Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോയ് മാത്യുവിന്റെ കേസിൽ പരസ്പരം പോരടിച്ച് സിപിഎമ്മും സിപിഐയും; പ്രകടനം നിരോധിക്കപ്പെട്ട മിഠായിത്തെരുവിൽ പ്രകടനം നടത്തിയാൽ കേസെടുക്കണമെന്ന് സിപിഎം സൈബർ സഖാക്കൾ; കേസെടുത്തതിന് എതിരെ എ.ഐ.വൈ.എഫും യുവകലാ സാഹിതിയും: ബിഷപ്പ് വിഷയത്തിൽ എ.ഐ.വൈ.എഫിനെ പുകഴ്‌ത്തിയും ഡിവൈഎഫ്‌ഐയെ പരിഹസിച്ചും രംഗത്തെത്തിയ ജോയ് മാത്യുവിന് വേണ്ടി തമ്മിൽ തല്ലി ഇടത്‌ യുവജന സംഘടനകൾ

ജോയ് മാത്യുവിന്റെ കേസിൽ പരസ്പരം പോരടിച്ച് സിപിഎമ്മും സിപിഐയും; പ്രകടനം നിരോധിക്കപ്പെട്ട മിഠായിത്തെരുവിൽ പ്രകടനം നടത്തിയാൽ കേസെടുക്കണമെന്ന് സിപിഎം സൈബർ സഖാക്കൾ; കേസെടുത്തതിന് എതിരെ എ.ഐ.വൈ.എഫും യുവകലാ സാഹിതിയും: ബിഷപ്പ് വിഷയത്തിൽ എ.ഐ.വൈ.എഫിനെ പുകഴ്‌ത്തിയും ഡിവൈഎഫ്‌ഐയെ പരിഹസിച്ചും രംഗത്തെത്തിയ ജോയ് മാത്യുവിന് വേണ്ടി തമ്മിൽ തല്ലി ഇടത്‌ യുവജന സംഘടനകൾ

എം ബേബി

കോഴിക്കോട്: മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവിൽ പ്രകടനം നടത്തിയതിന് നടനും സംവിധായകനുമായ ജോയ്മാത്യു ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത നടപടിയെ അനുകൂലിച്ച് സിപിഎം സൈബർ സഖാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരുമെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇതേ സമയം കേസെടുത്ത നടപടിക്കെതിരെ പരസ്യമായി രംഗത്ത് വരികയാണ് സി പി.ഐയുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫും സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയും.

പ്രകടനം നിരോധിച്ച മിഠായിത്തെരുവിൽ പോയി പ്രകടനം നടത്തിയാൽ കേസെടുക്കും. അത് സ്വാഭാവികമാണെന്നാണ് സിപിഎം പ്രവർത്തകരുടെ വാദം. എന്നാൽ പ്രധാനപ്പെട്ടൊരു വിഷയത്തിൽ തന്റെ പ്രതിഷേധം അറിയിക്കുക മാത്രമാണ് ജോയ് മാത്യു ചെയ്തത്. സമാധാനപരമായിട്ടാണ് കിഡ്സൺ കോർണറിൽ പരിപാടി നടത്തിയത്. ഉച്ചഭാഷണിപോലും ഉപയോഗിച്ചിരുന്നില്ല. ജോയ് മാത്യുവിനെതിരെ ചുമത്തിയ കേസ് എത്രയും പെട്ടന്ന് പിൻവലിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെടുന്നു.

ബിഷപ്പ് വിഷയത്തിൽ ജോയ് മാത്യുവിന്റെയൊരു പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഹർത്താലും ബന്ദും നടത്തി വൃദ്ധരായിപ്പോയ യുവജനങ്ങളും പാർട്ടിപ്പേടി ബാധിച്ച് കിടപ്പിലായി എന്ന് കരുതി നിരാശനായിരിക്കുമ്പോഴാണ് ഭരിക്കുന്ന മുന്നണിയിൽ തങ്ങളുടെ പാർട്ടിയും ഉണ്ടെന്ന് അറിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങാൻ തയ്യാറായത് എ ഐ വൈ എഫ് എന്ന യുവജന സംഘടന മാത്രം. തങ്ങൾ ഇപ്പോഴും യുവാക്കളാണെന്നും നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് മുന്നോട്ട് വരാൻ ഒരു എ ഐ വൈ എഫ് ഉണ്ടായി. അതെ ഈ ചെറുപ്പക്കാർ മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നമുക്ക് നൽകുന്നുവെന്നായിരുന്നു ഈ പോസ്റ്റ്. എ.ഐ.വൈ.എഫിനെ പുകഴ്‌ത്തിയ ജോയ് മാത്യു പരോക്ഷമായി ഡിവൈഎഫ്ഐയെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് ജോയ് മാത്യുവിനോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കുള്ള ദേഷ്യത്തിന് കാരണമെന്നും എ ഐ വൈ എഫ് നേതാക്കൾ രഹസ്യമായി പറയുന്നു. സിപിഎമ്മിനെ ഭയന്ന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ജോയ് മാത്യുവിന്റെ അറസ്റ്റിനെ ന്യായീകരിച്ച് തീർക്കുകയാണ് അവരെന്നും നേതാക്കൾ പരിഹസിക്കുന്നു.

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചതിന്റെ പേരിൽ ചലച്ചിത്ര നടൻ ജോയ് മാത്യുവിനെതിരെ കേസ് എടുത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഉടനടി കേസ് പിൻവലിക്കണമെന്നും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവിഷ്‌കാര-അഭിപ്രായ പ്രകടനത്തിനുള്ള പൗരന്റെ അവകാശം ഭരണഘടനാദത്തമാണ്. കിഡ്സൺ കോർണറിൽ നടന്ന പരിപാടിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നില്ല. യാതൊരു പ്രകോപനവും കൂടാതെ തികച്ചും സമാധാനപരമായിട്ടാണ് കിഡ്സൺ കോർണറിൽ പരിപാടി നടന്നത്.

ഒരാഴ്ച മുമ്പ് നടന്നൊരു പരിപാടിയുടെ ഭാഗമായി ഇപ്പോൾ ജോയ് മാത്യുവിനെതിരെ കേസ് എടുത്തിട്ടുള്ളത് ദുരുദ്ദേശപരവും ജനാധിപത്യ വിരുദ്ധവുമാണ്. രാജ്യത്തുയർന്നുവരുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളിൽ ആർജ്ജവത്തോടെ സ്വതന്ത്രമായി ജോയ് മാത്യു ഉയർത്തുന്ന അഭിപ്രായങ്ങൾ പൊതുസമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ച് വലിയ നടനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യുവിനെതിരെ ചുമത്തിയ പൊലീസ് കേസ് എത്രയും വേഗം പിൻവലിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

മിഠായിത്തെരുവ് നവീകരണത്തിന് ശേഷം കോഴിക്കോട് കോർപ്പറേഷനാണ് പൊതുപരിപാടികൾക്കും പ്രകടനങ്ങളും പൊതുയോഗങ്ങൾക്കും നിരോധനമേർപ്പെടുത്തിയത്. നിരോധനമുള്ള സ്ഥലത്ത് പ്രകടനം നടത്തൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടപടി. പരിപാടിയിൽ മൈക്ക് ഉപയോഗിച്ചിട്ടില്ലെന്നിരിക്കെ മൈക്ക് ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇതേ സമയം കേസിനെ പുല്ലുപോലെ നേരിടുമെന്നാണ് ജോയ് മാത്യു പറയുന്നത്. കേസുകൾ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല. സിനിമാ നടനാവുന്നതിന് മുമ്പ് ജയിലിൽ പോയിട്ടുണ്ട്. നിരോധിത മേഖലയാണെങ്കിൽ അക്കാര്യം വ്യക്തമാക്കി ബോർഡ് വെക്കണം. പ്രകടനം നടത്തിയത് പൊലീസ് നോക്കി നിൽക്കുകയായിരുന്നു. നടത്തരുതെന്ന് അവരാരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. മോദിയുടെ പൊലീസായാലും സംസ്ഥാനത്തെ പൊലീസായാലും നിലപാടുകൾ ഒന്നു തന്നെയാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. കോഴിക്കോട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP