Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്തുള്ള അച്ഛൻ എല്ലാം നൽകി വളർത്തിയപ്പോൾ ആഡംബരത്തോടുള്ള ഭ്രമം വർദ്ധിച്ചു; വീട്ടമ്മയെ കൊന്ന ശേഷം വീടിനു ചുറ്റും മുളക് പൊടി വിതറാൻ പ്രചോദനമായത് തമിഴ് സിനിമയായ 'ഖുശി'; ടൗണിലെത്തി പുതിയ മൊബൈൽ ഫോണും മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ജെറിൻ നല്ല പിള്ള ചമയാൻ തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും എത്തി: തൂങ്ങിമരണമെന്ന് കൂടി നിന്നവർ പറഞ്ഞതോടെ ആത്മവിശ്വാസവും വർദ്ധിച്ചു; ആലപ്പുഴയിൽ 19കാരൻ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി

വിദേശത്തുള്ള അച്ഛൻ എല്ലാം നൽകി വളർത്തിയപ്പോൾ ആഡംബരത്തോടുള്ള ഭ്രമം വർദ്ധിച്ചു; വീട്ടമ്മയെ കൊന്ന ശേഷം വീടിനു ചുറ്റും മുളക് പൊടി വിതറാൻ പ്രചോദനമായത് തമിഴ് സിനിമയായ 'ഖുശി'; ടൗണിലെത്തി പുതിയ മൊബൈൽ ഫോണും മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ജെറിൻ നല്ല പിള്ള ചമയാൻ തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും എത്തി: തൂങ്ങിമരണമെന്ന് കൂടി നിന്നവർ പറഞ്ഞതോടെ ആത്മവിശ്വാസവും വർദ്ധിച്ചു; ആലപ്പുഴയിൽ 19കാരൻ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കറ്റാനം: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊന്നതിന്റെ ഞെട്ടലിൽ നിന്നും ഇനിയും കറ്റാനംകാർ മുക്തരായിട്ടില്ല. സ്വന്തം മകനെ പോലെ കണക്കാക്കി വീടിനകത്ത് സ്വാതന്ത്ര്യം കൊടുത്ത 19കാരനാണ് പണത്തിനു വേണ്ടി സുഹൃത്തിന്റെ അമ്മയെ കഴുത്തു ഞെരിച്ച് കൊന്നത്. വിദേശത്തുള്ള അച്ഛൻ എല്ലാം നൽകി വളർത്തിയപ്പോൾ ആഡംബരത്തോടുള്ള ഭ്രമം കൂടിയതാണ് ജെറിൻ എന്ന 19കാരനെ കൊലപാതകത്തിന് വരെ പ്രേരിപ്പിച്ചത്. സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി 3000 രൂപ കൂടി വേണ്ടിയിരുന്ന പ്രതി കൊല്ലപ്പെട്ട തുളസിയുടെ വീട്ടിൽ പണമുണ്ടെന്ന് അറിഞ്ഞ് തനിക്ക് ഈ വീട്ടിലുള്ള സ്വാതന്ത്ര്യം മുതലാക്കിയായിരുന്നു കൊലപാതകം നടത്തിയത്.

അതിവിദഗ്ധമായി കൊലപാതകം മൂടിവെയ്ക്കാനും ജെറിൻ ശ്രമിച്ചു. ദിവസങ്ങൾ ചോറു വിളമ്പി നൽകിയ തുളസിയെ കൊന്നിട്ട് പുറത്തിറങ്ങിയപ്പോഴും ജെറിന് അതിന്റേതായ ഒരു കുലുക്കവും ഉണ്ടായില്ല. തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ വരെ വളരെ കൂളായി ജെറിൻ എത്തി. സാഹചര്യങ്ങൾ തനിക്ക് അനുകൂലമാണോ എന്ന് ഉറപ്പിക്കാനായിരുന്നു ജെറിന്റെ ആശുപത്രി സന്ദർശനം. ചുറ്റും കൂടിയവർ ആത്മഹത്യയെന്ന് പറഞ്ഞതോടെ മനസ്സിൽ ചിരിച്ചു കൊണ്ട് രക്ഷപ്പെട്ട ആശ്വാസത്തിൽ അവിടെ നിന്നും തിരികെ പോരുകയും ചെയ്തു.

തുളസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച പണവുമായി ജെറിൻ നേരെ പോയത് പുതിയ മൊബൈൽ ഫോൺ വാങ്ങാനായിരുന്നു. ചാരുംമൂട്ടിലെ മൊെബെൽ ഷോപ്പിലെത്തി 11,300 രൂപയുടെ ഫോൺ വാങ്ങി. മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ശേഷമാണ് ജെറിൻ വീട്ടിൽ എത്തിയത്. അഅതു കവിിച്ച് വിശ്രമിച്ച ശേഷമാണ് തുളസിയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് ജെറിൻ പോയത്. കറ്റാനം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (48) 22നു കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജുവിനെ (19) കായംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തുളസിയുടെ വീട്ടിൽനിന്നു പണം മോഷ്ടിച്ചതിന്റെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

തുളസിയുടെ മകന്റെ കൂട്ടുകാരനായ ജെറിന് ആ വീട്ടിൽ സർവ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തുളസിയുടെ വീട്ടിൽ എത്തി. ഇവിടെനിന്നു ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം പരിസരത്തുതന്നെ മണിക്കൂറുകളോളം തങ്ങി. വീട്ടിൽ ആരുമില്ലാത്തപ്പോൾ മടങ്ങിയെത്തി താക്കോൽ കൈക്കലാക്കി അലമാരയിൽനിന്നു 10,800 രൂപ മോഷ്ടിച്ചു. ഇതു കണ്ടുകൊണ്ടുവന്ന തുളസി മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ വീണു തലയ്ക്കു പരുക്കേറ്റു. കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സാരി ഉപയോഗിച്ചു ജനലിൽ കെട്ടിത്തൂക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടുക്കളയിൽനിന്നു മുളകുപൊടിയെടുത്തു വിതറിയ ശേഷം മടങ്ങിയ ജെറിൻ, ചാരുംമൂട്ടിൽനിന്നു പുതിയ മൊബൈൽ ഫോണും ബിരിയാണിയും വാങ്ങി വീട്ടിൽ തിരികെയെത്തി.

തുളസിയെ എത്തിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജെറിനെ കസ്റ്റഡിയിലെടുത്തത്. സിനിമകൾ അനുകരിച്ചതായി ജെറിൻ പറഞ്ഞെന്നു മാവേലിക്കര സിഐ പി.ശ്രീകുമാർ പറഞ്ഞു. ഡിവൈഎസ്‌പി അനീഷ് വി. കോര, എസ്‌ഐമാരായ എം.സി.അഭിലാഷ്, എ.സി.വിപിൻ, വി.ബിജു, ഉണ്ണികൃഷ്ണൻ നായർ, എഎസ്‌ഐമാരായ അൻവർ സാദത്ത്, സതീഷ്, സീനിയർ സിപിഒ ഹാരിസ്, സിപിഒമാരായ സുരേഷ്, ഉണ്ണികൃഷ്ണൻ, ഷാജി, അരുൺ, നജുറോയ്, അനീഷ്, രമ്യ, ഗീതമ്മ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

കൊലപാതക ശേഷം തെളിവു നശിപ്പിക്കാനായി മുളകുപൊടി വിതറാൻ പ്രതിയായ വിദ്യാർത്ഥിക്കു പ്രചോദനമായത് ''ഖുശി'' എന്ന തമിഴ് സിനിമ. ഇക്കാര്യം ജെറിൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവദിവസം ഉച്ചമുതൽ ഇയാൾ തുളസിയുടെ വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെയാണ് ജെറിനിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിഞ്ഞത്. പിന്നീട് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിക്കുകയായിരുന്നു. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന തുളസിയെയാണ് കണ്ടത്.

തുളസിയുടെ മൃതദേഹം സൂക്ഷിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രതി എത്തിയിരുന്നു. തൂങ്ങി മരണമാണെന്ന് അവിടെക്കൂടിയവർ പറഞ്ഞതോടെ ഇയാളുടെ ആത്മവിശ്വാസം വർധിച്ചു. എന്നാൽ സാഹചര്യത്തെളിവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആത്മഹത്യയല്ലെന്ന സൂചനയുമാണ് അന്വേഷണം വേഗത്തിലാക്കിയത്. സാരി കെട്ടിയ രീതി കണ്ടപ്പോൾ തന്നെ പൊലീസിന് ആത്മഹത്യയല്ലെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായതോടെയാണ് വീടുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP