Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു; കൊൽക്കത്തയിലെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രായം കുറഞ്ഞ അംഗം; കബറടക്കം ഇന്ന് പത്തിന് പരുവക്കുന്നിൽ

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു; കൊൽക്കത്തയിലെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രായം കുറഞ്ഞ അംഗം; കബറടക്കം ഇന്ന് പത്തിന് പരുവക്കുന്നിൽ

മറുനാടൻ ഡെസ്‌ക്‌

പെരുമ്പിലാവ് : സംസ്ഥാനത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി.കെ മുഹമ്മദ് കുഞ്ഞി(95) അന്തരിച്ചു. കബറടക്കം ഇന്ന് പത്തു മണിക്ക് പരുവക്കുന്ന് ജുമാ മസ്ജിദിൽ നടക്കും. 1923ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 14ാം വയസിൽ അംഗമായി. ചെറുപ്രായത്തിൽ പാർട്ടി അംഗത്വം നേടിയ ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു മുഹമ്മദ് കുഞ്ഞി. കൊൽക്കത്തയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

വൈകാതെ തന്നെ ദേശാഭിമാനിയുടെ പത്രാധിപ സമിതി അംഗമായി. 1957ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽനിന്നു മത്സരിച്ചു തോറ്റു. ഐക്യകേരളം എന്ന പേരിൽ വാരിക തുടങ്ങിയെങ്കിലും പിന്നീടു നിരോധിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയ 'മുസ്‌ലിംകളും കേരള സംസ്‌കാരവും' അടക്കം 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.

കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, ലളിതകലാ അക്കാദമി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ഫിലിം സെൻസർ ബോർഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ഭരണസമിതി അംഗമായിരുന്നു. അറബിഭാഷാ സാഹിത്യ ചരിത്രം, ബൊക്കാച്യോവും പിൻഗാമികളും, അന്വേഷണവും കണ്ടെത്തലും, പതിനൊന്നു മഹാകവികൾ, അൽ അമീൻ, മുണ്ടശേരി- വ്യക്തിയും കൃതികളും, വൈകി വന്നവൾ, ഉമ്മീം മോളും, അപമാനിതർ എന്നിവയാണു മറ്റു കൃതികൾ.

ഭാര്യമാർ: പരേതയായ ഉമ്മയക്കുട്ടി, ജമീല. മക്കൾ: മുഹമ്മദ് സഹീർ, പരേതരായ പി.എം.അബൂബക്കർ, റെയ്ഹാന, സുഹറ. മരുമക്കൾ: പരുത്തിക്കുന്നൻ ഹസൻ, ഡോ. മുഹമ്മദ് ബിൻ അഹമ്മദ്, സൗദ, ആയിഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP