തുമ്പോഴാണ് 'സ്വാതന്ത്ര്യം', 'ജനാധിപത്യം' എന്നീ വാക്കുകളുടെ അർത്ഥവും, വ്യാപ്തിയും എത്ര മഹത്തരമാണെന്ന് തിരിച്ചറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP