Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ നാട്ടിൽ ജാതി ബോധം നിലനിൽക്കുന്നതുകൊണ്ടാണ് സിപിഎമ്മിന്റെ സർവേ ഫോറത്തിൽ ജാതി ചോദിച്ചിട്ടുള്ളത്; ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ആനുകൂല്യങ്ങൾക്കു വേണ്ടി സഹായിക്കാൻ മാത്രമാണ് ഈ നടപടി; എന്നെ ആക്രമിച്ച സംഘപരിവാർ നേതാക്കളെയടക്കം സിപിമ്മിൽ എടുത്തത് പാർട്ടി തീരുമാനമാണ്; സംഘപരിവാറിലെ ജനാധിപത്യ വിരുദ്ധതയുടെ ഭാഗമായാണ് അവിടെനിന്ന് സിപിഎമ്മിലേക്ക് പ്രവർത്തകർ എത്തുന്നത്; പി ജയരാജൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

നമ്മുടെ നാട്ടിൽ ജാതി ബോധം നിലനിൽക്കുന്നതുകൊണ്ടാണ് സിപിഎമ്മിന്റെ സർവേ ഫോറത്തിൽ ജാതി ചോദിച്ചിട്ടുള്ളത്; ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ആനുകൂല്യങ്ങൾക്കു വേണ്ടി സഹായിക്കാൻ മാത്രമാണ് ഈ നടപടി; എന്നെ ആക്രമിച്ച സംഘപരിവാർ നേതാക്കളെയടക്കം സിപിമ്മിൽ എടുത്തത് പാർട്ടി തീരുമാനമാണ്; സംഘപരിവാറിലെ ജനാധിപത്യ വിരുദ്ധതയുടെ ഭാഗമായാണ് അവിടെനിന്ന് സിപിഎമ്മിലേക്ക് പ്രവർത്തകർ എത്തുന്നത്; പി ജയരാജൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎമ്മിന്റെ സംഘടനാ ബലത്തിൽ രാജ്യത്തെ ഏറ്റവം കൂടുതൽ അംഗങ്ങളുള്ള ജില്ല എന്ന ബഹുമതി കണ്ണൂരിനാണ്. അതുകൊണ്ടു തന്നെ കണ്ണൂരിലെ പാർട്ടിക്ക് അതിന്റേതായ സവിശേഷതകളുമുണ്ട്. നിരവധി പോരാട്ടങ്ങളുടേയും സമരങ്ങളുടേയും ഫലമാണ് സംഘടന എന്ന സംഘടന കണ്ണൂരിൽ ഈ നിലയിൽ എത്തിച്ചേർന്നത്. ഉറച്ച മാർക്വിസ്റ്റ കോട്ടയെന്ന പേര് നഷ്പ്പെടാതെ കാത്തു സൂക്ഷിക്കുന്നത് ഇന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രവർത്തന മികവ് ശ്രദ്ധേയമാണ്. ഇക്കാരണങ്ങളാൽ തന്നെ രാഷ്ട്രീയ എതിരാളികൾക്ക് ജയരാജൻ ഒരു തലവേദനയാണ്. പാർട്ടി ഗ്രാമങ്ങൾ ഇന്നും കുത്തകയാക്കിവെക്കുന്നതിലും ആർ.എസ്. എസ്. ബിജെപി. കക്ഷികളെ തടയിടുന്നതിലും പി.ജയരാജന്റെ കഴിവ് എതിരാളികളുടെ ശത്രുത ക്ഷണിച്ചു വരുത്തുന്നു.

പി.ജയരാജനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതം തന്നെ പാർട്ടിയാണ്. പ്രവർത്തകരും അനുഭാവികളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന നേതാവ് എന്ന ഖ്യാതി അദ്ദേഹത്തിന് കല്പിച്ചു നൽകിയിട്ടുണ്ട്. മുൻകാലങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളെ അടിത്തട്ടിലെ പ്രവർത്തകർക്ക് ഓഫീസിൽ കയറി കാണുക എന്നത് സിപിഎമ്മിൽ ശീലമില്ലായിരുന്നു. എന്നാൽ പി.ജയരാജനെ സംബന്ധിച്ച് പാർട്ടിയിലെ എല്ലാവരും സഖാവാണ്. ഓഫീസിലും പുറത്തുമെല്ലാം ഏത് സമയത്തും പാർട്ടിക്കാർക്ക് ജയരാജനെ കാണാം. സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ എന്നും പ്രവർത്തകരുടെ തിരക്കാണ്. സംഘടനാ ആവശ്യങ്ങൾക്കും അതിന് പുറമേ സാന്ത്വന പ്രവർത്തനത്തിനും എല്ലാം ജയരാജനെ കാണാൻ എത്തുന്നവർ നിരവധി.

ജയരാജനുമായുള്ള ഒരഭിമുഖത്തിന് വേണ്ടി സമയവും സന്ദർഭവും ദിവസങ്ങളായി മാറ്റേണ്ടി വന്നു. അത്രയേറെ പ്രശ്‌നങ്ങളിൽ ഇടപെടുകയാണ് പാർട്ടിയുടെ ഈ ജില്ലാ സെക്രട്ടറി. മൂന്ന് തവണ ഓഫീസിലെത്തിയിട്ടും അതിലേറെ പ്രശ്‌നങ്ങളുമായി നിരവധി പേർ പാർട്ടി ഓഫീസിന്റെ രണ്ടാം നിലയിലെ ജയരാജന്റെ മുറിക്ക് പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. പാർട്ടിയുടെ ഓരോ പോഷക സംഘടനയുടെ നേതാക്കളും അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എല്ലാറ്റിനും പരിഹാരം നിർദേശിക്കാൻ ഓഫീസിലെത്തിയാൽ ജയരാജൻ ബദ്ധശ്രദ്ധനാണ്. മരണം പോലുള്ള അത്യാഹിതം നടന്നാൽ മറ്റ് പരിപാടികൾ റദ്ദ് ചെയ്ത് ഉടൻ തന്നെ ജയരാജൻ കുതിച്ചോടും. അത്തരത്തിൽ മൂന്ന് തവണ മാറ്റി വെച്ചതാണ് 'മറുനാടൻ മലയാളിയുടെ ' അഭിമുഖം. നാലാം ദിവസം രാവിലെ തന്നെ എത്താനുള്ള നിർദ്ദേശം വന്നതിനാൽ അതിരാവിലെ ഞങ്ങൾ തയ്യാറായി. അപ്പോഴേക്കും സിപിഎം. ന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സംഘടനയായ ഐ.ആർ.പി.സി.യുടെ നേതാക്കൾ ജില്ലാ സെക്രട്ടറിയെ കാണാനെത്തിയിരുന്നു. അടുത്ത ഊഴം ഞങ്ങൾക്ക് ലഭിച്ചു. ചോദ്യത്തിലേക്ക് കടന്നതോടെ ജയരാജൻ തനി കമ്യൂണിസ്റ്റുകാരനായി.

കണ്ണൂരിൽ സിപിഎം. നേയും ജില്ലാ സെക്രട്ടറി പി.ജയരാജനേയും ആർ.എസ്. എസിന്റെ ചിന്തൻ ബൈഠക്കിൽ പരാമർശിക്കുകയുണ്ടായി. അത് എന്തുകൊണ്ട്?

  • കണ്ണൂരിലെ സിപിഎം. നെ തകർത്ത് ആധിപത്യം സ്ഥാപിക്കുകയാണ് ആർ.എസ്. എസിന്റെ ലക്ഷ്യം. ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോടിയ സിപിഎം. ശക്തി പ്രാപിച്ചതിന്റെ അസഹിഷ്ണുതയാണ് അവർക്ക്. ആർ.എസ്. എസിന് വളരാൻ കണ്ണൂരിനെ തകർക്കുകയാണ് അവരുടെ അജണ്ട. കേരളത്തിൽ ഏറ്റവും ശക്തിയുള്ള സിപിഎം. ന്റെ തലയാണ് കണ്ണൂർ. തല തകർത്താൽ അവർക്ക് ആധിപത്യം സ്ഥാപിക്കാം. പി.ജയരാജൻ എന്ന വ്യക്തിയെയല്ല ഇപ്പോൾ ജില്ലാ സെക്രട്ടറി ആരാണോ അയാളെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. രാഷ്ട്രീയമായും സംഘടനാപരമായും നല്ല മുന്നേറ്റമാണ് സിപിഎം. ഇവിടെ നടത്തുന്നത്. ഈ മുന്നേറ്റം സംസ്ഥാനം മുഴുവൻ വ്യാപകമാകും. അതില്ലാതാക്കാനാണ് ആർ.എസ്. എസ്. ശ്രമിക്കുന്നത്. ജയരാജൻ പറഞ്ഞു.

താങ്കളെ അക്രമിച്ചവരുൾപ്പെട്ട ബിജെപി. ക്കാരെ പാർട്ടിയിലേക്ക് എടുത്തിട്ടുണ്ടല്ലോ അത് എങ്ങിനെയാണ് കഴിയുന്നത്?

  • ഞാൻ ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായത് രാഷ്ട്രീയ ബോധത്തെ അടിസ്ഥാനമാക്കിയാണ്. ഇന്നലെ വരെ ബിജെപി.യോ കോൺഗ്രസ്സോ മുസ്ലിം ലീഗോ ആയവർക്ക് അവരുടെ രാഷ്ട്രീയ ബോധത്തിലുണ്ടാവുന്ന മാറ്റങ്ങൾ അംഗീകരിക്കണം. ഇത് സിപിഎം. ഉം അംഗീകരിക്കുന്നു. എന്നെ ആക്രമിച്ചവരെ ഞാൻ സ്വീകരിച്ചു കൊണ്ടു വരുന്നുവെന്നത് തികച്ചും വ്യക്തി നിഷ്ടമായ വിലയിരുത്തലാണ്. വ്യക്തിപരമായി പി.ജയരാജൻ എന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടല്ല രാഷ്ടീയമായി സിപിഎം. എന്ന രാഷ്ട്രീയ പാർട്ടിയുടെ നിലപാടാണ് ഇവിടെ നടപ്പാക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്നും സിപിഎം. ആകാനാഗ്രഹിക്കുന്നവർക്ക് സ്വാഭാവികമായും അംഗത്വം നൽകണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയമാണ്. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ബിജെപി.യിൽ നിന്നും സിപിഎം. ലേക്ക് വന്ന ഒ.കെ. വാസുവിനും അശോകനും അംഗത്വം നൽകിയത്. യഥാർത്ഥത്തിൽ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റിയാണ്. അല്ലാതെ പി.ജയരാജൻ എന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടല്ല.

സംഘപരിവാർ പ്രസ്ഥാനത്തു നിന്നും സിപിഎം. ലേക്ക് നേതാക്കൾ അടക്കമുള്ളവർ വരാനുള്ള സാഹചര്യമെന്താണ്?

  • കേരളത്തിൽ നിന്ന് സംഘപരിവാർ പ്രവർത്തകർ ആദ്യം ഒഴുകിയെത്തിയത് കണ്ണൂരിലാണ്. കണ്ണൂരിൽ തുടക്കം കുറിച്ച ഈ പ്രവണത സംസ്ഥാനം മുഴുവനും തുടരുകയാണ്. ജനാധിപത്യത്തിന്റെ സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കാത്ത സംഘപരിവാറിനകത്ത് പൊട്ടിത്തെറിയുണ്ടാവുന്നുണ്ട്. അതിന്റെ ഫലമാണ് സിപിഎം. ലേക്കുള്ള അവരുടെ വരവ്. അതിനുള്ള ഫലപ്രദമായ ഇടപെടൽ കണ്ണൂരിലെ സിപിഎം. നടത്തുകയും ചെയ്തു. സംഘപരിവാറിനകത്ത് പ്രവർത്തകരുടേയും നേതാക്കളുടേയും നല്ല കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും തെറ്റായ കാര്യങ്ങൾ തിരുത്തപ്പെടുന്നില്ല. വിമർശനത്തിന്റേയും സ്വയം വിമർശനത്തിന്റേയും വേദി സംഘപരിവാറിലില്ല. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇതെല്ലാം അനുവദനീയമാണ്. മറ്റ് പാർട്ടികളിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയെ വേർതിരിക്കുന്നത് ഈ രീതിയാണ്. ജനാധിപത്യമില്ലാത്ത പാർട്ടിക്കകത്ത് സംഘർഷമുണ്ടാകുന്നത് സ്വാഭാവികമാണ്. രാജ്യത്ത് ജനാധിപത്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനാധിപത്യം ഇല്ലാത്ത പാർട്ടിക്കകത്ത് ഇനിയും സംഘർഷമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങൾ തോറും മതം/ജാതി ഉൾപ്പെട്ട സർവ്വേ ഫോറവുമായി സിപിഎം. ജനങ്ങളെ സമീപിക്കുന്നതിന്റെ ഔചിത്യമെന്ത്?

  • സിപിഎം. നടത്തുന്ന സർവ്വേ ഫോറത്തിലെ ഏതെങ്കിലും ഒരു ചോദ്യത്തെ ആസ്പദമാക്കിയല്ല അതിനെ വിലയിരുത്തേണ്ടത്. ജനങ്ങളും സിപിഎം. ഉം തമ്മിലുള്ള നാഭിനാള ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ സർവ്വേ നടത്തുന്നത്. അതിൽ ജാതി ചോദിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നമ്മുടെ നാട്ടിൽ ജാതി ബോധം നിലനിൽക്കുന്നതുകൊണ്ടാണ്. ഭരണ ഘടനയിൽ തന്നെ ജാതീയമായി പിന്നോക്കം നിൽക്കുന്നവർക്ക് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെയുള്ള ജാതി ചിന്ത ഇവിടെയില്ല. ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ആനുകൂല്യങ്ങൾക്കു വേണ്ടി സഹായിക്കാൻ മാത്രമാണ് സർവ്വേ ഫോറത്തിൽ അത്തരമൊരു ചോദ്യം ഉന്നയിച്ചത്. മറ്റ് രീതിയിൽ അതിനെ വിലയിരുത്തുന്നത് ശരിയല്ല. സിപിഎം. പ്രവർത്തകർ ഇത്തരം ഒരു സർവ്വേ നടത്തുന്നത് കിടപ്പ് രോഗികൾ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ചികിത്സ ലഭിക്കാതെ പോകുന്നവരേയും സഹായിക്കാൻ വേണ്ടിയാണ്. വീടുകളിൽ നേരിട്ട് പോയി കുടുംബാംഗങ്ങളുമായി സംസാരിച്ച് സർവ്വേ നടത്താനാണ് പാർട്ടി നിർദേശിച്ചത്. അങ്ങിനെ ജനസേവകരായി പ്രവർത്തിക്കുകയാണ് പാർട്ടി പ്രവർത്തകർ. അതു വഴി ജനങ്ങളുമായുള്ള ബന്ധം ദൃഢതരമാക്കാനുള്ള നടപടിയും ഉണ്ടാകുന്നു.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ പ്രവർത്തനം?

  • നിരന്തരമായി പ്രവർത്തിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുന്നണികളിലും അല്ലാതേയും പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർ പ്രക്ഷോഭ -സമരങ്ങളിൽ സജീവമായി നിലകൊള്ളുന്നുണ്ട്. ബിജെപി.യും കോൺഗ്രസ്സും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായും സിപിഎം. ഉം എൽ.ഡി.എഫും അതിന് തയ്യാറെടുക്കും. ജനങ്ങൾക്കൊപ്പം വിവിധ പരിപാടികളുമായി പാർട്ടി പ്രവർത്തകർ എപ്പോഴും സജീവമാണ്. സിപിഎം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സാന്ത്വന ചികിത്സ തന്നെ അതിനുദാഹരണമാണ്. ഐ.ആർ.പി. സി. എന്ന പേരിൽ കണ്ണൂരിൽ കിടപ്പ് രോഗികൾക്കും നിരാലംബർക്കും താങ്ങായി സാന്ത്വന പരിചരണം നടത്തുന്ന സംഘടന നിലവിലുണ്ട്. അതു പോലെ തന്നെ ജൈവ കൃഷി രംഗത്തും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിനും പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ജനങ്ങളോടൊപ്പം നിൽക്കുന്ന സംഘടന എന്ന നിലിയിൽ ജില്ലയിലെങ്ങും ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമാണ് സിപിഎം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP