Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു കോഴയുമില്ലെന്ന് വരുത്താൻ ജേക്കബ് തോമസിനെ വരെ കൈവിട്ട് കളിച്ചു; മൂന്നാം തവണയും തെളിവില്ലെന്ന റിപ്പോർട്ട് കൊടുത്തത് ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ; ചെങ്ങന്നൂരിൽ മലക്കം മറിഞ്ഞ് യുഡിഎഫിൽ എത്തിയപ്പോൾ പകവീട്ടാൻ ഉറപ്പിച്ചു; തുടരന്വേഷണത്തിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു മറുപടി നൽകി പാലായിലെ മാണിക്യത്തെ വിജിലൻസ് കുടുക്കി; ഒടുവിൽ രക്ഷിക്കാനിറങ്ങിയവർ ബാർ കോഴയിൽ മാണിയുടെ ശിക്ഷകരായി

ഒരു കോഴയുമില്ലെന്ന് വരുത്താൻ ജേക്കബ് തോമസിനെ വരെ കൈവിട്ട് കളിച്ചു; മൂന്നാം തവണയും തെളിവില്ലെന്ന റിപ്പോർട്ട് കൊടുത്തത് ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ; ചെങ്ങന്നൂരിൽ മലക്കം മറിഞ്ഞ് യുഡിഎഫിൽ എത്തിയപ്പോൾ പകവീട്ടാൻ ഉറപ്പിച്ചു; തുടരന്വേഷണത്തിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു മറുപടി നൽകി പാലായിലെ മാണിക്യത്തെ വിജിലൻസ് കുടുക്കി; ഒടുവിൽ രക്ഷിക്കാനിറങ്ങിയവർ ബാർ കോഴയിൽ മാണിയുടെ ശിക്ഷകരായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രക്ഷിക്കാനിറങ്ങിയവർ തന്നെ ഒടുവിൽ ശിക്ഷകരായി! ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് ഏറെ ചർച്ചയായിരുന്നു. ഒന്നല്ല മൂന്ന് തവണ അന്വേഷിച്ചാണ് ബാർ കോഴയിൽ അനുകൂല റിപ്പോർട്ട് വിജിലൻസ് നൽകിയത്. ഇതിന് വേണ്ടി സാക്ഷാൽ ജേക്കബ് തോമസിനെ ഇടത് സർക്കാർ കൈവിടുകയും ചെയ്തു. ബാർ കോഴയിലെ ഇടപെടലുകൾക്ക് മടിച്ചതാണ് ജേക്കബ് തോമസിനെ കൈവിടാൻ പിണറായിയെ പ്രേരിപ്പിച്ചത്. എന്നിട്ടും കെ എം മാണി ഇടതു മുന്നണിയെ ചതിച്ചു. ചെങ്ങനൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് യുഡിഎഫ് പാളയത്തിൽ പോയി. പിണറായി സർക്കാരിനെ വിമർശിച്ചു. ഇതിനുള്ള ശിക്ഷയാണ് ബാർകോവയിലെ പുനരന്വേഷണം. ഇനി എന്തും സംഭവിക്കാം. തെളിവുണ്ടെന്ന് റിപ്പോർട്ട് കൊടുത്ത് മാണിയെ അഴിമതിക്കാരന്റെ ബാനറിൽ തളയ്ക്കാം. ഏതായാലും അവസാനിച്ചെന്ന് കരുതിയ അഴിമതി ഭൂതം വീണ്ടും മാണിയെ തേടിയെത്തുകയാണ്.

മാണിയെ ഉപരാഷ്ട്രപതിയാക്കുന്നതിന് പ്രധാനമന്ത്രി മോദി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതാണ്. ഇതിന് വിഘാതമായത് ബാർ കോഴയിലെ ആരോപങ്ങളാണ്. രാഷ്ട്രീയത്തിൽ അമ്പതാണ്ട് പിന്നിട്ട പാലായിലെ മാണിക്യത്തിന് ഏറെ മോഹങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനെല്ലാം തടസം തന്നെയാണ് ബാർ കോഴക്കേസ്. തുടരന്വേഷണത്തിൽ മാണിയെ കുറ്റക്കാരനെന്ന് വിജിലൻസ് വിധിച്ചാൽ നിയമപോരാട്ടം തുടരുന്ന സ്ഥിതിയുണ്ടാകും. കേസിനും മറ്റുമായി മാണിക്ക് സമയവും മാറ്റി വയ്‌ക്കേണ്ടി വരും. സമയം തെറ്റി യുഡിഎഫിലേക്ക് പോയതാണ് ഇതിന് കാരണമെന്ന് മാണിക്കും അറിയാം. അതുകൊണ്ട് തന്നെ അന്തിമ വിധി വരെ കാത്തിരിക്കുന്നതായിരുന്നു നല്ലതെന്ന ചർച്ച ഈ ഘട്ടത്തിൽ കേരളാ കോൺഗ്രസിലും സജീവമാണ്. പാർട്ടിയിലെ ജോസഫ് ഗ്രൂപ്പിനെ ഒപ്പം നിർത്താനായുള്ള യുഡിഎഫിലേക്കുള്ള കൂടുമാറ്റം പിഴക്കുമ്പോൾ ബാർ കോഴ വീണ്ടും ചർച്ചായക്കുകയാണ്.

സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. പൂട്ടിയ ബാറുകൾ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. മാണിയുടെ വസതിയിൽ ബാർ അസോസിയേഷൻ പ്രതിനിധികൾ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാൽ പണം മാണിക്ക് കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി എസ്. അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം.

തുടരന്വേഷണത്തിനുത്തരവിട്ടാൽ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലൻസ് നിയമോപദേശകൻ മറുപടി നൽകിയിരുന്നു. മാണി കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയ വിജിലൻസിന്റെ ഈ മലക്കം മറിച്ചിലാണ് ബാർ കോഴയിൽ വീണ്ടും പുനരന്വേഷണത്തിന് സാധ്യത ഒരുക്കിയത്. സാധാരണ നിലയിൽ പുനരന്വേഷണമെന്ന ആവശ്യത്തെ വിജിലൻസ് എതിർക്കും. എന്നാൽ മാണി വലതു പക്ഷത്തേക്ക് പോയതോടെ ഇക്കാര്യത്തിൽ വിജിലൻസ് നിലപാട് മാറ്റി. ഇതോടെ പുനരന്വേഷണവും എത്തി.

ഇടതുപക്ഷത്ത് മാണി വരുമെന്ന് തന്നെയായിരുന്നു സിപിഎം പ്രതീക്ഷ. സിപിഐ എതിർത്തപ്പോഴും തന്ത്രപരമായ നീക്കങ്ങൾ സിപിഎം നടത്തിയിരുന്നു. വിഎസിനെ നിശബ്ദനാക്കി മുന്നണി വിപുലീകരണത്തിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. ദേശിയ തലത്തിൽ ബിജെപി വിരുദ്ധ ചർച്ചയാക്കി മാണിയെ ഒപ്പം നിർത്താനായിരുന്നു ശ്രമം. ചെങ്ങന്നൂരിൽ മാണിയിൽ നിന്ന് പരസ്യ പിന്തുണയും പ്രതീക്ഷിച്ചു. സിപിഎമ്മിന്റെ തൃശൂർ സമ്മേളനത്തിൽ മാണിയെ ക്ഷണിച്ചു വരുത്തി വേദി നൽകിയതും ബന്ധങ്ങൾ വളർത്താനായിരുന്നു. എന്നാൽ അതിനിർണ്ണായക സമയത്ത് ബാർ കോഴ പോയെന്ന് കരുതി മാണി യുഡിഎഫിലേക്ക് കളം മാറി. ഇതോടെ ബിജു രമേശിനെ വീണ്ടും സജീവമാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ബാർ കോഴ ശക്തമാക്കി. നിർണ്ണായക സമയത്ത് വിജിലൻസ് തന്നെ മലക്കം മറിയുകയും ചെയ്തു.

മാണി കൈകൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളിയത്. കോഴ കേസിന്റെ അന്വേഷണം പൂർണതയിൽ എത്തിയിരുന്നില്ല. അതിനാൽ പൂർണ റിപ്പോർട്ടല്ല കോടതിയുടെ മുമ്പാകെ വന്നിട്ടുള്ളത്. അതിനാൽ റഫർ റിപ്പോർട്ട് തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കുക. ഭേദഗതി പ്രകാരം ഗൗരവതരമായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ മുൻകൂർ അനുമതി നൽകേണ്ടതുണ്ട്. അതിനാൽ പ്രോസിക്യൂഷന് വേണ്ട അനുമതി സർക്കാറിനെ സമീപിച്ച് വാങ്ങണമെന്ന് വിജിലൻസ് സംഘത്തോട് കോടതി നിർദ്ദേശിച്ചു. അനുമതി വാങ്ങിയ വിവരം ഡിസംബർ പത്തിന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കേസ് പരിഗണിക്കുന്നത് ഡിസംബർ പത്തിലേക്ക് മാറ്റി.

ആ അനുമതി സർക്കാർ കൊടുക്കാനാണിട. ഇടത് കൺവീനർ വിജയരാഘവന്റെ വാക്കുകൾ ഈ സൂചനയാണ് നൽകുന്നത്. വിധി സ്വാഗതാർഹമെന്നും അഴിമതിക്കാർ കുടുങ്ങിയേ മതിയാവൂ എന്നും ഇടത് കൺവീനർ പറയുന്നു. കോടതി വിധി എന്താണോ അതനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് മന്ത്രി ഇപി ജയരാജനും പറയുന്നു. ജനങ്ങൾക്കുള്ള സമ്മാനം. മാണി കുടുങ്ങും.. വ്യക്തമായ തെളിവുകളുണ്ട്. കോഴ വാങ്ങിയ മാണി കുടുങ്ങിയേ മതിയാവു എന്നാണ് പരാതിക്കാരനായ ബിജു രമേശിന്റെ പ്രസ്താവന. വിഷയത്തിൽ മാണിയെ യുഡിഎഫ് തള്ളിപ്പറയില്ല. എന്നാൽ കോൺഗ്രസിലെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളവർ മാണിയെ പരസ്യമായി അനുകൂലിക്കില്ല. വി എം സുധീരന്റെ നിലപാടും നിർണ്ണായകമാകും. ബാർ കോഴയിൽ യുഡിഎഫിനെ തളയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് ഇടത് നേതൃത്വം വീണ്ടും സജീവമാക്കുന്നതെന്നാണ് വിലയിരുത്തൽ.

പൂട്ടിയ ബാറുകൾ തുറക്കാനായി ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് കോഴയാരോപണം പുറത്തുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ വിൽസൻ എം. പോളിന് കത്ത് നൽകി. പ്രാഥമിക പരിശോധനക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്ന് എസ്‌പിയായിരുന്ന ആർ. സുകേശൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാണിക്കെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് കോടതിയിൽ നിലനിൽക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാണിയെ കുറ്റമുക്തനാക്കാൻ വേണ്ടി 2015ൽ ആദ്യ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

വിജിലൻസ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ച ജഡ്ജി ആദ്യ റിപ്പോർട്ട് തള്ളുകയായിരുന്നു. മാണിയുടെ പാലായിലെ വീട്ടിൽ കൊണ്ടു പോയി 50 ലക്ഷം രൂപ നൽകിയതിന് തെളിവുണ്ടാക്കണം, ബാറുടമ ബിജു രമേശ് നൽകിയ ശബ്ദരേഖ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടറായിരിക്കെ സുകേശൻ തന്നെ തുടരന്വേഷണം നടത്തുകയും തെളിവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത്തെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ശേഷം ഇടത് സർക്കാർ ഭരണത്തിൽ വരികയും ജേക്കബ് തോമസ് വിജിലൻസിന്റെ മേധാവിയാവുകയും ചെയ്തു. തുടർന്ന് ബാർ കോഴ കേസിൽ ശരിയായ നിലയിൽ അന്വേഷണം നടത്താൻ സാധിച്ചില്ലെന്ന നിലപാട് ചൂണ്ടിക്കാട്ടി സുകേശൻ തന്നെ അപേക്ഷ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, കോടതി തുടരന്വേഷണത്തിൽ വീണ്ടും ഉത്തരവിടുകയായിരുന്നു.

മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ വി എസ് അച്യുതാനന്ദൻ, വി എസ് സുനിൽകുമാർ, ബിജെപി നേതാവ് വി.മുരളീധരൻ, സിപിഐ അഭിഭാഷക സംഘടന എന്നിവരാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP