Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീ കേന്ദ്രീകൃതങ്ങളായ ഒമ്പത് ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടന; ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളെക്കുറിച്ച് അറിയാം

സ്ത്രീ കേന്ദ്രീകൃതങ്ങളായ ഒമ്പത് ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടന; ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളെക്കുറിച്ച് അറിയാം

വുമൺ ഇൻ സിനിമാ കളക്റ്റീവും മാമാങ്കം ഡാൻസ് കമ്പനിയും ചേർന്ന് മിനിമൽ സിനിമയുടെ സഹകരണത്തോടെ '9 പെൺ സിനിമകൾ' പ്രദർശിപ്പിക്കുന്നു. ഒക്ടോബർ 2-ന് മാമാങ്കം സ്റ്റുഡിയോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ. ആർ. മീര അതിഥിയായി പങ്കെടുക്കും.അർച്ചന പത്മിനി ക്യൂറേറ്റ് ചെയ്യുന്ന ഈ പാക്കേജിൽ കേരളത്തിലെ ഒൻപത് സ്ത്രീസംവിധായകരുടെ ഹ്രസ്വചിത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ക്രിയാത്മകമായും രാഷ്ട്രീയപരമായും ദൃശ്യമാധ്യമത്തെ ഒരുപടി കൂടി മുന്നോട്ട് നയിക്കുന്ന ശ്രമങ്ങളാണ് ഇതിലുൾപ്പെടുന്ന സിനിമകളൊക്കെയും.

ഡെലിഗേറ്റ് രജിസ്ട്രഷൻ വഴിയാണ് സിനിമകൾ കാണാനുള്ള അവസരമൊരുക്കുന്നത്.

കഥാർസിസ് '- ഇന്ദിര സെൻ (ഹോമേജ്)

അന്തരിച്ച സംവിധായിക, ഇന്ദിരയെ ഓർത്തെടുത്തുകൊണ്ട് ഇന്ദിരയുടെ സിനിമ പ്രദർശിപ്പിക്കുന്നു. കൊടിയുടെ നിറത്തെ പ്രതി രാഷ്ട്രീയ കൊലപാതകങ്ങളെ അളക്കുന്ന തരം സാമൂഹികബോധത്തെ പ്രശ്‌നവൽക്കരിക്കുന്ന സിനിമ. മുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വിബ്ജ്യോർ ചലച്ചിത്രോത്സവത്തിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018, ഐ. ഡി. എസ്. എഫ്. എഫ്. കെ-യിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

'ഇന്ദു' - അനഘ ആനന്ദ്

കെ. ആർ. മീരയുടെ 'മരിച്ചവളുടെ കല്യാണം' എന്ന കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്തത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന പ്രണയം, അതിന്റെ ഒരേസമയം സ്വാഭാവികവും അസ്വാഭാവികവുമായ മരണം. പതിനൊന്നാമത് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ- ബംഗ്ലാദേശ്, അല്പവിരാമ- 2018, ഐ. എ. ഡബ്ലൂ. ആർ. ടി. ഏഷ്യൻ വുമൺ'സ് ഫിലിം ഫെസ്റ്റിവൽ- ന്യൂ ഡൽഹി, എന്നിങ്ങനെയുള്ള ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമ. എൻ.ഐ.ഡി യിലെ പഠനത്തിന്റെ ഭാഗമായാണ് സിനിമ സംഭവിച്ചത്.

'അകം' - ശ്രീദേവി

വാർദ്ധക്യത്തിലെത്തിയ ഒരു സ്ത്രീയുടെ ഓർമകളിലൂടെ, അവർ പെട്ട് കിടക്കുന്ന ഭൂതകാല ദൃശ്യങ്ങളിലൂടെ ഒരു സഞ്ചാരം. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്‌സിലെ പഠനത്തിന്റെ ഭാഗമായുണ്ടായ പ്രൊജക്റ്റ്.

'ഒരേ ഉടൽ' - ആശ ആച്ചി ജോസഫ്

ഒരു കന്യാസ്ത്രീക്ക് നേരിടേണ്ടി വരുന്ന ക്രൂരമായ അതിക്രമം പ്രതിപാദ്യവിഷയമാകുന്നു. ശരീരത്തെ, ശുദ്ധിയെ ഒക്കെ സംബന്ധിച്ച സൂക്ഷ്മമായ ഇടപെടലുകളുണ്ട് 'ഒരേ ഉടലി'ൽ. സൺറൈസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - കാനഡ, റഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- മോസ്‌കോ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, മാമി ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇൻഡോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹോളിവുഡ് സ്‌കൈ ഫിലിം ഫെസ്റ്റിവൽ- ലോസ് ആഞ്ജലെസ് എന്നിങ്ങനെ ഒട്ടനവധി മേളകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഫിലിപ്പീൻസിലെ ഐ ചിൽ സ്പാനിഷ് കഫേ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം സജിതാ മഠത്തിലിന് നേടിക്കൊടുത്ത ചിത്രം.

'Gi'- കുഞ്ഞില

കൽക്കത്തയിൽ ജീവിച്ചുപോകുന്ന അച്ഛനും മകളും. ജീവിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യം സൂക്ഷ്മമായി കടന്നുവരുന്നു. യൗവ്വനവും വാർദ്ധക്യവും , അതിനിടയിലെ സമരസപ്പെടലും ജീവിതവും ചലച്ചിത്രകാരി കയ്യൊതുക്കത്തോടെ വരച്ചുവെക്കുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള, സൈൻസ് ഫിലിം ഫെസ്റ്റിവൽ, ലൈറ്റ്‌സോഴ്‌സ് ഫിലിം ഫെസ്റ്റിവൽ, തുടങ്ങിയ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. സൈൻസ് ഫിലിം ഫെസ്റ്റിവലിൽ, ഫിലിം ഫെഡറേഷൻ നൽകുന്ന മികച്ച മലയാള ഹ്രസ്വചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2018, ഐ.ഡി.എസ്. എഫ്.എഫ്.കെ യിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രവുമായിരുന്നു

'ഞാവൽ പഴങ്ങൾ' - ജീവ.കെ.ജെ.

കുട്ടിക്കാലത്തിന്റെ ഓർമയിലൂടെ നിറം എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്, നമുക്കിടയിൽ ഇടപെടുന്നത് എന്നന്വേഷിക്കുന്ന സിനിമ. കുഞ്ഞുങ്ങളിൽ വംശീയത രൂപം കൊള്ളുന്നതെങ്ങനെയെന്ന് വരച്ചു കാട്ടുന്നു. നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിലെ ഫെസ്റ്റെലൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥക്കും സിനിമറ്റോഗ്രാഫിക്കും സംവിധാനത്തിനും പുരസ്‌കാരങ്ങൾ. 'മുഖങ്ങൾ' എന്ന ചെന്നൈയിൽ നിന്നുള്ള മാഗസിന്റെ മികച്ച തിരക്കഥക്കും ബാലതാരത്തിനുമുള്ള അവാർഡുകൾ നേടി.

'Eye Test' - സുധ പത്മജ ഫ്രാൻസിസ്

പലകാലങ്ങളിലൂടെ , ഓർമകളിലൂടെ സഞ്ചരിക്കുന്ന സിനിമ. അമ്മയെ, കുട്ടിക്കാലത്തെ ഒക്കെ കുറിക്കുന്ന, അമ്മയേയും മകളേയും തമ്മിൽ കൂട്ടിയിണക്കുന്ന ആ കണ്ണിയിലെത്തിപ്പെടുന്ന, കവിതയാകാനോങ്ങുന്ന സിനിമ. നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച സിനിമറ്റോഗ്രാ ഫിക്കുള്ള അറുപത്തെട്ടാമത് ദേശീയ പുരസ്‌കാരം അപ്പു പ്രഭാകറിന് നേടിക്കൊടുത്ത ചിത്രം. കൊൽക്കത്തയിലെ സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഋത്വിക് ഘട്ടക്കിന്റെ പേരിലുള്ള പുരസ്‌കാരവും ബെസ്റ്റ് സിനിമാറ്റോഗ്രഫി അവാർഡും. വുഡ്‌പെക്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ന്യൂ ഡൽഹി, ബെർലിൻ ഫെമിനിസ്റ്റ് ഫിലിം വീക്ക്, കിനോഫിലിം മാഞ്ചസ്റ്റർ ഷോർട്ട് ഫിലിം ആൻഡ് ആനിമേഷൻ ഫെസ്റ്റിവൽ, ജഫ്ന ഇന്റർനാഷണൽ സിനിമ ഫെസ്റ്റിവൽ, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി അനവധി ചലച്ചിത്രമേളകളിലൂടെ സഞ്ചരിക്കുന്നു. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന്റെ ഭാഗമായ സിനിമ.

'ഋതം' - ശിവരഞ്ജിനി

ഒറ്റക്ക് മകളെ വളർത്തുന്ന അമ്മ. അമ്മയും മകളും, ബാല്യകൗമാര സംഘർഷങ്ങളും നിറയുന്ന കഥാതന്തു. 'ഋതം' ടോട്ടോ ഫിലിം അവാർഡ് ലിസ്റ്റിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എൻ. ഐ. ഡി-യിലെ പഠനത്തിന്റെ ഭാഗമായുണ്ടായ സിനിമ.

'രുചിഭേദം' - തീർത്ഥ മൈത്രി

മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന രണ്ടു സഹോദരിമാർ, അവരുടെ അമ്മയുമായുള്ള സംഭാഷണം, അതിൽ ഉരുത്തിരിയുന്ന സിനിമ. ലളിതവും രസകരവുമായ ആഖ്യാനശൈലി. ഐ.ഡി.എസ്.എഫ്.എഫ്.കെ 2018, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബി.ഐ.എസ്. എഫ്.എഫ് 2018 , സൈൻസ് ഫെസ്റ്റിവൽ തുടങ്ങിയ മേളകളിൽ ഭാഗമായ സിനിമ.

ഡെലിഗേറ്റ് പാസ്സ് - Rs.200/-

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP