Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കുന്നു; എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല; നിയമസഭയെ പാതാളത്തോട് ഉപമിച്ച് പാതാളത്തെ അപമാനിക്കരുത്; മാണിയുടെ ബജറ്റ് പ്രസംഗത്തിലെ ഇടത് വീരഗാഥകൾ ആരും മറന്നിട്ടില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി പി.സി ജോർജ്

സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കുന്നു; എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല; നിയമസഭയെ പാതാളത്തോട് ഉപമിച്ച് പാതാളത്തെ അപമാനിക്കരുത്; മാണിയുടെ ബജറ്റ് പ്രസംഗത്തിലെ ഇടത് വീരഗാഥകൾ ആരും മറന്നിട്ടില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി പി.സി ജോർജ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശത്തിന് മറുപടിയുമായി പി.സി ജോർജ് എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നിയമസഭയുടെ അന്തസ് പി.സി. ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്‌ത്തിയെന്ന സ്പീക്കറുടെ പരാമർശത്തിനാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ മറുപടി നൽകിയിരിക്കുന്നത്. കാൽ നൂറ്റാണ്ടു കാലമാകുന്ന തന്റെ നിയമസഭാ പ്രവർത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് സ്പീക്കറുടെ പ്രസ്താവനയെന്നാണ് ജോർജിന്റെ അവകാശവാദം.

ഇതിന് കാരണമായി ജോർജ് ചൂണ്ടിക്കാട്ടുന്നത് സ്‌കൂൾ പഠന കാലത്ത് അദ്ധ്യാപകൻ പകർന്ന അറിവാണ്. പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്കാണ് ചവിട്ടിത്താഴ്‌ത്തിയതെന്ന് ജോർജ് ഓർമ്മിപ്പിക്കുന്നു. 'സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല. ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടെ എന്ന വിഡ്ഢിത്തത്തിൽ നിന്നാണ് അവരൊക്കെ അങ്ങനെ പറയുന്നത്' - അദ്ധ്യാപകന്റെ വാക്കുകൾ ജോർജ് പോസ്റ്റിൽ കുറിക്കുന്നു.

താനൊരു ഗ്രാമീണനായ പൂഞ്ഞാറുകാരനാണെന്ന് പറയുന്ന ജോർജ് നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു. കെ.എം മാണി നിയസഭയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇടത് എംഎ‍ൽഎമാർ സ്പീക്കറുടെ കസേരയോട് കാണിച്ച 'അത്യാദരവ്' വിസ്മരിച്ചിട്ടില്ലല്ലോ എന്നും ജോർജ് പരിഹസിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയ സാഹചര്യത്തിലായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പി.സി ജോർജിനെതിരെ പ്രസ്താവന നടത്തിയത്. മോശമായ പദപ്രയോഗം പിൻവലിക്കുന്നതായി പി.സി ജോർജ് പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

പി.സി ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


ബഹു.സ്പീക്കർ,
എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.
കാരണം കാൽ നൂറ്റാണ്ടു കാലമാകുന്ന എന്റെ നിയമസഭാ പ്രവർത്തനം ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്‌ത്തി എന്ന അങ്ങയുടെ പരാമർശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്.
അങ്ങയുടെ ആ പരാമർശനം ഇന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.

എന്നെയും കൂട്ടുകാരെയും സ്‌ക്‌ളിൽ മലയാളം പഠിപ്പിച്ചത് എടത്തിൽ സാറായിരുന്നു.
ഗ്രാമീണനായ തനി സാത്വികൻ. ഒരു ദിവസം ക്‌ളാസ് മുറിയാകെ അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് ഞാൻ കൂട്ടുകാരോട് വിളിച്ചു പറഞ്ഞു ''ഇതാകെ പാതാളംപോല ആയല്ലോടാ ഉവ്വേ'' എന്ന്.
ഇത് കേട്ടുകൊണ്ടാണ് എടത്തിൽ സാർ ക്‌ളാസ് മുറിയിലേക്ക് കയറി വന്നത്, വന്നയുടൻ സാർ എന്നോട് ചോദിച്ചു ''എന്നതാടാ കുഞ്ഞുമോനേ പാതാളം?'
ഞാൻ: ''അല്ല സാറെ ഈ ക്‌ളാസ് മുറിയാകെ കുളമായിക്കിടക്കുന്നത് കണ്ടോട് പറഞ്ഞതാ''
ഇത് കേട്ട് സാറ് മേശപ്പുറത്ത് കയറിയിരുന്നു. എന്നിട്ട് പറഞ്ഞു ''സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്.
വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടേന്നൊക്കെയുള്ള വിഡ്ഢിത്തത്തിൽ നിന്നാണ് അവരൊക്കെയങ്ങനെ പറയുന്നത്''.

അദ്ദേഹം തുടർന്നു..''ഈശ്വരന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ ജന്മങ്ങളിലൊന്നായിരുന്നു മഹാബലി ചക്രവർത്തിയുടേത്. സത്യം,ധർമ്മം, നീതിബോധം, വ്യക്തിശുദ്ധി എന്നിവകൊണ്ട് ദേവന്മാൻക്ക് പോലും അസൂയ തോന്നിയ അസുരൻ. മഹാബലി ജീവിച്ചിരുന്നാൽ ദേവന്മാരെ ആരും മൈൻഡ് ചെയ്യില്ലെന്ന നിലയായി. ഇവരെല്ലാം കൂടി മഹാവിഷ്ണുവിന്റടുത്ത് സങ്കടവുമായി ചെന്നു. മഹാബലിയെ വധിക്കണം. ദേവലോകത്തെ രക്ഷിക്കണം അതായിരുന്നു ആവശ്യം''

''എന്നിട്ട് മഹാബലിയെ വിഷ്ണു കൊന്നോ സാറേ''ഏന്റെ ആത്മമിത്രം വി.എ.സുൽത്താന്റെ ചോദ്യം.
സാർ തുടർന്നു..''കൊല്ലാനാവുമായിരുന്നില്ല. പകരം പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി. അതോടെ മഹാവിഷ്ണുവിന്റെ വാമനാവതാരം പൂർത്തിയായി.
അപ്പോൾ ഏറ്റവും ശ്രേഷ്ഠനായ മഹാബലിയെ ദേവപാദങ്ങളാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയത്. അതായത് നിത്യമോക്ഷത്തിലേക്ക്''

ഒന്ന് നിർത്തി എടത്തിൽ സാറ് പറഞ്ഞു ''ഈ പാതാളത്തെയും ഈ ചവിട്ടിത്താഴ്‌ത്തലിനെയുമാണ് ചില അൽപ്പജ്ഞാനികൾ വേണ്ടാത്ത അർത്ഥം കൽപ്പിച്ച് പരാമർശിക്കുന്നത്. അതുകൊണ്ട് നിങ്ങളാരും അങ്ങനെ പറയാൻ പാടില്ല. അസ്ഥാനത്ത് ഈ പ്രയോഗം നടത്തുന്നവരോട് ഇത് പറഞ്ഞു കൊടുക്കുകയുംവേണം''

അങ്ങയുടെ പ്രസ്താവന വന്നപ്പോൾ ഞാൻ എടത്തിൽ സാറിനെ ഓാർത്തുപോയി. ഞാനൊരു ഗ്രാമീണനായ ഒരു പൂഞ്ഞാറുകാരനാണ്. ദേവപാദത്തിന്റെ ഉടമയൊന്നുമല്ല. നമ്മുടെ നിയമസഭ മാന്യതയുടെ മകുടോദാഹരണമാണ്. പക്ഷേ മഹാബലിയുമൊയി അതിനെ താരതമ്മ്യം ചെയ്യരുത് സാർ, എങ്ങുമെത്തില്ല അതുകൊണ്ടാ.

കഴിഞ്ഞ നിയമസഭയിൽ നമ്മുടെ പാലാ മെമ്പർ UDF മന്ത്രിസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ചില വിദ്വാന്മാർ ബഹു.സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവും അത് മൂലം അങ്ങ് ഉയരെ സ്വർഗ്ഗോളം ആ വിദ്വാന്മാർ ഉയർത്തിവിട്ട കേരള നിയമസഭയുടെ അന്തസും അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ ഇല്ലേ, സാർ??

അത്തരത്തിൽ അങ്ങ് സ്പീക്കറായിരിക്കുന്ന നമ്മുടെ നിയമസഭയുടെ അന്തസ് പൊക്കി നിർത്താൻ ഒരു കാലത്തും പ്‌ളാത്തോട്ടത്തിൽ ചാക്കോച്ചന്റെ മകന് കഴിയില്ല സാർ. എന്നെയതിന് കിട്ടത്തുമില്ല..

എടത്തിൽ സാറിനെ സ്മരിക്കാനും അദ്ദേഹം പറഞ്ഞുതന്ന നന്മ ലോകത്തോട് പറയാനും ഇടയാക്കത്തക്ക വിധത്തിൽ ഉപമ പറഞ്ഞതിന് അങ്ങയോട് ഒരിക്കൽക്കൂടി നന്ദി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP