Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള കാർഷിക സർവ്വകലാശാലയിൽ ആരും വിരമിക്കുന്നില്ല; ജോലി ചെയ്യുന്നവരിൽ യുജിസി അംഗീകാരമില്ലാത്ത അറുപതോളം പി.എച്ച്.ഡി ബിരുദധാരികളെന്ന് ആരോപണം; വിരമിച്ചിട്ടും സർവ്വീസിലിരുന്ന് ലക്ഷങ്ങളുടെ യുജിസി ശമ്പളവും ആനുകൂല്യവും കൈപ്പറ്റുന്നവരിൽ മൂന്ന് അദ്ധ്യാപകരും രണ്ട് ലൈബ്രേറിയന്മാരും; സ്ത്രീപീഡന കേസ്സിൽ പ്രതി ചേർക്കപ്പെട്ടവനും ധനകാര്യ വകുപ്പിന്റെ അന്വേഷണം നേരിടുന്നവനും വിരമിച്ചിട്ടും സർവ്വീസിൽ തന്നെ

കേരള കാർഷിക സർവ്വകലാശാലയിൽ ആരും വിരമിക്കുന്നില്ല; ജോലി ചെയ്യുന്നവരിൽ യുജിസി അംഗീകാരമില്ലാത്ത അറുപതോളം പി.എച്ച്.ഡി ബിരുദധാരികളെന്ന് ആരോപണം; വിരമിച്ചിട്ടും സർവ്വീസിലിരുന്ന് ലക്ഷങ്ങളുടെ യുജിസി ശമ്പളവും ആനുകൂല്യവും കൈപ്പറ്റുന്നവരിൽ മൂന്ന് അദ്ധ്യാപകരും രണ്ട് ലൈബ്രേറിയന്മാരും; സ്ത്രീപീഡന കേസ്സിൽ പ്രതി ചേർക്കപ്പെട്ടവനും ധനകാര്യ വകുപ്പിന്റെ അന്വേഷണം നേരിടുന്നവനും വിരമിച്ചിട്ടും സർവ്വീസിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ആരും വിരമിക്കുന്നില്ല. അമ്പത്താറു വയസ്സിൽ വിരമിച്ചിട്ടും ഒപ്പിട്ടുകൊണ്ട് കഴിഞ്ഞ ഒന്നര വർഷക്കാലമായി സർവ്വീസിലിരുന്നുകൊണ്ട് ലക്ഷങ്ങളുടെ യുജിസി. ശമ്പളവും ആനുകൂല്യവും കൈപ്പറ്റുന്ന രണ്ടു ലൈബ്രേറിയന്മാർ അടക്കം അഞ്ചുപേരാണ് സർവ്വകലാശാലയിൽ ഉള്ളത്. ഇവരിൽ അറുപതു പൂർത്തിയാക്കിയ മൂന്ന് അദ്ധ്യാപകരും ഉൾപ്പെടും. അഞ്ചുപേരും സർവ്വകലാശാലയിൽ കടിച്ചുതൂങ്ങുന്നത് ദുർബ്ബലവും അവ്യക്തവുമായ കോടതി വിധിയുടെ പുറത്ത്. ഇവർക്കുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് സർവ്വകലാശാല അധികൃതരും സർവ്വകലാശാല പ്രൊ ചാൻസിലർ കൂടിയായ കൃഷിമന്ത്രിയുടെ ഓഫീസും രാഷ്ട്രീയക്കാരുടെ ദല്ലാളായ സർവ്വകലാശാലയുടെ നിയമോപദേഷ്ടാവും ചേർന്ന്.

അതേസമയം റിട്ടയർമെന്റ് കഴിഞ്ഞിട്ടും സർവ്വീസിൽ തുടരുന്ന ഒരു ലൈബ്രേറിയൻ സ്ത്രീപീഡന കേസ്സിൽ പൊലീസിലും കോടതിയിലുമായി കുരുങ്ങിക്കിടക്കുകയാണ്. ഇയാൾക്കെതിരെ സർവ്വകലാശാലാ ക്യാമ്പസിൽ കടക്കരുതെന്ന ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. മറ്റൊരു ലൈബ്രേറിയൻ ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിലുമാണ്. സർവീസ് ചട്ടപ്രകാരം ഹാജർ ഒപ്പിടാൻ പോലും അനുവാദമില്ലാത്ത ഇവർക്കാണ് സർവ്വകലാശാലയിലെ കോടിക്കണക്കിനു വിലവരുന്ന ഇലക്ട്രോണിക് സാമഗ്രികളുടേയും ഗവേഷണ ഗ്രന്ഥങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും ചുമതല കൊടുത്തിട്ടുള്ളത്.

സർവ്വീസിൽ നിന്ന് വിരമിച്ചിട്ടും സർവ്വീസ് ചട്ടം ലംഘിച്ചുകൊണ്ട് ഒപ്പിട്ടു ജോലി ചെയ്യുന്ന മറ്റു മൂന്നു അദ്ധ്യാപകരും അറുപതു വയസ്സ് പൂർത്തിയാവുന്ന ദിവസം റിട്ടയർ ചെയ്യാതെ സാമ്പത്തിക വർഷം പൂർത്തിയാവുന്ന മുറക്കെ വിരമിക്കേണ്ടൂ എന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് സർവ്വീസിൽ തുടരുന്നത്. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് സർക്കാർ ഇറക്കിയിരുന്നെങ്കിലും പിന്നീട് ആ ഉത്തരവ് റദ്ദ് ചെയ്തിരുന്നു. എന്നാൽ സർവ്വകലാശാലയുടെ നിയമ വിഭാഗവും വക്കീലും ഇത് സംബന്ധിച്ച പുതിയ ഉത്തരവ് കോടതിയിൽ മന:പ്പൂർവ്വം ഹാജരാക്കിയില്ലെന്നും ആരോപണം ഉണ്ട്. അതുകൊണ്ടാണ് അദ്ധ്യാപകർക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ കഴിഞ്ഞതെന്നും പറയുന്നു. ഇതിൽ വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ട് കേവലം അച്ചടക്ക നടപടി മാത്രമാണ് സ്വീകരിച്ചത്.

അതേസമയം സർവ്വകലാശാലയിൽ ഏറെക്കാലം ജോലിചെയ്ത ഇപ്പോഴത്തെ രജിസ്ട്രാർ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ രജിസ്ട്രാർ മൗനം പാലിച്ചിരുന്നു. സിപിഐ അനുഭാവമുള്ള സർവ്വകലാശാല നിയമോപദേഷ്ടാവും കൂടി സർക്കാർ ഉത്തരവ് മൂടിവച്ചുകൊണ്ട് സർക്കാരിനും സർവ്വകലാശാലക്കും എതിരെ നിന്നതും ഏറെ വിമർശനങ്ങൾക്ക് വഴിവക്കുന്നുണ്ട്. അതേസമയം ഈ സംഭവത്തിൽ നടപടിയെടുക്കുമെന്ന് പ്രസ്താവന ഇറക്കിയ സർവ്വകലാശാലയുടെ പ്രൊ ചാൻസിലർ കൂടിയായ കൃഷിമന്ത്രി വി എസ്. സുനിൽകുമാർ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒളിച്ചുകളിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സർവ്വകലാശാല ലൈബ്രേറിയന്മാർക്ക് യുജിസി ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഒരു പതിറ്റാണ്ടിലേറെ കാലമായി ഇവിടെ കോലാഹലങ്ങൾ ആരംഭിച്ചിട്ട്. എന്നാൽ നാളിതുവരെ വ്യക്തമായ സർവ്വകലാശാല ഉത്തരവുകാളോ കോടതി വിധികാളോ ആരും തന്നെ സ്വന്തമാക്കിയിട്ടില്ല. അതതു കാലത്തെ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇവിടുത്തെ ലൈബ്രേറിയന്മാർ അനധികൃത യുജിസി. ആനുകൂല്യം സ്വന്തമാക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെ കാലമായി. ഈ വകയിൽ മാത്രം സർവ്വകലാശാല ദുരുപയോഗപ്പെടുത്തിയത് ഇനിയും കണക്കാക്കപ്പെടാത്ത കോടികളാണ്. സുപ്രീംകോടതി അടക്കമുള്ള കോടതി വ്യവഹാരങ്ങൾക്കും ലക്ഷങ്ങൾ ചെലവഴിച്ചു.

ഈ വാർത്ത ആദ്യമായി പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. വാർത്തയെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ധനകാര്യവകുപ്പിന്റെ ആറംഗ സംഘം സർവ്വകലാശാലയിൽ വന്ന് അന്വേഷണം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട് പത്തുവർഷത്തെ ഫയലുകളുമായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ട് ഇപ്പോൾ ഒരുവർഷം കഴിഞ്ഞു. നേരത്തെ ഇത് സംബന്ധിച്ച് തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് സിഐ.ഡി., ഡി.വൈ.എസ്‌പി.യുടെ 2018 ഏപ്രിൽ 10-ൽ നടന്ന അന്വേഷണ രേഖകൾ മറുനാടൻ പുറത്തുവിട്ടിരുന്നു.  ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ 13-09-2018 തീയ്യതി വച്ച് കിട്ടിയ കത്തിൽ ഇങ്ങനെ പറയുന്നു, ''കേരള കാർഷിക സർവ്വകലാശാലയിൽ ലൈബ്രെറിയന്മാർക്ക് യുജിസി. സ്‌കെയിലിൽ അനധികൃതമായി അനുവദിച്ചുവെന്ന പരാതി സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധന പൂർത്തിയായിട്ടില്ല എന്ന് അറിയിക്കുന്നു.''

കേരള കാർഷിക സർവ്വകലാശാലയിലെ ഭൂരിപക്ഷം ലൈബ്രേറിയന്മാരും വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഡിഗ്രി സ്വന്തമാക്കിയവരാണ്. വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ തന്നെയാണ് ഇവരിൽ പലരും പി.എച്ച്.ഡിയും നേടിയിരിക്കുന്നത്. പലർക്കും നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതകളുമില്ല. യുജിസി. അംഗീകാരമില്ലാത്ത തമിഴ്‌നാട് ആസ്ഥാനമാക്കിയുള്ള വിനായക മിഷൻസ് സർവ്വകലാശാലയടക്കം അത്തരത്തിലുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വന്ന ബിരുദധാരികളാണ് ഇവരിൽ ഭൂരിപക്ഷവും. സർവ്വീസിലിരിക്കെ സർക്കാർ ശമ്പളം വാങ്ങിക്കൊണ്ടുതന്നെയാണ് ഇവരൊക്കെ ഈ അംഗീകൃത ബിരുദങ്ങൾ സമ്പാദിച്ചത്. ഇവരൊക്കെ തന്നെ സർവ്വകലാശാലയിൽ നിന്ന് അവധിയെടുക്കാതെയും, അതേസമയം ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതിലും ഹാജർ രേഖപ്പെടുത്തിയുമാണ് ബിരുദങ്ങൾ സമ്പാദിച്ചിട്ടുള്ളതെന്ന വസ്തുതയും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ സമ്പാദിക്കുന്ന ബിരുദങ്ങൾ തുടർ വിദ്യാഭ്യാസത്തിനും നിയമവിധേയമായി ജോലി നേടാനും മാത്രമേ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരുകളും അനുവദിച്ചിട്ടുള്ളൂ. മികച്ച വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രാഗത്ഭ്യവും അനിവാര്യമായ യുജിസി. പദ്ധതിയിൽ ഇത്തരക്കാരെ ഉൾപ്പെടുത്താനോ തത്തുല്യമായ ശമ്പളം കൊടുക്കുവാനോ നിയമങ്ങൾ അനുശാസിക്കുന്നില്ല. എന്നാൽ ഈ വക നിയമങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് കേരള കാർഷിക സർവ്വകലാശാല അറുപതോളം അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാർക്ക് യുജിസി. നിഷ്‌കർഷിക്കുന്ന ഭാരിച്ച ശമ്പളാനുകൂല്യങ്ങൾ കൊടുത്ത് കേന്ദ്ര സർക്കാരിന്റെ കോടികളുടെ ഫണ്ട് തുലച്ചതെന്ന ആരോപണമുയരുന്നത്. സെബാസ്റ്റ്യൻ ഡോമിനിക് എന്ന ഒരു ലൈബ്രേറിയൻ ആണ് അത്യന്തം ഗൗരവമുള്ള ഈ ആരോപണം ഉന്നയിച്ചിരുന്നത്. സെബാസ്റ്റ്യൻ 2016-ൽ സർവ്വകലാശാല വൈസ് ചാൻസിലർക്ക് കൊടുത്ത ഈ കത്തിന് നാളിതുവരെ മറുപടി കിട്ടിയിട്ടില്ല. ഈ കത്തിന്റെ പകർപ്പ് സെബാസ്റ്റ്യൻ കോടതിക്കും കൊടുത്തതായി കാണുന്നു. കാർഷിക സർവ്വകലാശാലയിൽ യുജിസി. അംഗീകാരമില്ലാത്ത പി.എച്ച്.ഡി.യുമായി കുറേപേർ നുഴഞ്ഞു കയറിയതായി തെളിയിക്കുന്ന വിവരാവകാശ രേഖകൾ നേരത്തെ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു.

ലൈബ്രറി സയൻസ് എന്നൊരു പഠന വകുപ്പില്ലാത്ത കാർഷിക സർവ്വകലാശാലയിൽ റിസർച്ച് മെത്തഡോളജി (Research Methodology) എന്ന വിഷയത്തിൽ യുജിസി. അംഗീകാരമില്ലാത്ത വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദമെടുത്ത ലൈബ്രേറിയന്മാരെ കൊണ്ട് സൂത്രത്തിൽ ക്ലാസ്സെടുപ്പിച്ചാണ് സർവ്വകലാശാല അധികൃതരും രാഷ്ട്രീയക്കാരും കൂടി ഇവർക്ക് യുജിസി.തരപ്പെടുത്തിക്കൊടുത്തതും കോടികളുടെ ശമ്പളാനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്തതും.

എന്നാൽ ഒരു പതിറ്റാണ്ടിലേറെ കാലമായി തുടർന്നുവരുന്ന ഈ അക്കാദമിക ക്രമക്കേട് കണ്ടെത്തിയത് ഇപ്പോഴത്തെ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബുവാണ്. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേരള കാർഷിക സർവ്വകലാശാലയിലെ ലൈബ്രേറിയന്മാർക്ക് റിസർച്ച് മെത്തഡോളജി (Research Methodology) എന്ന വിഷയത്തിൽ ക്ലാസെടുക്കാനുള്ള യോഗ്യതയും അനുവാദവും ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് മുൻകാല പ്രാബല്യത്തോടെ 06-09-2018 തീയ്യതി വച്ച് ഇറക്കിയിരിക്കുകയാണ്. സർവ്വകലാശാലയിൽ അദ്ധ്യാപകരെ നിയമിക്കുന്നത് സർവ്വകലാശാലയാണെന്നും മറ്റൊരാൾക്കും അതിന് അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ സർവ്വകലാശാലയുടെ ഹോർട്ടികൾച്ചർ കോളജ് ഡീൻ ആണത്രേ ഇത്തരത്തിലുള്ള ഒരു വിവാദ ഉത്തരവ് ഇറക്കിയത്.

സർവ്വകലാശാല ഭരണസമിതിയുടെ തീരുമാനത്തോടെ ഇറക്കിയ ഈ ഉത്തരവിന്റെ പ്രത്യാഘാതം നിർണ്ണായകമായിരിക്കും. ഈ ഉത്തരവ് ഇറങ്ങിയതോടെ നാളിതുവരെയുള്ള കോടതി വിധികളും സർവ്വകലാശാലയുടെ തന്നെ മുൻ ഉത്തരവുകളും ചോദ്യം ചെയ്യപ്പെടുകയാണ്. മാത്രമല്ല, യുജിസി. അംഗീകാരമില്ലാത്ത വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബിരുദങ്ങളുമായി കേരള കാർഷിക സർവ്വകലാശാലയിൽ ഒരുപാട് വർഷങ്ങളായി യുജിസി. ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അറുപതോളം അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരിൽ നിന്ന് അവർ അനർഹമായി വാങ്ങിയ കോടികളുടെ യുജിസി. ശമ്പളാനുകൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ട ബാധ്യതയും സർവ്വകലാശാലക്ക് ഇപ്പോൾ കൈവന്നിരിക്കുകയാണ്. അതേസമയം സുപ്രീംകോടതി വരെ കുരുങ്ങിക്കിടക്കുന്ന ഈ വിഷയത്തിൽ സർവ്വകലാശാല അധികൃതരും സർക്കാരും കുടുങ്ങിക്കിടക്കുന്നതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ആഘാത-പ്രത്യാഘാതങ്ങൾ ഇപ്പോൾ പ്രവചിക്കാനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP