Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയാനന്തര ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ; ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും വൃത്തിയാക്കലിന് ഇറങ്ങും; കേന്ദ്രം അനുവദിച്ച അധിക അരിവിഹിതം ഉടൻ വിതരണം ചെയ്യാനും നിർദ്ദേശം; ശബരിമലയിൽ ശുദ്ധജല വിതരണത്തിന് പ്രത്യേകമായി 6 കോടി; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

പ്രളയാനന്തര ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ; ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും വൃത്തിയാക്കലിന് ഇറങ്ങും; കേന്ദ്രം അനുവദിച്ച അധിക അരിവിഹിതം ഉടൻ വിതരണം ചെയ്യാനും നിർദ്ദേശം; ശബരിമലയിൽ ശുദ്ധജല വിതരണത്തിന് പ്രത്യേകമായി 6 കോടി; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പ്രളയാനന്തര ശുചീകരണത്തിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച അധികവിഹിതം അരിയും മണ്ണെണ്ണയും വിതരണം ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. അതോടൊപ്പം ശബരിമലയിലെ ശുദ്ധജല വിതരണത്തിന് 6.36 കോടി രൂപയുടെ പദ്ധതിയുമായിട്ടുണ്ടെന്നും മന്ത്രിസഭ യോഗത്തിന് ശേഷം ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ശുചീകരണത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉള്ള മാലിന്യങ്ങൾ സംസ്‌കരിക്കുകയും വേർതിരിച്ച് പുനക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികൾ തോടുകൾ മറ്റ് ജലാശയങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിക്കും.

ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകൾ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ-സംസ്ഥാന തലങ്ങളിൽ ഉണ്ടാകും. ജില്ലാതല പ്രവർത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ എന്നിവർക്കായിരിക്കും.

വിദ്യാലയങ്ങളിൽ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേർതിരിക്കുന്ന പ്രവർത്തനങ്ങളിൽ അവബോധം ഉണ്ടാക്കും. ഇതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ടാകും. എല്ലാ സർക്കാർ ഓഫീസുകളുംനവംബർ ഒന്നുമുതൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും ജലാശയ തീരത്തുള്ള മാലിന്യം നീക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടികൾ സ്വീകരിക്കണം. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ (ഭേദഗതി) ഓർഡിനൻസ് 2017, കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 1994എന്നിവ പ്രകാരമുള്ള ശിക്ഷയും പിഴയും നൽകുന്നതടക്കമുള്ള നിയമ നടപടികളും സ്വീകരിക്കണം.നിലവിൽ ജില്ലകളുടെ ചാർജുള്ള മന്ത്രിമാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾക്ക് പരമാവധി 10,000 രൂപയും നഗരസഭകൾ / കോർപ്പറേഷനുകൾ എന്നിവക്ക് 25,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു/പ്ലാൻ ഫണ്ടിൽ നിന്ന് വിനിയോഗിക്കാവുന്നതാണ്.

ജില്ലാതലത്തിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഐ.ഇ.സി. പ്രവർത്തനങ്ങൾക്ക് ശുചിത്വ മിഷന്റെ ഐ.ഇ.സി ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം ലഭ്യമാക്കും. തീവ്ര ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ജില്ലാ കലക്ടർമാർ ഉറപ്പുവരുത്തേണ്ടതാണ്.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച അധികവിഹിതം അരിയും മണ്ണെണ്ണയും വിതരണം ചെയ്യും. കൈകാര്യ ചെലവ് മാത്രം ഈടാക്കി മുഴുവൻ മുൻഗണനേതര കുടുംബങ്ങൾക്കും അഞ്ചു കിലോ വീതം അരി സെപ്റ്റംബർ മാസവും പത്തു കിലോ വീതം ഒക്‌ടോബറിലും വിതരണം ചെയ്യും.ദുരിതബാധിത പ്രദേശങ്ങളിൽ ലിറ്ററിന് 39 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യും. ബാക്കി വരുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിതരണംചെയ്യും. കൈകാര്യചെലവ് ഇനത്തിൽ വരുന്ന ബാധ്യത സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഈടാക്കും.

ശുദ്ധ ജലവിതരണത്തിന് ശബരിമലയിൽ 6.36 കോടി രൂപയുടെ പദ്ധതി

ശബരിമലയിൽ തീർത്ഥാടന കാലത്ത് ശുദ്ധ ജലവിതരണം ഉറപ്പുവരുത്തും. ഇതിന് പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര പ്രവൃത്തികൾ വാട്ടർ അഥോറിറ്റി നടപ്പാക്കും.ജഡായുപാറ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനായി ഹെലികോപ്റ്റർ സർവ്വീസ് ആരംഭിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചു.ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ലാന്റ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താൽക്കാലിക തസ്തികകൾക്ക് രണ്ടു വർഷത്തേക്ക് കൂടി തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.കേരള മീഡിയ അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള ജീവനക്കാർക്ക് ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തിൽ ഒരു അസോസി
യേറ്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഐ.ടി.ഐ.

പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഐ.ടി.ഐ. സ്ഥാപിക്കുന്നതിന് ചിറ്റൂർ താലൂക്കിൽ മൂലത്തറ വില്ലേജിൽ ജലസേചന വകുപ്പിന്റെ കൈവശമുള്ള 3.5 ഹെക്ടർ ഭൂമിയിൽ നിന്നും അഞ്ച് ഏക്കർ ഭൂമിയുടെ കൈവശാവകാശം വ്യാവസായിക പരിശീലന വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.

ക്രൗഡ് ഫണ്ടിങ് മോഡൽ അംഗീകരിച്ചു

പ്രളയക്കെടുതികൾക്കു ശേഷമുള്ള പുനർനിർമ്മാണ സംരംഭങ്ങൾക്കായി കെ.പി.എം.ജി സമർപ്പിച്ച ക്രൗഡ് ഫണ്ടിങ് മാതൃക അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിനായി മിഷൻ സ്ഥാപിക്കും. വീടുകൾ, ഉപജീവന മാർഗ്ഗങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി നിബന്ധനകൾക്ക് വിധേയമായി സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നതിനും പദ്ധതി നിർദ്ദേശം വ്യവസ്ഥചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP