Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാള അരവിന്ദൻ ഒടുവിൽ മരണത്തിന് കീഴടങ്ങി; മരണം വിളിച്ചത് ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം: വിടപറഞ്ഞത് തബലിസ്റ്റായി തുടങ്ങി ഹാസ്യനടനായി തിളങ്ങിയ അതുല്യ നടൻ

മാള അരവിന്ദൻ ഒടുവിൽ മരണത്തിന് കീഴടങ്ങി; മരണം വിളിച്ചത് ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം: വിടപറഞ്ഞത് തബലിസ്റ്റായി തുടങ്ങി ഹാസ്യനടനായി തിളങ്ങിയ അതുല്യ നടൻ

കോയമ്പത്തൂർ: പ്രശസ്ത ചലച്ചിത്രതാരം മാള അരവിന്ദൻ(76) അന്തരിച്ചു. രാവിലെ 6.27ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസം മുമ്പ് നില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മരണ സമയത്ത് ബന്ധുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാൽപ്പതു വർഷം നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

എറണാകുളത്ത് വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റെയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് മാള അരവിന്ദൻ ജനിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥനായ അച്ചൻ ആറാം വയസിൽ മരണപ്പെട്ടു. പിന്നീട് അദ്ധ്യാപികയായ മാതാവാണ് മാളയിലെ കലാകാരനെ തിരിച്ചറിഞ്ഞത്. തബലയോടുള്ള താൽപര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിൻ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേർത്തു. തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നാടക സംഘങ്ങൾക്കൊപ്പം തബലിസ്റ്റായി നിരവധി വേദികളിൽ തന്റെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.

സുഹൃത്തായ പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാർമോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോൾ പിന്നീട് ഇരുവരും അമച്വർ നാടക വേദികളിലെ സ്ഥിരം സാന്നിധ്യമായി. ആദ്യം ചെറിയ നാടകങ്ങളിൽ അഭിനയിച്ച മാള പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലും എത്തിപ്പെട്ടു. സംസ്ഥാനത്തെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ചു. സൂര്യസോമായുടെ 'നിധി' എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാർഡും കരസ്ഥമാക്കി.

1968 ൽ ഡോ. ബാലകൃഷ്ണന്റെ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് അദ്ദേഹം പ്രസിദ്ധനായി. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കുതിരവട്ടം പപ്പുവിനും ജഗതിക്കും സമകാലികനായി സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം തന്റെ സ്വന്തം ശൈലികൾ കൊണ്ട് എല്ലാവരെയും ചിരിപ്പിച്ചിരുന്നു. നീട്ടിയും കുറുക്കിയുമുള്ള സംസാര ശൈലി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കോമഡി നമ്പർ. ഇത് അനുകരിച്ച മിമിക്രിക്കാർ തന്നെ പിന്നീട് സിനിമയിലെത്തിയതോടെ മാളയുടെ അവസരങ്ങൾ കുറഞ്ഞു.

എൺപതുകളിലാണ് മാളയടെ സിനിമകൾ മലയാളക്കരയിൽ തരംഗം തീർത്തത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന വേളയിലാണ് പപ്പു,മാള,ജഗതി എന്ന പേരിൽ ഒരു സിനിമ തന്നെ പുറത്തിറങ്ങിയത്. ഹാസ്യത്തിനൊപ്പം നിരവധി ക്യാരക്ടർ റോളുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. മോഹൻ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ നീയറിഞ്ഞോ മേലേ മാനത്ത് എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ ഗോഡ് ഫോർ സെയിലാണ് റിലീസ് ചെയ്ത അവസാന ചിത്രം. ലോഹിതദാസ് ചിത്രങ്ങളിലൂടെ കോമേഡിയൻ എന്നതിന അപ്പുറത്ത് തന്നിലൊരു നടനുണ്ടെന്ന് ലോകത്തോട് വിളിച്ചുപറയാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ ഗീത. രണ്ടു മക്കൾ. കല, മുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP