Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎപിസി ഈവർഷത്തെ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

ഐഎപിസി ഈവർഷത്തെ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

അറ്റ്ലാന്റാ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻവംശജരായ അഞ്ചുപേരാണ് ഈവർഷത്തെ അവാർഡിന് അർഹരായിരിക്കുന്നതെന്ന് ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ഡോ: ജയ് എൻ. സമ്പത്ത് (ഹുമാനിറ്റേറിയൻ ആക്ടിവിറ്റീസ്), പി.പി. ചെറിയാൻ ( മീഡിയ എക്സലൻസ്), സണ്ണി മറ്റമന (കമ്യുണിറ്റി സർവീസ്), രാജൻ ചീരൻ ( ആർട്സ് ആൻഡ് മീഡിയ), തങ്കമണി അരവിന്ദൻ (കമ്യുണിറ്റി സർവീസ്) എന്നിവരാണ് അവാർഡിന് അർഹരായവർ.

അറ്റ്ലാന്റയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യൻ അമേരിക്കൻസിന് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് ഡോ. ജയ് സമ്പത്ത്. ദക്ഷിണേന്ത്യയിലെ തിരുപ്പൂരിൽ ജനിച്ച ഇദ്ദേഹം, 1972-ൽ അമേരിക്കയിൽ എത്തും മുൻപ് ഈസ്റ്റ് പാക്കിസ്ഥാൻ, ഉഗാണ്ട എന്നിവിടങ്ങളിലെ പിന്നോക്ക സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവർക്ക് വേണ്ടി തന്റെ മെഡിക്കൽ രംഗം ഉഴിഞ്ഞ് വച്ചിരുന്നു. പിന്നീട് യുഎസിൽ എത്തിയ ഇദ്ദേഹം അറ്റ്ലാന്റയിൽ എത്തും മുൻപ് അരിസോണയിലെ അപരിഷ്‌കൃതരായ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത ജനങ്ങൾക്കിടയിൽ ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പ്രശസ്തമാണ്.

കേരളത്തിലെ സ്‌കൂൾ, കോളജ് കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന വ്യക്തിയാണ് പി.പി.ചെറിയാൻ. റേഡിയോളജിയിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിലും വിദ്യാഭ്യാസം ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ റേഡിയോളജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത ചെറിയാൻ ഇന്ന് ഡളസിലെ കൈന്റ്റഡ് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരുന്നു. തന്റെ കോളജ് ദിനങ്ങളിൽ പത്രങ്ങളിലും മാഗസിനുകളിലും ചെറിയാൻ എഴുതാറുണ്ടായിരുന്നു. കമ്യൂണിറ്റി സർവീസിന്റെ ഭാഗമായി നിരവധി മാധ്യമങ്ങൾക്ക് വേണ്ടി 2006 മുതൽ ഇദ്ദേഹം റിപ്പോട്ടിങ് നടത്തുന്നുണ്ട്. പല ഓൺലൈൻ മീഡിയകളുടെയും, പ്രിന്റ് മീഡിയകളുടെയും എക്സിക്യൂട്ടീവ് എഡിറ്റർ, അഡൈ്വസറി ബോഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു.

സണ്ണി മറ്റമന ഫ്ളോറിഡ ടാമ്പയിലെ മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. നിലവിൽ അദ്ദേഹം സംഘടനയുടെ അഡൈ്വസറി ബോഡ് ചെയർമാനാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ടാമ്പ ചാപ്ടർ റപ്രസെന്റേറ്റീവും ആയി പ്രവർത്തിക്കുന്നുണ്ട്. ഫൊക്കാനയുടെ അസോസിയേറ്റ് ജോയിന്റ് ട്രഷറർ, റീജിയണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്‌കൂൾ കംമ്പ്യൂട്ടറൈസേഷൻ പ്രോഗ്രാമിന്റെ കോ-ഓർഡിനേറ്ററുമായിരുന്നു അദ്ദേഹം.

രാജൻ ചീരൻ തന്റെ മാധ്യമ ജീവിതം ആരംഭിച്ചത് 1997-ൽ ഏഷ്യനെറ്റ് കേബിൾ വിഷനിൽ ആങ്കറായിട്ടായിരുന്നു. പിന്നീട് അമേരിക്കയിലെത്തിയ രാജൻ അവിടെയും തന്റെ മാധ്യമ ജീവിതം തുടർന്നു. ഇന്ന് ഫ്ളവേഴ്സ് ടിവി, യുഎസ്എ റീജിയണൽ മാനേജരായി അദ്ദേഹം പ്രവർത്തിക്കുന്നു. കലാസ്നേഹിയായ രാജൻ അമേരിക്കയിലെ ഇന്ത്യൻ ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മിത്രാസ് ഫെസ്റ്റിവൽ ന്യുജഴ്സിയിൽ ആരംഭിച്ചു. രാജൻ എഴുതി സംവിധാനം നിർവഹിച്ച ഷോർട്ട് ഫിലിം ' ദ എയ്ഞ്ചൽ' ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. നിരവധി സാമൂഹിക സംഘടനകൾക്കൊപ്പം ചേർന്ന് കമ്യൂണിറ്റി പ്രവർത്തനങ്ങളിൽ രാജൻ സജീവമാണിപ്പോൾ.

തങ്കമണി അരവിന്ദൻ ഇരുപത് വർഷത്തിലേറെയായി നഴ്സിങ് ടീച്ചറായി പ്രവർത്തിച്ച് വരുന്നു. ആദ്യം ഇന്ത്യയിൽ ടീച്ചിങ് ആരംഭിച്ച തങ്കമണി, ഇന്ന് ന്യുജഴ്സിയിൽ നഴിസിങ് പ്രൊഫസറായി ജോലി ചെയ്യുന്നു. യുഎസ് സർക്കാരിന്റെ തോമസ് എഡിസൺ സ്റ്റേറ്റ് മൈനോരിറ്റി നഴ്സ് എഡ്യുക്കേറ്റർ ഗ്രാന്റ് പ്രോഗ്രാം അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയും തങ്കമണി ആയിരുന്നു. നിരവധി ഓൾഡേജ് ഹോമുകൾക്കും, സീനിയൻ സെന്റേഴ്സിനും വേണ്ടി പ്രവർത്തിച്ച ഇവരുടെ സേവനങ്ങൾക്ക് നിരവധി പ്രശംസയാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ ന്യുജഴ്സിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള തങ്കമണി സംഘടനയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ്. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക,നാമം, കേരള അസോസിയേഷൻ ഓഫ് ന്യുജഴ്സി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടകളിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. യുണൈറ്റഡ് വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യതെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ഇവരായിരുന്നു.2018 ഓഗസ്റ്റിലെ ഡബ്യുഎംസി ഗ്ലോബൽ കോൺഫറസിൽ ജനറൽ കൺവീനറായും പ്രവർത്തിച്ച തങ്കമണി, ഇപ്പോൾ ഡബ്യുഎംസി ഗ്ലോബൽ ചെയർപേഴ്സനും കൂടിയാണ്. കംമ്പാഷനേറ്റ് കെയറിന് നൽകുന്ന ഡെയ്സി അവാർഡ്, ബർണാബസ് ഹെൽത്ത് കെയർ നൽകുന്ന ജെയ്ൻ മെക്കാർട്ടർ എൻഡോവ്മെന്റ് അവാർഡുകളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.

കമ്യൂണിറ്റിക്ക് വേണ്ടി സേവനം നടത്തുന്ന ഇന്ത്യൻ അമേരിക്കൻ വംശജരെ അന്താരാഷ്ട്ര മീഡിയ കോൺഫറസിന്റെ ഭാഗമായി ആദരിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നു അവാർഡ് കമ്മിറ്റി ചെയർമാൻ ജിൻസ്മോൻ പി.സഖറിയ പറഞ്ഞു. അറ്റ്ലാന്റാ എയർപോട്ട് മാരിയട്ട് ഹോട്ടലിൽ ഈ ആഴ്ച അവസാനം ഐഎപിസി നടത്തുന്ന അഞ്ചാം അന്താരാഷ്ട്ര മീഡിയ കോൺഫറൻസിന്റെ ഭാഗമായി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP