Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബിക്കടലിൽ ശക്തമായ ന്യൂന മർദം രൂപപ്പെടുന്നു; മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് നാളെ മുതൽ വ്യാപക മഴയ്ക്കും മറ്റന്നാൾ മുതൽ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുൻകരുതലെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം; മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കാനും യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനം; പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച്ച വരെ യെല്ലോ അലർട്ട്

അറബിക്കടലിൽ ശക്തമായ ന്യൂന മർദം രൂപപ്പെടുന്നു; മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് നാളെ മുതൽ വ്യാപക മഴയ്ക്കും മറ്റന്നാൾ മുതൽ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുൻകരുതലെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം; മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കാനും യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനം; പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച്ച വരെ യെല്ലോ അലർട്ട്

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം :അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന മുന്നറിയിപ്പു പ്രകാരം നാളെ മുതൽ വ്യാപക മഴയ്ക്കും മറ്റന്നാൾ മുതൽ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. . മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശവുമുണ്ട്.ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നും മുന്നറിയിപ്പുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തിൽ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇടുക്കിയിൽ ഇന്നു മുതൽ ശനി വരെയും തൃശൂരിലും പാലക്കാടും ശനിയാഴ്ചയും പത്തനംതിട്ടയിൽ ഞായറാഴ്ചയും കനത്ത മഴയുടെ (12 സെന്റിമീറ്ററിനു മുകളിൽ) മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നുമുതൽ ഞായർ വരെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നാളെയും മറ്റന്നാളും കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും നാളെയും വ്യാപകമഴയുടെ (12 സെന്റിമീറ്റർ വരെ) മുന്നറിയിപ്പായ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിനു തെക്കുകിഴക്കു ശ്രീലങ്കയ്ക്കടുത്തു മറ്റന്നാളോടെ ന്യൂനമർദം രൂപപ്പെടുമെന്നാണു മുന്നറിയിപ്പ്. ഇതു ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയിൽ മുന്നേറാനാണു സാധ്യത. ഇതോടെ കടലിലും തീരത്തും കാറ്റ് ശക്തമാകും. കടൽ പ്രക്ഷുബ്ധമാകും. മൽസ്യത്തൊഴിലാളികൾ ഇന്നുമുതൽ കടലിൽ പോകരുതെന്നും പോയവർ നാളെയ്ക്കു മുൻപു മടങ്ങിയെത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മുൻകരുതലെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി യോഗം കലക്ടർമാർക്കു നിർദ്ദേശം നൽകി. മലയോരമേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റും. ഇതിനായി നാളെ മുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കും. അപകടമേഖലകളിൽ മുന്നറിയിപ്പും നൽകും.

ദുരന്തനിവാരണ അഥോറിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്നുചേർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തി തുടർനടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു പുഴയുടെയും തോടുകളുടെയും തീരത്തുള്ളവർ മാറിത്താമസിക്കണമെന്നും നിർദ്ദേശിച്ചു. കേന്ദ്ര ദുരന്തപ്രതികരണ സേനയുടെ 5 സംഘങ്ങളെ ആവശ്യപ്പെടും. ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സാമൂഹികനീതി വകുപ്പിനു നിർദ്ദേശം നൽകി.

നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ ഒക്ടോബർ അഞ്ചിനു മുമ്പായി സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് എറണാകുളം (മേഖല) ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ ഒക്ടോബർ 10 വരെ 24 മണിക്കൂറും കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കും. ഫോൺ 0484-2502768, 9496007037, മറൈൻ എൻഫോഴ്‌സ്‌മെന്റ് 9446091185.

അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര സാഹചര്യം നേരിടുന്നതിന് മുന്നൊരുക്കങ്ങൾ നടത്താൻ വിവിധ വകുപ്പുകൾക്ക് ചുമതലകൾ നൽകി ജില്ലാ കലക്ടർ ഉത്തരവായി. ശക്തമായ മഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യം നേരിടുന്നതിനാണ് നടപടികൾ എടുത്തിരിക്കുന്നത്.

വെള്ളപ്പൊക്ക സാധ്യതയുള്ളതും ഉരുൾപൊട്ടൽ സാധ്യതയുള്ളതുമായ താലൂക്കുകളിൽ ദുരിതാശ്വാസക്യാമ്പുകൾ ഇന്ന് (അഞ്ചാം തീയതി) സജ്ജമാക്കും. ആളുകൾക്ക് രാത്രി അവിടെ കഴിയുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. മുൻപ് പ്രളയം ബാധിച്ചതും ഉരുൾപൊട്ടൽ നടന്നതും ആയ എല്ലാ സ്ഥലങ്ങളിലും പൊലീസ് അഞ്ചാം തീയതി മൈക്ക് അനൗൺസ്‌മെന്റ് നടത്തി അതിതീവ്ര മഴയുടെ സാഹചര്യവും ഉരുൾപൊട്ടൽ സാധ്യതയും വെള്ളപ്പൊക്ക സാധ്യതയും പൊതുജനങ്ങളെ അറിയിക്കും. ആവശ്യമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് അടുത്തുള്ള ക്യാമ്പിലേക്ക് മാറ്റി താമസിക്കാമെന്ന് അറിയിപ്പും നൽകും.

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കാനും വാടകയ്‌ക്കെടുക്കുന്നതിനും വേണ്ട നടപടികളെടുക്കാൻ നിർദ്ദേശം നൽകി. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കാനും, അഞ്ചാം തീയതി മുതൽ രാത്രി 7 മണിക്കും രാവിലെ ഏഴു മണിക്കും ഇടയിൽ യാത്രാനിയന്ത്രണം ഉറപ്പുവരുത്താനും നിർദ്ദേശം നൽകി. രാത്രി സമയത്ത് ഒരുകാരണവശാലും വിനോദസഞ്ചാരികളെ മലയോര മേഖലയിലെ റോഡുകളിൽ അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP