Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയതിന് പിന്നാലെ വാഗ്വാദത്തിൽ ജയിച്ചുകയറാൻ വാർത്താസമ്മേളനവും ട്വീറ്റുമായി നേതാക്കൾ; യുപിഎ സർക്കാരിന് ആധാറിനെ ഉപയോഗിക്കാനറിയില്ലായിരുന്നുവെന്ന് അരുൺ ജെയ്റ്റലി വെടിപൊട്ടിച്ചപ്പോൾ ബിജെപിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ് ആധാറെന്ന് രാഹുലിന്റെ ട്വീറ്റ്; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജനവിധിയെ ചൊല്ലിയും ചർച്ച മുറുകുന്നു

നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയതിന് പിന്നാലെ വാഗ്വാദത്തിൽ ജയിച്ചുകയറാൻ വാർത്താസമ്മേളനവും ട്വീറ്റുമായി നേതാക്കൾ; യുപിഎ സർക്കാരിന് ആധാറിനെ ഉപയോഗിക്കാനറിയില്ലായിരുന്നുവെന്ന് അരുൺ ജെയ്റ്റലി വെടിപൊട്ടിച്ചപ്പോൾ ബിജെപിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ് ആധാറെന്ന് രാഹുലിന്റെ ട്വീറ്റ്; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജനവിധിയെ ചൊല്ലിയും ചർച്ച മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുത സുപ്രീം കോടതി നൽകിയതിന് പിന്നാലെ രാഷ്ട്രീയ നേട്ടം കൊയ്യാനായി പരസ്പരം പോരടിച്ച് കോൺഗ്രസും ബിജെപിയും. വിധി തങ്ങളുടെ നിലപാട് ആണ് ശരിയെന്ന് തെളിയിക്കുന്നതെന്ന് ഇരുപാർട്ടികളും പറയുന്നു.ഇത്തരത്തിൽ പൊതു ജനങ്ങൾക്കിടയിൽ ധാരണ സൃഷ്ടിക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത് എന്ന മട്ടിലുള്ള വാർത്തകളാണ് ഇപ്പോൾ തലസ്ഥാനത്ത് നിന്നും പുറത്ത് വരുന്നത്. സുപ്രീം കോടതി വിധി ശരിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു.

'സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സർക്കാർ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്നും' അരുൺ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു. കോൺഗ്രസ് രാജ്യത്ത് വളരെ നല്ല ആശയങ്ങൾ കൊണ്ടുവന്നെങ്കിലും, അവർക്ക് അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി പരിഹസിക്കുകയുണ്ടായി.

അതേസമയം ബിജെപി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് ആധാറിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയെന്ന് കോൺഗ്രസ് പറഞ്ഞു. ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനെ എതിർത്തു കൊണ്ടുള്ള 57 -ാം വകുപ്പ് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. ആധാർ വിവരങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്നതാണ് ആധാർ നിയമത്തിലെ അമ്പത്തിയേഴാം വകുപ്പ്. വിവരങ്ങൾ വിറ്റു കാശാക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമമാണ് പരാജയപ്പെട്ട് പോയതെന്ന് കോൺഗ്രസ് വക്താവ് വ്യക്തമാക്കി.

ഏകീകൃത സംവിധാനം അനുകൂലിച്ചതിനൊപ്പം ചില നിയന്ത്രണങ്ങളോടെ ആധാർ നടപ്പാക്കാമെന്ന് സുപ്രീംകോടതി നിലപാടു സ്വീകരിച്ചതോടെ ആധാർ നിർബന്ധമാക്കൽ നടപടികളുമായി ഇനി സർക്കാരിനു മുന്നോട്ടു പോകാം. ധനബില്ലായി ആധാർ നിയമം പരിഗണിക്കാമെന്ന വിധിയാണ് കേന്ദ്ര സർക്കാരിന് ഏറെ ആശ്വാസമായത്. ധനബില്ലായി അവതരിപ്പിക്കുന്നതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ പടി കടക്കാതെ തന്നെ ആധാർ നിയമത്തിനു സാധുതയായി. ആധാർ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ കേട്ടത്. മൂന്നു ജസ്റ്റിസുമാർ ആധാർ വിഷയത്തിൽ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാൻവിൽക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോൾ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി.

ആധാറിന് തുടക്കമിട്ടത് 2009ൽ യുപിഎ സർക്കാർ

ആധാർ കാർഡ് നിർബന്ധമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അല്ലെന്നുമുള്ള ചർച്ചകൾ നടക്കുന്നതിനിടെ ആധാർ എന്ന ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതാണെന്നാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ഒത്തിരി വിവാദങ്ങൾ പിന്നിട്ടാണ് ആധാറിന് ഒടുവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. 2009ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ആധാറിന് തുടക്കമായത്. രാജ്യം ഒരൊറ്റ ഐഡന്റിറ്റി കാർഡിലേക്ക് മാറുന്നു എന്ന പ്രസ്താവനയുമായി ആധാർ എത്തിയപ്പോൾ അതിനെ ആദ്യം എതിർത്തത് ഇന്ന് ആധാർ കൂടിയെ മതിയാകൂ എന്ന് പറയുന്ന ബിജെപി സർക്കാർ തന്നെയാണ്.

ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയെ ചെയർമാനായി നിയമിച്ചു കൊണ്ട് 2009 ജൂലൈയിലായിരുന്നു മന്മോഹൻ സിങ് സർക്കാർ യുഐഡിഎഐക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങൾ ഒരൊറ്റ തിരിച്ചറിയൽ രേഖയിൽ ആക്കുക എന്ന ഉത്തരവാദിത്തം നന്ദൻ നിലേക്കനി പൂർണ്ണ ഉത്തരവാദിത്തത്തോട് കൂടി ഏറ്റെടുക്കുകയും ചെയ്തു. പൗരന്റെ എല്ലാ വിവരങ്ങളും 12 ഡിജിറ്റ് തിരിച്ചറിയൽ നമ്പറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ലക്ഷ്യം എല്ലാ സേവനങ്ങൾക്കും ഒറ്റ തിരിച്ചറിയൽ രേഖ എന്നതായിരുന്നു. 2010 സെപ്റ്റംബർ 29 ന് മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തിൽ വച്ചാണ് ആദ്യ ആധാർ വിതരണം ചെയ്തത്.

വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ആധാറിന് ലഭിച്ചത്. 2011 നവംബറാകുമ്പോഴേയ്ക്ക് 100 മില്യൺ ആധാർ കാർഡുകൾ വിതരണം ചെയ്തു. 2013 ഡിസംബറാകുമ്പോഴേയ്ക്ക് 500 മില്യൺ കാർഡുകൾ നൽകി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട ആധാർ എന്ന ആശയത്തിനെതിരെ ശക്തമായി രംഗത്തെത്തിയ അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി, 2014ൽ ഭരണത്തിലെത്തിയപ്പോൾ ആധാറിനെ അവരുടെ അഭിമാന പദ്ധതിയാക്കി മാറ്റി.

കോൺഗ്രസ് കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണെങ്കിൽ കൂടി ആധാറിനെ ബിജെപി തങ്ങളുടെ പദ്ധതിയാക്കി മാറ്റി. 2014-15 പൊതു ബജറ്റിൽ എൻഡിഎ 2039 കോടി രൂപ ആധാറിനായി വകയിരുത്തി. 2012 നവംബറിൽ ആധാർ ബില്ലിനെതിരായി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 2015 ഒക്ടോബർ 15 ന് റേഷൻ വിതരണമുൾപ്പടെയുള്ള സാമൂഹ്യക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കി. ഇതോടെയാണ് ആധാറിനെ ചൊല്ലി പ്രശ്നങ്ങൾ രൂക്ഷമാകുന്നത്.

വിയോജിപ്പറിയിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്

ആധാറിന് ഭരണഘടനാ സാധുത നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ഡി.വൈ ചന്ദ്രചൂഡ്. ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ട് തന്നെ താൻ വിയോജിപ്പ് അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിധി പറഞ്ഞത്. ആധാർ പദ്ധതി മൊത്തത്തിൽ ഭരണഘടനാവിരുദ്ധമാണെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ചന്ദ്രചൂഡ് ആധാറിന് ഭരണഘടനാ സാധുത നൽകുന്നതിനെ എതിർത്ത് പറയുന്ന കാരണങ്ങൾ ഇവ.മണി ബിൽ ആയി ആധാർ നിയമം കൊണ്ടുവന്നത് ഭരണഘടനയുടെ മറവിൽ നടന്ന തട്ടിപ്പാണ്.ബയോമെട്രിക് വിവരങ്ങൾ ഒരിക്കൽ കൈമോശം വന്നാൽ അത് എന്നന്നേക്കുമുള്ള പ്രശ്‌നമായിരിക്കും.ബയോമെട്രിക് വിവരങ്ങളിൽ പാകപ്പിഴയുണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. വിവരങ്ങളുടെ ഉടമസ്ഥത വ്യക്തിക്ക് തന്നെയായിരിക്കണം.വിവരങ്ങളുടെ സ്വകാര്യതേയും വിവര സുരക്ഷയേയും ആധാർ ലംഘിക്കുന്നു.ഭരണഘടനാപരമായ ഉറപ്പുകൾ സാങ്കേതികവിദ്യയുടെ മാറ്റത്തിന് അനുസരിച്ച് വിട്ടുവീഴ്ച ചെയ്യാനാകില്ല.

വിവരങ്ങൾ ചോരാൻ സാധ്യതകളേറെ, സോഴ്സ് കോഡ് വിദേശ കമ്പനിയുടേതാണ്, യുഐഡിഎഐ ലൈസൻസി മാത്രമാണ്.120 കോടി പൗരന്മാരുടെ അവകാശങ്ങൾ യുഐഡിഎഐയുമായുള്ള കരാർ മാത്രമായി പരീക്ഷിക്കപ്പെടാനാവില്ല.ഭരണഘടനയുടെ 14 ാം വകുപ്പിന് അനുസൃതമല്ല ആധാർ.ആധാർ നമ്പറുകൾ സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗപ്പെടുത്താൻ സാധ്യത.ടെലികോം കമ്പനികൾ ശേഖരിച്ച ആധാർ നമ്പറുകൾ നീക്കം ചെയ്യണം.നികുതി റിട്ടേണിന് ആധാർ നിർബന്ധമാക്കിയത് ഭരണഘടനാവിരുദ്ധം.ആധാർ ഇല്ലാതെ ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP