Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി എന്നന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് വൻ വ്യവസായിയുടെ ആൾക്കാരാണെന്ന് '; ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദം ശക്തമായിരിക്കേ ആറ് വർഷം മുൻപ് സന്നിധാനത്ത് സ്ത്രീകളെത്തിയ വാർത്ത 'വൈറൽ'; 'വേണ്ടപ്പെട്ടയാളാണെന്നും കേസിന് പോകരുതെന്ന് അമ്മ പറഞ്ഞെന്നും' രാഹുൽ ഈശ്വർ പറഞ്ഞതായി മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

'ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി എന്നന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് വൻ വ്യവസായിയുടെ ആൾക്കാരാണെന്ന് '; ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദം ശക്തമായിരിക്കേ ആറ് വർഷം മുൻപ് സന്നിധാനത്ത് സ്ത്രീകളെത്തിയ വാർത്ത 'വൈറൽ'; 'വേണ്ടപ്പെട്ടയാളാണെന്നും കേസിന് പോകരുതെന്ന് അമ്മ പറഞ്ഞെന്നും' രാഹുൽ ഈശ്വർ പറഞ്ഞതായി മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി അനുകൂല നിലപാട് എടുത്തതിന് പിന്നാലെ വിഷയത്തിൽ വൻ വിവാദവും കത്തി പടരുകയാണ്. ഇതിനിടയിലാണ് ശബരിമലയിൽ ആറ് വർഷം മുൻപ് സ്ത്രീകൾ നിയമ വിരുദ്ധമായി സന്നിധാനത്ത് എത്തിയതിന്റെ വാർത്ത ചിത്രം സഹിതം സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ദേശാഭിമാനിയിലാണ് വാർത്ത ചിത്രം സഹിതം വന്നത്. അക്കാലയളവിൽ ശബരിമലയിൽ കരാറുകാരനായ സുനിൽ സ്വാമി എന്നയാളുടെ സ്വാധീനത്തിലാണ് 20നും 45നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകൾ ഇവിടെ പ്രവേശിച്ചതെന്നായിരുന്നു റിപ്പോർട്ട്.

2012 ഏപ്രിൽ ആറിനാണ് വാർത്ത പുറത്ത് വന്നത്. ക്ഷേത്രത്തിന് സമീപം ഇവർ നിൽക്കുന്ന ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ദേശാഭിമാനി ലേഖകനായ ഏബ്രഹാം തടിയൂരാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അദ്ദേഹം തന്നെ വാർത്തയുടെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പങ്കുവെയ്ച്ചിരുന്നു. ഇതോടെയാണ് പഴയ സംഭവം വീണ്ടും ചർച്ചയായത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന രാഹുൽ ഈശ്വർ 2012ൽ നടത്തിയ പ്രതികരണവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. 'സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണെന്നും കേസിന് പോകരുതെന്ന് അമ്മ പറഞ്ഞിനാൽ താനാ വിഷയം വിട്ടെന്നും' അന്ന് രാഹുൽ ഈശ്വർ എബ്രഹാം തടിയൂരിനോട് പറഞ്ഞിരുന്നു.

എബ്രഹാം തടിയൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലീസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത.

ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്തുകൊടുക്കണമെന്നു തോന്നി.

ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കുകയുണ്ടായി. അതിലൊന്ന് ശ്രീ. രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. 'ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല. ഗൗരവമായി എടുക്കും. വേണ്ടി വന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയിലുണ്ടല്ലോ' എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.

എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 'സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു' എന്നാണ്.

സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലംകാരനായ ഒരു വൻവ്യവസായി ആണ്. തീർത്ഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ.

ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്.മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്.പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു.

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്. ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി? അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP