Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെലങ്കാന ദുരഭിമാനക്കൊല: 'വിവാഹ വീഡിയോയുടെ ലൈക്കുകളേക്കാൾ പ്രണയ്‌യെ വധിക്കുന്ന വീഡിയോയ്ക്ക് ലൈക്ക് ലഭിക്കുമെന്ന് 'പിതാവ് ; സംഭവം അമൃതവർഷിണി വിവാഹ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ചതിന് പിന്നാലെ; ഗർഭിണിയായ യുവതിയുടെ മുന്നിലിട്ട് ഭർത്താവിനെ കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തെലങ്കാന ദുരഭിമാനക്കൊല: 'വിവാഹ വീഡിയോയുടെ ലൈക്കുകളേക്കാൾ പ്രണയ്‌യെ വധിക്കുന്ന വീഡിയോയ്ക്ക് ലൈക്ക് ലഭിക്കുമെന്ന് 'പിതാവ് ; സംഭവം അമൃതവർഷിണി വിവാഹ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ചതിന് പിന്നാലെ; ഗർഭിണിയായ യുവതിയുടെ മുന്നിലിട്ട് ഭർത്താവിനെ കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചതിന് തെലങ്കാനയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി അമൃത. പ്രണയ് കൊലപ്പെടുന്നതിന് മുൻപ് ഭാര്യ അമൃതവർഷിണി തങ്ങളുടെ വിവാഹ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ചിരുന്നു. ഇത് കണ്ട് രോഷം പൂണ്ട പിതാവ് മാരുതി റാവു പറഞ്ഞ വാക്കുകളാണ് മനുഷ്യ മനസുകളെ ഞെട്ടിച്ചത്. വിവാഹ വീഡിയോയുടെ ലൈക്കുകളേക്കാൾ പ്രണയ്‌യുടെ കൊലപാതകത്തിന്റെ വീഡിയോയ്ക്ക് കൂടുതൽ ലൈക്ക് കിട്ടുമെന്ന് മാരുതി പറഞ്ഞതായി ബന്ധു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമൃത പ്രണയ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ വീഡിയോയ്ക്ക് പിന്നാലെ ആശംസകളുമായെത്തി. ഇത് അമൃതയുടെ പിതാവിനെ പ്രകോപിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് അമൃത വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. വിവാഹ വീഡിയോയുടെ ലൈക്കുകളേക്കാൽ കൂടുതൽ ലൈക്ക് പ്രണയ്‌യുടെ കൊലപാതകത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുമെന്ന് മാരുതി റാവു പറഞ്ഞിരുന്നതായി പ്രണയ്‌യുടെ ബന്ധു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമൃതയ്ക്ക് മുന്നിൽ വെച്ച് പ്രണയ്‌യെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഗർഭിണിയായ അമൃതയ്ക്കൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങവെയാണ് പ്രണയ് കൊലചെയ്യപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയ്‌യുടെ കൊലപാതകത്തിന് പിന്നിലെന്ന് അമൃത ആരോപിച്ചിരുന്നു. അടുപ്പത്തിലായിരുന്ന അമൃതയും പ്രണയ്‌യും ജനുവരിയിലാണ് വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ കീഴ് ജാതിയിൽപ്പെട്ട പ്രണയ് വിവാഹം കഴിച്ചതിൽ അമൃതയുടെ പിതാവിനും ബന്ധുക്കൾക്കും ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അമൃതയോട് വീട്ടിലേക്ക് തിരികെ വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയ്യാറായില്ല. പ്രണയ്‌യെ കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗർഭം അലസിപ്പിക്കാൻ പിതാവ് ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.

പിതാവിന് ഉന്നതരാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സ്വത്തുവകകളെക്കുറിച്ച് അന്വേഷിക്കണമെന്നും അമൃത ആവശ്യപ്പെട്ടു. അമൃതയുടെ മൊഴിയിൽ പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് അമൃതയുടെ പിതാവ് ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചുപേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP