Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമസോൺ കാടുകളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടിപോലും ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ വലിയ കൊടുങ്കാറ്റിന് കാരണമായേക്കാം; കാലാവസ്ഥാ പ്രവചനം എന്നത് അതിസങ്കീർണ്ണമായ പ്രക്രിയയാണ്; പട്ടിണിമാറ്റിയിട്ട് പോരെ ബഹിരാകാശ ഗവേഷണം എന്ന് ചോദിക്കുന്നവരുടെ നാട്ടിൽ എനിക്ക് കൂടുതൽ പ്രതീക്ഷയില്ല; എന്തുകൊണ്ടാണ് കാലാവസ്ഥാ പ്രവചനം തെറ്റുന്നത്; വൈശാഖൻ തമ്പിയുടെ വീഡിയോ വൈറൽ

ആമസോൺ കാടുകളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടിപോലും ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ വലിയ കൊടുങ്കാറ്റിന്  കാരണമായേക്കാം; കാലാവസ്ഥാ പ്രവചനം എന്നത് അതിസങ്കീർണ്ണമായ പ്രക്രിയയാണ്; പട്ടിണിമാറ്റിയിട്ട് പോരെ ബഹിരാകാശ ഗവേഷണം എന്ന് ചോദിക്കുന്നവരുടെ നാട്ടിൽ എനിക്ക് കൂടുതൽ പ്രതീക്ഷയില്ല; എന്തുകൊണ്ടാണ് കാലാവസ്ഥാ പ്രവചനം തെറ്റുന്നത്; വൈശാഖൻ തമ്പിയുടെ വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ പ്രളയമുണ്ടായതിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴികേട്ടത് നമ്മുടെ കാലാവസ്ഥാ വിഭാഗമാണ്. എന്തുകൊണ്ട് ഈ പ്രളയം അവർക്ക് കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ല എന്ന ചോദ്യം ഉയരുമ്പോൾ, അതിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്രലേഖകനും ഗവേഷകനുമായ വൈശാഖന് തമ്പി. അങ്ങേയറ്റം സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് കാലാവസ്ഥാ പ്രവചനം. അതിന് ശക്തമായ ഉപകരണങ്ങളും സൂപ്പർ കമ്പ്യൂട്ടറുകളും വേണം. ഇനി ഇതൊക്കെയുണ്ടെങ്കിലും കമ്പ്യൂട്ടറിലേക്ക് ഒരു ഡാറ്റ കൊടുത്ത് അത് പ്രോസസ് ചെയ്യുമ്പോഴേക്കും പലപ്പോഴും അന്തരീക്ഷ ഘടകങ്ങൾ മാറുമെന്നും അങ്ങനെയും ഫലം പിഴയ്ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വൈശാഖൻ തമ്പിയുടെ വീഡിയോ ഇങ്ങനെയാണ്

അസാധാരണമായ ഒരു വലിയ കാലാവസ്ഥാ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഈ സമയത്ത് പല കോണുകളിൽനിന്നും ഉയർന്നുവന്ന ഒരു ചോദ്യം, ഇത്രയധികം ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരം ഒരു ദുരന്തം നമുക്ക് മൂൻകൂട്ടി കാണാൻ സാധിക്കാതെ പോയത്. അതൊരു ന്യായമായ ചോദ്യം തന്നെയാണ്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. പണ്ടുമുതൽ കാലാവസ്ഥാ പ്രവചനത്തെ തമാശയായിട്ടാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അത് ശരിക്കും നമ്മുടെ നാട്ടിൽ മാത്രമല്ല. ലോകമെമ്പാടും, കാലാവസ്ഥാ ശാസ്ത്രത്തിന് ഈ ഒരു ചീത്തപ്പേരുണ്ട്. ഈ അവസരത്തിൽ എന്തുകൊണ്ടാണ് കാലാവസ്ഥാ പ്രവചനം ഇത്ര സങ്കീർണ്ണമാകുന്നത് എന്നാണ് നമുക്കൊന്ന് അന്വേഷിക്കേണ്ടത്.

പൈതഗോറസ് തിയറി നിങ്ങൾ മറന്നോ?

പൊതുവിൽ പ്രവചനം എന്ന വാക്ക് നമുക്ക് പരിചിതമായിരിക്കുന്നത് കൈനോട്ടം, ജോൽസ്യം തുടങ്ങിയ തട്ടിപ്പ് പരിപാടികളുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ്. എന്നാൽ ഈ സ്വയം പ്രഖ്യാപിത പ്രവചന ശാസ്ത്രങ്ങൾ പറയുന്ന അർഥത്തിലല്ല, കാലാവസ്ഥാ പ്രവചനം സാധ്യമാകുന്നത്. ഉദാഹരണമായി, നമ്മൾ ഒരു ബുക്ക് എടുത്തിട്ടുണ്ട് ഒരു സ്‌കെയിലുകൊണ്ട് മൂന്ന് സെന്റീമീറ്റർ നീളത്തിൽ കുത്തനെ ഒരു വര വരയ്ക്കുക. എന്നിട്ട് അതിന്റെ താഴത്തെ അറ്റത്തുനിന്നും അതിന് ലംബമായി നാലുസെന്റീമീറ്റർ നീളത്തിൽ മറ്റൊരു വര വരയ്ക്കൂക. എന്നിട്ട് ഈ രണ്ടുവരകളുടെയും അവശേഷിക്കുന്ന രണ്ട് അറ്റങ്ങൾ ചേർത്തുകൊണ്ട് മൂന്നാമതൊരു വര വരച്ചാൽ നമുക്ക് ഒരു മട്ട ത്രികോണം അഥവാ റെക്റ്റ് ആംഗിൾ ട്രയാങ്കിൾ കിട്ടും. ചോദ്യം ഈ മൂന്നാമത് വരച്ച വരയുടെ നീളം അളന്നുനോക്കാതെ നിങ്ങൾക്ക് പറയാൻ കഴിയുമോ എന്നാണ്. സംഗതി, വരയും ത്രികോണവുമൊക്കെ നിങ്ങൾ നിങ്ങളുടെ ബുക്കിൽ വരച്ചതാണെങ്കിലും, ഇവിടെ ഇരുന്നുകൊണ്ട് എനിക്ക് ആ മൂന്നാമത്തെ വരയുടെ നീളം പറയാൻ സാധിക്കും. എങ്ങനെയാണെന്ന് ചോദിച്ചാൽ, ഒരു മട്ട ത്രികോണത്തിന്റെ മൂന്ന് വശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സമവാക്യം പൈതഗോറസ് തിയറി എന്ന പേരിൽ നാം സ്‌ക്ളിൽ പഠിച്ചിട്ടുണ്ട്. അതാണ് ' a2+ b2 = c2' എന്ന പ്രശസ്തമായ സൂത്രവാക്യം തന്നെ.

ഇനി മട്ട ത്രികോണം തന്നെ ആയിരിക്കണം എന്ന വാശി മാറ്റിവെച്ചിട്ട്, ഒരു പൊതുവായ ത്രികോണം തന്നെ എടുത്താലും രണ്ടു വശങ്ങളിലെ നീളവും അവയ്ക്കിടയിലെ കോണളവും എടുത്താലും മൂന്നാമത്തെ വശത്തിന്റെ നീളം അളക്കാതെ തന്നെ നമുക്ക് പറയാന് സാധിക്കും. അതിന് കുറച്ചുകൂടി സങ്കീർണ്ണമായ 'a2+b2-2ab cos thetta=c2'എന്ന സമവാക്യം ഉപയോഗിക്കേണ്ടി വരും എന്നേയുള്ളൂ. പണ്ട് പഠിച്ചുമറന്നുപോയ പേടിപ്പിക്കുന്ന ഇക്വേഷൻസ് ഒന്നുകൂടി ഓർമ്മിപ്പിച്ചുവെന്നേയുള്ളൂ.

പറഞ്ഞുവന്നത്. ഇത്തരം സമവാക്യങ്ങൾ എന്താണ് പറയുന്നത് എന്നതാണ്. ഇത് നമ്മുടെ മുന്നിലുള്ള പ്രവചന സാധ്യതയാണ്. അതായത് രണ്ടു വശങ്ങളുടെയും നീളം അറിയാമെന്നുണ്ടെങ്കിൽ ആ ത്രികോണത്തിന്റെ മൂന്നാമത്തെ വശം അളന്നുനോക്കാതെ തന്നെ പരോക്ഷമായി നമുക്ക് പ്രവചിക്കാൻ സാധിക്കും എന്നതാണ്. ഈ രീതിയിൽ പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു മാത്തമാറ്റിക്കൽ മോഡൽ അഥവാ ഗണിത മാതൃകയാണ് നമ്മൾ നേരത്തെ പറഞ്ഞ സമവാക്യം. പൊതുവിൽ ശാസ്ത്രത്തിൽ ചെയ്യുന്നത്, പ്രകൃതിയിൽ കാണുന്ന വിവിധ അളവുകൾ തമ്മിലുള്ള പരസ്പര ബന്ധത്തെ ഇത്തരം ഗണിത മോഡലുകളുടെ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്.

ഗണിത മോഡലുകൾ ഉണ്ടാക്കുന്നത് ഇങ്ങനെ

ത്രികോണം എന്ന ഗണിതപരമായ ഉദാഹരണത്തിൽ നിന്ന് മാറി കുറച്ചുകൂടി വ്യക്തതയുള്ള ഉദാഹരണത്തിലേക്ക് വരാം. നേരെയുള്ള റോഡിലൂടെ നിങ്ങൾ ഒരു സ്ഥിര വേഗതയിൽ കുറേ ദൂരം സഞ്ചരിക്കുകയാണെന്ന് വെക്കട്ടെ. നിങ്ങളുടെ വേഗം v യും സഞ്ചരിക്കാൻ എടുക്കുന്ന സമയം t യുമാണെങ്കിൽ നിങ്ങൾ എത്രദൂരം സഞ്ചരിക്കുന്നുവെന്നത് അളന്നുനോക്കാതെ തന്നെ പറയാൻ കഴിയും. ദൂരത്തെ x എന്ന് സങ്കൽപ്പിച്ചാൽ x = vt എന്ന സമവാക്യത്തിലൂടെ നിങ്ങൾക്ക് ഇതിന്റെ ഉത്തരം കണ്ടെത്താം. അതായത് വേഗതയും സഞ്ചരിക്കാൻ എടുക്കുന്ന സമയവും അറിഞ്ഞാൽ അളന്നുനോക്കാതെതന്നെ ദൂരം നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.

പറഞ്ഞുവരുന്നത്, ഇത്തരം ഗണിത മോഡലുകളെല്ലാം ഒരു ഭൗതിക സാഹചര്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നതാണ്. എല്ലായിടത്തും ഇതുപോലെ ലളിതമായ സമവാക്യങ്ങൾ അയിരിക്കണം എന്നില്ല എന്നു മാത്രം. കാലാവസ്ഥാ ശാസ്ത്രത്തിലേക്ക് വന്നു കഴിഞ്ഞാൽ, അന്തരീക്ഷം എന്ന നമ്മൾ ജീവിക്കുന്ന ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതക പുതപ്പിനുള്ളിൽ വിവിധ ഭൗതിക അറിവുകളുണ്ട്. അവിടെ താപനില, മർദ്ദം കാറ്റിന്റെ വേഗത അങ്ങനെ നിരവധി ഭൗതിക അറിവുകളുണ്ട്. ഈവിധ പ്രതിഭാസങ്ങളും ഈ അളവുകൾ തമ്മിലുള്ള പരസ്പര ബന്ധവും ഒക്കെ ഏതാണ്ട് കൃത്യമായി തന്നെ ഇന്ന് ശാസ്ത്രത്തിന് അറിയാം. അവയെ മേൽപ്പറഞ്ഞതുപോലുള്ള ഗണിത മോഡലുകൾ ഉപയോഗിച്ച് സൂചിപ്പിക്കാനുള്ള ശ്രമമാണ് കാലാവസ്ഥാശാസ്ത്രത്തിൽ അടിസ്ഥാനപരമായി ചെയ്യുന്നത്.

വേരിയബിളുകൾ മാറിയാൽ പ്രവചനവും മാറും

ശാസ്ത്രത്തിൽ നമ്മൾ ഉപയോഗപ്പെടുത്തുന്ന എല്ലാ സാങ്കേതിക വിദ്യകളും ഒരർഥത്തിൽ ഗണിതമോഡലുകൾ ഉപയോഗിച്ച് നടത്തുന്ന പ്രവചനങ്ങൾ തന്നെയാണ്. ഇത്തരം ഗണിതമോഡലുകളൂടെ തന്നെ സഹായത്തോടെയാണ് ഇവിടെ നിന്ന് അയയ്ക്കുന്ന ഉപഗ്രഹം എന്ന് എപ്പോൾ എവിടെവെച്ച് ഏത് ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നും, അത് ആ ഉപഗ്രഹത്തിന്റെ എത് ഭാഗത്തിന്റെ ഫോട്ടോയെടുക്കാൻ ഉപയോഗിക്കാൻ കഴിയുമെന്നൊക്കെ നമുക്ക് ഇവിടെ നിന്ന് പ്രവചിക്കാൻ കഴിയും. അപ്പോൾ സ്വാഭാവികമായിട്ടും ഒരു ചോദ്യം വരാം. മറ്റൊരു ഗ്രഹത്തിൽ പോയി ഇത്രയൊക്കെ സാധിക്കാമെന്നുണ്ടെങ്കിൽ എന്തൂകൊണ്ടാണ് നമ്മളുടെ ഗ്രഹത്തിന്റെ കാലാവസ്ഥയെ പ്രവചിക്കാൻ സാധിക്കാത്തത്. കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യം വരുമ്പോൾ അത് മറ്റൊരു ഗ്രഹമാണോ ഈ ഗ്രഹമാണോ എന്നത് ഒന്നുമല്ല പ്രശ്നം. മറിച്ച് ഈ പ്രവചനത്തിൽ ഉൾപ്പെടുന്ന ഗണിത മോഡലുകളിലെ പ്രധാനപ്പെട്ട അളവുകൾ, നമുക്ക് വേരിയബിളുകൾ എന്ന് വിളിക്കാം, ഇവ ഏതൊക്കെയാണ് അവ എത്രയെണ്ണമുണ്ട്, അവ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ സ്വഭാവം എന്തൊക്കെയാണ് ഇതൊക്കെയാണ ശ്രദ്ധിക്കേണ്ട പ്രധാനം കാര്യം.

ഈ അന്തരീക്ഷത്തിലെ വിവിധ ഭാഗങ്ങളിലെ മർദ്ദം, താപനില, കാറ്റിന്റെ വേഗം ജലബാഷ്പത്തിന്റെ അളവ് ഇങ്ങനെ നിരവധി വേരിയബിളുകളാണ് കാലാവസ്ഥയിലെ മാത്തമാറ്റിക്കൽ മോഡലിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ ഇവിടെ ചില വലിയ വെല്ലുവിളികൾ ഉണ്ട്. ഒന്ന് ഭൂമിയിൽ വീഴുന്ന സൂര്യപ്രകാശം പലയിടത്തും പല അളവുകളിലാണ്. ഒരേ അളവിൽ വന്നാൽ തന്നെ കര കടൽ, കോൺക്രീറ്റിട്ട റോഡ് ഇങ്ങനെ പലഭാഗങ്ങളിലും പല അളവിലാണ് ചൂടുപിടിക്കുന്നത്. ചൂടുപിടക്കുന്ന സമയത്ത് വായു വികസിക്കുകയും അവിടുത്തെ മർദ്ദം മാറുകയും, മർദ്ദം കൂടിയ ഭാഗത്തുനിന്ന് മർദ്ദം കുറഞ്ഞഭാഗത്തേക്ക് വായുവിന്റെ പ്രവാഹം അല്ലെങ്കിൽ കാറ്റ് ഉണ്ടാകും. ഇങ്ങനെ സദാ ചലാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ രണ്ടാമത്തെ വെല്ലുവിളി ഈ മോഡലുകളിൽ ഉൾപ്പെടുന്ന വേരിയബിളുകളിൽ എല്ലാം തന്നെ വളരെ കൃത്യമായി അളക്കേണ്ടതുണ്ട്.

നമ്മൾ നേരത്തെ പറഞ്ഞ x=vt എന്ന മവാക്യത്തില് x എന്ന ദൂരം നമുക്ക് എത്രമാത്രം കൃത്യമായി പറയാൻ കഴിയും എന്നത് v യെയും t യെയും എത്രത്തോളം കൃത്യമായി നിങ്ങൾക്ക് അറിയാൻ പറ്റും എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ താപനിലയും മർദ്ദവുമൊക്കെ വളരെ കൃത്യതയോടെ അളക്കേണ്ടതായിട്ടുണ്ട്. അതിന് എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന വെതർ സ്റ്റേഷനിലെ ഉപകരണങ്ങൾക്ക് ചില പരിമിതികൾ ഉണ്ട്. അത് മറികടക്കാൻ ആവാത്തതാണ്.

എന്താണ് ബട്ടർഫ്ളൈ ഇഫക്റ്റ്?

എന്തുകൊണ്ടാണ് കൃത്യതക്കുറവ് സംഭവിക്കുന്നത് എന്ന് പറയാൻ ഒരു ഉദാഹരണം പൊതുവെ പറയാറുണ്ട്. അതാണ് ബട്ടർഫ്ളൈ ഇഫക്ട്. അതായത് ആമസോൺ കാടുകളിൽ ചിറകടിക്കുന്ന ഒരു ചിത്ര ശലഭം അതിനുചുറ്റും സൃഷ്ടിക്കുന്ന വളരെ ചെറിയ മർദ്ദ വ്യത്യാസങ്ങൾപോലും പതിയെ പതിയെ ചുറ്റുമുള്ള കാലാവസ്ഥയെ സ്വാധീനിച്ച് പിന്നീട് ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഒരു വലിയ കൊടുങ്കാറ്റിന് വരെ കാരണമായേക്കാം. അൽപ്പം ആലങ്കാരികമായി പറയുന്നതാണെങ്കിൽ പോലും ബട്ടർഫൈള ഇഫക്ടുകൊണ്ട് ഉദ്ദേശിക്കുന്നത് കാലാവസ്ഥയിലെ വിവധ വേരിയബിളുകൾ തമ്മിലുള്ള അഭേദ്യമായ പരസ്പര ബന്ധത്തെയാണ്.

എന്തൊക്കെയായയും കാലാവസ്ഥാ പ്രവചനത്തിന് വിവിധ വേരിയബിളുകൾ കൃത്യമായി അളക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. അത് കരയിലും കടലിലും ആകാശത്തുമൊക്കെയായി നാം ഘടിപ്പിച്ചിട്ടുള്ള വെതർ സ്റ്റേഷനുകളിൽനിന്നാണ് നാം ഈ വിവരം അളക്കുന്നത്. അങ്ങനെ കിട്ടുന്ന ഡേറ്റ എന്ന ഒരു കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്യുകയും, കമ്പ്യൂട്ടർ അതുവരെ നിലവിലുള്ള ഏതെങ്കിലും ഗണിത മാതൃകയിലേക്ക് മാറ്റി, ആ മാത്തമാറ്റിക്കൽ മോഡൽ ഉപയോഗിച്ച് പ്രവചനം നടത്തുകയുമാണ് ചെയ്യുന്നത്. കമ്പ്യൂട്ടറിലേക്ക് ഡേറ്റ കൊടുക്കും എന്നും പറയുമ്പോൾ കാര്യം കഴിഞ്ഞു. പക്ഷേ അത് അത്ര എളുപ്പമല്ല. കാരണം ലോകത്തിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അസംഖ്യം ഉപകരണങ്ങൾ നൽകുന്ന വളരെ ഭീമമായ അളവിലുള്ള ഡേറ്റയാണ് ഈ കമ്പ്യൂട്ടറുകളിലേക്ക് കൊടുക്കേണ്ടിവരിക.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടർ അത്തരത്തിലുള്ള വലിയ ഡാറ്റയൊന്നും കൈകാര്യം ചെയ്യുന്നതിൽ തീരെ പ്രാപ്തിയുള്ളതല്ല. വളരെ മുറികളുടെ വലിപ്പമുള്ള സൂപ്പർ കമ്പ്യൂട്ടറുകളാണ് ഇത്തരം വലിയ കമ്പ്യൂട്ടേഷൻ പ്രോസസുകൾ നടത്താൻ വേണ്ടിയിട്ട് പലപ്പോഴും ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ അതിന് കിട്ടുന്ന ഡേറ്റ വിശകലനം ചെയ്ത് അന്തരീക്ഷത്തിലെ ഇന്നയിന്ന ഭാഗങ്ങളിൽ ഇന്നയിന്ന രീതിയിലായിരിക്കും നാളെ കാലവസ്ഥ എന്ന് പറയും. പക്ഷേ അപ്പോൾ പോലും വിവിധ വേരിയമ്പിളുകൾ തമ്മിലുള്ള പരസ്പര ബന്ധം വളരെ പ്രശ്നമാണ്. കമ്പ്യൂട്ടർ ഡേറ്റ ഉപയോഗിച്ച് കാൽക്കുലേഷനുകൾ നടത്തുന്നതിനും അതിന്റെ ഔട്ട്പുട്ട് വെളിയിലേക്ക് തരുന്നതിനും ഇടയിൽ തന്നെ അതിൽ ഉൾപ്പെട്ടിരിക്കുന്ന വേരിയബിളുകളിലെ മർദ്ദമാകട്ടെ താപനിലയാവട്ടെ വളരെയധികം മാറിയെന്നു വരാം. അതുകൊണ്ടുതന്നെയാണ് കമ്പ്യൂട്ടറിൽ നമുക്ക് തരുന്ന ഔട്ട് പുട്ടും യഥാർഥത്തിലെ കാലാവസ്ഥയും തമ്മിൽ വലിയ വ്യത്യാസങ്ങൾ വരുന്നത്.

പട്ടിണിമാറ്റിയിട്ട് പോരെ ബഹിരാകാശ ഗവേഷണം?

കാലാസ്ഥാ പ്രവചനം കൂടുതൽ കൃത്യതയാവണം എന്നുണ്ടെങ്കിൽ അതിന്റെ വെല്ലുവിളി നമ്മൾ പരമാവധി കൃത്യതയോടു കൂടി കാലാവസ്ഥയിലെ വിവിധ വേരിയബിളുകൾ അളക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ്. കൂടുതൽ വേഗതയുള്ള കമ്പ്യൂട്ടിങ്ങ് സംവിധാനങ്ങൾ ഒരുക്കുക.കൂടുതൽ കൃത്യമായ കാര്യക്ഷമമായ മാത്തമാറ്റിക്കൽ മോഡലുകൾ ഉണ്ടാക്കിയെടുക്കുക ഇങ്ങനെ നാനാവിധത്തൽ പെട്ട വെല്ലുവിളികളാണ് ഈ വിഷയത്തിൽ ഉള്ളത്. അപ്പോളും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോഴും ശാസ്ത്ര സാങ്കേതിക വിദ്യയിലെ അടിസ്ഥാനകാര്യങ്ങൾക്കുവേണ്ടി ഫണ്ട് വേണമെന്നുമൊക്കെ വാദിക്കുമ്പോളും അതൊക്കെ നാട്ടിലെ പട്ടിണി മാറ്റിയിട്ട് ശേഷം മാത്രം മതിയെന്ന് വാദിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഉണ്ടാകാവുന്ന പുരോഗതിക്ക് വലിയ പ്രതീക്ഷക്ക് തൽക്കാലം വകുപ്പില്ല എന്നതുതന്നെയാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP