Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയുഷ്മാൻ ഭാരതിന് ഇനി 'ആധാർ ചികിത്സ' ; കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് രണ്ടാം വട്ട ചികിത്സാ ചെലവ് ലഭിക്കാൻ ഇനി ആധാർ നിർബന്ധം; കുടുംബത്തിന് അഞ്ചു ലക്ഷം വരെ ചികിത്സാ സഹായം നൽകുന്ന പദ്ധതി ഇതിനോടകം തണലായത് 47,000 പേർക്ക് ; പദ്ധതിയിൽ ചേരാതെ കേരളമടക്കം നാലു സംസ്ഥാനങ്ങൾ

ആയുഷ്മാൻ ഭാരതിന് ഇനി 'ആധാർ ചികിത്സ' ; കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് രണ്ടാം വട്ട ചികിത്സാ ചെലവ് ലഭിക്കാൻ ഇനി ആധാർ നിർബന്ധം; കുടുംബത്തിന് അഞ്ചു ലക്ഷം വരെ ചികിത്സാ സഹായം നൽകുന്ന പദ്ധതി ഇതിനോടകം തണലായത് 47,000 പേർക്ക് ; പദ്ധതിയിൽ ചേരാതെ കേരളമടക്കം നാലു സംസ്ഥാനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം ആരോഗ്യ രംഗത്ത് മികച്ച മുന്നേറ്റം നടത്തുന്ന അവസരത്തിൽ ഏവർക്കും ആഹ്ലാദം സമ്മാനിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. മോദി സർക്കാർ മുന്നോട്ട് വെച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ഇനി മുതൽ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രണ്ടാം വട്ടം ചികിൽസാ ചെലവ് ലഭിക്കുന്നതിന് ആധാർ നിർബന്ധമാണ്.

ആദ്യ തവണ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ മതിയാവും. എന്നാൽ രണ്ടാം തവണ ആനുകൂല്യം കൈപ്പറ്റാൻ ആധാർ നമ്പർ നിർബന്ധമാക്കുമെന്ന് നാഷണൽ ഹെൽത്ത് ഏജൻസി സിഇഒ ഇന്ദു ഭൂഷൺ പറഞ്ഞു. കുടുംബത്തിന് 5 ലക്ഷം രൂപ വരെ ചികിൽസാ സഹായം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കു സെപ്റ്റംബർ 23നാണു തുടക്കമിട്ടത്.

സർക്കാർ, സ്വകാര്യ മേഖലകളിലെ 14,000 ആശുപത്രികൾ ഉൾപ്പെടുന്നതാണു പദ്ധതി. 47,000 പേർക്ക് ഇതിനകം സഹായം ലഭിച്ചു.അതേസമയം കേരളം, തെലങ്കാന, ഒഡീഷ, ഡൽഹി സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേർന്നിട്ടില്ല.

ആയുഷ്മാൻ ഭാരത് പദ്ധതിയെന്നാൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. ഒബാമ കെയറിന് തുല്യമായ ഈ പദ്ധതിയെ കുറിച്ച് ആളുകൾക്ക് ഇപ്പോഴും സംശയം നീങ്ങിയിട്ടില്ല. ഈ പദ്ധതികളെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഇപ്പോൾ ഭാരത് യോജനയുടെ വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും.

സെപ്റ്റംബർ 23നാണ് ഈ പദ്ധതി നിലവിൽ വന്നത്. ജമ്മുവിൽ നിന്നാണ് ഈ പദ്ധതി ആരംഭിച്ചത്്. 1350ലധികം രോഗങ്ങൾക്കുള്ള ചികിത്സ ഈ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറു കോടിയിലധികം സാധാരണക്കാർക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

യോഗ്യതയുള്ള എല്ലാ കുടുംബങ്ങളും അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ വർഷത്തിൽ ലഭിക്കും. ഇതാണ് മോദി കെയറിന്റെ ഏറ്റവും വലിയ ആകർഷണം. ഒരു പ്രത്യേക ആശുപത്രിക്കായിട്ടല്ല ഈ പദ്ധതി നടപ്പിൽ വരുന്നത്. ഇന്ത്യയിൽ ഈ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളിലും ഇൻഷുറൻസിന്റെ നേട്ടം ലഭിക്കും. ഇതിൽ സ്വകാര്യ ആശുപത്രികൾ വരെയുണ്ട്. ക്യാഷ്ലെസ് ചികിത്സയും ഉണ്ട്.

രാജ്യത്ത് നിരവധി പേർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ പദ്ധതി ഉപകാരപ്പെടുമെന്ന് ഡോക്ടർമാർ പ്രവചിക്കുന്നു. പാവപ്പെട്ടവരെയും മധ്യവർത്തി കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വർഷത്തിൽ രണ്ടായിരം രൂപ മാത്രം പദ്ധതിക്കായി അടച്ചാൽ മതിയെന്നാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. ബാക്കി തുക കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കും.

സാധാരണക്കാർക്ക് ലഭിക്കുന്ന പ്രയോജനം നഷ്ടപ്പെടുമെന്ന് കെ.കെ ശൈലജ

ആയുഷ്മാൻ ഭാരത് പദ്ധതി നിലവിൽ വന്നിട്ടും കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേർന്നിട്ടില്ല. കേരളത്തിന് പുറമേ തെലങ്കാന, ഒഡീഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ നിന്നും വിട്ട് നിൽക്കുന്നത്. ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പദ്ധിതിയിൽ നിന്ന് ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന ആശങ്കയുണ്ട്. ആർ.എസ്.ബി.വൈ.യിൽ ഉൾപ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉൾപ്പെടെ 41 ലക്ഷം കുടുംബങ്ങൾക്കാണ് കേരളത്തിൽ ഇപ്പോൾ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നത്. ഈ പദ്ധതികൾക്ക് 2019 മാർച്ച് 31 വരെ കേന്ദ്രം അനുമതി നൽകിയിട്ടുള്ളതും അതിനുള്ള പ്രീമിയം അടച്ചതുമാണ്.

ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാൻ ഭാരതിൽ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആയുഷ്മാൻ പദ്ധതിയിലൂടെ കേരളത്തിൽ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെൻസസ് മാനദണ്ഡമാക്കിയാൽ പരമാവധി ഉൾപ്പെടുന്നത്. ബാക്കിയുള്ള ലക്ഷക്കണക്കിന് ആൾക്കാർ പദ്ധതിയിൽ നിന്നും പുറത്താകുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP