Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാധ്യമശ്രദ്ധ മുഴുവൻ ഇടതു എംഎൽഎ പി വി അൻവറിലായപ്പോൾ കക്കാടംപൊയിലിൽ നൂറ് കണക്കിന് നിയമലംഘനങ്ങൾ; കൈയേറ്റവും അനധികൃത തടയണകളും റിസോർട്ടു നിർമ്മാണവും തകൃതി; തട്ടിപ്പുകാരിൽ പി വി അബ്ദുൾ വഹാബ് എംപിയും ക്വാറി ഭീമന്മാരായ തൊമരക്കാട്ടിൽ ഗ്രൂപ്പും മുൻകാല നക്‌സലുകളും വരെ; ജണ്ട നിർമ്മാണത്തിന്റെ പേരിൽ ഒരുചാക്ക് സമന്റിന് 10000 രൂപ ബില്ലെഴുതി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൊള്ളയും

മാധ്യമശ്രദ്ധ മുഴുവൻ ഇടതു എംഎൽഎ പി വി അൻവറിലായപ്പോൾ കക്കാടംപൊയിലിൽ നൂറ് കണക്കിന് നിയമലംഘനങ്ങൾ; കൈയേറ്റവും അനധികൃത തടയണകളും റിസോർട്ടു നിർമ്മാണവും തകൃതി; തട്ടിപ്പുകാരിൽ പി വി അബ്ദുൾ വഹാബ് എംപിയും ക്വാറി ഭീമന്മാരായ തൊമരക്കാട്ടിൽ ഗ്രൂപ്പും മുൻകാല നക്‌സലുകളും വരെ; ജണ്ട നിർമ്മാണത്തിന്റെ പേരിൽ ഒരുചാക്ക് സമന്റിന് 10000 രൂപ ബില്ലെഴുതി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൊള്ളയും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ചാലിയാർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായാണ് കക്കാടംപൊയിലും സമീപപ്രദേശങ്ങളും നിലകൊള്ളുന്നത്. പിവി അൻവർ നിലമ്പൂരിൽ എംഎൽഎ ആയതിന് ശേഷമാണ് കക്കാടംപൊയിൽ എന്ന സുന്ദരമായ പ്രദേശം വാർത്തകളിൽ ഇടം നേടാൻ തുടങ്ങിയ്. അത് പിവി അൻവർ കക്കാടംപൊയിലിൽ നടത്തിയ നിയമംലഘനങ്ങളുടെയും കയ്യേറ്റങ്ങളുടെയും അനധികൃത നിർമ്മാണങ്ങളുടെയും പേരിലായിരുന്നു. എന്നാൽ ചർച്ചകളെല്ലാം അൻവറിന്റെ പാർക്കിനെയും ചീങ്കണ്ണിപ്പാലിയിലെ അദ്ദേഹത്തിന്റെ അനധികൃത തടയണയെയും ചുറ്റിപ്പറ്റിയായപ്പോൾ ഇതിന്റെ മറവിൽ റിസോർട്ട് മാഫിയ കയ്യേറിയത് ഏക്കറുകണക്കിന് ഭൂമിയാണ്.

റിസോർട്ടുകളും, ഫാമുകളും അടക്കം നിരവധി അനധികൃത നിർമ്മാണങ്ങളാണ് ഇവിടെ നടന്നത്. ചീങ്കണ്ണിപ്പാലിയിലെ അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയുടെ മാതൃകയിൽ അതിനേക്കാൾ ഭീഷണി സൃഷ്ടിക്കുന്ന രണ്ട് അനധികൃത തടയണും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. പി വി അബ്ദുൽ വഹാബ് എംപി മുതൽ തൊമരക്കാട്ടിൽ ഗ്രൂപ്പിനെപോലുള്ള വൻകിട ക്വാറിമാഫിയയും പഴയ നക്സലൈറ്റ് പ്രവർത്തകരാണെന്ന് അവകാശപ്പെടുന്നവരും പെടുന്നു ഈ തട്ടിപ്പുകൾ നടത്തിയവരിൽ. ഇതിനെല്ലാം പുറമെ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന തട്ടിപ്പുകൾ വേറെയും. 

വൻകിടക്കാർ വഴി അനധികൃത തടയണകൾ

പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്ത് നിർമ്മിച്ച അനധികൃത തടയണമാത്രമാണ് ഇതുവരെ ചർച്ചകളിൽ വന്നിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ വലുതും ഭീഷണിയുള്ളതുമായ രണ്ട് അനധികൃത തടയണകൾ കൂടിയുണ്ട് കക്കാടംപൊയിലിൽ. ഇവ രണ്ടും നിലകൊള്ളുന്നത് മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ്. ഒന്ന് കാഞ്ഞിരാല എസ്റ്റേറ്റിനകത്തും മറ്റൊന്ന് പൊട്ടാണിക്കാട് ആദിവാസി കോളനിക്ക് മുകളിലും. കാഞ്ഞിരാല എസ്റ്റേറ്റ് പി വി അബ്ദുൽ വഹാബ് എംപിയുടെ ബിനാമിയുടേതാണ്. കാഞ്ഞിരാല കുഞ്ഞു എന്ന കോൺട്രാക്ടറാണ് കടലാസുകളിൽ ഇതിന്റെ ഉടമ. മോഹൻലാലിന് ആന്റണി പെരുമ്പാവൂർ പോലെയാണ് പിവി അബ്ദുൽ വഹാബ് എംപിയുടെ ബിസിനസ് കാര്യങ്ങളിൽ കാഞ്ഞിരാല കുഞ്ഞു. 35 ഏക്കർ സ്ഥലത്താണ് കാഞ്ഞിരാല എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.

ഇതിന്റെ നടുവിലായാണ് തടയണ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രൻ എന്ന ആദിവാസി യുവാവും കുടുംബവുമാണ് ഇവിടെ ജോലിക്കാരായുള്ളത്. കോഴിഫാമിന്റെ മറവിലാണ് ഇവിടെ തടയണ നിർമ്മിച്ചിരിക്കുന്നത് പുറത്ത് നിന്നാരെയും ഇങ്ങോട്ട് കയറ്റിവിടാറില്ല. ഈ വാർത്തക്ക് വേണ്ടി അനധികൃതമായി ഈ എസ്്റ്റേറ്റിനകത്തേക്ക് കയറി അരമണക്കൂർ പിന്നിടും മുമ്പ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണനും സ്ഥലത്തെ പ്രധാന ദല്ലാളുമായ ജോണിപുല്ലന്താനവും സ്ഥലത്തെത്തിയിട്ടുണ്ട് ആരോട് ചോദിച്ചാണ് ഇതിനകത്ത് കയറിയത് എന്നാണ് ഇവർ ചോദിച്ചത്. പിന്നീട് ഭീഷണിയും. ഇതിൽ നിന്ന് തന്നെ ഉറപ്പിക്കാം വേണ്ടപ്പെട്ടർ എത്രജാഗ്രതയോടെയാണ് ഈ നിർമ്മാണങ്ങൾക്ക് കുടപിടിക്കുന്നത് എന്ന്.

കക്കാടംപൊയിലിലെ മറ്റൊരു അനധികൃത തടയണയാണ് തൊമരക്കാട്ടിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളത്. മലബാറിലെ പ്രധാന കരിങ്കൽ ക്വാറി മാഫിയകളിൽ ഒന്നാണ് തൊമരക്കാട്ടിൽ ഗ്രൂപ്പ്. ഒരു പക്ഷെ കക്കാടംപൊയിലിൽ ഏറ്റവും വലിയ തോതിൽ മനുഷ്യജീവനുകൾക്ക് ഭീഷണിയുള്ള ഒരു നിർമ്മിതിയാണ് ഈ തടയണ. ഇതിന് താഴെയാണ് ഇരുപതിലധികം വീടുകളുള്ള പൊട്ടാണിക്കാട് ആദിവാസി കോളനി നിലകൊള്ളുന്നത്. അൻവറിന്റെയും കാഞ്ഞിരാല എസ്റ്റേറ്റിനകത്തുമുള്ളത് രേഖകളുള്ള ഭൂമിയാണെങ്കിൽ തൊമരക്കാട്ടിൽ ഗ്രൂപ്പിന്റെ 25 ഏക്കർ ഭൂമിക്ക് യാതൊരു രേഖകളുമില്ല. ഇവിടെയിപ്പോൾ റിസോർട്ട് പണിയും തകൃതിയായി നടക്കുന്നു. നേരത്തെ സമീപത്തുള്ള ആദിവാസി കോളനിയിലുള്ളവർ തടയണയുടെ പേരിൽ തൊമരക്കാട്ടിൽ ഗ്രൂപ്പിന്റെ തൊഴിലാളികളുമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നെങ്കിലും പ്രതിഷേധിച്ച എല്ലാവരെയും അവർ ഒതുക്കി.

കൂണു പോലെ പൊങ്ങുന്ന റിസോർട്ടുകൾ

അൻവറിന്റേതല്ലാത്ത ചെറുതും വലുതുമായ നിരവധി റിസോർട്ടുകളാണ് കക്കാടംപൊയിലിലുള്ളത്. എല്ലാം അതീവ പരിസ്ഥിതി ലോല പ്രദേശത്ത് എല്ലാവിധ നിയമങ്ങളും കാറ്റിൽ പറത്തി നിർമ്മിച്ചത്. സത്വ, ഓക്സി മൗണ്ട്, കക്കാടംപൊയിൽ റിസോർട്സ്, മരിയ പാരഡൈസ് തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഈ പ്രളയ കാലത്ത് കക്കാടംപൊയിൽ റിസോർട്ടിന്റെ ചുറ്റുമായി ആറിടത്താണ് ഉരുൾപൊട്ടിയത്. മാധ്യമങ്ങളെല്ലാം അൻവറിന്റെ പാർക്കിന് പിന്നാലെ പോയ തക്കംനോക്കി റിസോർട്ടുടമകൾ അതെല്ലാം കല്ലും മണ്ണും ഉപയോഗിച്ച് കെട്ടി. സത്വയാണ് കക്കാടംപൊയിലിലെ നിലവിലുള്ളതിൽ വെച്ച് വലുത്.

യോഗയും ആയുർവേദ ട്രീറ്റ്മെന്റുമാണ് ഇവിടെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. പഴയ നക്സലൈറ്റ് പ്രവർത്തകനാണ് താനെന്നാണ് ഇതിന്റെ ഉടമ അബൂബക്കർ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. പണ്ട് നക്സലൈറ്റോ കമ്മ്യൂണിസ്റ്റോ ഒക്കെ ആയിരുന്നെങ്കിൽപോലും ഇപ്പോൾ ഇയാളേക്കാൾ വലിയ ബൂർഷ്വ ഈ പ്രദേശത്തില്ല. വനഭൂമിയോട് ചേർന്ന് നിൽക്കുന്ന പ്രദേശത്താണ് സത്വയുടെ നിർമ്മാണങ്ങളെല്ലാം. സത്വയുടെ അതിർത്തികളിലുണ്ടായിരുന്ന വനത്തിന് അതിരിട്ട ജണ്ടകൾ പലതുമിപ്പോൾ സത്വക്ക് അകത്താണ്. ഇതാണ് പഴയ നക്സലൈറ്റുകാരന്റെ പാരിസ്ഥിതിക, സാമൂഹിക ബോധം. ഇനിയുമുണ്ടേറെ. വനത്തിനകത്ത് കാടുകുലുക്കുന്ന ശബ്ദത്തിൽ പാട്ടിട്ട് കഞ്ചാവ് വലിക്കാർക്ക് മാത്രമായുള്ള നിലമ്പൂരുകാരൻ ബിജുമാഷിന്റെ മരിയ പാരഡൈസ്, ഓക്സിമൗണ്ട് തുടങ്ങി നിരവധിയെണ്ണം.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തട്ടിപ്പുകൾ

ഫോറസ്റ്റ് ഉദ്യോസ്ഥരുടെ പ്രധാന തട്ടിപ്പുകളിലൊന്നാണ് ജണ്ട നിർമ്മാണം. കണ്ണിൽ കണ്ട ഇടങ്ങളിലൊക്കെ ജണ്ട നിർമ്മച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈക്കലാക്കിയത് കോടികളാണ്. ഒരുചാക്ക് സിമന്റും ഒരുകൊട്ട മണലും നാല് കല്ലും ആവശ്യമുള്ള ഒരു ജണ്ടക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ എസറ്റിമേറ്റിട്ടത് 13000 രൂപയാണ്. ഇത്തരത്തിൽ 200 ജണ്ടകളാണ് കക്കാടംപൊയിലിൽ ഈ കാലത്ത് നിർമ്മിച്ചിട്ടുള്ളത്. അതിൽ പലതും നിർമ്മിച്ചിട്ടുള്ളത് വനത്തിനകത്തൂടെ ഒഴുകുന്ന പുഴയെയും കരഭൂമിയെയും വേർതിരിച്ചുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP