Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശാസ്ത്രീയമായ രീതിയിൽ ചതുപ്പുള്ള ഭാഗത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടം ഒടുവിൽ ഇടിഞ്ഞു താണു; അപകടാവസ്ഥ കാട്ടി മാതാപിതാക്കൾ നടത്തിയ സമരത്തിന് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പുല്ലു വില; ക്ലാസ് നടക്കുന്നതിനിടെ തറ ഇടിയുന്നത് കണ്ട് ഇറങ്ങിയോടി വിദ്യാർത്ഥികൾ;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അശാസ്ത്രീയമായ രീതിയിൽ ചതുപ്പുള്ള ഭാഗത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടം ഒടുവിൽ ഇടിഞ്ഞു താണു; അപകടാവസ്ഥ കാട്ടി മാതാപിതാക്കൾ നടത്തിയ സമരത്തിന് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പുല്ലു വില; ക്ലാസ് നടക്കുന്നതിനിടെ തറ ഇടിയുന്നത് കണ്ട് ഇറങ്ങിയോടി വിദ്യാർത്ഥികൾ;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ചതുപ്പ് നിലത്തിൽ നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമ്മാണം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പലതവണ സമരം ചെയ്തിട്ടും മാനേജ്‌മെമെന്റ് ചെവികൊടുത്തില്ല. ഭൂകമ്പത്തിന് സമാനമായി തിരൂർ എം.ഇ.എസ് കെട്ടിടം ഒടുവിൽ ഇടിഞ്ഞുതാഴ്ന്നു.ഇന്ന് ക്ലാസ് നടന്നു കൊണ്ടിരിക്കെയാണ് തിരൂർ എംഇഎസ് സ്‌കൂളിലെ ക്ലാസ് മുറികൾ ഇടിഞ്ഞു താഴ്ന്നത്.ഇതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി. രാവിലെ ക്ലാസ് നടന്നു കൊണ്ടിരിക്കെ തിരൂർ എംഇഎസ് സെൻട്രൽ സ്‌കൂളിലെ ഏതാനും ക്ലാസ് മുറികളാണ് താഴ്ന്നത്. ഒന്നര മീറ്ററോളം അടിയിലേക്കാണ് ഭീതിജനകമായ രീതിയിൽ താഴ്ന്നത്.

ബെഞ്ചിൽ ഇരുന്നിരുന്ന കുട്ടികളോടൊപ്പം താഴ്ന്നതോടെ ഭൂമികുലുക്കമാണെന്ന് ധരിച്ച് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു.പിൻബെഞ്ചിലെ കുട്ടികൾ ഓടുന്നത് കണ്ടതോടെ ബാക്കി കുട്ടികളെല്ലാം പിന്നാലെ ഓടി. സ്‌കൂൾ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന ആറാം ക്ലാസിലെ മുറികളാണ് ആശങ്കജനിപ്പിക്കുന്ന രൂപത്തിൽ താഴ്ന്നത്. തറ താഴുക മാത്രമല്ല, ഭിത്തികൾ പൊട്ടിയതായും കാണുന്നുണ്ട്. സ്‌കൂൾ അധികൃതർ ഓടിയെത്തി ക്ലാസിൽ നിന്ന് കുട്ടികളെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. 150 ഓളം കുട്ടികളാണ് ഈ ക്ലാസുകളിൽ പഠിച്ചിരുന്നത്.

തിരൂർ എംഇഎസ് സെൻട്രൽ സ്‌കൂളിലെ പ്രധാന രണ്ട് നില കെട്ടിടത്തിനൊഴികെ നഗരസഭയുടെ അംഗീകാരമില്ലെന്നതാണ് സത്യം. ഇപ്പോൾ തറതാഴ്ന്നുപോയ കെട്ടിടത്തിനും നഗരസഭ ഇതുവരെ നമ്പർ നൽകിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. നാലുവർഷം മുൻപ് രക്ഷിതാക്കളുടെ പരാതിയിൽ 25 ഓളം ക്ലാസുകൾ നടന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് ആർഡിഒ അടച്ചുപൂട്ടിയിരുന്നു. അതിനടുത്തുള്ള കെട്ടിടമാണ് ഇപ്പോൾ വീണ്ടും അപകട ഭീഷണിയിലായിരിക്കുന്നത്. അനുവാദം വാങ്ങാതെ ഏറെ കെട്ടിടങ്ങൾ നിർമ്മിച്ച എംഇഎസ് സ്‌കൂളിനെതിരെ നഗരസഭയിലും ആർഡിഒക്കും മുമ്പിലും നിരവധി പരാതികളുണ്ട്. അതിനിടയിലാണ് കെട്ടിടത്തിലെ ക്ലാസുകൾ താഴ്ന്നത്.

ചെറിയ കുട്ടികൾ പഠിക്കുന്ന ക്ലാസിലെ തറ താഴ്ന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ നിലയിലെ ക്ലാസുകളെല്ലാം അടച്ചുപൂട്ടാനും വിദഗ്ധ എൻജിനിയർമാരുടെ പരിശോധനക്കു ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാനും രക്ഷിതാക്കളും സ്‌കൂൾ കമ്മിറ്റിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി. ക്ലാസ് മുറികൾ താഴ്ന്ന വിവരമറിഞ്ഞ് നഗരസഭാധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എംഇഎസ് സെൻട്രൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നിരന്തരം പരാതികൾ ഉന്നയിച്ചിരുന്നു. 2014ൽ നഗരസഭ പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയ കാര്യം മറച്ചുവെച്ച് കെട്ടിടത്തിൽ ക്ലാസുകൾ നടത്തിയപ്പോഴാണ് രക്ഷിതാക്കളിൽ ചിലർ ആർഡിഒ മുമ്പാകെ പരാതി നൽകിയത്.

ആർഡിഒ പരാതി തൃശൂർ ഗവ. എൻജിനിയറിങ് കോളജിലെ സിവിൽ ഡിപ്പാർട്ട്മെന്റിന് കൈമാറുകയും അഞ്ചംഗ വിദഗ്ധ സമിതി പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൂട്ടുകയുമായിരുന്നു. വേണ്ടത്ര പൈലിങ് നടത്താതെ ചതുപ്പ് നിലത്ത് കെട്ടിടം നിർമ്മിച്ചതാണ് അപകടാവസ്ഥയിലാവാൻ കാരണമെന്നാണ് തൃശൂർ എൻജിനിയറിങ് കോളജിലെ വിദഗ്ദ്ധർ കണ്ടെത്തിയിരുന്നത്. സിൽവർ ജൂബിലി കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കിടയിൽ ആശങ്കയുണ്ടായിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെ തന്നെ രക്ഷിതാക്കൾ സ്‌കൂളിലെത്തുകയും കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക സ്‌കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കൂളിലെ കെട്ടിടങ്ങളുടെയെല്ലാം സുരക്ഷാ പരിശോധന അടിയന്തിരമായി നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവർ അംഗീകരിച്ചിട്ടുണ്ട്. 3000 ഓളം കുട്ടികൾ പഠിക്കുന്ന എംഇഎസ് സെൻട്രൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മ വലിയ പ്രശ്നമായി വരും നാളുകളിൽ ഉയരുമെന്ന സ്ഥിതിയാണുള്ളത്. തകർന്ന ക്ലാസ് മുറികൾ ആരുമറിയാതെ കോൺക്രീറ്റ് ചെയ്ത് ശരിയാക്കാനുള്ള സ്‌കൂൾ അധികൃതരുടെ ശ്രമം ഇതിനിടെ വിവാദമായി. രക്ഷിതാക്കളും നഗരസഭയും ഇടപെട്ട് സ്‌കൂൾ അധികൃതരുടെ ഈ ശ്രമം തടയുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP