Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവതിയിലേക്ക് പ്രവേശിച്ച് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി; 41 ദിവസം നീളുന്ന മണ്ഡലമഹായജ്ഞത്തിന് ശിവഗിരിയിൽ വെള്ളിയാഴ്‌ച്ച ആരംഭം; ഒക്ടോബർ 31ന് രാജ്യത്തെ വിവിധ ആശ്രമങ്ങളിൽ നിന്നുള്ള സന്യാസ ശ്രേഷ്ഠർ പങ്കെടുക്കുന്ന മഹായതി പൂജ

നവതിയിലേക്ക് പ്രവേശിച്ച് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി; 41 ദിവസം നീളുന്ന മണ്ഡലമഹായജ്ഞത്തിന് ശിവഗിരിയിൽ വെള്ളിയാഴ്‌ച്ച ആരംഭം; ഒക്ടോബർ 31ന് രാജ്യത്തെ വിവിധ ആശ്രമങ്ങളിൽ നിന്നുള്ള സന്യാസ ശ്രേഷ്ഠർ പങ്കെടുക്കുന്ന മഹായതി പൂജ

മറുനാടൻ ഡെസ്‌ക്‌

ശിവഗിരി: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹദ് സന്ദേശം ലോകത്തിന് പകർന്നു നൽകിയ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതിയിലേക്ക്. ഇതിന്റെ ഭാഗമായി ശിവഗിരിയിൽ 41 ദിവസം നീളുന്ന പൂജാ കർമ്മങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനാരായ ഗുരുദേവന്റെ മഹാസമാധി മണ്ഡല മഹായജ്ഞത്തോടും മഹായതി പൂജയോടും കൂടിയാണ് ശിവഗിരിയിൽ ആചരിക്കുന്നത്. വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന മണ്ഡല മഹായജ്ഞം ഒക്ടോബർ 31 വരെ നടത്തും. 31നാണ് മഹായതിപൂജാ ചടങ്ങുകൾ നടക്കുന്നത്. ശ്രീനാരായണ ധർമസംഘത്തിന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

സമാധിദിനത്തിൽ പുലർച്ചെ 4.30-ന് പർണശാലയിൽ ശാന്തിഹവനം, അഞ്ചിന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 5.30-ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45-ന് ഗുരുദേവകൃതികളുടെ പാരായണം എന്നിവയുണ്ടാകും.രാവിലെ ആറിന് മഹാസമാധിയിൽനിന്ന് പകരുന്ന മഹാസമാധി ജ്യോതിയും ശിവഗിരിയിലെത്തിച്ചേർന്ന മറ്റ് ജ്യോതികളും ചേർന്ന് ശാരദാമഠത്തിലെത്തി ശാരദാജ്യോതിയുമായി വൈദികമഠത്തിലെത്തും. തുടർന്ന് വൈദികജ്യോതിയും കൂടിച്ചേർന്ന് ഏകജ്യോതിയായി സ്വാമി പ്രകാശാനന്ദ പ്രതിഷ്ഠിക്കും. ഇതോടെ അഹോരാത്ര മണ്ഡല ജപയജ്ഞത്തിന് തുടക്കമാകും.

രാവിലെ 9.45-ന് മഹാസമാധി നവതിയാചരണ സമ്മേളനം ചിന്മയമിഷൻ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. ശിവഗിരി ഭരണനിർവഹണ കാര്യാലയ സമർപ്പണവും അദ്ദേഹം നിർവഹിക്കും. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും. 12-ന് സ്വാമി വിശുദ്ധാനന്ദയും വെള്ളാപ്പള്ളി നടേശനും ചേർന്ന് മഹാസമാധി മണ്ഡല മഹായജ്ഞത്തിന് തുടക്കം കുറിക്കും. ഒന്നിന് സ്വാമി സച്ചിദാനന്ദയുടെ ആധ്യാത്മികപ്രഭാഷണം. മൂന്നിന് യജ്ഞശാലയിൽനിന്ന് മഹാസമാധി പീഠത്തിലേക്ക് കലശപ്രദക്ഷിണപ്രയാണം. തുടർന്ന് മഹാസമാധിപൂജ.

41 ദിവസവും മൂലമന്ത്ര ജപത്തോടെ ഗുരുഭക്തർ വൈദികമഠത്തെ പ്രദക്ഷിണംചെയ്ത് അഹോരാത്ര അഖണ്ഡനാമജപയജ്ഞം നടക്കും. വൈദികമഠ അങ്കണത്തിൽ തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തിൽ വിശ്വശാന്തിഹവനവും നടക്കും. മഹാസമാധി മന്ദിരത്തിന് സമീപം തയ്യാറാക്കിയ യജ്ഞശാലയിൽ ജപയജ്ഞഹോമം നടക്കും. ഒക്ടോബർ 31-ന് രാജ്യത്തെ വിവിധ ആശ്രമങ്ങളിൽനിന്നുള്ള സന്ന്യാസിശ്രേഷ്ഠരെ പങ്കെടുപ്പിച്ച് ആചാരവിധിപ്രകാരം മഹായതിപൂജ നടത്തും.

ഗുരുദേവന്റെ സന്ന്യസ്ഥ ഗൃഹസ്ഥ ശിഷ്യരെ അനുസ്മരിച്ച് ആചാര്യസ്മൃതിയായി പ്രഭാഷണ പരമ്പരയുമുണ്ടാകും.വനിതാ, വിദ്യാർത്ഥി, തൊഴിലാളി, യുവജന, ആധ്യാത്മിക സമ്മേളനങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കും. 41 ദിവസവും മഹാഗുരുപൂജയും അന്നദാനവുമുണ്ടാകും.
എസ്.എൻ.ഡി.പി. ശാഖകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നാടെങ്ങും സമാധിദിനാചരണം നടത്തും. ഗുരുദേവകൃതികളുടെ പാരായണം, അന്നദാനം, പായസവിതരണം, കഞ്ഞിസദ്യ എന്നിവയുണ്ടാകും.

ഗുരുദേവന്റെ സമാധി ആചരണം മറ്റ് സംസ്ഥാനങ്ങളിലും

നാസിക് ശ്രീ നാരായണ ഗുരുദേവ ട്രസ്റ്റ് ശ്രീനാരായണ ഗുരസമാധി ദിനം വെള്ളിയാഴ്ച ഗുരുമന്ദിരത്തിൽ വെച്ച് ആചരിക്കും. രാവിലെ 5.30-ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ. എട്ടിന് അഖണ്ഡനാമജപം. വൈകുന്നേരം 3.30-ന് മഹാസമാധി പൂജ. ഉപവാസം അനുഷ്ഠിക്കേണ്ടവർ രാവിലെ ഗുരുമന്ദിരത്തിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി എസ്. കുമാർ അറിയിച്ചു.

അന്റോപ് ഹിൽ ശാഖയിൽ സമാധി ആചരണം

ആന്റോപ്ഹിൽ: ശ്രീ നാരായണ ധർമ പരിപാലന യോഗം അന്റോപ്ഹിൽ ശാഖയിൽ ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം വെള്ളിയാഴ്ച ശാഖാ പ്രസിഡന്റ് എം വി രവിയുടെ വസതിയിൽ നടക്കും. രാവിലെ 8.30 മണിമുതൽ ഗുരു പൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, മഹാസമാധി പൂജ, കഞ്ഞിവീഴ്‌ത്തൽ എന്നിവയുണ്ടാകുമെന്ന് ശാഖാ സെക്രട്ടറി കെ.അനിൽ കുമാർ അറിയിച്ചു. വിവരങ്ങൾക്ക് - 9819096671

ഗുരുദേവനെ സ്മരിച്ച് തമിഴ്‌നാട്

പല്ലാവാരം 3512-ാം നമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 90-ാമത് സമാധി ആചരണം സംഘടിപ്പിക്കും.ഗുരു മന്ദിരത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ചൊവ്വൈസാമിയാർ മഠത്തിലെ സ്വാമി ചൈതന്യാനന്ദയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപം നടക്കും. ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 3.30 വരെ മഹാസമാധി പൂജയും ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP