Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയ്ഹിന്ദ് ടിവിയിൽ ഹൈക്കമാണ്ടിന്റെ 'സർജിക്കൽ സ്ട്രൈക്ക്' വിജയത്തിലെത്തിച്ചു; കസേര ഒഴിയാത്ത കെപി മോഹനനിൽ നിന്നും അധികാരം പിടിച്ചെടുത്തതിലൂടെ ദേശീയ നേതൃത്വത്തിന്റെ പ്രയിപ്പെട്ടവനായി; ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും സുധീരനുമായും ഒരുപോലെ അടുപ്പം പുലർത്തുന്ന വിശാലമായ സൗഹൃദവലയം; മൂന്നാം ഗ്രൂപ്പിലൂടെ ഡൽഹിയിലെത്തി രാഹുലിന്റെ മനസ്സിലെ പ്രധാനിയായി; കെപിസിസിയുടെ ഗവേഷണ വിഭാഗം മേധാവിയായി ബി.എസ്.ഷിജുവെത്തുന്നത് ഗ്രൂപ്പുകൾക്ക് അതീതനായി

ജയ്ഹിന്ദ് ടിവിയിൽ ഹൈക്കമാണ്ടിന്റെ 'സർജിക്കൽ സ്ട്രൈക്ക്' വിജയത്തിലെത്തിച്ചു; കസേര ഒഴിയാത്ത കെപി മോഹനനിൽ നിന്നും അധികാരം പിടിച്ചെടുത്തതിലൂടെ ദേശീയ നേതൃത്വത്തിന്റെ പ്രയിപ്പെട്ടവനായി; ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും സുധീരനുമായും ഒരുപോലെ അടുപ്പം പുലർത്തുന്ന വിശാലമായ സൗഹൃദവലയം; മൂന്നാം ഗ്രൂപ്പിലൂടെ ഡൽഹിയിലെത്തി രാഹുലിന്റെ മനസ്സിലെ പ്രധാനിയായി; കെപിസിസിയുടെ ഗവേഷണ വിഭാഗം മേധാവിയായി ബി.എസ്.ഷിജുവെത്തുന്നത് ഗ്രൂപ്പുകൾക്ക് അതീതനായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെപിസിസിയുടെ ഗവേഷണ വിഭാഗം മേധാവിയായി ബി.എസ്.ഷിജുവെത്തുന്നത് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെന്ന കരുത്തുമായാണ്. ജയ്ഹിന്ദ് ടിവിയുടെ ചുമതല പൂർണ്ണമായും ഷിജുവിന് നൽകുമെന്നും സൂചനയുണ്ട്. വീക്ഷണത്തിൽ മാധ്യമ പ്രവർത്തകനായെത്തിയ കെ എസ് യു നേതാവ് അങ്ങനെ ഗ്രൂപ്പുകൾക്ക് അതീതനായി കേരളത്തിലെ കോൺഗ്രസിൽ നിർണ്ണാക ഘടകമാവുകയാണ്. കേരളത്തിലെ പാർട്ടിയുടെ യുവ മുഖമാക്കി മാറ്റാൻ രാഹുൽ ഗാന്ധി മനസ്സിൽ കാണുന്നവരിൽ പ്രമുഖനാണ് ഈ കിളിമാനൂരുകാരൻ.

ജയ്ഹിന്ദ് ചാനൽ ജോയിന്റ് എംഡിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടറും കെപിസിസി നിർവാഹക സമിതി സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ബി എസ് ഷിജു. ഗവേഷണ വിഭാഗം മേധാവിയായി ഷിജു എത്തുമ്പോൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിലും നിർണ്ണായകമാകും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പോലും ഗവേഷണ വിഭാഗം നിർണ്ണായക പങ്ക് വഹിക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസിലും ഷിജു നിർണ്ണായകമാകും. തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ ഷിജു നിലമേൽ കോളേജിലാണ് പഠിച്ചത്. കെ എസ് യുക്കാരനെന്ന നിലയിൽ പ്രവർത്തിച്ചു. അതിന് ശേഷം വീക്ഷണത്തിൽ മാധ്യമ പ്രവർത്തകനായി ചേർന്നു.

 

വീക്ഷണം ഡൽഹി റിപ്പോർട്ടറായിട്ടായിരുന്നു നിയമനം. ഇതിനൊപ്പം ജയ്ഹിന്ദ് ടിവി തുടങ്ങിയപ്പോൾ അതിന്റേയും ഡൽഹിയിലെ റിപ്പോർട്ടറായി. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തിയതാണ് ഇതിന് സഹായകമായത്. എന്നാൽ ഉമ്മൻ ചാണ്ടിയുമായും നല്ല ബന്ധം ഷിജു കാത്തു സൂക്ഷിച്ചു. ഇതോടെ കെപിസിസിയുടെ ഭാഗമായും മാറി. ഇതിനിടെ വി എം സുധീരൻ കെപിസിസി അധ്യക്ഷനായപ്പോൾ ജയ് ഹിന്ദ് ടിവിയിൽ നിന്ന് ഷിജു രാജിവച്ചു. ചാനലിലെ പ്രവർത്തനങ്ങളിൽ അസംതൃപ്തി അറിയിച്ചായിരുന്നു ഇത്. പിന്നീട് ജയ്ഹിന്ദ് ചാനൽ ജോയിന്റ് എംഡിയായി ഷിജുവിനെ ഉയർത്തുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. ഇതോടെയാണ് ഹൈക്കമാണ്ടിന്റെ അടുപ്പക്കാരനാണ് ഷിജുവെന്ന പ്രതിച്ഛായ എത്തിയത്.

ജയ്ഹിന്ദ് ചാനലിൽ ഹൈക്കമാണ്ടിന്റെ കമാണ്ടോ ആക്രമണമായിരുന്നു ഷിജുവിന്റെ ചുമതല ഏൽക്കൽ. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കോൺഗ്രസ് ചാനൽ ബിഎസ് ഷിജുവും സംഘവും പിടിച്ചെടുക്കുകയായിരുന്നു. കെപി മോഹനനെ മാറ്റാനുള്ള നീക്കങ്ങൾ നടക്കാതെ വന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചാനലിലെത്തി ബി എസ് ഷിജു അധികാരം ഏറ്റെടുത്തത്. ചാനലിന്റെ പോക്ക് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാണ്ട് ഷിജുവിനെ ഡയറക്ടറായി നിയോഗിക്കുകയായിരുന്നു. എന്നാൽ പാര വച്ച് അധികാരമേറ്റെടുക്കൽ നീട്ടികൊണ്ടു പോവുകയായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസനും ഷിജുവിന് എതിരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നാടകീയ നീക്കങ്ങൾ ഹൈക്കമാണ്ടിനും ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് കെ പി മോഹനനേയും ജെ എസ് ഇന്ദുകുമാറിനേയും ഷിജു തന്ത്രപരമായി ചാനലിൽ നിന്ന് ഒഴിവാക്കി.

സർജിക്കൽ സ്ട്രൈക്ക് മാതൃകയിൽ അപ്രതീക്ഷിതമായി ഷിജുവും സംഘവും ചാനലിലെത്തിയാണ് അധികാരം പിടിച്ചെടുത്തത്. അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ യോഗവും ഷിജു വിളിച്ചു. ഇതിൽ കെപി മോഹനനും പങ്കെടുത്തു. ശമ്പള കുടിശികയെല്ലാം ഉടൻ നൽകുമെന്ന് ഷിജു പ്രഖ്യാപിച്ചു. ഇതെല്ലാം ഷിജു നടപ്പാക്കുകയും ചെയ്തു. ജയ്ഹിന്ദി ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കലും നടന്നിരുന്നു. സുധീരന്റെ പിന്തുണയോടെയായിരുന്നു ഈ സാഹചര്യത്തിൽ ഷിജു ജയ്ഹിന്ദിൽ പറന്നിറങ്ങിയത്.

ജയ്ഹിന്ദ് ടിവിയുടെ തടുക്കകാലത്ത് ഡൽഹി റിപ്പോർട്ടറായിരുന്നു ബിഎസ് ഷിജു. വീക്ഷണത്തിന്റെ ലേഖകനായിരുന്ന ഷിജു ജയ്ഹിന്ദിന് വേണ്ടിയും പ്രവർത്തിക്കുകയായിരുന്നു. സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ ഷിജുവും രാജിവച്ചു. ഇത് വ്യക്തമായ നീക്കങ്ങളുടെ തുടക്കമായിരുന്നു. ഹസനെ കെപിസിസിയുടെ താൽകാലിക പ്രസിഡന്റാക്കിയ അതേ ഹൈക്കമാണ്ട് തന്നെ ഷിജുവിനെ നിയമിക്കാൻ നിർദ്ദേശിച്ചു. കെപിസിസി അധ്യക്ഷ കസേരയിൽ ഇരുന്ന് ഹസൻ ഇത് അനുസരിച്ചു. എന്നാൽ കെപി മോഹനൻ കളി തുടരുകയും ചെയ്തു. ഇതോടെ ഷിജുവിന്റെ ചുമതലേയൽക്കൽ വൈകി. ഇതിനിടെയായിരുന്നു സർജിക്കൽ സ്‌ട്രൈക്കിൽ അധികാരം നേടിയത്. ഇതോടെ ഹൈക്കമാണ്ടിന്റെ പ്രിയ നേതാവായി ഷിജു മാറുകയായിരുന്നു. ഗ്രൂപ്പിന് അതീതമായി നേതാക്കളുമായുള്ള വ്യക്തിബന്ധമാണ് ഷിജുവിന്റെ കരുത്ത്.

കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാ ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവെത്തുന്നത്. അവിടെ നിന്നാണ് ഗവേഷണ വിഭാഗത്തെ നയിക്കാനുള്ള ചുമതലയും രാഹുൽ ഗാന്ധി ഷിജുവിനെ ഏൽപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP