Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീയും സാക്ഷികളും നിലപാടിൽ ഉറച്ചു നിന്നാൽ ഫ്രാങ്കോയെ കാത്തിരിക്കുന്നത് ഏഴു മുതൽ പത്ത് വർഷം വരെ തടവ്; സമ്മതമില്ലാതെ സ്ത്രീയുടെ രഹസ്യഭാഗങ്ങൾ സ്പർശിച്ചാൽ പോലും നിയമത്തിന്റെ ഭാഷയിൽ ബലാത്സംഗം; സമ്മതം തെളിയിക്കേണ്ടത് ഇരയുടെ വക്കീലിൽ നിന്നു മാത്രം; പൊലീസിനോട് എന്തു പറഞ്ഞു എന്നതിനേക്കാൾ പ്രധാനം മജിസ്‌ട്രേറ്റിന് മുമ്പിൽ സ്വമേധയാ എന്തു പറഞ്ഞു എന്നതു

കന്യാസ്ത്രീയും സാക്ഷികളും നിലപാടിൽ ഉറച്ചു നിന്നാൽ ഫ്രാങ്കോയെ കാത്തിരിക്കുന്നത് ഏഴു മുതൽ പത്ത് വർഷം വരെ തടവ്; സമ്മതമില്ലാതെ സ്ത്രീയുടെ രഹസ്യഭാഗങ്ങൾ സ്പർശിച്ചാൽ പോലും നിയമത്തിന്റെ ഭാഷയിൽ ബലാത്സംഗം; സമ്മതം തെളിയിക്കേണ്ടത് ഇരയുടെ വക്കീലിൽ നിന്നു മാത്രം; പൊലീസിനോട് എന്തു പറഞ്ഞു എന്നതിനേക്കാൾ പ്രധാനം മജിസ്‌ട്രേറ്റിന് മുമ്പിൽ സ്വമേധയാ എന്തു പറഞ്ഞു എന്നതു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്തീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കാത്തിരിക്കുന്നത് ഏഴ് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ. ബിഷപ്പിനെ വെട്ടിലാക്കുന്ന മൊഴികളാണ് ഇരയായ കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മുമ്പാകെയും മജിസ്‌ട്രേറ്റ് മുമ്പാകെയും നൽകിയിരിക്കുന്നത്. മൊഴികളെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം നൽകുകയുണ്ടായി. ക്രിമിനൽ നടപടിച്ചട്ടം 164-ാം വകുപ്പ് പ്രകാരം കന്യാസ്ത്രീ സ്വമേധയാ മജിസ്‌ട്രേറ്റ് മുമ്പാകെ നൽകിയിട്ടുള്ള മൊഴിയാണ് ബിഷപ്പിനെ ശരിക്കും വെട്ടിലാക്കിയത്.

ഐപിസി 376ാം വകുപ്പാണ് ബലാത്സംഗ കുറ്റം. സ്ത്രീയുടെ രഹസ്യഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിക്കുന്നത് പോലും ഇതിൽ കുറ്റകരമാണ്. നിയമപരമായല്ലാത്ത ലൈംഗികബന്ധത്തിനെയാണ് ബലാത്സംഗം എന്നണ് നിയമത്തിൽ നിർവചിച്ചിരിക്കുന്നത്. അനുവാദമില്ലാതെ അടച്ചിട്ട മുറിയിൽ വെച്ച് ബലപ്രയോഗത്തിലൂടെ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇത് ഉഭയകക്ഷി സമ്മതപ്രകാരമല്ല, അങ്ങനെ ആകണമെങ്കിൽ കൂടി ഇരയായ കന്യാസ്ത്രീയുടെ മൊഴി വേണം. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ബിഷപ്പിന് രക്ഷപെടാൻ മാർഗ്ഗങ്ങളുള്ളൂ.

തന്നെ ഫ്രാങ്കോ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. പ്രകൃതിവിരുദ്ധപീഡനവും നടന്നു. പ്രതിയുടെ ചില പ്രത്യേകതകളെക്കുറിച്ചും മൊഴി ലഭിച്ചതായി സൂചനയുണ്ട്. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിച്ചു. ബലാത്സംഗക്കേസുകളിൽ ക്രിമിനൽനടപടിച്ചട്ടം 161-ാം വകുപ്പുപ്രകാരം വാദി പൊലീസിന് നൽകുന്ന മൊഴിതന്നെ പ്രധാനമാണ്. ഇത് 164-ാം വകുപ്പുപ്രകാരമായാൽ പിന്നീട് മൊഴി മാറ്റാൻ പ്രയാസമാണ്. പീഡിപ്പിച്ചെന്ന് ഇര പറഞ്ഞാൽ, അതുണ്ടായില്ല എന്ന് തെളിയിക്കേണ്ടത് പ്രതിയാണ്.

പീഡനം നടന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇത് സ്വഭാവദൂഷ്യം മൂലമാണെന്നു വരുത്താൻ ഫ്രാങ്കോയെ അനുകൂലിക്കുന്നവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലൈംഗികശേഷി പരിശോധനയുടെ റിപ്പോർട്ട് ആയിട്ടില്ല. ഇതടക്കമുള്ള പരിശോധന ഇനി നടക്കാനിരിക്കയാണ്. മഠത്തിൽ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ, ബിഷപ്പ് എത്തിയതിന് തെളിവുകൾ ലഭിച്ചും കേസിന് ശക്തി പകർന്നിട്ടുണ്ട്.

സാക്ഷിമൊഴികളിൽ ഭൂരിപക്ഷവും ഫ്രാങ്കോയ്‌ക്കെതിരാണ്. മഠത്തിൽ അന്നുണ്ടായിരുന്ന കന്യാസ്ത്രീകൾ, സഭാധികാരികൾ, ബിഷപ്പിനെ മഠത്തിൽ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ, കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരേ പരാതി നൽകിയയാൾ, കന്യാസ്ത്രീയ്‌ക്കെതിരേ പരാതി നൽകിയ ബന്ധുവായ സ്ത്രീ, കന്യാസ്ത്രീകളുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി. കുറവിലങ്ങാടിനടുത്തും തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തുമുള്ള കന്യാസ്ത്രീ മഠങ്ങളിലെ സന്ദർശകഡയറി, ബിഷപ്പ് കേരളത്തിൽ എത്തിയപ്പോൾ യാത്ര ചെയ്ത വാഹനത്തിന്റെ രേഖ എന്നിവയാണ് തെളിവുകൾ വന്നത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെളിവുശേഖരണം. ഇതിനായി, സൈബർ സെല്ലിൽ നിന്നുള്ളവരെക്കൂടിച്ചേർത്ത് അന്വേഷണസംഘം വിപുലപ്പെടുത്തിയിരുന്നു. സംഭവങ്ങൾ ഉണ്ടായപ്പോൾ ബിഷപ്പ് എവിടെയായിരുന്നെന്ന് തെളിയിക്കാൻ ഇത് ഉപകരിക്കും. രണ്ടുപേരുടെയും ഫോണുകളും അതിലെ സന്ദേശങ്ങളും ചിത്രങ്ങളും പ്രധാന തെളിവുകളാകും. എന്നാൽ, കന്യാസ്ത്രീയുടെയും പ്രതിയുടെയും ഫോണുകൾ എവിടെയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല.

ചോദ്യങ്ങളോട് ബിഷപ്പ് മറുപടികൾ പറയുമ്പോഴുള്ള പ്രതികരണങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ മൊഴിയുടെയും ചോദ്യം ചെയ്യലിന്റെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഐ.പി.സി 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 376 (ബലാത്സംഗം), അതിന്റെ ഉപവകുപ്പുകൾ, 342 (രക്ഷപ്പെടാനാകാത്ത വിധം തടഞ്ഞുവെക്കൽ), 506 (ഭീഷണിപ്പെടുത്തൽ) വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്

തെളിവുകളെ പ്രതിരോധിക്കാൻ അവസാനംവരെ ശ്രമിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടിയായത് സ്വന്തം മൊഴികളിലെ വൈരുധ്യം. കന്യാസ്ത്രീയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകളുമായി ചോദ്യങ്ങളിൽ കുരുക്കിയ അന്വേഷണസംഘത്തിന് മുന്നിൽ ഒടുവിൽ ബിഷപ്പിന് കീഴടങ്ങേണ്ടിവന്നു. രക്ഷപ്പെടാനുള്ള വൃഥാശ്രമത്തിൽ പറഞ്ഞ കള്ളത്തരങ്ങൾ ഒടുവിൽ ബിഷപ്പിനുമേൽ കുരുക്ക് മുറുക്കി.

ആഗസ്റ്റിൽ ജലന്ധറിൽ പൊലീസിന് നൽകിയ മൊഴികളിലെ വൈരുധ്യം നീക്കാനാണ് മൂന്നു ദിവസം ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്തത്. എന്നാൽ, പഴയ ദുർബല മൊഴികളിൽ ഉറച്ചുനിന്നതോടെ അറസ്റ്റിലേക്ക് അധികം ദൂരമുണ്ടായില്ല. നിരപരാധിയാണ്, കന്യാസ്ത്രീക്ക് ദുരുദ്ദേശ്യമുണ്ട്, തെളിവുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ്, കന്യാസ്ത്രീ ഭാവഭേദമില്ലാതെ തന്നോടൊപ്പം ചടങ്ങിൽ പങ്കെടുത്തു... ഇതൊക്കെയാണ് ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ് നിരത്തിയ വാദങ്ങൾ. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായുള്ള ചോദ്യങ്ങൾക്കുമുന്നിൽ പലപ്പോഴും അദ്ദേഹം പതറി. പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായില്ല. ചില ചോദ്യങ്ങൾക്ക് ഇല്ല എന്ന മറുപടി മാത്രം. മറ്റുചിലപ്പോൾ നിസ്സഹായനായി കൈകൂപ്പി.

ആദ്യ പീഡനം നടന്ന 2014 മെയ്‌ അഞ്ചിന് രാത്രി കുറവിലങ്ങാട്ടെ സന്റെ് ഫ്രാൻസിസ് മിഷൻ ഹോമിൽ പോയിട്ടില്ലെന്നും അന്ന് തൊടുപുഴയിലെ ആശ്രമത്തിൽ ആയിരുന്നെന്നുമായിരുന്നു ആദ്യമൊഴി. എന്നാൽ, കുറവിലങ്ങാട് ആശ്രമത്തിലെ സന്ദർശന രജിസ്റ്ററിൽനിന്ന് അവിടെ എത്തിയതായ രേഖയും തൊടുപുഴ ആശ്രമത്തിൽ എത്തിയിട്ടില്ലെന്ന അവിടത്തെ സന്ദർശന രജിസ്റ്റർ രേഖയും മുന്നിൽവെച്ചതോടെ ബിഷപ് അടവുമാറ്റി. കുറവിലങ്ങാട്ട് പോയിട്ടുണ്ടാകാമെന്നും തങ്ങിയിട്ടില്ലെന്നുമായി പുതിയ വാദം. സന്ദർശക രജിസ്റ്റർ കന്യാസ്ത്രീകൾ തിരുത്തിയതാണെന്നും ആരോപിച്ചു. പക്ഷേ ബിഷപ്പിനെ മഠത്തിൽ എത്തിച്ച ഡ്രൈവറടക്കം മൂന്ന് സാക്ഷികളുടെ മൊഴി നിർണായകമായി. ടവർ ലൊക്കേഷൻ വിവരങ്ങളും എതിരായി.

കന്യാസ്ത്രീക്ക് അയച്ച അശ്ലീലസന്ദേശങ്ങൾ തന്റെ മൊബൈൽ നമ്പറിൽനിന്നുള്ളതാണെന്ന് സമ്മതിച്ച ബിഷപ് അവ എഡിറ്റ് ചെയ്ത് തനിക്കെതിരെ ആക്കിയതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കന്യാസ്ത്രീയെ പരിചയമില്ലെന്ന് പറഞ്ഞ ബിഷപ്പിന് ഇരുവരും ഒരുമിച്ചുനിൽക്കുന്ന ചിത്രം കാണിച്ചപ്പോൾ ഉത്തരംമുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP