Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരിക്ക് കേന്ദ്രം കാശ് ചോദിച്ചെന്ന് പറഞ്ഞ് ബഹളം വച്ചവരൊക്കെ എവിടെ? അരിയെത്തി ആഴ്ചകളായിട്ടും എടുക്കാതെ കേരളം; ഇനിയും വൈകിയാൽ അരി ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വിടുമെന്ന് കാണിച്ച് എഫ് സി ഐ; ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 14 ഡിപ്പോകളിൽ നിന്നും ഒരു കിലോ അരി പോലും എടുക്കാതെ സർക്കാർ ഉദ്യോഗസ്ഥർ

അരിക്ക് കേന്ദ്രം കാശ് ചോദിച്ചെന്ന് പറഞ്ഞ് ബഹളം വച്ചവരൊക്കെ എവിടെ? അരിയെത്തി ആഴ്ചകളായിട്ടും എടുക്കാതെ കേരളം; ഇനിയും വൈകിയാൽ അരി ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വിടുമെന്ന് കാണിച്ച് എഫ് സി ഐ; ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 14 ഡിപ്പോകളിൽ നിന്നും ഒരു കിലോ അരി പോലും എടുക്കാതെ സർക്കാർ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതി പരിഗണിച്ചു കേന്ദ്രസർക്കാർ അധികമായി അനുവദിച്ചു നൽകിയത് 89,540 ടൺ അരിയായിരുന്നു. ഇതിന് കേന്ദ്രം കാശു ചോദിച്ചെന്ന വലിയ ആരോപണം തന്നെ ചർച്ചയായി. ഇതോടെ അരി ഫ്രീയാണെന്നും കേന്ദ്രത്തിന്റെ ദുരിതാശ്വാസ പാക്കേജിനൊപ്പം ഈ തുകയും വകകൊള്ളിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം വിശദീകരണം നൽകുകയും ചെയ്തു. ഇതിനായി കേന്ദ്ര മന്ത്രിമാർക്ക് മുന്നിൽ സമ്മർദ്ദം ചെലുത്താൻ മന്ത്രിമാരും എംപിമാരും ഉണ്ടായി. ഇതോടെ റേഷൻ അരി കേരളത്തിൽ എത്തി. എന്നാൽ ദുരന്തബാധിതർക്ക് അടിയന്തരമായി വേണമെന്നാവശ്യപ്പെട്ടെത്തിച്ച അകി മൂന്നാഴ്ചയായിട്ടും ഏറ്റെടുക്കാതെ കേരളം.

ആവർത്തിച്ച് അറിയിച്ചിട്ടും മിക്ക ജില്ലകളിലും സപ്ലൈ ഓഫിസർമാർ ഗോഡൗണുകളിൽനിന്ന് അരി ഏറ്റെടുക്കുന്നില്ലെന്നു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) കേരള ജനറൽ മാനേജർ എസ്.കെ.യാദവ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. എഫ്‌സിഐയുടെ 22 ഡിപ്പോകളിൽ 14 സ്ഥലത്തുനിന്ന് ഒരു കിലോ അരി പോലും ഏറ്റെടുത്തിട്ടില്ല. 19 ന് അകം ഏറ്റെടുത്തില്ലെങ്കിൽ അധിക അരി സംസ്ഥാനത്തിനു നഷ്ടമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. കേരളത്തിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയായിരുന്നു എല്ലാത്തിനും കാരണം. അരിക്ക് കാശ് ചോദിച്ചതിന്റെ പേരിൽ വിവാദത്തിന് ഇറങ്ങിയ സോഷ്യൽ മീഡിയയിലെ സൈബർ സഖാക്കളും ഈ പ്രശ്‌നത്തെ കുറിച്ച് മിണ്ടുന്നില്ല.

അതിനിടെ എഫ്‌സിഐയുടെ മുന്നറിയിപ്പിനെത്തുടർന്ന് അരി ഉടൻ ഏറ്റെടുക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ടി.എൽ.റെഡ്ഡി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഇനി സമയം നീട്ടിക്കിട്ടില്ലെന്ന് ഓർമിപ്പിച്ച അദ്ദേഹം, ഇല്ലെങ്കിൽ നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഇടാക്കുമെന്ന മുന്നറിയിപ്പും നൽകി. അതായത് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിൽ ഏകോപനമൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അരിക്കായി വലിയ സമ്മർദ്ദവും കേന്ദ്രത്തിൽ കേരളം ചെലുത്തിയിരുന്നു. ക്യാമ്പുകളിൽ കിടന്ന ശേഷം വീട്ടിലേക്ക് മടങ്ങിയ പലരുടേയും സ്ഥിതി ദയനീയമാണ്. അവർക്ക് വേണ്ടിയാണ് അരി ചോദിച്ചതും കേന്ദ്രം അനുവദിച്ചതും.

പ്രളയക്കെടുതിയിൽവലയുന്ന കേരളത്തിന് സൗജന്യ അരി നൽകാനാവില്ലെന്ന നിലപാട് ഏറെ വിവാദങ്ങളുണ്ടാക്കി. ഇതോടെ തീരുമാനം കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തി. കേരളം ഒരുലക്ഷത്തി പതിനെണ്ണായിരം ടൺ അരി സൗജന്യമായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. പകരം എൺപത്തി ഒൻപതിനായിരം ടൺ അരി നൽകാൻ കേന്ദ്രസർക്കാർ സമ്മതിച്ചു. ഒരു കിലോയ്ക്ക് 25 രൂപനിരക്കിൽ 28 കോടി രൂപ നൽകണമെന്നും നിർദ്ദേശിച്ചു. ഇത് വിവാദമായതോടെയാണ് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ വിശദീകരണവുമായി എത്തിയത്. ഇത്തരത്തിൽ അനുവദിച്ചെടുത്ത അരിയാണ് കേരളം എടുക്കാത്തതു കാരണം ഗോഡൗണിൽ കിടന്ന് നശിക്കുന്നത്.

89540 മെട്രിക്ക് ടൺ അരി വിപണി താങ്ങുവിലയ്ക്ക് അനുവദിച്ചാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി കത്ത് നൽകിയത്. അരി എം.എസ്‌പി. നിരക്ക് കിലോ 25 രൂപയുള്ള അവസരത്തിൽ 89540 മെട്രിക്ക് ടൺ അരിക്ക് 223 കോടി രൂപ കേരളം നൽകേണ്ടി വരുമായിരുന്നു. ഇത്രയും രൂപ വിലയുള്ള അരിയാണ് കേരളത്തിന്റെ അനാസ്ഥ കാരണം നശിക്കുന്നത്. ഇപ്പോൾ പണം നൽകാതെ കേരളത്തിന് 30 ദിവസത്തിനുള്ളിൽ അരി എഫ്‌സിഐയിൽനിന്ന് സ്വീകരിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനായി എത്തിച്ച അരിയാണ് കേരളം എടുക്കാൻ മടിക്കുന്നത്. ഇത് സർക്കാരും അറിഞ്ഞിരുന്നില്ല. എഫ് സി ഐയുടെ ഇടപെടൽ മൂലമാണ് ഇത് പുറത്തായത്. ഇതോടെയാണ് മന്ത്രി നാണക്കേട് ഒഴിവാക്കാൻ അടിയന്തര ഇടപെടൽ നടത്തിയത്.

പ്രളയദുരന്തത്തിൽ സംസ്ഥാനത്തിനു 40,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചിരുന്നു. കേന്ദ്ര മാനദണ്ഡപ്രകാരം 4796.35 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ചു തയാറാക്കിയ നിവേദനം കേന്ദ്രത്തിനു കൈമാറുകയും ചെയ്തു. ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കുമുള്ള നഷ്ടം ഇനിയും കണക്കാക്കേണ്ടതുണ്ടെന്നും മരാമത്ത്, വിദ്യാഭ്യാസ, കൃഷി മേഖലകളിലും വീടുകൾക്കുമുണ്ടായ നഷ്ടം വിലയിരുത്തിയാണു 40,000 കോടി എന്നു കണക്കാക്കിയതെന്നും ജയരാജൻ അറിയിച്ചു. മരിച്ചവർ, തകർന്ന വീടുകൾ, കൃഷിനാശം, ആടുമാടുകളുടെയും പക്ഷി മൃഗാദികളുടെയും നാശനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിലാണു 4796.35 കോടിയുടെ സഹായം അഭ്യർത്ഥിക്കുന്നത്. ഇത്തരം സഹായങ്ങൾ കേന്ദ്രം അനുവദിച്ച് കിട്ടണമെങ്കിൽ അതിന് കരുതലോടെ ഇടപെടൽ നടത്തണം. അതുകൊണ്ടാണ് അരി ഏറ്റെടുക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയും ചർച്ചയാകുന്നത്.

കേരളം കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം 29നു സംസ്ഥാനത്ത് എത്തും. നേരത്തേ ദുരന്തം വിലയിരുത്താൻ ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. ദുരന്തത്തിന്റെ ഗൗരവം പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറി നേരിട്ട് എത്തുന്നത്. ഇതിനു പുറമെ, യഥാർഥ നഷ്ടം സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. അവ ക്രോഡീകരിച്ചു വൈകാതെ കേന്ദ്രത്തിനു വിശദ നിവേദനം സമർപ്പിക്കും. ഇങ്ങനെ കേന്ദ്രത്തിൽ നിന്ന് കൂടതൽ സഹായം പ്രതീക്ഷിക്കുമ്പോഴാണ് അനുവദിച്ച് കിട്ടിയ അരി പോലും എടുക്കാതെ ഇതെല്ലാം അട്ടിമറിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP