Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?

ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അട്ടിമറികൾ നടന്നില്ലെങ്കിൽ സ്വതന്ത്ര ഇന്ത്യയിലാദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അടുത്താഴ്ച അറസ്റ്റ് ചെയ്യപ്പെടും. അത് സഭാ ചരിത്രത്തിൽ കറുത്ത അധ്യായമാകും. അതുകൊണ്ട് തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാൻ വത്തിക്കാൻ തയ്യാറാകുന്നതായാണ് സൂചന. എന്നാൽ ആയിരത്തിൽ പരം വൈദികരും സന്യാസിനികളുമുള്ള ജലന്ധർ രൂപതയിൽ ഫ്രാങ്കോയ് ക്കെതിരെയുള്ള വികാരം ശക്തമാണ്. ''ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നത്'' ജലന്ധറിലെ ഒരു വൈദികൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ബിഷപ്പ് സ്ഥാനം ഒഴിയാൻ ഫ്രാങ്കോയോട് വത്തിക്കാൻ ആവശ്യപ്പെടുമെന്നാണ് സൂചന. 19നാണ് ബിഷപ്പ് ചോദ്യം ചെയ്യലിന് കേരളാ പൊലീസിന് മുമ്പിലെത്താനുള്ളത്. അതിന് മുമ്പ് സ്ഥാനം ഒഴിയാനാകും ആവശ്യപ്പെടുക. ഇത് മെത്രാന് വലിയ തിരിച്ചടിയായി മാറും.

ഇറ്റാലിയൻ പാർലമെന്റിലെ രണ്ടു അംഗങ്ങളായ കാതറിൻ, ലൂസിയ എന്നിവരുമായി ഫ്രാങ്കോയ്ക്കുള്ള സൗഹൃദം വത്തിക്കാൻ നടപടി വൈകിപ്പിക്കുന്നതിനു കാരണമാകുന്നുവെന്നാണ് ഇന്ത്യയിലുള്ള വിവരം. ഫ്രാങ്കോ വത്തിക്കാനിലെത്തുമ്പോൾ ലൂസിയയാണ് വിമാനത്തവാളത്തിൽ സ്വീകരിക്കാനെത്തുന്നത്. വത്തിക്കാനിലെ ചില ഓഫീസുകളിൽ സ്വാധീനം ചെലുത്താൻ ഇത് ഫ്രാങ്കോയെ സഹായിക്കുന്നു. ഡൽഹി സഹായ മെത്രാനായിരിക്കെ സ്ഥാപിച്ച ബന്ധങ്ങളാണിവ. ഈ ബന്ധങ്ങൾക്കും രക്ഷിക്കാനാവാത്ത പ്രശ്‌നങ്ങളിലേക്ക് ഫ്രാങ്കോ എത്തിക്കഴിഞ്ഞു. ദേശീയ മാധ്യമങ്ങൾ വിഷയം എന്നും ചർച്ച ചെയ്യുന്നതും തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ മാറ്റാനുള്ള നീക്കം വത്തിക്കാൻ തുടങ്ങിയത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ പുറത്തുവന്നിരുന്നു. ചോദ്യംചെയ്യലിൽ ബിഷപ്പ് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. മൊഴികൾ പലതും കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ജലന്ധർ രൂപതയിൽ ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞു നിൽക്കണമെന്ന് പറയുന്ന വൈദികരെയും സിസ്റ്റേഴ്‌സിനെയും ഭീഷണിപ്പെടുത്താൻ സുരക്ഷാ ഭടന്മാർ രംഗത്തുണ്ട്. മുമ്പ് സഭയുടെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലിക്കായി രൂപീകരിച്ച സുരക്ഷാ സംഘമാണ് ഇപ്പോൾ ഫ്രാങ്കോയുടെ സ്വകാര്യ സുരക്ഷാ സേനയായി മാറിയത്. ഇവരും ഫ്രാങ്കോയ്‌ക്കൊപ്പം കേരളത്തിലേക്ക് എത്തും. 19ന് കേരളത്തിലെത്തുമ്പോൾ ഫ്രാങ്കോയ്‌ക്കെതിരെ പ്രതിഷേധമുയരുമെന്ന വിലയിരുത്തലിലാണ് ഇത്. ഈ സേനയുടെ സാന്നിധ്യം സംഘർഷത്തിനും കാരണമാകും. കേസ് ഒതുക്കാൻ ജലന്ധർ രൂപതയുടെ ധനം ചെലവഴിക്കുകയാണ്. ഇപ്പോൾ ഇറ്റലിയിൽ ഗവേഷണം നടത്തുന്ന ഡൽഹി രൂപതയിൽ നിന്നുള്ള ഒരു വൈദികൻ മൂന്നു മാസമായി കേരളത്തിൽ ഇതിന്റെ ചുക്കാൻ പിടിക്കുന്നുവെന്നും സൂചനയുണ്ട്.

ജലന്ധർ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷമായ അന്വേഷണത്തിന് പദവിയിൽ നിന്നും മാറുന്നതാണ് നല്ലതെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും രൂപത കൂട്ടിച്ചേർത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്ന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലും അഭിപ്രായപ്പെട്ടു. സഭാപിതാവെന്ന നിലയിൽ കാട്ടേണ്ട ധാർമികതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഷപ്പിനെതിരായ ആരോപണങ്ങൾ വ്യക്തിപരമാണെന്നും കെആർഎൽസി പറഞ്ഞു. കാത്തലിക് കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി ജോർജാണ് പ്രസ്താവനയിറക്കിയത്. മുംബൈ അതിരൂപതയും ലത്തീൻ അൽമായ സംഘടനയുമാണ് പ്രശ്‌നം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. ഇത് പരിഗണിച്ചാണ് ബിഷപ്പിനെതിരായ പീഡന പരാതിയിൽ വത്തിക്കാൻ റിപ്പോർട്ട് തേടിയത്. ഇത് കിട്ടിയാൽ ഉടൻ ബിഷപ്പിനോട് മാറിനിൽക്കാൻ ആവശ്യപ്പെടും.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിനു ബഹുജന പിന്തുണയേറുന്ന ഘട്ടത്തിലാണ് വത്തിക്കാൻ ഇടപെടൽ. വിവാദം സഭയുടെ യശസ്സിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിനായി പദവിയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്ന മുംബൈ രൂപതയുടെ നിലപാടാണ് നിർണ്ണായകമായത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം സഭയുടെ പ്രതിച്ഛായ തകർത്തെന്നു മുംബൈ ആർച്ച് ബിഷപ് ഫാ. നിഗൽ ബാരെറ്റ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമാനങ്ങൾ പരിത്യജിച്ച് അന്വേഷണത്തിന് തയാറാവണമെന്നതാണു സഭയുടെ താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങൾ ഗൂഢാലോചനയെന്ന നിലപാടിലാണ് ജലന്ധർ രൂപത. കന്യാസ്ത്രീയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും രൂപതയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചു. കുറ്റം തെളിയും വരെ മാധ്യമ വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം കന്യാസ്ത്രീയുടെ പരാതിയിൽ ഈ മാസം 19നു അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്റെ കാലപ്പഴക്കവും മൊഴികളിലെ വൈരുധ്യവുമാണ് കേസിന്റെ നടപടിക്രമങ്ങൾ വൈകുന്നതിന് കാരണമെന്നും കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഐ.ജി വിജയ് സാഖറേ പറഞ്ഞു.

ജലന്ധർ രൂപത, ഡൽഹി ലത്തീൻ അതിരൂപതയ്ക്കു കീഴിൽ വരുന്ന രൂപതയാണ്. ഒട്ടേറെ സ്ഥാപനങ്ങളും സമ്പത്തും കൈവശമുള്ള ജലന്ധർ രൂപതയിലേക്ക് റോമൻ കത്തോലിക്കനായ ഫ്രാങ്കോ മുളയ്ക്കൽ 2013ലാണ് ചുമതലയേൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP